പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സല്‍മാന്‍ റുഷ്‍ദിയുടെ കത്ത്

By Web TeamFirst Published Nov 15, 2019, 12:45 PM IST
Highlights

എഴുത്തുകാർക്ക് രാജ്യത്തേക്കുള്ള പ്രവേശനം നിഷേധിക്കുന്നത് ശരിയായ നടപടിയല്ല. സ്വതന്ത്രവും തുറന്നതുമായ സംവാദത്തിലും വൈവിധ്യമാർന്ന കാഴ്ചപ്പാടുകളോടുള്ള ആദരവിലും നിലനില്‍ക്കുന്ന ഇന്ത്യന്‍ പാരമ്പര്യങ്ങളോടുള്ള വെല്ലുവിളിയാണത്. 

സല്‍മാന്‍ റുഷ്‍ദി, ഓര്‍ഹന്‍ പാമുക്, മാര്‍ഗരറ്റ് ആറ്റ്‍വുഡ് തുടങ്ങി 260 പേര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി. ബ്രിട്ടീഷ് ഇന്ത്യന്‍ എഴുത്തുകാരന്‍ ആതിഷ് തസീറിന്‍റെ പ്രവാസി പൗരത്വം റദ്ദാക്കിയ നടപടിയില്‍ പ്രതിഷേധമറിയിച്ചാണ് എഴുത്ത്. സ്വതന്ത്രവും തുറന്നതുമായ സംവാദത്തിന് ഇടമുള്ള ഇന്ത്യന്‍ പാരമ്പര്യത്തിനു നേരെയുള്ള വെല്ലുവിളിയായിട്ടാണ് കത്തില്‍ വിമര്‍ശനം.

തസീര്‍ ജനിച്ചത് യുകെയിലാണെങ്കിലും വളര്‍ന്നത് ഇന്ത്യയിലാണ്. നോവലിസ്റ്റും മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ തസീര്‍ ടൈം മാഗസിനില്‍ മോദിയെ പരാമര്‍ശിച്ചെഴുതിയ 'ഇന്ത്യാസ് ഡിവൈഡര്‍ ഇന്‍ ചീഫ്' എന്ന തലക്കെട്ടിലുള്ള ലേഖനമാണ് തസീറിനെതിരായ നടപടിക്ക് പിന്നിലെന്നാണ് കരുതുന്നത്. അത് മോദി ഗവണ്‍മെന്‍റിനെ ശക്തമായി വിമര്‍ശിച്ചുകൊണ്ടുള്ള ലേഖനമായിരുന്നു. ഇന്ത്യയില്‍ വരാനും എത്രകാലത്തേക്ക് രാജ്യത്ത് നില്‍ക്കാനും ഏത് സമയത്തും ഇന്ത്യയിലെത്താനും അനുമതി നല്‍കുന്നതാണ് ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ്. അതാണ് റദ്ദാക്കിയിരിക്കുന്നത്. 

റുഷ്‍ദി, പാമുക്, ആറ്റ്‍വുഡ് തുടങ്ങി മാധ്യമ പ്രവര്‍ത്തകരും, എഴുത്തുകാരും, കലാകാരന്മാരും, സാമൂഹ്യ പ്രവര്‍ത്തകരും പെന്‍ അമേരിക്ക, ഇംഗ്ലീഷ് പെന്‍, പെന്‍ ഇന്‍റര്‍നാഷണല്‍ എന്നിവയ്ക്കൊപ്പം ചേര്‍ന്നാണ് കത്തെഴുതിയിരിക്കുന്നത്. നീക്കത്തെക്കുറിച്ച് കത്തിൽ അവരുടെ കടുത്ത ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. പ്രവാസി പൗരത്വം റദ്ദാക്കിയ നടപടിയെക്കുറിച്ച് പുനർവിചിന്തനം നടത്താനും ആതിഷ് തസീറിന് തന്‍റെ കുട്ടിക്കാലത്തെ വീട്ടിലേക്കും കുടുംബത്തിലേക്കും പ്രവേശനമുണ്ടെന്നും മറ്റ് എഴുത്തുകാരെ സമാനമായി ലക്ഷ്യമിടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും എഴുത്തുകാര്‍ ആവശ്യപ്പെടുന്നു. ഇന്ത്യൻ സർക്കാരിനെ വിമർശിച്ച ലേഖനമെഴുതിയെന്ന കാരണത്താല്‍ തസീറിനോട് വ്യക്തിപരമായി പ്രതികാരം ചെയ്യാൻ സര്‍ക്കാര്‍ ലക്ഷ്യമിട്ടതായി ഞങ്ങൾക്ക് ആശങ്കയുണ്ടെന്നും എഴുത്തുകാര്‍ വ്യക്തമാക്കുന്നു. 

