കുട്ടികളെവിടെയാണ് എന്നുപോലും അറിയുന്നില്ല, ചൈനയിലെ ഉയ്​ഗുർ അമ്മമാരുടെ ജീവിതം

By Web TeamFirst Published Jun 23, 2021, 2:09 PM IST
Highlights

ഒടുവിൽ 2018 -ൽ തന്റെ മകളുടെ ഒരു വീഡിയോ അവൾ ഓൺലൈനിൽ കണ്ടു. വീട്ടിൽ നിന്ന് 500 കിലോമീറ്റർ അകലെയുള്ള ഒരു ബോർഡിങ് സ്കൂളിലായിരുന്നു അവളുണ്ടായിരുന്നത്. 

ചൈനയിലെ ന്യൂനപക്ഷ വിഭാഗമായ ഉയിഗുർ ജനത രാജ്യത്ത് അനുഭവിക്കുന്ന പീഡനകഥകൾ ബിബിസി നിരന്തരം റിപ്പോർട്ടു ചെയ്യപ്പെടുന്ന ഒന്നാണ്. ചൈനയുടെ പുനർവിദ്യാഭ്യാസകേന്ദ്രം എന്ന് വിളിക്കുന്ന രഹസ്യ തടങ്കൽപാളയങ്ങളിൽ കുട്ടികളെന്നോ വലിയവരെന്നോ വ്യത്യാസമില്ലാതെ മാനസികവും, ശാരീരികവുമായ അടിച്ചമർത്തലുകൾക്ക് അവർ വിധേയമാകുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഭാവിയിൽ ഭരണകൂടത്തിന് ഒരു ഭീഷണിയാകുമോ എന്ന ഭയത്താൽ ഉയിഗുർ കുട്ടികളെ മാതാപിതാക്കളിൽ നിന്ന് വേർപെടുത്തി ചെറുപ്പത്തിൽ തന്നെ ഇത്തരം വിദ്യാഭ്യാസകേന്ദ്രങ്ങളിലേയ്ക്ക് ചൈന അയക്കുന്നു. പല അമ്മമാരും മക്കളെ കാണാനാകാതെ നെഞ്ചുപൊട്ടി കഴിയുകയാണ് അവിടെ. ഇങ്ങനെ മാതാപിതാക്കളിൽ നിന്ന് കുട്ടികളെ വലിയ തോതിൽ വേർപ്പെടുത്തുന്നതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.    

ഒരു ഉയിഗുർ വംശജയായ കൽബിനൂർ തുർസ ഇപ്പോൾ അത്തരമൊരു ദുരനുഭവത്തിലൂടെ കടന്ന് പോവുകയാണ്. അവൾ ഇപ്പോൾ തുർക്കിയിലാണ് താമസിക്കുന്നത്. അവിടെ ഒരു ചെറിയ ഒറ്റമുറി അപ്പാർട്ട്മെന്റിൽ തയ്യൽ ജോലികൾ ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു. 2016 -ൽ എട്ട് മാസം ഗർഭിണിയായിരുന്നപ്പോഴാണ് അവൾ അവിടെ എത്തുന്നത്. ഉയിഗുർ ജനതയ്ക്ക് നിയമപരമായി മൂന്ന് കുട്ടികൾ വരെ ആകാമെന്ന് പറയുമ്പോഴും, അവരെ ഭരണകൂടം അതിനനുവദിക്കുന്നില്ല എന്നതാണ് വാസ്തവം. ഭൂരിഭാഗം വരുന്ന ഹാൻ ജനതയോട് ജനസംഖ്യ വർധിപ്പിക്കാൻ ആവശ്യപ്പെടുന്ന ചൈന, സിൻജിയാങ്ങിലെ ഉയിഗുർ ജനതയ്ക്ക് മേൽ കടുത്ത കുടുംബാസൂത്രണ നിയമങ്ങളാണ് ചുമത്തുന്നത്.

