നെഹ്‍റു അന്ന് അയോധ്യ സന്ദര്‍ശിക്കാതിരുന്നത് എന്തുകൊണ്ട്? എന്തായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്?

By Web TeamFirst Published Nov 14, 2019, 11:53 AM IST
Highlights

പണ്ഡിറ്റ് നെഹ്‌റുവിന്‍റെ മറ്റൊരു കത്ത് (1950 മാർച്ച് 5 -ന്‍റെ) സൂചിപ്പിക്കുന്നത് 'ഫൈസാബാദ് ജില്ലാ ഭരണകൂടത്തിന് താന്‍ നിർദ്ദേശം കൈമാറിയതായും എന്നാല്‍, ഭരണകൂടം ഈ നിര്‍ദ്ദേശം പാലിക്കാന്‍ വിസമ്മതിച്ച'തായുമാണ്. 

ഞാനൊരു നിരീശ്വരവാദിയാണ് എന്ന് എന്നോ ഏറ്റുപറഞ്ഞയാളായിരുന്നു ജവഹര്‍ലാല്‍ നെഹ്‍റു. പക്ഷേ, എങ്കിലും അയോധ്യ സന്ദര്‍ശിക്കേണ്ട ഒരുകാലം അദ്ദേഹത്തിനും വന്നു, 'വേണ്ടിവന്നാല്‍ ഞാന്‍ അയോധ്യ സന്ദര്‍ശിക്കും' എന്ന് അദ്ദേഹം തന്നെ പറഞ്ഞു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു അത്. പക്ഷേ, എന്തുകൊണ്ടോ ആ അയോധ്യാ സന്ദര്‍ശനം നടന്നില്ല. രാമജന്മഭൂമിയാണ് എന്ന് അയോധ്യ തർക്കം വേരുറപ്പിക്കുമ്പോൾ നെഹ്‌റു ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു.

1949 ഡിസംബർ 22-23 വരെയുള്ള രാത്രിയിലായിരുന്നു അത്, അയോധ്യയിലെ ബാബറി മസ്‍ജിദിന്റെ മധ്യതാഴികക്കുടത്തിനുള്ളിൽ രണ്ട് വിഗ്രഹങ്ങൾ സ്ഥാപിക്കപ്പെട്ടു. ശ്രീരാമന്‍റെയും ഭാര്യ സീതയുടെയുമായിരുന്നു ആ വിഗ്രഹങ്ങൾ. പള്ളിക്കുള്ളിൽ ഈ വിഗ്രഹങ്ങൾ പ്രത്യക്ഷപ്പെട്ടത് വളരെ അത്ഭുതകരമായിട്ടായിരുന്നുവെന്നാണ് ചില പുരോഹിതന്മാരും ഭക്തരും അവകാശപ്പെട്ടത്. 1539 -ൽ മുഗൾ രാജാവായ ബാബറിന്‍റെ സൈനിക മേധാവിയാണ് ഇവിടെയുണ്ടായിരുന്ന ക്ഷേത്രത്തില്‍ പള്ളി സ്ഥാപിച്ചതെന്നും ഇവര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഒരു സംഘം പറഞ്ഞത് പള്ളിയിൽ അതിക്രമിച്ച് കയറി വിഗ്രഹങ്ങൾ സ്ഥാപിച്ചതായിട്ടാണ്. മാതാ പ്രസാദ് എന്ന പോലീസ് കോൺസ്റ്റബിൾ ഡിസംബർ 23 -ന് ബാബറി മസ്‍ജിദ് കോമ്പൗണ്ടിൽ മൊഴി രേഖപ്പെടുത്തി. 50-60 അജ്ഞാതർ സംഘം പള്ളിയിൽ കടന്നുകയറി അതിന്‍റെ പവിത്രത നശിപ്പിച്ചതായിട്ടാണ് അദ്ദേഹത്തിന്റെ FIR -ല്‍ പറയുന്നത്. 

പുരോഹിതന്മാരും ഭക്തരും നിരവധി പ്രാദേശിക സംഘങ്ങളും ഏതായാലും ഈ വിഗ്രഹം കണ്ടെത്തിയത് ആഘോഷിച്ചു. പക്ഷേ, ഈ സംഭവത്തോടെ അയോധ്യയും പരിസരപ്രദേശങ്ങളും ഭീകരമായ ആകുലതകളിലൂടെ കടന്നുപോയി. കാരണം, അതൊരു തുടക്കമായിരുന്നു. അതുവരെ അവിടെയില്ലാതിരുന്ന തരത്തില്‍ സാമുദായിക സംഘർഷത്തിനും ഇത് കാരണമായിത്തീര്‍ന്നു. അക്കാലത്ത് യുണൈറ്റഡ് പ്രവിശ്യയിലെ മുഖ്യമന്ത്രി മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന ഗോവിന്ദ് ബല്ലഭ് പന്ത് ആയിരുന്നു.

