കുറ്റം ചുമത്താതെ ആരെയും ഒരു വർഷംവരെ തടവിലിടാം; ദില്ലിയിലെ പ്രതിഷേധക്കാരെ കുടുക്കാന്‍ പോകുന്ന കരിനിയമം ഇങ്ങനെ

By Web TeamFirst Published Jan 18, 2020, 8:16 AM IST
Highlights

മാസങ്ങളോളം ജയിലിൽ കിടക്കേണ്ടി വരും എന്നറിയുമ്പോൾ ആളുകൾ സമരവേദിയിൽ നിന്ന് സ്വമേധയാ പിന്മാറിക്കൊള്ളും എന്നാണ് ഗവർണർ അടക്കമുള്ളവർ കരുതുന്നത്.

ദേശീയ സുരക്ഷാ നിയമ പ്രകാരം കസ്റ്റഡിയിൽ എടുക്കുന്ന വ്യക്തിയെ പത്തു ദിവസം വരെ കുറ്റം എന്തെന്നുപോലും അറിയിക്കേണ്ടതില്ല. നിയമസഹായത്തിനുള്ള അർഹതയും കസ്റ്റഡിയിലെടുക്കപ്പെടുന്നവർക്കില്ല. ജനുവരി 19 മുതൽ ഏപ്രിൽ 18 വരെയാണ് ദില്ലി NSA -ക്ക് കീഴിലാകാൻ പോകുന്നത്. 
 
ദില്ലി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജൽ കഴിഞ്ഞ പതിമൂന്നാം തീയതി പുറപ്പെടുവിച്ച ഒരു ഉത്തരവ് ദില്ലി പൊലീസിന് അസാധാരണമായ അധികാരങ്ങൾ വെച്ചുനീട്ടുന്ന ഒന്നാണ്. ഇത് നിയമാനുസൃതമാണോ എന്നുചോദിച്ചാൽ ആണ്. പതിവുള്ളതാണോ എന്നുചോദിച്ചാലും, ആണ് മുമ്പും ചെയ്തിട്ടുണ്ട് പലപ്പോഴും, സവിശേഷ സാഹചര്യങ്ങളിൽ ഇങ്ങനെ. ഉചിതമാണോ എന്നുചോദിച്ചാൽ, അല്ലേയല്ല, ഈ നിയമം ഒരു പരിഷ്കൃത രാജ്യത്തിനും യോജിച്ച ഒന്നല്ല. രാജ്യത്തെ പൗരന്മാരുടെ മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് ഈ കരിനിയമം രാജ്യസുരക്ഷയുടെ പേരും പറഞ്ഞുകൊണ്ട് നടത്തുന്നത്. 

ദേശീയ സുരക്ഷാ നിയമപ്രകാരം ഒരു വ്യക്തിയെ യാതൊരു കുറ്റവും ചുമത്താതെ തന്നെ ഒരു വർഷം വരെ പിടിച്ചകത്തിടാം. സാധാരണഗതിയിൽ, നിലവിലെ നിയമങ്ങൾ പ്രകാരം, കസ്റ്റഡിയിൽ എടുക്കപ്പെടുന്ന ഇന്ത്യൻ പൗരന്മാർക്ക് നിയമം അനുശാസിക്കുന്ന ചില അവകാശങ്ങളൊക്കെയുണ്ട്. ആ അവകാശങ്ങൾ ഒറ്റയടിക്ക് റദ്ദാക്കപ്പെടുകയാണ്,ഏതെങ്കിലും സംസ്ഥാനത്തോ പ്രദേശത്തോ NSA നിലവിൽ വരുന്നതോടെ സംഭവിക്കുക. ക്രമസമാധാന നില അത്രയ്ക്ക് വഷളാകുമ്പോഴോ, അത് രാജ്യസുരക്ഷയെത്തന്നെ ബാധിക്കും എന്ന ഘട്ടം വരുമ്പോഴോ ആണ് സാധാരണ സംസ്ഥാനങ്ങളിൽ ദേശീയ സുരക്ഷാ നിയമം ബാധകമാക്കിക്കൊണ്ട് ഗവർണർമാർ താത്കാലികമായി ഉത്തരവിറക്കുക. അതോടെ പൊലീസിന് മേപ്പടി അസാധാരണ അധികാരങ്ങൾ കൈവരികയായി. ദില്ലിയിൽ പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധങ്ങളെ മുന്നിൽ കണ്ടുകൊണ്ടാണ് ഇങ്ങനെ ഒരു കരിനിയമം ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്നത് എന്നാണ് വിമർശകർ അഭിപ്രായപ്പെടുന്നത്. 

