ഗിര്‍ പാര്‍ക്കിലെ ആദ്യ വനിതാ ഗാര്‍ഡ്; രണ്ട് വര്‍ഷത്തിനുള്ളില്‍ രക്ഷിച്ചത്, പുള്ളിപ്പുലികളും സിംഹങ്ങളുമടക്കം ആയിരത്തിലധികം മൃഗങ്ങളെ

By Web TeamFirst Published Mar 25, 2019, 7:27 PM IST
Highlights

ഇത് റസിലയുടെ ജീവിതത്തിലെ വിജയകരമായ രക്ഷാപ്രവര്‍ത്തനത്തിലെ ഒരു സംഭവം മാത്രമാണ്. 2007 -ല്‍ ഈ ജോലി തുടങ്ങിയതാണ് റസില. ധീരത കൊണ്ടും വന്യമൃഗങ്ങളോടുള്ള സ്നേഹം കൊണ്ടും അറിയപ്പെടുന്ന യുവതി. ഗുജറാത്ത് ഗിര്‍ നാഷണല്‍ പാര്‍ക്കിലെ ഫോറസ്റ്റ് വിഭാഗത്തിലെ ആദ്യത്തെ വനിത. ഇതുവരെ രക്ഷിച്ചത് 1100 വന്യമൃഗങ്ങളെ, അതില്‍ 400 പുള്ളിപ്പുലികള്‍, 200 സിംഹങ്ങള്‍... 

മാര്‍ച്ച് 2013... ഗുജറാത്തിലെ ജലന്ധര്‍ എന്ന ഗ്രാമത്തിലെ ജനങ്ങള്‍ ഒരു വാര്‍ത്ത കേട്ടാണ് ഉണര്‍ന്നത്. പണി നടന്നുകൊണ്ടിരിക്കുന്ന ഒരു കിണറില്‍ 40-50 അടി താഴ്ച്ചയില്‍ ഒരു പുള്ളിപ്പുലി വീണിരിക്കുന്നു. അതേ സമയത്ത് 1000 കിലോമീറ്റര്‍ അകലെ ഗിര്‍ നാഷണല്‍ പാര്‍ക്കിലെ റെസ്ക്യൂ ടീമിനും വിളി പോയി. റസില വാധാര്‍ എന്ന വനിതാ ഓഫീസര്‍ തന്‍റെ ടീമംഗങ്ങളുമായി അപ്പോള്‍ തന്നെ ആവശ്യമുള്ള സാധനങ്ങളുമായി തയ്യാറായി രക്ഷാപ്രവര്‍ത്തനത്തിന് പോകാന്‍. 

സ്ഥലത്തെത്തി.. രക്ഷാപ്രവര്‍ത്തനത്തിനായി റസില കിണറിലേക്കിറങ്ങി. പുള്ളിപ്പുലിക്ക് നേരെ മയക്കുവെടിയുതിര്‍ത്തു. അതിന്‍റെ ബോധം മറഞ്ഞുവെന്ന് ഉറപ്പായപ്പോള്‍ അവള്‍ പതിയെ കിണറിന് പുറത്തിറങ്ങി. പുള്ളിപ്പുലിയേയും പുറത്തെത്തിച്ചു. പിന്നീട്, സംഘം ആ പുലിയെ ഗിര്‍ വനത്തില്‍ വിട്ടു. 

ഇത് റസിലയുടെ ജീവിതത്തിലെ വിജയകരമായ രക്ഷാപ്രവര്‍ത്തനത്തിലെ ഒരു സംഭവം മാത്രമാണ്. 2007 -ല്‍ ഈ ജോലി തുടങ്ങിയതാണ് റസില. ധീരത കൊണ്ടും വന്യമൃഗങ്ങളോടുള്ള സ്നേഹം കൊണ്ടും അറിയപ്പെടുന്ന യുവതി. ഗുജറാത്ത് ഗിര്‍ നാഷണല്‍ പാര്‍ക്കിലെ ഫോറസ്റ്റ് വിഭാഗത്തിലെ ആദ്യത്തെ വനിത. ഇതുവരെ രക്ഷിച്ചത് 1100 വന്യമൃഗങ്ങളെ, അതില്‍ 400 പുള്ളിപ്പുലികള്‍, 200 സിംഹങ്ങള്‍... 

