മോഡല്‍, നടി, ഗവേഷക; ഒരു സ്ത്രീയുടെ ജീവിതം മാറിമറിയുന്നത് ഇങ്ങനെയെല്ലാമാണ്...

By Web TeamFirst Published Aug 7, 2020, 4:29 PM IST
Highlights

പഠനം പൂര്‍ത്തിയാക്കിയ ജോണ്‍സ്റ്റണ്‍ തിരികെ വീണ്ടും അഭിനയത്തിലേക്ക് പ്രവേശിച്ചു. എന്നാല്‍, എമ്മ വില്ലാര്‍ഡിലെ പഠനം അവളുടെ വിദ്യാഭ്യാസ സ്വപ്‍നങ്ങള്‍ക്ക് ഉറപ്പുള്ള അടിത്തറ തന്നെ പാകിയിരുന്നു. 

ജസ്റ്റിന്‍ ജോണ്‍സ്റ്റണ്‍ അതിസുന്ദരിയായിരുന്നു...  1910 നും 1920 -നും ഇടയിലിറങ്ങിയ നിശബ്‍ദചിത്രങ്ങളിലെ നായികയായിരുന്നു അവള്‍. 'ലോകത്തിലെ തന്നെ ഏറ്റവും സുന്ദരിയായ സ്ത്രീ' എന്നുവരെ അന്നവള്‍ വാഴ്‍ത്തപ്പെടുകയുണ്ടായി. ന്യൂയോര്‍ക്കിലെ ഓരോ യുവതികളും അവളെ അനുകരിക്കുകയാണ് എന്നുവരെ അന്ന് പറയപ്പെട്ടു. അന്ന് ഒരു പെണ്‍കുട്ടിക്ക് വേണ്ടത് എന്ന് തോന്നുന്ന എല്ലാം അവള്‍ക്കുണ്ടായിരുന്നു. സമൂഹത്തിന്‍റെ സങ്കല്‍പ്പത്തിനൊത്ത സൗന്ദര്യം, പ്രശസ്‍തി, പണം എല്ലാം അതില്‍ പെടുന്നു. എന്നാല്‍, അതില്‍നിന്നെല്ലാം അവളെ മാറ്റിനിര്‍ത്തിയ ഒന്നുണ്ടായിരുന്നു അവളുടെ ബുദ്ധി. മോഡേണ്‍ മെഡിസിന്‍ രംഗത്തെ പ്രധാനപ്പെട്ട കണ്ടുപിടിത്തങ്ങളിലൊന്നായ ഐവി ഡ്രിപ്പിന്‍റെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു ജോണ്‍സ്റ്റണ്‍. 

ജനിച്ചത് ദാരിദ്ര്യത്തില്‍ 

ന്യൂജേഴ്‍സിയിലെ പാവപ്പെട്ട ഒരു സ്‍കാന്‍ഡിനേവിയന്‍ കുടിയേറ്റ കുടുംബത്തിലാണ് ജോണ്‍സ്റ്റണ്‍ ജനിച്ചത്. ദാരിദ്ര്യമുണ്ടായിരുന്നുവെങ്കിലും എഴുത്തിനെയും വേദികളെയും സ്നേഹിച്ചിരുന്ന ഒരു കുടുംബമായിരുന്നു അവളുടേത്. അഭിനയം എന്നത് അവളുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ഒന്നായിരുന്നു. ചെറുപ്പത്തില്‍ തന്നെ അവള്‍ അഭിനയിക്കണം എന്ന മോഹം ഉള്ളില്‍ കൊണ്ടുനടന്നു. പില്‍ക്കാലത്ത് നടി, ഗവേഷക, സാമൂഹിക പ്രവര്‍ത്തക എന്നീ നിലയിലെല്ലാം അവര്‍ അറിയപ്പെട്ടു. 'കുട്ടിയായിരിക്കുമ്പോള്‍ ഞാന്‍ നാടകങ്ങളെഴുതുമായിരുന്നു. ഞാനും എന്‍റെ കൂട്ടുകാരും അഭിനയിക്കും. അപ്പോഴെല്ലാം ഞാന്‍ കരുതും എന്നെങ്കിലും ഞാന്‍ ശരിക്കും ഒരു നാടകമെഴുതുമെന്ന്' എന്ന് ജോണ്‍സ്റ്റണ്‍ തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷേ, വേറൊരു ഇഷ്‍ടം കൂടി അവള്‍ കെട്ടുപോകാതെ വളര്‍ത്തുന്നുണ്ടായിരുന്നു അത് അവളുടെ പഠനമായിരുന്നു. വിധി അവളെ ഒരുപോലെ അഭിനയത്തിലും പഠനത്തിലും മികച്ചയിടങ്ങളിലെത്തിച്ചു. 

