താലിയ മാസി കൂട്ടബലാത്സംഗം : ഒരു നുണക്കഥ തച്ചുതകർത്തത് അഞ്ചു നിരപരാധികളുടെ ജീവിതം

By Web TeamFirst Published Jan 8, 2020, 7:41 PM IST
Highlights

വംശവെറി, സെക്സ്, കൊലപാതകം, രാഷ്ട്രീയം : മാസി കൂട്ടബലാത്സംഗക്കേസിൽ എല്ലാ ചേരുവകളും ഉണ്ടായിരുന്നു. സത്യമൊഴികെ മറ്റെല്ലാം. 

1931 സെപ്റ്റംബർ 31. അന്നൊരു ഞായറാഴ്ച ദിവസമായിരുന്നു. പാതിരാത്രി കഴിഞ്ഞ്  രാത്രിയുടെ കട്ടയിരുട്ടിനെ മുറിച്ചുകൊണ്ട്, ഒരു കാറിന്റെ ഹെഡ്ലൈറ്റിന്റെ വെട്ടം മുന്നോട്ട് സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് ആ ഹെഡ്‌ലൈറ്റിന്റെ വെട്ടത്തിനുള്ളിലേക്ക്, എതിർദിശയിൽ നിന്ന് ഒരു സ്ത്രീ പാഞ്ഞുവന്ന് വാഹനം കൈകാണിച്ച് തടഞ്ഞു നിർത്തി. അത് സാമാന്യം സുന്ദരിയായ ഒരു അമേരിക്കൻ യുവതിയായിരുന്നു. അവരുടെ ചുണ്ടുകൾ വീങ്ങിയിരിക്കുന്നത് വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നവർ ശ്രദ്ധിച്ചു. വെളുത്തുതുടുത്ത ആ കവിളുകളിൽ ഒന്നും പതിവിലധികം ചുവന്ന്, തടിച്ചിരുന്നു. വാഹനമോടിച്ചിരുന്ന യുവാവ് തന്റെ വിൻഡോ ഗ്ലാസ് താഴ്ത്തി ചോദ്യഭാവത്തിൽ അവരെ നോക്കി. നിർത്താതെ കിതച്ചുകൊണ്ടിരുന്ന ആ സ്ത്രീ, അവരോട് ചോദിച്ചു, " നിങ്ങൾ വെള്ളക്കാരാണോ?" അവർ "അതേ..." എന്ന് തലകുലുക്കി. " ദൈവം രക്ഷിച്ചു"  യുവതി നെടുകെയൊന്നു നിശ്വസിച്ചു. നേരെ അപ്പുറത്തെത്തി, മുന്നിലെ വാതിൽ തുറന്ന് ആ സ്ത്രീ കാറിനുള്ളിലേക്ക് കയറി. തന്നെ ഒന്ന് വീട്ടിൽ വിടണം എന്നായിരുന്നു അവരുടെ ആവശ്യം. അവർ കൊണ്ടുവിടും ചെയ്തു.

ഈ സംഭവം നടന്ന് ഇരുപത്തിനാലു മണിക്കൂറുകൾക്കുള്ളിൽ, ഹവായിയെ ഞെട്ടിക്കുന്ന ആ വാർത്ത പുറത്തുവന്നു. വെള്ളക്കാരനായ ഒരു നേവൽ ഓഫീസറുടെ ഭാര്യ, കാറിൽ വന്ന ഹവായി പൗരന്മാരാൽ അതിക്രൂരമായ ബലാത്സംഗത്തിന് വിധേയയായിരിക്കുന്നു. ഹോണോലുലു പൊലീസിനോട് താലിയ പറഞ്ഞ കഥ ഇപ്രകാരമായിരുന്നു. അലാമോനാ ബോളുവാർഡിലൂടെ നടന്നു വന്ന തന്നെ ഒരു കാറിൽ വന്ന അഞ്ചു തദ്ദേശീയരായ യുവാക്കൾ വണ്ടിക്കുള്ളിലേക്ക് പിടിച്ചു കയറ്റി. പരിസരത്തുള്ള കുറ്റിക്കാട്ടിലേക്ക് കൊണ്ട് പോയി, തന്നെ അവർ മർദ്ദിച്ച് അവശയാക്കി, ഒടുവിൽ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. അവരുടെ മൊഴിയിൽ പറഞ്ഞ വിവരങ്ങൾ വെച്ച് ആ പ്രദേശത്തിനടുത്തുള്ള കാലിഹി പാലിമ എന്ന പ്രദേശത്ത് തിരച്ചിൽ നടത്തിയ പൊലീസ് അഞ്ചു പേരെ സംശയത്തിന്റെ പുറത്ത് അറസ്റ്റുചെയ്തു. രണ്ടു ഹവായിയൻസ്, രണ്ടു ജാപ്പനീസ്, ഒരു ചൈനീസ് ഹവായിയൻ വംശജർ. അവരെ പിന്നീട് ഹവായിക്കാർ 'അലാമോനാ ബോയ്സ് 'എന്നു പേരിട്ടുവിളിച്ചു. 