അയോധ്യയെക്കുറിച്ചുള്ള നെഹ്‌റുവിന്റെ കത്തുകൾ

മൂന്ന് ദിവസത്തിന് ശേഷം (ഡിസംബർ 26 -ന്) അയോധ്യ തർക്കത്തിൽ പണ്ഡിറ്റ് നെഹ്‌റു, ജിബി പന്തിന് ഒരു ടെലഗ്രാം അയച്ചു. 'അയോധ്യയിലെ സംഭവവികാസങ്ങളിൽ ഞാൻ അസ്വസ്ഥനാണ്. ഈ വിഷയത്തിൽ നിങ്ങൾ വ്യക്തിപരമായി താൽപര്യം കാണിക്കുമെന്ന് ആത്മാർത്ഥമായി ഞാന്‍ പ്രതീക്ഷിക്കുന്നു. അവിടെ നടക്കുന്ന അപകടകരമായ കാര്യങ്ങള്‍ വലിയ പരിണിത ഫലങ്ങളുണ്ടാക്കും.' എന്നതായിരുന്നു കത്തിലെ ഉള്ളടക്കം. രാം ലല്ലയുടെയും സീതയുടെയും വിഗ്രഹങ്ങൾ ബാബറി മസ്‍ജിദ് പരിസരത്ത് നിന്ന് മാറ്റാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ച കുറിപ്പും നെഹ്‌റു എഴുതിയതായി ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

അന്നത്തെ ഗവർണർ ജനറലായിരുന്ന സി രാജഗോപാലാചാരിക്ക് അയച്ച കത്തിൽ നെഹ്‌റു തന്‍റെ ആശങ്ക ആവർത്തിച്ചു. 'ഞാൻ ഇന്നലെ രാത്രി അയോധ്യയെക്കുറിച്ച് പന്ത്ജിക്ക് കത്തെഴുതിയിരുന്നു, ലഖ്‌നൗവിലേക്ക് പോകുന്ന ഒരു വ്യക്തിയുടെ കയ്യില്‍ ആ കത്ത് കൊടുത്തയച്ചിട്ടുണ്ട്. പന്ത്ജി പിന്നീട് എനിക്ക് ഫോൺ ചെയ്തു. താൻ വളരെയധികം ആശങ്കാകുലനാണെന്നും വ്യക്തിപരമായി കാര്യങ്ങള്‍ അന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.' എന്നായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്.  (1950 ജനുവരി 7 -ന് എഴുതിയ കത്താണിത്.)

അയോധ്യ തർക്കം: നെഹ്‍റു കുറ്റക്കാരനായിരുന്നോ?

പണ്ഡിറ്റ് നെഹ്‌റുവിന്‍റെ മറ്റൊരു കത്ത് (1950 മാർച്ച് 5 -ന്‍റെ) സൂചിപ്പിക്കുന്നത് 'ഫൈസാബാദ് ജില്ലാ ഭരണകൂടത്തിന് താന്‍ നിർദ്ദേശം കൈമാറിയതായും എന്നാല്‍, ഭരണകൂടം ഈ നിര്‍ദ്ദേശം പാലിക്കാന്‍ വിസമ്മതിച്ച'തായുമാണ്. പ്രശസ്ത ഗാന്ധിയൻ കെ ജി മഷ്‌റുവാലയിൽ നിന്ന് അദ്ദേഹത്തിന് ലഭിച്ച കത്തിനുള്ള മറുപടിയായിരുന്നു ഈ കത്ത്. നെഹ്‌റു കത്തില്‍ ഇപ്രകാരം എഴുതി, 'നിങ്ങൾ അയോധ്യ പള്ളിയെ കുറിച്ചാണ് പരാമർശിക്കുന്നത്. രണ്ടോ മൂന്നോ മാസം മുമ്പാണ് ഈ സംഭവം നടന്നത്, അതിൽ ഞാൻ വളരെയധികം അസ്വസ്ഥനായിരുന്നു. യു പി സർക്കാർ ധീരമായ പ്രകടനങ്ങളെല്ലാം കാര്യത്തില്‍ കാണിച്ചുവെങ്കിലും കാര്യമായ നടപടികളൊന്നുമെടുത്തില്ല. ഫൈസാബാദിലെ അവരുടെ ജില്ലാ അധികാരി (കെ.കെ. നായർ, ഐസി‌എസ്) ഇക്കാര്യത്തില്‍ മോശമായി പെരുമാറി, ഇങ്ങനെയൊക്കെ സംഭവിക്കുന്നത് തടയാൻ ഒരു നടപടിയും അദ്ദേഹം സ്വീകരിച്ചില്ല.' എന്നായിരുന്നു അത്. 