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ അംഗമെന്ന നിലയില്‍ അവള്‍ ആദ്യം ചെയ്‍തത് എന്തെങ്കിലും സമ്പാദ്യമുണ്ടാക്കുക എന്നതായിരുന്നു. സുന്ദരിയായ പെണ്‍കുട്ടിയെന്ന നിലയില്‍ മോംഡലിംഗ് രംഗം അവളെ തുണച്ചു. ആ സമയത്ത് ഒരു ചെറിയ പെണ്‍കുട്ടിക്ക് പ്രതീക്ഷിക്കാവുന്നതിലും അപ്പുറം തുക അവള്‍ക്ക് അതിലൂടെ ലഭിച്ചു. ഒരു ദിവസം പുറത്തുവെച്ച് ബ്രോഡ്‍വേയുടെ (നാടകവേദി) പ്രസ് ഏജന്‍റായ വാള്‍ട്ടര്‍ കിങ്സ്‍ലി ആ സുന്ദരിയായ പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നു. കിങ്‍സ്‍ലിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഗസ്റ്റിന ജോണ്‍സ്റ്റണ്‍ എന്ന പേരിനുപകരമായി അവള്‍ ജസ്റ്റിന്‍ ജോണ്‍സ്റ്റണ്‍ എന്ന പേര് സ്വീകരിക്കുന്നത്. 'ബ്ലൂ ബേഡ്' എന്ന നാടകത്തിലെ ചെറിയൊരു വേഷം ചെയ്‍തുകൊണ്ടാണ് 1910 -ല്‍ പതിനഞ്ചാമത്തെ വയസ്സില്‍ അവള്‍ നാടകവേദിയിലേക്ക് രംഗപ്രവേശം ചെയ്‍തത്. പിന്നീട് അവള്‍ ഹൈസ്‍കൂള്‍ പഠനം നിര്‍ത്തി മറ്റ് പ്രധാനനാടകങ്ങളില്‍ അഭിനയിക്കാന്‍ പോയി. 

എന്നാല്‍, ജോണ്‍സ്റ്റണ്‍ ശ്രദ്ധ നേടിയെങ്കിലും ഷോ പരാജയമായിരുന്നു. അതോടെ നാടകത്തേക്കാള്‍ പ്രാധാന്യം പഠനത്തിന് നല്‍കേണ്ടതുണ്ട് എന്ന് അവള്‍ക്ക് തോന്നി. എന്തുതന്നെയായാലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കണം എന്നും അവള്‍ തീരുമാനിച്ചു. അങ്ങനെ അവള്‍ എമ്മ വില്ലാര്‍ഡ് സ്‍കൂളില്‍ പഠിക്കുന്നതിനായി ചേര്‍ന്നു. അത് അന്നത്തെ അറിയപ്പെടുന്ന മികച്ച സ്‍കൂളായിരുന്നു. അവളുടെ ഫീസ് നല്‍കിയിരുന്നത് വയസ്സായ ഒരു സുഹൃത്തായിരുന്നു. അവിടെ പഠിച്ചിരുന്നവരെല്ലാം സമൂഹത്തിലെ ഉന്നതസ്ഥാനങ്ങളിലെ ആളുകളുടെ മക്കളും. അതിനാല്‍ത്തന്നെ ജോണ്‍സ്റ്റണ്‍ അവിടെ പഠിക്കാനായി ചെന്നപ്പോള്‍ പല വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കള്‍ മുഖം ചുളിച്ചു. ഒരു ബ്രോഡ്‍വേ ഡാന്‍സര്‍ തങ്ങളുടെ മക്കളുടെ കൂടെ പഠിക്കാനെത്തുന്നോ എന്നായിരുന്നു അവരുടെ ചോദ്യം. പക്ഷേ, ഇതൊക്കെയാണെങ്കിലും അവള്‍ അധികം വൈകും മുമ്പേ സഹപാഠികളുടെയെല്ലാം പ്രിയപ്പെട്ടവളായി. ജു ജോ എന്നായിരുന്നു അവളെയവര്‍ സ്നേഹത്തോടെ വിളിച്ചിരുന്നത്. 