സംഭവം നടന്ന അന്ന് രാത്രി, നേവൽ ഓഫീസർ ലെഫ്റ്റനന്റ് ടോമി മാസി, താലിയ മാസി ദമ്പതികൾ 'അലോവായ് ഇൻ' എന്നുപേരായ ഒരു നൈറ്റ് ക്ലബ്ബിലുണ്ടായിരുന്നു. ടോമിയുടെ നിർബന്ധപ്രകാരമായിരുന്നു ആ സന്ദർശനം.  അത്തരത്തിൽ രാത്രി ഏറെ വൈകിയുള്ള പാർട്ടികൾ തീരെ രസിക്കാത്ത പ്രകൃതക്കാരിയായിരുന്നു താലിയ. ഒരു അഭിജാത അമേരിക്കൻ കുടുംബാംഗമായിരുന്ന താലിയ, സമൂഹത്തിൽ മറ്റുള്ളവരുമായി ഒരു പരിധിയിൽ കവിഞ്ഞ് ഇടപഴകുന്നതിൽ വൈമുഖ്യമുള്ള ആളായിരുന്നു. ഭർത്താവിന്റെ നേവി സുഹൃത്തുക്കളുമായി ഇടപെടാൻ അവൾക്ക് തീരെ ഇഷ്ടമുണ്ടായിരുന്നില്ല. 

പാർട്ടികൾക്ക് വന്നിരുന്നു എങ്കിലും താലിയ മറ്റുള്ളവർക്ക് മുന്നിൽ വെച്ചുതന്നെ ടോമിയുമായി വഴക്കിടുമായിരുന്നു. തല്ലുകൂടുമായിരുന്നു. ടോമിയെ കടിക്കുക വരെ ചെയ്യുമായിരുന്നു. എല്ലാറ്റിനുമൊടുവിൽ കോപിഷ്ഠയായി രാത്രിയുടെ ഇരുട്ടിലേക്ക് ഇറങ്ങിപ്പോവുക താലിയയുടെ സ്ഥിരം ശീലമായിരുന്നു. അടുത്തിടെ ടോമി താലിയയോട് വിവാഹമോചനത്തെപ്പറ്റി സംസാരിച്ചിരുന്നു. അത് പക്ഷേ, താലിയയ്ക്ക് അചിന്ത്യമായിരുന്നു. അത് കേട്ട അന്ന് മുതൽ താലിയ ഏറെ അസ്വസ്ഥയായിരുന്നു. തന്റെ വെറിപിടിച്ച പ്രകൃതം ഒന്ന് മയപ്പെടുത്താൻ അവർ തയ്യാറായി. ടോമി താലിയക്ക് ആറുമാസത്തെ 'നല്ലനടപ്പ്' കാലാവധി നിശ്ചയിച്ചു നല്കിയിരിക്കയായിരുന്നു. ആ കാലയളവിൽ പഴയപടി വെകിളിപിടിച്ച പെരുമാറ്റം താലിയയിൽ നിന്നുണ്ടായാൽ ടോമി അവരെ ഉപേക്ഷിക്കും. ഒട്ടും ഇഷ്ടമില്ലാതിരുന്നിട്ടും, അന്ന് ആ പാർട്ടിയിൽ ടോമിയോടൊപ്പം പങ്കുചേരാൻ സമ്മതിച്ചതിനു പിന്നിലെ കാരണവും ആ ഒത്തുതീർപ്പുതന്നെയായിരുന്നു. അന്ന്, ഭർത്താവ് സ്നേഹിതർക്കൊപ്പം മദ്യപിച്ച് സൊറപറഞ്ഞിരിക്കെ, തന്റെ ഡ്രിങ്കുമായി ആ ക്ലബ്ബിലെ മുറികൾ ഓരോന്നായി കയറിയിറങ്ങിയ താലിയയ്ക്ക് എല്ലായിടത്തു നിന്നും കിട്ടിയത് ഏറെ തണുപ്പൻ പ്രതികരണമായിരുന്നു. "നിങ്ങളെ ഇവിടെ ആർക്കും ഇഷ്ടമല്ല " എന്നു ഒരു നേവൽ ഓഫീസർ അവരുടെ മുഖത്ത് നോക്കി തുറന്നു പറഞ്ഞു. അയാളുടെ കരണത്ത് ആഞ്ഞടിച്ചു കൊണ്ട്, പാർട്ടി പാതിവഴി ഉപേക്ഷിച്ച്, പതിവുപോലെ താലിയ വീണ്ടും ഇരുളിലേക്ക് ഇറങ്ങിപ്പോയി.  