അന്ന് ഫൈസാബാദിലെ ജില്ലാ മജിസ്‌ട്രേറ്റായിരുന്നു മലയാളി കൂടിയായ നായർ. അയോദ്ധ്യ ഫൈസാബാദ് ജില്ലയിലാണ്. ആകസ്മികമായി യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫൈസാബാദ് ജില്ലയെ 'അയോധ്യ' എന്ന് പുനർനാമകരണം ചെയ്യുമെന്ന് പ്രഖ്യപിച്ചത് അതിന് അടുത്തിടെയായിരുന്നു.

മറുവശത്ത്, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നെഹ്‍റുവിന്‍റെ നിർദ്ദേശപ്രകാരം പ്രവർത്തിക്കേണ്ടതില്ലെന്ന തന്‍റെ തീരുമാനത്തെ നായർ ന്യായീകരിച്ചിരുന്നതായും പറയപ്പെടുന്നു. അന്നത്തെ യുപി ചീഫ് സെക്രട്ടറിക്ക് അതുകാണിച്ച് അദ്ദേഹം ഒരു കത്തെഴുതി, 'വിഗ്രഹങ്ങൾ എന്തുവിലകൊടുത്തും നീക്കം ചെയ്യാൻ സർക്കാർ തീരുമാനിച്ചാൽ, എന്നെ മാറ്റി പകരം എന്നെക്കാള്‍ നന്നായി ഇത് ചെയ്യാനാകുന്ന ഒരു ഉദ്യോഗസ്ഥനെ നിയമിക്കാന്‍ ഞാൻ അഭ്യർത്ഥിക്കുന്നു.' എന്നായിരുന്നു കത്തിലെ അഭ്യര്‍ത്ഥന. തർക്കവിഷയമായ ഇടത്തുനിന്നും വിഗ്രഹങ്ങൾ നീക്കം ചെയ്യുന്നത് വ്യാപകമായ ദുരിതത്തിന് കാരണമാകുമെന്നും ഇത് നിരവധി ജീവൻ നഷ്ടപ്പെടുത്തുമെന്നുമായിരുന്നു നായരുടെ അവകാശവാദം.

നെഹ്‍റുവിന്‍റെ അയോധ്യ വാഗ്ധാനം

ഈ പശ്ചാത്തലത്തിൽ നെഹ്‌റു, താന്‍ അയോധ്യ സന്ദർശിക്കാൻ തയ്യാറാണെന്ന് ജിബി പന്തിന് മറ്റൊരു കത്തിൽ എഴുതിയിട്ടുണ്ട്. അയോധ്യ തർക്കം ഇന്ത്യയിലെ കശ്‍മീർ പ്രശ്‌നം ഉൾപ്പെടെയുള്ള പ്രശ്‍നങ്ങളെ ബാധിച്ചേക്കാമെന്ന തന്‍റെ ആശങ്കയും 1950 ഫെബ്രുവരി 5 -ന് നെഹ്‌റു പന്തിന് എഴുതിയ കത്തില്‍ പങ്കുവയ്ക്കുന്നുണ്ട്. 'അയോധ്യയുടെ അവസ്ഥയെക്കുറിച്ച് നിങ്ങൾ എന്നെ അറിയിച്ചുവെന്നതില്‍ ഞാൻ സന്തോഷിക്കുന്നു. നിങ്ങള്‍ക്കറിയാവുന്നതുപോലെ തന്നെ, അതിന് ഞാന്‍ വേണ്ട പ്രാധാന്യം നല്‍കിയിട്ടുമുണ്ട്. അതുപോലെതന്നെ കശ്മീര്‍ അടക്കമുള്ള ഇന്ത്യയിലെ മറ്റ് പ്രശ്‍നങ്ങളിലതുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും ഞാന്‍ ആലോചിക്കുന്നുണ്ട്.' എന്നായിരുന്നു അദ്ദേഹമെഴുതിയത്. 'നിങ്ങൾ അവസാനമായി ഇവിടെ ഉണ്ടായിരുന്നപ്പോൾ ഞാൻ നിങ്ങളോട് നിർദ്ദേശിച്ചതാണ്, ആവശ്യമെങ്കിൽ ഞാൻ അയോധ്യ സന്ദര്‍ശിക്കുമെന്ന്. ഞാന്‍ അയോധ്യ സന്ദര്‍ശിക്കണമെന്ന് നിങ്ങളാഗ്രഹിക്കുന്നുവെങ്കില്‍ വളരെ തിരക്കിലാണെങ്കിലും ഞാനതിനായി തീയതി കണ്ടെത്താൻ ശ്രമിക്കും' എന്നും നെഹ്‌റു എഴുതി.