കസ്റ്റഡിയിൽ എടുക്കപ്പെടുന്ന വ്യക്തിക്ക് മൂന്നു ജഡ്ജിമാരടങ്ങുന്ന ഹൈക്കോടതിയുടെ ഉപദേശക സമിതിക്ക് മുന്നിൽ അപ്പീൽ നൽകാവുന്നതാണ്. എന്നാൽ, ഈ നിയമത്തിന് കീഴിൽ നിയമസഹായത്തിനുള്ള അർഹത പോലും വ്യക്തിക്ക് നിഷേധിക്കപ്പെടും. എന്നുമാത്രമല്ല, ഒരു വ്യക്തി രാജ്യത്തിൻറെ സുരക്ഷയ്ക്ക് ഭീഷണിയാണ് എന്ന് അധികാരികൾക്ക് ബോധ്യപ്പെട്ടാൽ; ശ്രദ്ധിക്കണം, 'അധികാരികൾക്ക് ബോധ്യപ്പെട്ടാൽ' മാത്രം മതി, ആ വ്യക്തിയെ പ്രസ്തുത സംസ്ഥാന സർക്കാരിന് മാസങ്ങളോളം കരുതൽ തടങ്കലിൽ സൂക്ഷിക്കാം. പ്രസ്തുത വ്യക്തിയെ അറസ്റ്റു ചെയ്തിരിക്കുന്നത് ദേശീയ സുരക്ഷാ നിയമപ്രകാരം ആണെന്ന് പത്തുദിവസത്തിനു ശേഷം അയാളെ ഒന്നറിയിച്ചാൽ മാത്രം മതി. കോടതിയിൽ പോലും കൊണ്ടുപോകേണ്ടതില്ല. 

ഇത് കീഴ്‌വഴക്കമെന്ന് പൊലീസ് 

ഇപ്പോൾ ഗവർണർ പുറപ്പെടുവിച്ച ഈ ഉത്തരവിൽ അസാധാരണമായി ഒന്നുമില്ല എന്നും ഇത് 'ഇടയ്ക്കിടെ' പുറപ്പെടുവിക്കുന്ന ഒരു 'പതിവ്'  ഉത്തരവുമാത്രമാണെന്നുമാണ് പൊലീസ് പറയുന്നത്.  ഈ നിയമപ്രകാരം ജില്ലാ പൊലീസ് മേധാവിക്കോ അല്ലെങ്കിൽ ജില്ലാ മജിസ്‌ട്രേറ്റിനോ ഒക്കെയാണ് ഈ അധികാരങ്ങളുള്ളത്. ഇത് എല്ലാക്കാലവും ഇവിടെ ഉണ്ടായിരുന്നു, വളരെ അപൂർവമായി മാത്രമേ എടുത്തുപയോഗിച്ചിരുന്നുള്ളൂ എന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ആന്ധ്രാപ്രദേശിൽ ജനുവരി 14 -ന് ഇതേ നിയമം പ്രഖ്യാപിക്കപ്പെട്ടിരുന്നു. മൂന്ന് സംസ്ഥാന തലസ്ഥാനങ്ങൾ എന്ന വിചിത്രമായ നയം ജഗൻ മോഹൻ റെഡ്ഢി പ്രഖ്യാപിച്ചതിനു പിന്നാലെ ഉയർന്ന പ്രതിഷേധസ്വരങ്ങളെ അടിച്ചമർത്തുകയാണ് ഇവിടെയും NSA പ്രഖ്യാപിച്ചതിലൂടെ ഉദ്ദേശിച്ചിരിക്കുന്നത്. 