അവൾ ഇറങ്ങി നടന്നത് ആ നഗരത്തിലെ ഏറെ കുപ്രസിദ്ധമായ, ഇരുൾ വീണാൽ ആരും ഇറങ്ങി നടക്കാൻ ധൈര്യപ്പെടാത്ത ഒരു തെരുവിലൂടെയാണ്. താലിയക്ക് പിന്നാലെ നല്ല ഉയരമുള്ള, തൊപ്പി ധരിച്ച ഏതോ ഒരാൾ നടന്നു പോകുന്നത് കണ്ടിരുന്നു എന്നു രണ്ടുപേർ പിന്നീട് മൊഴി നൽകി. തന്റെ ഭാര്യ പാർട്ടിയിൽ നിന്ന് കുപിതയായി ഇറങ്ങിപ്പോയതുപോലും ടോമി അറിഞ്ഞിരുന്നില്ല. ഇനി അറിഞ്ഞിരുന്നാൽ പോലും, അത് താലിയ ഇടയ്ക്കിടെ ചെയ്തുകൊണ്ടിരുന്ന പ്രവൃത്തിയായിരുന്നതിനാൽ പിന്നാലെ അയാൾ അന്വേഷിച്ചു പോവുമായിരുന്നില്ല. രാത്രി ഒരുമണിയോടെയാണ് അയാൾ ഭാര്യയെപ്പറ്റി തിരക്കിയത്. വീട്ടിലേക്ക് വിളിച്ചപ്പോൾ താലിയയെ ലൈനിൽ കിട്ടിയില്ല. പിന്നീട് രാത്രി രണ്ടുമണിയോടെ ടോമി വീണ്ടും വിളിച്ചപ്പോഴാണ് താലിയ ലൈനിൽ വരുന്നതും, പരിഭ്രാന്തമായ സ്വരത്തിൽ ടോമിയോട് അടിയന്തരമായി വീട്ടിലെത്താൻ കരഞ്ഞുപറയുന്നതും. തുടർന്നാണ് ഞെട്ടിക്കുന്ന ഒരു കൂട്ടബലാത്സംഗത്തെക്കുറിച്ചുള്ള പരാതിയുമായി ദമ്പതികൾ പൊലീസിനെ സമീപിക്കുന്നത്. 

