
ഹരിതഗൃഹ വാതകമായ മീഥെയ്ന്‍ പുറന്തള്ളുന്ന ദശലക്ഷക്കണക്കിന് ഹോട്ട് സ്‌പോട്ടുകള്‍ ആര്‍ട്ടിക് ഉപരിതലത്തില്‍ കണ്ടെത്തി. ഡോ. ക്ലെയ്ടണ്‍ എല്‍ഡറിന്റെ നേതൃത്വത്തില്‍ നാസയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ആഗോളതാപനത്തിനു കാരണമാകുന്ന മീഥെയിന്‍ വന്‍തോതില്‍ ഇവിടെ പുറംതള്ളപ്പെടുന്നതായി കണ്ടെത്തിയത്. ജിയോഫിസിക്കല്‍ റിസര്‍ച്ച് ലെറ്റര്‍ ജേണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അതിവേഗം ഉരുകിക്കൊണ്ടിരിക്കുന്ന ഹിമമേഖലയാണ് ആര്‍ട്ടിക് മഞ്ഞുപാളികള്‍. ആഗോളതാപനത്തിന്റെ പ്രതിഫലനങ്ങള്‍ ഭൂമിയില്‍ തന്നെ ഏറ്റവും പ്രത്യക്ഷമായി തെളിഞ്ഞുകാണുന്ന ഭൂപ്രദേശം. താപനില ഉയരുമ്പോള്‍, ഇവിടെയുള്ള പെര്‍മാഫ്രോസ്റ്റ് എന്ന ഹിമമേഖലയിലെ മണ്ണിന്റെ അടിയിലുള്ള സ്ഥിരമായി മരവിച്ച പാളി അലിയാന്‍ തുടങ്ങുന്നു, ഇതുമൂലം മീഥെയ്‌നും മറ്റ് ഹരിതഗൃഹ വാതകങ്ങളും അന്തരീക്ഷത്തിലേക്ക് പുറംതള്ളപ്പെടുന്നു. മീഥെയ്‌നും മറ്റു ഹരിതഗൃഹ വാതകങ്ങളും പുറംതള്ളുന്നത് ഭാവിയിലെ ആഗോളതാപനത്തിന്റെ ആക്കം കൂട്ടുകയും ത്വരിതപ്പെടുത്തുകയും ചെയ്യും.
എത്രമാത്രം ആഗോളതാപനം ഭാവിയില്‍ ഉണ്ടാകുമെന്ന് കണക്കാക്കാന്‍ എത്രമാത്രം മീഥേന്‍ പുറംതള്ളപ്പെടുുന്നു എന്ന് മനസ്സിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ സാഹചര്യത്തിലാണ് ഈ മീഥേന്‍ പുറംതള്ളലിന്റെ വ്യാപ്തി മനസിലാക്കാന്‍ നാസ ശ്രമിച്ചത്. നാസയുടെ ആര്‍ട്ടിക് ബോറീല്‍ വാള്‍നറെബള്‍ എക്‌സ്പീരിമെന്റ് (ABoVE) വഴിയാണ് ഈ പഠനം നടത്തിയത്.
വിമാനത്തില്‍ ഘടിപ്പിച്ച ഐര്‍ബോണ്‍ വിസിബിള്‍ ഇന്‍ഫ്രാറെഡ് ഇമേജിങ് സ്‌പെക്ട്രോമീറ്റര്‍ (AVIRIS - NG) ഉപയോഗിച്ച് 30000 സ്‌കയര്‍ കിലോമീറ്റര്‍ ചുറ്റളവില്‍ പറന്നുകൊണ്ടാണ് പഠനം നടത്തിയത്. മീഥെന്‍ ഹോട് സ്‌പോട്ടുകള്‍ കൂടുതലും കേന്ദ്രീകരിച്ചിരിക്കുന്നത് ജലാശയങ്ങളില്‍ നിന്നും ഏകദേശം 40 മീറ്റര്‍ അകലത്തില്‍ ആണെന്നാണ് പഠനം കണ്ടെത്തിയത്. ആര്‍ട്ടിക് പ്രദേശത്തെ പെര്‍മാഫ്രോസ്റ്റില്‍ നിന്നുമുള്ള മീഥെയ്ന്‍ പുറംതള്ളല്‍ വിശദമായി പഠിക്കുന്ന ആദ്യത്തെ പഠനമാണിത്.