പഠനം പൂര്‍ത്തിയാക്കിയ ജോണ്‍സ്റ്റണ്‍ തിരികെ വീണ്ടും അഭിനയത്തിലേക്ക് പ്രവേശിച്ചു. എന്നാല്‍, എമ്മ വില്ലാര്‍ഡിലെ പഠനം അവളുടെ വിദ്യാഭ്യാസ സ്വപ്‍നങ്ങള്‍ക്ക് ഉറപ്പുള്ള അടിത്തറ തന്നെ പാകിയിരുന്നു. ആ സ്വപ്‍നം ഉള്ളിലിരിക്കെ തന്നെ അവള്‍ ബ്രോഡ്‍വേയില്‍ സജീവമായി. പില്‍ക്കാലത്ത് സിനിമാതാരമായി മാറിയ മരിയോണ്‍ ഡേവിസിന്‍റെ കൂടെ ആ സമയത്താണ് അവള്‍ അഭിനയിക്കുന്നത്. 1917 -ല്‍ ലീ ഷൂബര്‍ട്ട് അവള്‍ക്കായി 'ഓവര്‍ ദ ടോപ്' എന്നൊരു നാടകം തന്നെ രചിക്കുകയുണ്ടായി. എന്നാല്‍ സുന്ദരിയാണ്, നടിയാണ് എന്നൊക്കെ മാത്രമാണ് ആളുകള്‍ അവളെ വിശേഷിപ്പിച്ചത്. 'സുന്ദരിയായ ഒരു പെണ്‍കുട്ടിക്ക് ബുദ്ധിയുണ്ടാവില്ല എന്നാണ് സ്വതവേ എല്ലാവരും ധരിച്ചുവച്ചിരിക്കുന്നത്' എന്ന വിമര്‍ശനം ജോണ്‍സ്റ്റണ്‍ ഉയര്‍ത്തിയത് ആ സമയത്താണ്. 

സിനിമയും വിവാഹവും

പിന്നീട്, തന്‍റെ കഴിവിനൊത്ത കഥാപാത്രങ്ങള്‍ കിട്ടുന്നില്ലെന്ന് അവള്‍ക്ക് തോന്നുകയും ചെയ്‍തു. പിന്നീടാണവള്‍ സിനിമയിലെത്തുന്നത്. ശേഷം ഒരു ഹോളിവുഡ് പ്രൊഡ്യൂസറെ വിവാഹം ചെയ്‍തു. ജസ്റ്റിന്‍ ജോണ്‍സ്റ്റണ്‍ ആദ്യമായി അവളുടെ ഭര്‍ത്താവ് വാള്‍ട്ടര്‍ വാംഗറെ കാണുന്നത് അവളുടെ ബ്രോഡ്‍വേയിലെ പ്രധാന വേദികള്‍ക്കിടയിലാണ്. അന്ന് അദ്ദേഹം പ്രൊഡ്യൂസറുടെ അസിസ്റ്റന്‍റായി ജോലി ചെയ്യുകയാണ്. പിന്നീടയാള്‍ ഒന്നാം ലോക മഹായുദ്ധത്തില്‍ പങ്കെടുക്കാനായി പോയി. തിരികെയെത്തിയശേഷം 1919 -ല്‍ ന്യൂയോര്‍ക്ക് സിറ്റി ഹാളില്‍വെച്ച് ഇരുവരും വിവാഹിതരായി. 