ഇങ്ങനെ ഒരു സംഭവം ഹവായിയുടെ ചരിത്രത്തിൽ ആദ്യമായി കേൾക്കുകയായിരുന്നു. പസിഫിക് മഹാസമുദ്രത്തിനു നടുവിൽ സ്ഥിതിചെയ്തിരുന്ന ഈ സുന്ദരദ്വീപ്, ഒരു അവധിക്കാല വിശ്രമസങ്കേതം എന്ന നിലയിൽ അമേരിക്കക്കാർക്കിടയിൽ പ്രസിദ്ധിയാർജ്ജിച്ചു കഴിഞ്ഞ കാലമായിരുന്നു അത്. കാലിഫോർണിയാ തീരത്തു നിന്ന് രണ്ടായിരം മൈൽ മാറിയായിരുന്നു ഹവായി. അത് അമേരിക്ക പോലെതന്നെയായിരുന്നു. കുറേക്കൂടി പ്രസന്നമായ കാലാവസ്ഥയായിരുന്നു എന്നുമാത്രം. അവിടത്തുകാർക്കുമേൽ ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞ വെള്ളക്കാർ തന്നെയാണ് ദ്വീപ് നടത്തിക്കൊണ്ടു പോയിരുന്നതും. 1931 -ലെ  വേനൽക്കാലത്ത് സമ്പന്നരായ അമേരിക്കൻ വിനോദസഞ്ചാരികൾ ഹോണോലുലു ഹാർബറിലേക്കും, വൈകികി ബീച്ചിലേക്കും ഒഴുകിയെത്തിക്കൊണ്ടിരുന്നു.

അവർക്ക് വേണ്ടതൊക്കെ കൊടുക്കാൻ തയ്യാറായി ഹവായിയൻ യുവാക്കളും അവിടെ അണിനിരന്നു. ബീച്ചിലെ ഇളവെയിലിൽ ഒരു കുട വേണമെങ്കിൽ, സർഫിങിന്റെ ബാലപാഠങ്ങൾ അഭ്യസിക്കണമെങ്കിൽ, ഇനി സ്വകാര്യമായി ഇത്തിരി ആനന്ദം കണ്ടെത്തണമെങ്കിൽ അതിനു പോലും തയ്യാറായിരുന്നു ബലിഷ്ഠമായ ദേഹത്തോടുകൂടിയ ആ യുവാക്കൾ.ഏറെ വിദേശി സൗഹൃദമായ ഒരു ദ്വീപായിരുന്നു അത്. അന്നുവരെ അവിടെ വന്നുപോയിട്ടുള്ള ആയിരക്കണക്കായ വിദേശി വിനോദ സഞ്ചാരി യുവതികളിൽ ഒരാളെപ്പോലും തദ്ദേശീയരായ ആരും ലൈംഗികമായി ഉപദ്രവിച്ചതായി കേട്ടുകേൾവി പോലുമില്ലായിരുന്നു. ഇങ്ങനെ ഒരു കൂട്ടബലാത്സംഗം നടന്നു എന്ന വാർത്ത ഹവായിയുടെ സാമൂഹികാന്തരീക്ഷത്തിന്റെ സ്വസ്ഥത തകർത്തു. അത് നയിച്ചത് നിരപരാധിയായ ഒരു യുവാവിന്റെ കൊലപാതകത്തിലേക്കായിരുന്നു. ഹവായിയുടെ ചരിത്രത്തിലെ ആദ്യത്തെ ലിഞ്ചിങ്ങിലേക്ക്. 

പൊലീസിൽ പരാതി എഴുതി നൽകിയപ്പോൾ ഓർമയില്ലാതിരുന്ന കാർ നമ്പർ താലിയയ്ക്ക് യുവാക്കളെ കസ്റ്റഡിയിൽ എടുത്ത ശേഷം വളരെ ആകസ്മികമായി ഓർമവന്നു. ഹവായിയൻ സ്റ്റാർ ബുള്ളറ്റിൻ, ഹോണോലുലു അഡ്വേർറ്റൈസർ എന്നീ രണ്ടു പ്രമുഖ പത്രങ്ങൾ ആ അഞ്ചു യുവാക്കളെയും, വിചാരണ തുടങ്ങും മുമ്പുതന്നെ തങ്ങളുടെ പത്രത്താളുകളിലൂടെ കുറ്റക്കാരെന്നു സ്ഥാപിച്ചു. അവരുടെ പേരും കൃത്യമായ അഡ്രസ്സും വരെ അവർ ഫോട്ടോസഹിതം അച്ചടിച്ചു പ്രസിദ്ധപ്പെടുത്തി. ആ അഞ്ചുപേരെയും വിചാരണ പൂർത്തിയാകും മുമ്പുതന്നെ ആ സമൂഹത്തിൽ കുപ്രസിദ്ധരാക്കി മാറ്റി. ഹവായിയിലെ പ്രാദേശിക പത്രങ്ങളിൽ നിന്ന് വാർത്ത അമേരിക്കൻ ഐക്യനാടുകളിലെ ടാബ്ലോയിഡുകളുടെ ഒന്നാം പേജിലേക്കും കടൽ കടന്നു ചെന്നു.ഏറെ ജനശ്രദ്ധയാകർഷിച്ച ഒരു വിചാരണയായിരുന്നു. വാഷിംഗ്ടണിലെ ഉന്നതർ മുതൽ ഹോണോലുലുവിന്റെ തെരുവുകളിലെ മധ്യവർഗ തൊഴിലാളികൾ വരെ അത് സശ്രദ്ധം പിന്തുടർന്നു.