ഈ പ്രഖ്യാപനം ദില്ലി ഹൈക്കോടതിയുടെ ഇടപെടലിന് ശേഷം 

കഴിഞ്ഞ ഒരു മാസമായി പ്രതിഷേധക്കാർ നടുറോഡിൽ കുത്തിയിരിപ്പു സമരം നടത്തുന്ന ഷഹീൻബാഗ്-കാളിന്ദികുംജ്  പ്രദേശത്തെ ട്രാഫിക് നിയന്ത്രണങ്ങളെപ്പറ്റി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ദില്ലി ഹൈക്കോടതി ഉത്തരവിട്ടതിനു തൊട്ടുപിന്നാലെയാണ് ദില്ലി ലെഫ്റ്റനന്റ് ഗവർണർ ഇങ്ങനെ ഒരുത്തരവിറക്കിയിരിക്കുന്നത്. ഇവരെ നീക്കം ചെയ്യാൻ വേണമെങ്കിൽ ദേശീയ സുരക്ഷാ നിയമം പ്രയോഗിച്ചുകൊള്ളാനാണ് ഈ ഉത്തരവിലൂടെ ഗവർണർ അനിൽ ബൈജൽ ദില്ലി പൊലീസിന് അധികാരം നൽകിയിരിക്കുന്നത്. ഇത് പ്രതിഷേധക്കാരെ ഭയപ്പെടുത്തി ഓടിക്കാൻ വേണ്ടിയുള്ള ഒരു ശ്രമമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. കാരണം, സാധാരണ അറസ്റ്റുപോലെ അത്ര എളുപ്പത്തിൽ ഊരിപ്പോരാൻ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള അറസ്റ്റിൽ നിന്ന് കഴിയില്ല, മാസങ്ങളോളം ജയിലിൽ കിടക്കേണ്ടി വരും എന്നറിയുമ്പോൾ ആളുകൾ സമരവേദിയിൽ നിന്ന് സ്വമേധയാ പിന്മാറിക്കൊള്ളും എന്നാണ് ഗവർണർ അടക്കമുള്ളവർ കരുതുന്നത്. 


നോയിഡ പൊലീസ് ഈ സമരം നടക്കുന്നതുകൊണ്ട് ഷഹീൻബാഗ്-കാളിന്ദികുംജ് പ്രദേശത്തുകൂടി ട്രാഫിക്ക് അനുവദിക്കാതെ ബാരിക്കേഡ് ചെയ്ത വെച്ചിരിക്കുകയാണ്. ഈ പ്രദേശം ഒഴിയണം എന്ന് ദില്ലി പൊലീസ് കഴിഞ്ഞ ദിവസം പ്രകടനക്കാരോട് ആവശ്യപ്പെട്ടിരുന്നത് അവർ നിരസിച്ചിരുന്നു. അതിനു പിന്നാലെയാണ് ഈ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. 

 NSA -യുടെ ചരിത്രം, കസ്റ്റഡിയിൽ എടുക്കുന്നതിന്റെ ചട്ടങ്ങൾ 

1980 സെപ്റ്റംബർ 23 -ന്  ഇങ്ങനെയൊരു കരിനിയമം ഉണ്ടാക്കുന്നത് ഇന്ദിരാ ഗാന്ധി എന്ന കോൺഗ്രസ് പ്രധാനമന്ത്രിയാണ്. ദേശത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കസ്റ്റഡി നിയമങ്ങളിൽ ഇളവ് നേടുകയായിരുന്നു അതിന്റെ ലക്‌ഷ്യം. ഈ നിയമം നടപ്പിൽ വന്നാൽ ഒരാളെ താഴെ പറയുന്ന ഏതെങ്കിലും ഒരു കാരണം ചൂണ്ടിക്കാട്ടി കരുതൽ തടങ്കലിൽ സൂക്ഷിക്കാനുള്ള അധികാരം പൊലീസിന് കൈവരും.