പലപ്പോഴും നിർബന്ധിത വന്ധ്യംകരണത്തിനും, ഗർഭമലസിപ്പിക്കലിനും അവർ വിധേയരാകുന്നു. കൂടാതെ, മാസമുറ നിലക്കാനുള്ള മരുന്നുകൾ സ്ത്രീകളെ നിർബന്ധിച്ച് കഴിപ്പിക്കുന്നുവെന്നുമുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. രണ്ടു കുട്ടികളിൽ കൂടുതലായാൽ മാതാപിതാക്കളെ ജയിലിടക്കുന്നു. അതുകൊണ്ട് തന്നെ കൽബിനൂർ തന്റെ ഗർഭധാരണം ഭരണകൂടത്തിൽ നിന്ന് മറച്ചുവച്ചു. പിടിക്കപ്പെട്ടാൽ അപകടമാണ് എന്നവൾക്ക് അറിയാമായിരുന്നു. “ഞാൻ ഗർഭിണിയാണെന്ന് ചൈനീസ് അധികൃതർ അറിഞ്ഞിരുന്നെങ്കിൽ അവർ എന്റെ ഗർഭം അലസിപ്പിക്കാൻ നിർബന്ധിക്കുമായിരുന്നു” അവൾ ബിബിസിയോട് പറഞ്ഞു. അവിടെ കഴിഞ്ഞസമയമെല്ലാം അവൾ തുണികൊണ്ട് വയർ മൂടി.  

എങ്ങനെയെങ്കിലും അവിടെ നിന്ന് രക്ഷപ്പെടാൻ അവൾ ആഗ്രഹിച്ചു. അവൾ തനിക്കും കുട്ടികൾക്കുമുള്ള പാസ്‌പോർട്ടിനായി അപേക്ഷിച്ചു. എന്നാൽ, ചൈനയുടെ കർശനമായ നിയന്ത്രണങ്ങൾ കാരണം അവൾക്കും അവളുടെ രണ്ട് വയസ്സുള്ള മകൻ മുഹമ്മദിന് മാത്രമാണ് പാസ്പോർട്ട് അനുവദിച്ചത്. ഒടുവിൽ പോകാനുള്ള നേരമെടുത്തു. ഇനിയും കാത്തിരിക്കാൻ സമയമില്ലാതിരുന്ന അവൾ, അവനെ മാത്രം തന്നോടൊപ്പം കൊണ്ടുപോകാമെന്ന് കരുതി.  രേഖകൾ ശരിയായി കഴിഞ്ഞാൽ ഭർത്താവിനൊപ്പം മറ്റ് കുട്ടികൾക്കും വരാമല്ലോ എന്നവൾ ആശ്വസിച്ചു. മക്കളെ ഇനി ഒരിക്കലും കാണാൻ സാധിക്കില്ലെന്ന വസ്തുത പക്ഷേ വിമാനത്തിൽ കയറുമ്പോൾ അവൾ അറിഞ്ഞിരുന്നില്ല.    

അവൾ പോയി ഏതാനും ആഴ്‌ചകൾക്കുശേഷം, ഭർത്താവിനെ ഭരണകൂടം തടങ്കൽപാളയത്തിലേക്ക് അയച്ചു. ഭർത്താവിന്റെയും, മക്കളുടെയും വിവരങ്ങൾ അറിയാതെ അവൾ ആകുലപ്പെട്ടു. സിൻജിയാങ്ങിലുള്ളവർക്ക് വരുന്ന വിദേശകോളുകളും, സന്ദേശങ്ങളും രാജ്യം സൂക്ഷ്മമായി നിരീക്ഷിക്കുന്ന പതിവുണ്ട്. അതുകൊണ്ട് തന്നെ ബന്ധുക്കളെ വിളിക്കാൻ പോലും അവൾക്ക് സാധിച്ചില്ല. ഇനി അവൾ സിൻജിയാങ്ങിലേക്ക് മടങ്ങാമെന്ന് വച്ചാൽ തന്നെയും, അവൾക്കും തന്റെ ഭർത്താവിന്റെ അതേ ഗതിയാകും ഉണ്ടാവുക. മക്കൾക്കെന്ത് സംഭവിച്ചു എന്നോർത്ത് അവർ രാത്രികളിൽ കരഞ്ഞു.

