Latest Videos

അന്യഗ്രഹജീവിയായ സ്ത്രീ തട്ടിക്കൊണ്ടുപോയി ബലമായി രതിയിലേർപ്പെട്ടു എന്നവകാശപ്പെട്ട് ഒരു മരംവെട്ടുകാരൻ

By Web TeamFirst Published Jun 8, 2020, 10:02 AM IST
Highlights

ഇരുട്ടിൽ കണ്ട ആ തീവെളിച്ചത്തിന്റെ തൊട്ടടുത്ത് വരെ മെങ്ങ് എത്തി. അപ്പോഴാണ് പിന്നിൽ നിന്ന് കരിയിലകൾ അനങ്ങുന്ന ശബ്ദം അയാൾ കേട്ടത്. തിരിഞ്ഞു നോക്കുന്നതിനു മുമ്പ്...

"എന്നെ കണ്ടെത്താൻ നിങ്ങൾക്കായില്ലെങ്കിൽ, ഡ്രാഗൺ ഹിൽസിനടുത്തുള്ള റെഡ് ഫ്‌ളാഗ് മരംവെട്ട് കോളനിയിൽ വന്ന്, അവിടെ കാണുന്ന ആരോടെങ്കിലും ചോദിച്ചാൽ മതി, 'അന്യഗ്രഹജീവികൾ തട്ടിക്കൊണ്ടുപോയ മെങ്ങിന്റെ വീട്' അവർ നിങ്ങൾക്ക് കാണിച്ചു തരും. വര്ഷങ്ങളായി ഇടയ്ക്കിടെ തന്നെ കാണാൻ വരുന്ന റിപ്പോർട്ടർമാരോട് മെങ്ങ് പറയുന്നത് ഇങ്ങനെയാണ്.  അതെ, അന്യഗ്രഹജീവികൾ തട്ടിക്കൊണ്ടുപോയി എന്ന് പറയപ്പെടുന്ന ആദ്യ ചൈനീസ് പൗരനാണ് മെങ്ങ്, അന്യഗ്രഹത്തിൽ നിന്ന് വന്നിറങ്ങിയ ഒരു സ്ത്രീ,  തന്നോട് നാല്പതു മിനിറ്റോളം നീണ്ട മാരത്തോൺ രതിയിലേർപ്പെട്ടു എന്ന് പറയുന്ന ഒരേയൊരാളും.  1994 ജൂൺ 7 -ന് അർദ്ധ രാത്രിക്കു ശേഷം നടന്നതായി  പറയപ്പെടുന്ന ഈ സംഭവത്തിന്റെ റിപ്പോർട്ടുകൾ ചൈന ഡെയ്‌ലിയുടെ വെബ്‌സൈറ്റിൽ കാണാം. 

ചൈനയുടെ വടക്കു കിഴക്കൻ വനമേഖലയ്ക്ക് അതിരുപാകുന്ന വ്യാളിമലയുടെ അടിവാരത്തുള്ള റെഡ് ഫ്ലാഗ് ലോഗിംഗ് കമ്യൂണിറ്റിയിലാണ് മെങ്ങിന്റെ വീട്. മരപ്പാളികൾ കൂട്ടിയോജിപ്പിച്ചുണ്ടാക്കിയ ആ ഇരട്ടമുറി കോട്ടേജ് അയാളുടെ സ്വന്തം നിർമ്മിതിയാണ്. അവിടവിടെ മുനിഞ്ഞു കത്തുന്ന ചില നിയോൺ വിളക്കുകൾ ആ കോട്ടേജിൽ വെളിച്ചം പടർത്തുന്നു. സ്വന്തമായൊരു സെൽഫോൺ പോലും ഇല്ലാത്ത ഒരാളാണ് മെങ്ങ്. അയാൾ താമസിക്കുന്ന ആ മലമ്പ്രദേശത്ത് ഒരു ഫോണിനും സിഗ്നൽ കിട്ടില്ല എന്നതുതന്നെ കാരണം. 