A. അയാൾ ഇന്ത്യയുടെ പ്രതിരോധസംവിധാനത്തിന് ദോഷം വരുന്ന രീതിയിലോ, ഇന്ത്യയുടെ വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തിൽ ഉലച്ചിലുണ്ടാക്കുന്ന രീതിയിലോ, അല്ലെങ്കിൽ ദേശസുരക്ഷയ്ക്ക് തന്നെ വിഘാതമാകുന്ന രീതിയിലോ പ്രവർത്തിച്ചാൽ അയാളെ പൊലീസിന് കരുതൽ തടങ്കലിൽ സൂക്ഷിക്കാം.

B. ഒരു വിദേശിയെ ഇന്ത്യയിൽ നിന്ന് നാടുകടത്താനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന കാലയളവ് താണ്ടുന്നതിലേക്കായി കസ്റ്റഡിയിൽ സൂക്ഷിക്കാം 

C. രാജ്യസുരക്ഷയ്ക്കോ, ക്രമാസമാധാനനിലയ്‌ക്കോ കോട്ടം തട്ടുന്നരീതിയിലോ, അല്ലെങ്കിൽ സമൂഹത്തിനുവേണ്ട ആവശ്യസാധനങ്ങളുടെയും സേവനങ്ങളുടെയും നടത്തിപ്പിന് തടസ്സം നിൽക്കുന്ന രീതിയിൽ ആരെങ്കിലും പ്രവർത്തിക്കുന്ന സാഹചര്യമുണ്ടായാൽ അയാളെ കരുതൽ തടങ്കലിൽ സൂക്ഷിക്കാം. 

ദേശീയ സുരക്ഷാ നിയമം (NSA) വിമർശിക്കപ്പെടുന്നത് എന്തുകൊണ്ട്?  

സാധാരണ 'അറസ്റ്റുചെയ്യപ്പെടൽ'  അല്ലെങ്കിൽ 'കസ്റ്റഡിയിൽ എടുക്കപ്പെടൽ' ഒരു വ്യക്തിക്ക് നൽകുന്ന പല അവകാശങ്ങളുടെയും നഗ്നമായ ലംഘനം തന്നെ ഈ നിയമപ്രകാരം നടക്കും. 

അറസ്റ്റെന്നത് ഒരു വ്യക്തിയുടെ സ്വതന്ത്രമായ നീക്കങ്ങളെ നിയന്ത്രിക്കുന്നതിന്റെ ഔപചാരികമായ ഒരു പൊലീസ് നടപടിയാണ്. രേഖാമൂലമുള്ള ഒരു നിയന്ത്രണം. തുടർനടപടികളുള്ള ഒരു പ്രക്രിയ. അതേസമയം കസ്റ്റഡിയിൽ എടുക്കുക എന്നത് ഏറെക്കുറെ അനൗപചാരികമായി ഒരു തടഞ്ഞുവെയ്പ്പ് മാത്രമാണ്. ഒരു ഇന്ത്യൻ പൗരനെ അറസ്റ്റുചെയ്യുന്നത് സംബന്ധിച്ച് വളരെ വിശദമായ നടപടിക്രമങ്ങളുണ്ട് എങ്കിൽ, കസ്റ്റഡിയിൽ എടുക്കുക എന്നത് സംബന്ധിച്ച നിയമവ്യവസ്ഥകൾ അതാത് ജില്ലകളിലെ കീഴ്വഴക്കങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും നടപ്പിലാക്കപ്പെടുക. അറസ്റ്റായാലും, കസ്റ്റഡിയിൽ എടുപ്പായാലും അതിന് വിധേയമാക്കപ്പെടുന്ന പൗരനെ ശാരീരികമോ മാനസികമോ ആയി പീഡിപ്പിക്കാനുള്ള യാതൊരു അവകാശവും പൊലീസിന് ഇല്ല.


കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രതിഷേധ സമരങ്ങളിലെ പ്രക്ഷോഭകാരികളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുക മാത്രമാണ് ഉണ്ടായിട്ടുള്ളത്. അറസ്റ്റ് ചെയ്ത സാഹചര്യങ്ങൾ കുറവാണ്. മിക്കവാറും കേസുകളിൽ അവരെ കസ്‌റ്റഡിയിലെടുത്ത് കുറേനേരം തടഞ്ഞുവെച്ച ശേഷം തുടർനടപടികൾ ഒന്നുമില്ലാതെ തുറന്നുവിടുകയാണ് ഉണ്ടായിട്ടുള്ളത്. പലപ്പോഴും പ്രക്ഷോഭങ്ങൾ നടത്തുന്നവരെ പൊലീസിന്റെ ബസ്സിൽ കയറ്റി, ഏതെങ്കിലും ക്യാമ്പിൽ കൊണ്ടുപോയി അവിടത്തെ ഹാളിൽ ഇരുത്തി കുറേനേരം കഴിഞ്ഞശേഷം ഇറക്കിവിടുകയാണ് പതിവ്.

കസ്റ്റഡിയിൽ എടുക്കപ്പെടുന്നവരുടെ അവകാശങ്ങൾ 

ഏതൊരാളെയും ചുരുങ്ങിയ നേരത്തേക്ക് മാത്രമേ കസ്റ്റഡിയിൽ സൂക്ഷിക്കാവൂ എന്നാണ് നിയമം. പ്രക്ഷോഭങ്ങളുടെ കാര്യമെടുത്താൽ, സംഘർഷാവസ്ഥയ്ക്ക് അയവു വരുത്താൻ പ്രശ്നമുണ്ടാക്കാൻ സാധ്യതയുള്ളവരെ, അല്ലെങ്കിൽ പ്രശ്നമുണ്ടാക്കുന്നവരെ കസ്റ്റഡിയിൽ എടുത്ത്, സംഘർഷ ബാധിത പ്രദേശത്തുനിന്ന് നീക്കം ചെയ്ത്, പ്രശ്നത്തിന് പരിഹാരം തേടുക എന്നത് മാത്രമാണ് ലക്ഷ്യം. സാങ്കേതികമായി കസ്റ്റഡിയിൽ എടുക്കുക എന്ന പ്രക്രിയക്ക് വിശേഷിച്ച് സ്റ്റേഷന്‍ രേഖകളൊന്നുമില്ല. കസ്റ്റഡിയിൽ എടുക്കപ്പെടുന്നവരുടെ പേഴ്സും ഫോണുമടക്കം ഒന്നും പിടിച്ചുവെക്കാൻ പൊലീസിന് അവകാശമില്ല.

പ്രതിഷേധങ്ങൾക്കിടയിൽ കസ്റ്റഡിയിലെടുക്കപ്പെടുന്നവരുടെ അവകാശങ്ങൾ എന്തൊക്കെ ?

സ്ത്രീകളെയും പുരുഷന്മാരെയും വെവ്വേറെ കസ്റ്റഡിയിൽ വെക്കണം എന്നാണ് നിയമം. എന്തിനാണ് കസ്റ്റഡിയിൽ എടുക്കുന്നത് എന്ന് ചോദിച്ചുമനസ്സിലാക്കാനുള്ള അവകാശം കസ്റ്റഡിയിൽ എടുക്കപ്പെടുന്നവർക്കുണ്ട്. സ്ത്രീകളും പതിനഞ്ചുവയസ്സിൽ താഴെപ്രായമുള്ള കുട്ടികളും ചോദ്യംചെയ്യാൻ വേണ്ടി കസ്റ്റഡിയിൽ എടുക്കപ്പെടണമെങ്കിൽ അത് അവരുടെ വീട്ടിൽ വെച്ചായിരിക്കണം എന്നുണ്ട്.