1920 -ല്‍ പാരമൗണ്ടില്‍ ഒരു ജോലി നേടുകയും പ്രൊഡ്യൂസറായിട്ടുള്ള ജോലിക്ക് തുടക്കമിടുകയും ചെയ്‍തു വാംഗര്‍. പല പ്രധാന സിനിമകളിലും പിന്നീടയാള്‍ വര്‍ക്ക് ചെയ്‍തു. വാംഗര്‍ അങ്ങനെ സിനിമാഫീല്‍ഡില്‍ നിറഞ്ഞുനില്‍ക്കെ 1926 -ല്‍ ജോണ്‍സ്റ്റണ്‍ തന്‍റെ അഭിനയ ജീവിതത്തോട് വിട പറഞ്ഞു. കിട്ടുന്ന ആഴമില്ലാത്ത കഥാപാത്രങ്ങള്‍ കാരണം അഭിനയജീവിതത്തോട് അവള്‍ക്ക് വിരസത അനുഭവപ്പെട്ടു തുടങ്ങിയിരുന്നു അപ്പോഴേക്കും. അവളുടെ ഭര്‍ത്താവിന്‍റെ കാസ്റ്റിംഗ് കൗച്ച് പ്രവര്‍ത്തനങ്ങളും യുവനടിമാര്‍ക്ക് കൊടുക്കുന്ന അമിത പ്രാധാന്യവും മുന്‍ഗണനയുമെല്ലാം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. ഇതില്‍ നിന്നെല്ലാം രക്ഷപ്പെടാനായി അവള്‍ തന്‍റെ ആ പഴയ ഇഷ്‍ടം പൊടിതട്ടിയെടുത്തു, പഠിക്കുക!

ജോണ്‍സ്റ്റണ്‍, ഭര്‍ത്താവിന്‍റെ ഡോക്ടറായ സാമുവല്‍ ഹിച്ച്ഫീല്‍ഡുമായി ഒരു സൗഹൃദമുണ്ടാക്കിയെടുത്തിരുന്നു. 1927 -ല്‍ അദ്ദേഹത്തിന്‍റെ പ്രോത്സാഹനത്തിന്‍റെ ഫലമായി അവള്‍ കൊളംബിയ യൂണിവേഴ്‍സിറ്റിയിലെ ഫാര്‍മക്കോളജി വിഭാഗത്തിലെ സ്‍കൂള്‍ ഓഫ് ഫിസിഷ്യന്‍സ് ആന്‍ഡ് സര്‍ജന്‍സിലെ ഓഡിറ്റിംഗ് ക്ലാസുകളില്‍ പങ്കെടുത്തു തുടങ്ങി. വളരെ പെട്ടെന്ന് തന്നെ അവള്‍ക്ക് ലബോറട്ടറിയിലെ അസിസ്റ്റന്‍റായി ജോലി കിട്ടി. അവിടെയവള്‍ ഹിച്ച്ഫീല്‍ഡിന്‍റെയും ഡോ. ഹരോള്‍ഡ് തോമസ് ഹൈമാന്‍റെയും കൂടെ പ്രവര്‍ത്തിച്ചു. 1931 -ല്‍ അവര്‍ക്കൊപ്പം അവള്‍ “Influence of Velocity on the Response to Intravenous Injections” എന്ന പേപ്പര്‍ എഴുതുന്നതില്‍ പങ്കാളിയായി. 