ജോസഫ് കഹാഹവായി എന്ന ഹവായിയൻ പൗരനായിരുന്നു മുഖ്യ പ്രതി. സ്‌കൂൾ സ്ട്രീറ്റ് ഗ്യാങ് എന്നൊരു ചെറിയ സംഘമായിരുന്നു ആ അഞ്ചുപേരും. കോളേജിൽ ഒരേ ഫുട്ബോൾ ടീമിൽ കളിച്ചിരുന്നവർ അവർ. ബെൻ അഹേകുലോ എന്ന രണ്ടാമനും ഹവായിയൻ വംശജനായിരുന്നു. തന്റെ സോക്കർ സ്കില്ലിന്റെ പേരിൽ ദ്വീപിൽ അയാൾ അറിയപ്പെട്ടിരുന്നു. നാഷണൽ അമേച്വർ ബോക്സിങ് ടീമിലും അംഗമായിരുന്നു അന്ന് ബെൻ. , ജാപ്പനീസ് വംശജനായ ഹൊറേസ് ഇദാ എന്ന സംഘത്തിലെ മൂന്നാമൻ. ജോലി തേടി കാലിഫോർണിയക്ക് പോയിരുന്ന അവൻ തന്റെ അച്ഛന്റെ മരണാനന്തര ചടങ്ങുകൾക്ക് കൂടാനാണ് ഏറെക്കാലത്തിനു ശേഷം ഹവായിയിൽ എത്തുന്നത്. അവന്റെ കാറായിരുന്നു അത്. പാതി ഹവായിയൻ, പാതി ചൈനീസ് വംശപാരമ്പര്യമുള്ള ഹെൻറി ചാങ് ആയിരുന്നു നാലാമൻ. അമേരിക്കയിൽ കുറേക്കാലം ജോലി തേടിയ ശേഷം തിരികെ തന്റെ അച്ഛനമ്മമാരെ കൃഷിയിൽ സഹായിക്കാൻ നാട്ടിലെത്തിയതായിരുന്നു അവനും. ഡേവിഡ് തക്കായി എന്ന, താലിയ തിരിച്ചറിയാതെ പോയ അഞ്ചാമനും ഉണ്ടായിരുന്നു പോലീസിന്റെ ഐവർ ലിസ്റ്റിൽ.  

താലിയയുടെ അമ്മ ഗ്രേസ് ഫോർട്ടെസ്ക്യൂ മകളുടെ കേസിന്റെ വിചാരണയ്ക്കായി ഹവായിയിലേക്ക് പറന്നെത്തി. ഒപ്പം, നേവിയുടെ ഭാഗത്തു നിന്ന് വിചാരണ വേഗത്തിലാക്കാൻ കടുത്ത സമ്മർദ്ദമുണ്ടായിരുന്നു. എന്നാൽ, വിചാരണ പുരോഗമിക്കെ താലിയ നൽകിയ പല മൊഴികളും പരസ്പര വിരുദ്ധമായിരുന്നു. തെളിവുകൾ പലതും അവർക്ക് വിരുദ്ധമായിരുന്നു. കേസിൽ കുറ്റം ചാർത്തപ്പെട്ട അഞ്ചു ഹവായ് സ്വദേശികൾക്കുമെതിരെ കോടതിയിൽ പഴുതടച്ച തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. അപ്പോൾ എന്തായി..? വിചാരണ നടന്നുകൊണ്ടിരിക്കെ, കോടതി ആ യുവാക്കൾക്ക് ജാമ്യം അനുവദിച്ചു. അവർ തിരികെ വീണ്ടും  തങ്ങളുടെ വീടുകളിലേക്ക് പോയി. എന്നാൽ അതിനെപ്പറ്റി, ദ്വീപിൽ പരന്ന വാർത്ത മറ്റൊന്നായിരുന്നു, കാശും പുത്തനുമുള്ള ദ്വീപുവാസികൾക്ക് വേലക്കാരി പെണ്ണുങ്ങളെ യഥേഷ്ടം പ്രാപിക്കാം. ഒരു കേസും വരില്ല. ഇനി അഥവാ കേസ് വന്നാൽ തന്നെ അതിൽ നിന്നൊക്കെ അനായാസം ജാമ്യത്തിലിറങ്ങി വിലസാം.