അറസ്റ്റ് രേഖപ്പെടുത്തപ്പെടുമ്പോൾ എന്താണ് നടപടിക്രമം

അറസ്റ്റ് എന്ന ഘട്ടം വരുന്നതോടെ കൃത്യമായ ചില പ്രാഥമിക അവകാശങ്ങളൊക്കെ കൈവരികയായി. അറസ്റ്റുചെയ്യുന്നത് പൊലീസ് ആണെങ്കിൽ, നിങ്ങളെ ഒരു അറസ്റ്റ് മെമോ കാണിക്കാൻ അവർ ബാദ്ധ്യസ്ഥരാണ്. എന്തെങ്കിലുമൊരു കുറ്റം ചുമത്തിക്കൊണ്ടല്ലാതെ ഒരാളെയും അറസ്റ്റുചെയ്യാനാകില്ല. ആ കുറ്റം ആരോപിച്ചുകൊണ്ടുള്ള ഒരു അറസ്റ്റ് മെമോ നിർബന്ധമാണ് അറസ്റ്റിന്.  CrPC -യുടെ സെക്ഷൻ 50 പ്രകാരം, അറസ്റ്റുചെയ്യപ്പെടുന്ന വ്യക്തിയെ കാരണം ബോധിപ്പിക്കാൻ പൊലീസ് ഉദ്യോഗസ്ഥൻ ബാധ്യസ്ഥനാണ്. ആ വ്യക്തിക്ക് ജാമ്യം തേടാനുള്ള അവകാശവുമുണ്ട്. 


അറസ്റ്റു ചെയ്യാൻ വരുന്ന പൊലീസ് ഉദ്യോഗസ്ഥർ ആദ്യം തന്നെ സ്വന്തം പേരും റാങ്കും നിങ്ങളോട് വെളിപ്പെടുത്തേണ്ടതുണ്ട്. സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നത് സ്ത്രീ ഉദ്യോഗസ്ഥർ ആയിരിക്കണം, അതും പകൽ നേരങ്ങളിൽ മാത്രം. CrPC -യുടെ 56, 76 വകുപ്പുകൾ പ്രകാരം അറസ്റ്റു ചെയ്യപ്പെടുന്ന വ്യക്തിയെ 24 മണിക്കൂർ നേരത്തിനുള്ളിൽ തന്നെ കോടതിക്ക് മുന്നിൽ ഹാജരാക്കിയിരിക്കണം. ആർട്ടിക്കിൾ 22 (1)  പ്രകാരം അറസ്റ്റു ചെയ്യപ്പെടുന്ന വ്യക്തിക്ക് തനിക്കിഷ്ടമുള്ള അഭിഭാഷകന്റെ നിയമസഹായം തേടാനുള്ള അവകാശവുമുണ്ട്.  ആരോഗ്യനില മോശമാണ് എന്ന് അറസ്റ്റുചെയ്യപെട്ടയാൾക്ക് തോന്നുന്ന പക്ഷം ഡോക്ടറുടെ സഹായവും തേടാൻ അയാൾക്ക് അവകാശമുണ്ട്. 

റദ്ദാക്കുന്നത് വ്യക്തിയുടെ മൗലികാവകാശങ്ങൾ 

മേൽപ്പറഞ്ഞ എല്ലാ അവകാശങ്ങളും ദേശീയ സുരക്ഷാ നിയമം പ്രഖ്യാപിക്കപ്പെടുമ്പോൾ ഒറ്റയടിക്ക് റദ്ദുചെയ്യപ്പെടുകയാണ് ചെയ്യുന്നത്.  അഞ്ചുമുതൽ പത്തുദിവസം വരെ എന്തിനാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത് എന്നുപോലും വ്യക്തിയെ അറിയിക്കാൻ പൊലീസ് അധികാരികൾക്ക് ബാധ്യതയില്ല. മറ്റൊരു രസകരമായ വസ്തുത, ഈ നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളുടെ വിവരശേഖരണം പോലും നടക്കുന്നില്ല എന്നതാണ്. രാജ്യത്തെ എല്ലാവിധ കുറ്റകൃത്യങ്ങളുടെയും വിവരങ്ങൾ ശേഖരിച്ച് അവ വിശകലനം ചെയ്യുന്ന ഏജൻസിയായ നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ (NCRB) ക്കുപോലും ഈ കേസുകളുടെ കണക്കെടുക്കാൻ അവകാശമില്ല. അതുകൊണ്ടുതന്നെ ഇന്നോളം ഈ കരിനിയമം ചുമത്തി എത്രപേരെ അറസ്റ്റു ചെയ്ത് തടങ്കലിൽ പാർപ്പിച്ച് പീഡിപ്പിച്ചിട്ടുണ്ട് എന്നതിന്റെ കണക്കുകൾ പോലും ലഭ്യമല്ല. 