ആ ഗവേഷണമാണ് പിന്നീട് ആധുനികകാലത്തെ ഐവി ഡ്രിപ്പിലേക്ക് നയിച്ചത്. ഇതറിഞ്ഞ മാധ്യമപ്രവര്‍ത്തകര്‍, നടിയില്‍ നിന്നും ഗവേഷകയിലേക്കുള്ള അവളുടെ മാറ്റം വാര്‍ത്തയാക്കാന്‍ അവളെ സമീപിച്ചു. എന്നാല്‍, എല്ലാവരോടും അവള്‍ 'നോ' പറഞ്ഞു. എല്ലാവരെയും പോലെ ജോലി ചെയ്യുന്ന ഒരു സാധാരണക്കാരിയായ സ്ത്രീയായിട്ടാണ് അവള്‍ തന്നെത്തന്നെ കണ്ടത്. ഒപ്പം തന്‍റെ സ്വകാര്യജീവിതത്തിനും അവള്‍ പ്രാധാന്യം നല്‍കി. 1931 -ല്‍ ജസ്റ്റിന്‍ ജോണ്‍സ്റ്റണ്‍ ന്യൂയോര്‍ക്ക് വിട്ടു. ഭര്‍ത്താവിനൊപ്പം ലോസ് ആഞ്ചെലെസിലേക്കായിരുന്നു അവള്‍ പോയത്. എങ്കിലും ഗവേഷണവും ശാസ്ത്രവിഷയത്തിലുള്ള താല്‍പര്യവും അവള്‍ ഉപേക്ഷിച്ചില്ല. കാന്‍സറുമായും മറ്റും ബന്ധപ്പെട്ട വിഷയങ്ങളില്‍ അവള്‍ ഗവേഷണം തുടര്‍ന്നു. സിഫിലിസിനെ കുറിച്ച് കൂടുതല്‍ പഠിക്കുകയും വിഷയത്തില്‍ വൈദഗ്ദ്ധ്യം നേടുകയും ചെയ്‍തു. 

അപ്പോഴും അവളും വാംഗറും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ തുടരുന്നുണ്ടായിരുന്നു. ഒടുവില്‍, 1938 -ല്‍ അവരിരുവരും വിവാഹമോചിതരായി. സ്വതന്ത്രയായ ഒരു സ്ത്രീയെന്ന നിലയില്‍ അവള്‍ രണ്ട് ആണ്‍കുഞ്ഞുങ്ങളെ ദത്തെടുത്തു. ആ സമയത്ത് അവള്‍ സന്തോഷവതിയായിരുന്നുവെന്നാണ് ഇന്‍ഡിപെന്‍ഡന്‍റ് വിമണ്‍ മാഗസിനെഴുതിയത്. ഒരു ഫെമിനിസ്റ്റെന്ന നിലയില്‍ ജീവിതത്തിലുടനീളം അവര്‍ സമത്വത്തിനുവേണ്ടി പോരാടി. ഒപ്പം തന്നെ സ്വന്തം സ്വകാര്യജീവിതം ഒരിക്കലും ചര്‍ച്ചയാക്കുവാനോ എന്തെങ്കിലും പ്രശസ്‍തിയോ പേരോ നേടിയെടുക്കാനോ അവര്‍ ശ്രമിച്ചില്ല. 1982 -ല്‍ ലോസ് ഏഞ്ചലസില്‍ വെച്ച് 87 -ാമത്തെ വയസ്സില്‍ ഹൃദയസ്‍തംഭനത്തെ തുടര്‍ന്ന് അവര്‍ മരണപ്പെട്ടു. ജോണ്‍സ്റ്റണിന്‍റെ തന്നെ നേരത്തെയുള്ള അഭ്യര്‍ത്ഥനയെ തുടര്‍ന്ന് മരണവാര്‍ത്തകളൊന്നും തന്നെ നല്‍കിയിരുന്നില്ല.

മോഡല്‍, നടി, ഗവേഷക, ഫെമിനിസ്റ്റ്, സിംഗിള്‍ മദര്‍ തുടങ്ങി അവള്‍ ജീവിച്ച ജീവിതം അനേകങ്ങളാണ്. ആ കാലത്തെ അതിസുന്ദരിയായ സ്ത്രീ എന്നാണ് പലപ്പോഴും അവര്‍ ഓര്‍ക്കപ്പെടുന്നത്. എന്നാല്‍, അതിനേക്കാളെല്ലാമുപരി അവര്‍ വളരെ വലിയൊരു സ്ത്രീയായിരുന്നു. 'നിങ്ങള്‍ എന്തെങ്കിലും ചെയ്യുകയാണെങ്കില്‍ നന്നായി അത് ചെയ്യുക, അത് സന്തോഷമാണ്' എന്നാണ് അവര്‍ എല്ലായ്പ്പോഴും പറഞ്ഞിരുന്നത്. അവരുടെ ജീവിതവും അതു തന്നെയായിരുന്നു. 

click me!