ഗ്രേസ് ഫോർട്ടെസ്ക്യൂ, താലിയ മാസി , ടോമി മാസി

തന്റെ മകളെ കൂട്ടബലാത്സംഗം ചെയ്തവർ അങ്ങനെ നിഷ്പ്രയാസം തെരുവിലിറങ്ങി നടക്കുന്നത് താലിയയുടെ അമ്മ ഗ്രേസിന് സഹിക്കാവുന്ന കാര്യമല്ലായിരുന്നു. അവർ മകൾക്ക് നീതി നൽകുന്ന ദൗത്യം സ്വയം ഏറ്റെടുത്തു. കേസിൽ കുറ്റവിമുക്തരാക്കപ്പെട്ടത്തിന്റെ അടുത്തയാഴ്ച തന്നെ  അവർ തന്റെ മരുമകനും ടോമി മാസിയെയും കൂട്ടി ഹൊറേസ് ഇദായെ തട്ടിക്കൊണ്ടു പോയി. അയാളെ തന്റെ നേവി ബെൽറ്റിന്റെ ബക്കിൾ കൊണ്ട് ടോമി മർദ്ദിച്ചു. ഒരു കുറ്റസമ്മതമായിരുന്നു അയാൾ നേടാൻ ഉദ്ദേശിച്ചത്. എന്നാൽ, ഹൊറേസ് ഒന്നും ഏറ്റുപറഞ്ഞില്ല. അവർക്ക് അവരുദ്ദേശിച്ച മൊഴി അയാളിൽ നിന്ന് കിട്ടിയില്ല. 

ജനുവരി ആദ്യവാരത്തിൽ, നിരത്തിലൂടെ അതിവേഗത്തിൽ ഓടിച്ചുപൊയ്ക്കൊണ്ടിരുന്ന,  കറുത്ത കൂളിംഗ് ഫിലിം ഒട്ടിച്ച ഒരു കാർ, ഹവായി പൊലീസ് തെരുവിൽ തടഞ്ഞു പരിശോധിച്ചപ്പോൾ അവർക്ക് അപ്രതീക്ഷിതമായ ഒരു കോള് തടഞ്ഞു. അതിൽ  ഗ്രേസ് ഫോർട്ടെസ്ക്യൂവും, ടോമി മാസിയുമാണ് ഉണ്ടായിരുന്നത്. പിൻസീറ്റിൽ ചോരയിൽ കുളിച്ചു കിടക്കുന്ന നിലയിൽ ഒരു യുവാവിനെയും പൊലീസ് കണ്ടെത്തി. അയാളുടെ പേര് ജോ കഹാഹവായി എന്നായിരുന്നു. താലിയ മെസ്സിയെ കൂട്ടബലാത്സംഗം ചെയ്തു എന്ന് ആരോപിക്കപ്പെട്ട ഐവർ സംഘത്തിൽ ഒരാളായിരുന്നു ജോയും. 

അതോടെ തുടങ്ങിയത്, നേരത്തെ നടന്ന കൂട്ടബലാത്സംഗവിചാരണയെക്കാൾ പത്തിരട്ടി പ്രമാദമായ ഒരു കൊലപാതക വിചാരണയായിരുന്നു. കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ ഗ്രേസ് ഫോർട്ടെസ്ക്യൂയെയും, ടോമി മോസിയെയും ഹവായിയൻ കോടതി പത്തുവർഷത്തെ കഠിനതടവിന് ശിക്ഷിച്ചു. എന്നാൽ, വിധിയെഴുതിയ പേനയിലെ മഷിയുണങ്ങും മുമ്പുതന്നെ, പാശ്ചാത്യരായ ആ നാവികോദ്യോഗസ്ഥർ ഹവായിയൻ ഗവർണറുടെ മേലുള്ള അവരുടെ സ്വാധീനം ഉപയോഗിച്ച്, പത്തുവർഷം എന്നത്, ഗവർണറുടെ ഓഫീസിനുള്ളിൽ ചെലവിട്ട വെറും ഒരു മണിക്കൂറായി കമ്യൂട്ട് ചെയ്തെടുത്തു. 