ഫോണൊന്നും ഇല്ലെങ്കിലും അയാൾക്ക് സ്വന്തമായി വലിയൊരു സോണി ടെലിവിഷനുണ്ട്. "ഓ... വിശേഷിച്ച് കാര്യമൊന്നും ഇല്ല ഈ വിഡ്ഢിപ്പെട്ടി കൊണ്ട്. ആകെ രണ്ടേ രണ്ടു ചാനലാണ് ഈ ആന്റിനയിൽ പിടിക്കുന്നത്. എന്റെ കഥകേട്ട് എന്നോട് ഇഷ്ടം തോന്നിയ ഒരു ബിസിനസുകാരൻ കൊണ്ടുതന്നതാണിത്." മലേഷ്യയിൽ നിന്ന് മെങ്ങിനെ കാണാൻ വന്ന മറ്റൊരു സന്ദർശകൻ അയാൾക്കൊരു പശുവിനെയും വാങ്ങി നല്കിയത്രെ. "അത് വേറൊരു തലവേദന, അതിനു തീറ്റ കൊടുക്കാനുള്ള കാശുപോലും അതിൽ നിന്നെനിക്ക് കിട്ടുന്നില്ല. ഇവിടെ പശുവിനെ വളർത്തിയിട്ട് എനിക്കെന്തു കിട്ടാനാണ്?" എന്നാണ് മെങ്ങ് ചോദിക്കുന്നത്. 

ഏലിയൻ ഇൻവേഷൻ 

സംഭവം നടക്കുന്നത് 1994 -ലാണ്. ഒന്നുകൂടി വസ്തുതാപരമായി പറഞ്ഞാൽ, സംഭവം നടന്നു എന്ന് മെങ്ങ് പറയുന്നത് 1994 -ലാണ്.  ജൂൺ ഏഴാം തീയതി രാത്രി. മെങ്ങിന്റെ വീടിന്റെ നേരെ മുന്നിലാണ് വ്യാളിമല. മലയുടെ കീഴേ ചെരുവുകളിലൊന്നിൽ നിന്ന് ഇടി കിടുങ്ങുന്നതുപോലൊരു ശബ്ദം കേട്ടിട്ടാണ് മെങ്ങ് ഞെട്ടിയുണരുന്നത്. ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ ഒരു മിന്നായം പോലെ എന്തോ അയാൾ കണ്ടു. അയാൾ ആദ്യം കരുതിയത് ആ വഴി പോയ ഏതോ ഹെലികോപ്റ്റർ തകർന്നു വീണതാണ് എന്നായിരുന്നു. "എന്തെങ്കിലും തടയുമോ?" എന്നായിരുന്നു മെങ്ങിന്റെ മനസ്സിൽ ആദ്യം വന്ന വിചാരം. എന്തായാലും അയാൾ കയ്യിൽ കിട്ടിയ ടോർച്ചുമെടുത്ത് പുറത്തേക്കിറങ്ങി. 

 

 

ഇരുട്ടിൽ കണ്ട ആ തീവെളിച്ചത്തിന്റെ തൊട്ടടുത്ത് വരെ മെങ്ങ് എത്തി. അപ്പോഴാണ് പിന്നിൽ നിന്ന് കരിയിലകൾ അനങ്ങുന്ന ശബ്ദം അയാൾ കേട്ടത്. തിരിഞ്ഞു നോക്കുന്നതിനു മുമ്പ് 'ഫും' എന്നൊരു വീശൽ ശബ്ദം കേട്ടു. കണ്ണുകളിലേക്ക് ഇരുട്ട് അരിച്ചിറങ്ങുന്നതും, ചെവിക്കരികിലൂടെ ചോര ചാലിട്ടൊഴുകുന്നതും അയാൾ ഒരേസമയം തിരിച്ചറിഞ്ഞു. 