പക്ഷെ, പെട്ടെന്നുതന്നെ അയോധ്യയിലെ സാമുദായിക സംഘർഷം ശമിപ്പിക്കുന്നതിനായി ബാബറി മസ്‍ജിദിന്റെ കവാടങ്ങൾ പൂട്ടിയിട്ടു. നെഹ്‍റുവിന്‍റെ സന്ദർശനം നടന്നുമില്ല. പൊതുജനങ്ങൾക്കും അങ്ങോട്ട് പ്രവേശനം നിരോധിച്ചു. വർഷത്തിലൊരിക്കൽ രാം ലല്ലയുടെയും സീതയുടെയും വിഗ്രഹങ്ങളില്‍ പൂജ നടത്താന്‍ ഒരു പുരോഹിതനെ മാത്രമാണ് അങ്ങോട്ട് അനുവദിച്ചിരുന്നത്.

1986 -ൽ പണ്ഡിറ്റ് നെഹ്‌റുവിന്റെ ചെറുമകനായ രാജീവ് ഗാന്ധിയുടെ സർക്കാറാണ് പിന്നീട് ആ ഗേറ്റ് തുറക്കുന്നത്. ഏതായാലും നെഹ്‍റുവിന്‍റെ അയോധ്യ സന്ദര്‍ശനം നടന്നില്ലെങ്കിലും അയോധ്യ വിഷയത്തില്‍ ഏത് വിഭാഗത്തെയും വേദനിപ്പിക്കാത്ത തരത്തിലും, കശ്‍മീറടക്കമുള്ള പ്രശ്‍നങ്ങള്‍ രൂക്ഷമാവാതിരിക്കാനും വേണ്ട ആലോചനകള്‍ അദ്ദേഹം നടത്തിയിരുന്നുവെന്നത് വ്യക്തമാണ്. ഇന്ന് അദ്ദേഹത്തിന്‍റെ ജന്മദിനം.

ആരാണ് കെ കെ നായര്‍?

രാമന്‍റെയും സീതയുടെയും വിഗ്രഹങ്ങള്‍ എടുത്തുമാറ്റണമെന്ന് പറഞ്ഞപ്പോള്‍ അതിന് സാധിക്കില്ലെന്നും അങ്ങനെ നിര്‍ബന്ധപൂര്‍വം ചെയ്യേണ്ടി വരികയാണെങ്കില്‍ തന്നെ ഈ സ്ഥാനത്തുനിന്നും മാറ്റി പകരം ഒരാളെ നിയമിക്കണമെന്നും അഭ്യര്‍ത്ഥിച്ച ഫൈസാബാദ് ജില്ലാ അധികാരി ഒരു മലയാളിയാണ്. കെ. കെ നായര്‍. 1907 സപ്‍തംബര്‍ 11 -ന് ആലപ്പുഴയിലാണ് കെ കെ നായര്‍ ജനിച്ചത്. ലോക്സഭയിൽ അംഗമായിരുന്ന ഇന്ത്യൻ രാഷ്ട്രീയക്കാരൻ. ഭാരതീയ ജനസംഘത്തിന്‍റെ സ്ഥാനാർത്ഥിയായി ബഹ്‌റൈച്ചിൽ നിന്ന് (ലോക്സഭാ മണ്ഡലം) നാലാം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴയില്‍ ജനിച്ച നായര്‍ വിദ്യാഭ്യാസം നേടുന്നത് മദ്രാസ് യൂണിവേഴ്‍സിറ്റി, ആഗ്ര യൂണിവേഴ്‍സിറ്റി, ലണ്‍ന്‍ യൂണിവേഴ്‍സിറ്റി കോളേജ് എന്നിവിടങ്ങളില്‍ നിന്നാണ്. 1930 -ല്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ പ്രവേശിച്ചു. ഉത്തര്‍ പ്രദേശ്, ഗോണ്ട, ഫൈസാബാദ് എന്നിവിടങ്ങളില്‍ വിവിധ സ്ഥാനങ്ങളിലിരുന്നു. 1952 -ല്‍ വോളണ്ടറി റിട്ടയര്‍മെന്‍റ് വാങ്ങി. 

click me!