എഴുത്തുകാർക്ക് രാജ്യത്തേക്കുള്ള പ്രവേശനം നിഷേധിക്കുന്നത് ശരിയായ നടപടിയല്ല. സ്വതന്ത്രവും തുറന്നതുമായ സംവാദത്തിലും വൈവിധ്യമാർന്ന കാഴ്ചപ്പാടുകളോടുള്ള ആദരവിലും നിലനില്‍ക്കുന്ന ഇന്ത്യന്‍ പാരമ്പര്യങ്ങളോടുള്ള വെല്ലുവിളിയാണത്. ഒപ്പം ശക്തമായ ഒരു ജനാധിപത്യരാജ്യമെന്ന വിശേഷണത്തെ ദുര്‍ബലപ്പെടുത്തുക കൂടിയാണ് ഇത്തരം നടപടികള്‍ ചെയ്യുന്നത് എന്നും കത്തില്‍ പറയുന്നു.

കഴിഞ്ഞയാഴ്ച ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയം തസീർ 'തന്റെ പിതാവ് പാകിസ്ഥാൻ വംശജനാണെന്ന വസ്തുത മറച്ചുവെച്ചിരുന്നു' എന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍, തസീറിനെ വളർത്തിയത് അമ്മ, പ്രമുഖ ഇന്ത്യൻ പത്രപ്രവർത്തകയായ തവ്‌ലീൻ സിംഗ് ആണ്. 21 വയസ്സുവരെ താന്‍ പിതാവിനെ കണ്ടിട്ടില്ല എന്ന് ഒരു പുസ്തകത്തില്‍ തസീര്‍ തന്നെ വ്യക്തമാക്കിയിരുന്നു. യു കെയില്‍വെച്ച് വിവാഹിതരായ തവ്‍ലീനും സല്‍മാന്‍ തസീറും ആതിഷ് ജനിച്ച് അധികനാള്‍ കഴിയുംമുമ്പ് വേര്‍പിരിഞ്ഞിരുന്നു. പിന്നീട്, തന്നോടോ മകനോടൊ കാര്യമായ ഒരു ബന്ധവും പാകിസ്ഥാനില്‍വെച്ച് കൊല്ലപ്പെടും വരെ സല്‍മാനുണ്ടായിരുന്നില്ല എന്ന് തസീറിന്‍റെ അമ്മയും വ്യക്തമാക്കിയിരുന്നു. 

ടൈമിലെ ലേഖനം പ്രസിദ്ധപ്പെടുത്തുന്നതുവരെ യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും തന്‍റെ പൗരത്വം കൊണ്ട് താന്‍ അനുഭവിച്ചിരുന്നില്ലായെന്നും തന്‍റെ പിതാവിന്‍റെ പാകിസ്ഥാന്‍ പൗരത്വം നേരത്തെയും വ്യക്തമായിരുന്നുവെന്നും തസീര്‍ ദ ഗാര്‍ഡിയനോട് പ്രതികരിച്ചു. തന്‍റെ എഴുത്ത് ഇന്ത്യന്‍ ജീവിതത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ് അതിനാല്‍ത്തന്നെ ഈ തീരുമാനത്തില്‍ വേദനയുണ്ട്. കൂടാതെ, സ്വകാര്യമായ വേദനകളുമുണ്ട്. തന്‍റെ അമ്മയ്ക്ക് 70 വയസ്സായി അവര്‍ ജീവിക്കുന്ന രാജ്യമാണിത്. ഒപ്പം അമ്മൂമ്മയ്ക്ക് അടുത്ത വര്‍ഷം 90 തികയും അവരുടേയും നാടിതാണ്. ഇത് ഞാന്‍ കോടതിയിലേക്ക് എത്തിച്ചാലും അവരെ ഇനിയെനിക്ക് കാണാനേ കഴിയില്ല എന്നും തസീര്‍ പ്രതികരിച്ചു. 

click me!