മെങ്ങിന്റെ അടുത്ത ഓർമ്മ സ്വന്തം കിടക്കയിൽ ഉറക്കമുണരുന്നതിന്റെയാണ്. അതുവരെയുള്ള സമയം എവിടെയായിരുന്നു എന്നോ എന്ത് ചെയ്യുകയായിരുന്നു എന്നോ അയാൾക്ക് ഓർത്തെടുക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. അടുത്ത ചിലരാത്രികളിൽ അയാൾ തുടർച്ചയായി പാതിരാക്ക് ഉറക്കമുണർന്നു. കിടക്കയിൽ നിന്ന് മൂന്നുനാലടി ഉയരത്തിൽ പൊങ്ങികിടക്കുകയാണ് താൻ എന്ന മെങ്ങ് തിരിച്ചറിഞ്ഞു. താഴേക്ക് നോക്കിയപ്പോൾ കണ്ടത് കൂർക്കം വലിച്ചുറങ്ങുന്ന സ്വന്തം ഭാര്യയെയാണ്. തിരിച്ച് മുകളിലേക്ക് നോക്കിയപ്പോൾ, മുറിക്കുള്ളിൽ  മെങ്ങിനെ പുറത്ത് കൈകളമർത്തി വാരിയെടുത്തു പിടിച്ചുകൊണ്ട്, വായുവിൽ പൊങ്ങിനിൽക്കുന്ന ആ സത്വത്തെ അയാൾ കണ്ടു. അതൊരു സ്ത്രീരൂപമായിരുന്നു. പത്തടി ഉയരം, കൈകാലുകളിൽ ആറുവീതം വിരലുകൾ. ആ സ്ത്രീയുടെ അരക്കെട്ട് മെങ്ങിന്റേതുമായി ഇറുകിച്ചേർന്നിരുന്നു. അതെ, ആ അന്യഗ്രഹജീവി, മെങ്ങുമായി അക്രമാസക്തമായ രതിയിൽ ഏർപ്പെടുകയായിരുന്നു. കിടക്കയിൽ ഒന്നുമറിയാതെ സുഖനിദ്രയിലായിരുന്ന സ്വന്തം ഭാര്യയിൽ നിന്ന് മൂന്നലടി ഉയരത്തിൽ വായുവിൽ പൊങ്ങി നിന്നുകൊണ്ടുള്ള തന്റെ ആ 'മാരത്തോൺ' സംഭോഗം നാൽപതു മിനിറ്റോളം നീണ്ടു നിന്ന് എന്നാണ് മെങ്ങ് അവകാശപ്പെടുന്നത്. 

എല്ലാം കഴിഞ്ഞപ്പോൾ ഒരുവാക്കുപോലും മിണ്ടാതെ ആ അന്യഗ്രഹജീവി ചുവരിലൂടെ അപ്പുറത്തേക്ക് കടന്നു പോയെന്നും, താൻ തിരികെ കിടക്കയിലേക്ക് വീണെന്നുമാണ് മെങ്ങ് പറയുന്നത്. ആ അത്യസാധാരണമായ അന്യഗ്രഹ ലൈംഗികബന്ധം തന്റെ അരക്കെട്ടിൽ സമ്മാനിച്ച ഒരു മുറിപ്പാടും മെങ്ങ് വരുന്നവർക്കൊക്കെ പാന്റസൂരി കാണിച്ച് കൊടുക്കാറുണ്ട്. മരം വെട്ടുന്ന മെഷീന്റെ വാൾത്തല അറിയാതെ വന്നു പോറിയ പോലൊരു വലിയ വടുവാണ് അത്. താൻ അന്ന് കണ്ടതിന്റെ ചിത്രവും മെങ്ങ് വരച്ചിട്ടുണ്ട്. അന്നോളം ഒരു ഹോളിവുഡ് ചിത്രം പോലും കണ്ടിട്ടില്ലാത്ത മെങ്ങ് വരച്ച ചിത്രത്തിന് സിനിമകളിൽ നമ്മൾ കണ്ടു ശീലിച്ച അന്യഗ്രഹ ജീവികളുടെ രൂപവുമായുള്ള സാദൃശ്യം അതിശയകരമാണ്. 

ചൈനയിൽ പൊതുവെ വിശ്വാസങ്ങൾക്ക് വിലക്കുള്ളതാണെങ്കിലും, ജ്യോതിശാസ്ത്രം എന്ന കണക്കിൽ പെടുത്തി അന്യഗ്രഹജീവികളെക്കുറിച്ച് തങ്ങൾക്കുള്ള അഭിപ്രായങ്ങൾ തുറന്നു പറയാൻ ജനങ്ങൾക്ക് അനുവാദമുണ്ട്. അത് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ശാസ്ത്രവുമായി ബന്ധപ്പെട്ട തങ്ങളുടെ സോഷ്യലിസ്റ്റ് നിലപാടുകളുടെ ഭാഗമായി വർഷങ്ങൾക്ക് മുമ്പുതന്നെ അനുവദിച്ചു കൊടുത്തിട്ടുള്ളതാണ്. ചൈനയിലെ യൂഫോളജി ജേർണലിന് നാലുലക്ഷത്തിൽ പരം വരിക്കാരുണ്ട്. അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന വിശ്വാസങ്ങളുടെ ഭാഗമായ സംഘടനകളിൽ ചൈനയിൽ അര ലക്ഷത്തിൽപരം അംഗങ്ങളുമുണ്ട്. അവ വർഷം തോറും ഒത്തുകൂടി പുതിയ കഥകളും അറിവുകളും പങ്കിടുന്ന പതിവും ഇന്നുമുണ്ട്. 