ഉത്തർപ്രദേശിലെ ബുലന്ദ് ഷഹറിൽ 2019 ജനുവരി 14 -ന് ഗോഹത്യയുടെ പേരിൽ അറസ്റ്റുചെയ്ത മൂന്നുപേർക്കെതിരെ യുപി പൊലീസ് ദേശീയ സുരക്ഷാ നിയമം ചുമത്തിയിരുന്നു. ആ അറസ്റ്റിനെത്തുടർന്ന് നടന്ന ലഹളയിൽ ഇൻസ്‌പെക്ടർ സുബോധ് കുമാർ സിംഗ് അടക്കം രണ്ടുപേർ മരിച്ചത് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. മറ്റൊരു കേസിൽ, മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിങിനെതിരെ അപകീർത്തിപരമായ ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടു എന്ന പേരിൽ ദേശീയ സുരക്ഷാ നിയമം ചുമത്തി അറസ്റ്റുചെയ്യപ്പെട്ട പത്രപ്രവർത്തകൻ കിഷോർ ചന്ദ്ര വാങ്കെമിന് അഴിയെണ്ണി കിടക്കേണ്ടി വന്നത് ഒരു വർഷമാണ്. മുസഫ്ഫർനഗർ ലഹളകൾക്കിടയിലും ദേശീയ സുരക്ഷാ നിയമം എടുത്തുപയോഗിക്കപ്പെട്ടിരുന്നു. ജനുവരി 2018 -ൽ മാത്രം യുപി ഗവണ്മെന്റ് NSA ചുമത്തി അറസ്റ്റുചെയ്തത് 160 -ലധികം പേരെയാണ്. ജൂൺ 2017 ദേശീയ സുരക്ഷാ നിയമം ചുമത്തി യുപി പൊലീസ് അറസ്റ്റു ചെയ്ത ഭീം ആർമി നേതാവ് ചന്ദ്ര ശേഖർ ആസാദ് ജാമ്യം കിട്ടാതെ അകത്തു കിടന്നത് പതിനഞ്ചു മാസക്കാലമാണ്. 


ദേശസുരക്ഷയ്ക്ക് വളരെ ഗൗരവതരമായ ഭീഷണികൾ നേരിട്ടേക്കാവുന്ന സവിശേഷവും അത്യപൂര്‍വ്വവുമായ സാഹചര്യങ്ങളെ മുൻനിർത്തിക്കൊണ്ട്  വിഭാവനം ചെയ്യപ്പെട്ട നിയമങ്ങളെ, പ്രതിഷേധിക്കുന്നവരുടെ സ്വരങ്ങളെ അടിച്ചമർത്താനുള്ള ആയുധങ്ങളാക്കി സംസ്ഥാനസർക്കാരുകൾ എടുത്തുപയോഗികുമ്പോൾ അപകടത്തിലാകുന്നത് ജനാധിപത്യം ഒരു രാജ്യത്തെ ജനങ്ങൾക്ക് അനുവദിക്കുന്ന പ്രാഥമികമായ മൗലികാവകാശങ്ങൾ കൂടിയാണ്. അത് അപകടത്തിലാകുക ജനാധിപത്യമൂല്യങ്ങളുടെ നിലനില്പിനെത്തന്നെയാകും. 

 

click me!