ഒടുവിൽ 2018 -ൽ തന്റെ മകളുടെ ഒരു വീഡിയോ അവൾ ഓൺലൈനിൽ കണ്ടു. വീട്ടിൽ നിന്ന് 500 കിലോമീറ്റർ അകലെയുള്ള ഒരു ബോർഡിങ് സ്കൂളിലായിരുന്നു അവളുണ്ടായിരുന്നത്. മുടി ചെറുതായി മുറിച്ച്, ഒരുകൂട്ടം കുട്ടികൾക്കൊപ്പം അവൾ കളിക്കുന്നു. കൽബിനൂറിന് ആശ്വാസത്തിനൊപ്പം, കുറ്റബോധവും സങ്കടവും വന്നു. "എന്റെ മക്കളെ, ഞാൻ ഉപേക്ഷിച്ചിട്ടില്ലെന്നും, എന്റെ മുന്നിൽ അപ്പോൾ മറ്റ് മാർഗങ്ങളില്ലായിരുന്നെന്നും അവരോട് പറയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ അവിടെ നിന്നിരുന്നെങ്കിൽ അവർക്ക് അവരുടെ ഏറ്റവും ഇളയ സഹോദരിയെ ജീവനോടെ കിട്ടില്ലായിരുന്നു" കൽബിനൂർ പറഞ്ഞു.

കൽബിനൂറിനെ പോലെ നിരവധിപേരാണ് അവിടെ ദുരിതമനുഭവിക്കുന്നത്. കാണാതായ കുട്ടികളുടെ സമാനമായ കേസുകൾ ബിബിസി ശേഖരിച്ച് അംബാസഡർ ലിയു സിയാമിംഗുവിന് അയച്ചു. എന്നാൽ, ഈ വിഷയത്തിൽ ഒരന്വേഷണമുണ്ടാകുമെന്ന് ഒരു ഒഴുക്കൻ മറുപടി മാത്രമാണ് ചൈനയുടെ ഭാഗത്ത് നിന്നുണ്ടായത്. ഇത്രയും കാലമായിട്ടും അവൾക്ക് തന്റെ കുടുംബത്തെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. അവൾ അടുത്തിടെ മറ്റ് ഉയിഗുർ അമ്മമാരുമായി ചേർന്ന് ഇസ്താംബൂളിൽ നിന്ന് അങ്കാറയിലേക്കുള്ള 400 കിലോമീറ്റർ നടത്തത്തിൽ പങ്കെടുത്ത് ചൈനീസ് അധികൃതർക്കെതിരെ പ്രതിഷേധിക്കുകയുണ്ടായി. തുടർന്ന് ഭരണകൂടം മറുപടി നല്കാൻ തയ്യാറായി. 

എന്നാൽ, സിൻജിയാങ്ങിന്റെ ഡെപ്യൂട്ടി പ്രചാരണ മേധാവി സൂ ഗുക്സിയാങിന്റെ അധ്യക്ഷതയിൽ നടത്തിയ പത്രസമ്മേളനത്തിൽ അവളുടെ മകൾ ബോർഡിംഗ് സ്കൂളിലില്ലെന്നും, പകരം ഒരു ബന്ധുവിന്റെ കൂടെയാണെന്നുമുള്ള വിശദീകരണമാണ് അവർ നൽകിയത്. എന്നിട്ടും, പക്ഷേ കൽബിനൂരിന് ഇപ്പോഴും കുട്ടികളുമായി ബന്ധപ്പെടാൻ കഴിയുന്നില്ല. അതുകൊണ്ട് തന്നെ ചൈനയുടെ അവകാശവാദങ്ങൾ സ്ഥിരീകരിക്കാൻ കഴിയില്ല. കാണാതായ വ്യക്തികളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ സർക്കാരിന് ഇനിയും നല്കാൻ കഴിയാത്തതെന്താണെന്നുള്ള ബിബിസി യുടെ ചോദ്യത്തിന് ചൈനീസ് വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.    


 

click me!