'ടോമി മാസി'

താലിയയുടെ മൊഴികൾ വളരെ ഗൗരവമുള്ള പൊരുത്തക്കേടുകൾ നിറഞ്ഞതായിരുന്നു. അവരുടെ മൊഴി വിശ്വാസ്യയോഗ്യമല്ല എന്ന നിഗമനത്തിലാണ് കോടതി എത്തിച്ചേർന്നത്. ദൃക്‌സാക്ഷി മൊഴികൾ  സംഭവം നടക്കുന്ന സമയത്ത്, പ്രതികളെ താലിയ ബലാത്സംഗം ചെയ്തു എന്നാരോപിച്ച ഇടത്തിൽ നിന്ന് അകലെ പ്രതിഷ്ഠിച്ചു.  താലിയ ഈ ബലാത്സംഗം നടന്നു എന്ന് പൊലീസിനോട് പറഞ്ഞ സമയത്ത്, ആ സ്ഥലത്തു നിന്ന് ഏതാനും കിലോമീറ്ററുകൾ അകലെയുള്ള ഒരു ജംഗ്‌ഷനിൽ ഇവരുടെ കാർ ട്രാഫിക് പ്രശ്നത്തിൽ കുടുങ്ങിയിരുന്നു എന്നതുതന്നെ കാരണം. അന്ന് രാത്രി നടന്ന മറ്റെന്തോ സംഭവത്തെ മറക്കാൻ വേണ്ടി താലിയ  കെട്ടിച്ചമച്ചതായിരുന്നു ആ കേസ് എന്നാണ് പിന്നീട് ഹവായിയിൽ പരക്കെ പ്രചരിച്ചിരുന്നത്. എന്തായാലും, ഇങ്ങനെ ഒരു കേസിന്റെ പേരിൽ ജോസഫ് കഹാഹവായി എന്ന യുവാവിന് സ്വന്തം ജീവൻ ബലികൊടുക്കേണ്ടി വന്നു. ഹൊറേസ് ഇദയുടെ പുറത്ത് മരിക്കുവോളം ടോമി മെസ്സിയുടെ നേവി ബെൽറ്റിന്റെ ബക്കിൾപാടുകൾ കല്ലിച്ചു കിടന്നിരുന്നു.ബെൻ അഹേകുലോ, ഹെൻറി ചാങ്, ഡേവിഡ് തക്കായിയും തങ്ങളുടെ ജീവിതകാലം മുഴുവൻ ഈ കേസിന്റെ കളങ്കവും പേറി ഹവായിയിൽ തന്നെ കഴിഞ്ഞുകൂടി.

ഡേവിഡ് സ്റ്റണാർഡ് എഴുതിയ ഓണർ കില്ലിംഗ് എന്ന പുസ്തകത്തിൽ ഈ വിചാരണയെക്കുറിച്ചുള്ള വിശദമായ പ്രതിപാദനങ്ങളുണ്ട്. 

സംഭവത്തിന് ശേഷം അധികം വൈകാതെ തന്നെ ടോമി മെസിയും താലിയയും തമ്മിൽ വിവാഹ മോചിതരായി. ആ വിവാഹമോചനത്തിൽ ഒപ്പിട്ട അന്നുരാത്രി താലിയ ആദ്യമായി ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും, വിജയം കണ്ടില്ല. അതിനു ശേഷം ഒരു വിവാഹം കൂടി കഴിച്ച്, വരും വർഷങ്ങളിൽ വീണ്ടും പലകുറി ആത്മാഹുതിക്ക് ശ്രമിച്ച് പരാജയപ്പെട്ട അവരെ , 1963 -ൾ ഉറക്കഗുളികകൾ അമിതമായി അകത്തുചെന്ന് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. 

click me!