എന്തായാലും ചൈനയിലെ ഈ സവിശേഷ 'യൂഫോ-ഫ്രണ്ട്ലി' ആയ സാഹചര്യത്തിൽ പുറത്തുവന്ന മെങ്ങിന്റെ വെളിപ്പെടുത്തൽ അയാൾക്കവിടെ നൽകിയത് ഒരു സൂപ്പർതാര പരിവേഷമാണ്. ചൈനയിലെ മിക്കവാറും എല്ലാ പത്രങ്ങളുടെയും ഒന്നാം പേജിലും, ടെലിവിഷൻ ചാനലുകളുടെ പ്രൈം ടൈം സ്ലോട്ടുകളിലും അക്കാലത്ത് മെങ്ങ് നിറഞ്ഞു നിന്നു. വിക്കിപീഡിയയിൽ പോലും അയാളെപ്പറ്റി പരാമർശങ്ങളുണ്ട്. കാണാൻ വരുന്ന മിക്ക ജേർണലിസ്റ്റുകളും സംശയക്കണ്ണുകളോടെയാണ് തന്നെ കാണാറുള്ളത് എന്ന് അയാൾക്ക് നന്നായറിയാം. അവരോട് മെങ്ങിന്‌ ഒന്നേ പറയാനുള്ളൂ," ഞാനൊരു മരംവെട്ടുകാരനാണ്, ഞാൻ കണ്ടതാണ് ഞാൻ പറഞ്ഞത്. എനിക്ക് മറ്റൊന്നുമറിയില്ല..." 

ഇന്ന് മെങ്ങ് താമസിക്കുന്നത് ആ കാട്ടിനു നടുവിലല്ല. അയാളുടെ കുപ്രസിദ്ധി അയാൾക്ക് മരംവെട്ടിനെക്കാൾ മെച്ചപ്പെട്ട മറ്റൊരു ജോലിക്ക് അവസരമേകി. ഹാർബിൻ യൂണിവേഴ്സിറ്റി ഓഫ് കൊമേഴ്സിൽ ബോയിലർ ഇൻ ചാർജ് ആണ് മെങ്ങ് ഇപ്പോൾ. മെങ്ങിന്റെ അനുഭവകഥയെ ഭാര്യ 'പുളുവടി' എന്ന് പരിഹസിച്ചു തള്ളിയതുകൊണ്ട് അയാളുടെ ദാമ്പത്യവും ഇന്നും പരിക്കേൽക്കാതെ തുടരുന്നു. നല്ല തണുപ്പുള്ള ഹാർബിൻ പട്ടണത്തിൽ യൂണിവേഴ്സിറ്റിക്കാർ നൽകിയ താപനില ക്രമീകരിച്ച ക്വാർട്ടേഴ്സിൽ അയാൾ സകുടുംബം സംതൃപ്തനായി കഴിഞ്ഞു കൂടുന്നു. 

 

 

നേരിൽ കാണാത്തതൊന്നും പറഞ്ഞാൽ വിശ്വസിക്കാതിരിക്കുക എന്നത് മനുഷ്യപ്രകൃതമാണ് എന്ന് മെങ്ങ് പറയുന്നു. ഇല്ലാക്കഥയാണെന്ന് തള്ളിക്കളയാൻ തന്നെയാണ് ആദ്യം തോന്നുക. ഇതേപ്പറ്റി ആരുചോദിച്ചാലും1994 -ൽ ആദ്യം പറഞ്ഞത് തന്നെ ഇന്നും  മെങ്ങ് ആവർത്തിക്കുന്നു, " ഞാൻ കണ്ടു, ഞാനേ കണ്ടുള്ളൂ..! " 

 

click me!