2007 -ല്‍ ഇരുപത്തിയൊന്നാമത്തെ വയസ്സിലാണ് റസില ഹിന്ദി സാഹിത്യത്തില്‍ ബിരുദം നേടുന്നത്. അതിനുശേഷം അമ്മയെ സാമ്പത്തികമായി സഹായിക്കാനായി ഒരു ഗവണ്‍മെന്‍റ് ജോലിക്ക് വേണ്ടിയുള്ള അന്വേഷണം. റസിലയ്ക്കും സഹോദരനും നേരത്തെ അച്ഛനെ നഷ്ടപ്പെട്ടിരുന്നു. മക്കളെ പഠിപ്പിക്കാനും വളര്‍ത്താനുമായി അമ്മ ഒരുപാട് കഷ്ടപ്പെട്ടു. അതുകൊണ്ട് തന്നെ റസിലയുടെ ലക്ഷ്യം ഒരു സര്‍ക്കാര്‍ ജോലി മാത്രമായി. കായിക മത്സരങ്ങളില്‍ കഴിവ് തെളിയിച്ചിരുന്നു എന്നത് കൊണ്ട് തന്നെ ഫോറസ്റ്റ് ഗാര്‍ഡ് ഒഴിവിലേക്ക് അവള്‍ അപേക്ഷ അയച്ചു. സാധാരണ ഈ ജോലി പുരുഷന്മാരാണ് ചെയ്തു വരുന്നത്. പക്ഷെ, റസില ഫിസിക്കല്‍ ടെസ്റ്റ് വിജയിച്ചു. വൈവയും ക്ലിയര്‍ ചെയ്തു. ജോലിയില്‍ ചേര്‍ന്ന് രണ്ട്  വര്‍ഷത്തിനകം പ്രൊമോഷനും. 

ജോലിയില്‍ ചേര്‍ന്ന ഉടനെ അവളുടെ സഹപ്രവര്‍ത്തകര്‍ പോലും അവളെ നിരുത്സാഹപ്പെടുത്തുകയാണുണ്ടായത്. പക്ഷെ, അവള്‍ പിന്തിരിയാന്‍ തയ്യാറായതേയില്ല. പക്ഷെ, അവളുടെ ധീരതയും നിശ്ചയദാര്‍ഢ്യവും അവരെക്കൊണ്ടെല്ലാം തിരുത്തി പറയിപ്പിച്ചു. ഭാവ്നഗര്‍ ജില്ലയില്‍ ഒരു പെണ്‍സിംഹത്തിനെ പിടിക്കുന്നതിന് ഒരു രാത്രി മുഴുവന്‍ അഞ്ച് പേരടങ്ങുന്ന സംഘത്തെ നയിച്ചത് റസിലയായിരുന്നു. അതവരുടെ ഔദ്യോഗിക ജീവിതത്തിലെ വഴിത്തിരിവായി. 

മൃഗങ്ങളെ രക്ഷിക്കുന്നതിനിടയ്ക്ക് അവയ്ക്ക് പരിക്കൊന്നും ഏല്‍ക്കാതിരിക്കാന്‍ റസില തന്‍റെ കഴിവിന്‍റെ പരമാവധി അവള്‍ ശ്രമിച്ചിരുന്നു. താന്‍ ജോലിയില്‍ 100 ശതമാനവും വിജയമാണെന്ന് തന്നെ റസില വിശ്വസിക്കുന്നു. മൃഗങ്ങളെ അങ്ങോട്ട് ഉപദ്രവിക്കാതിരുന്നാല്‍ അവ ഇങ്ങോട്ടും ഉപദ്രവിക്കില്ല എന്നാണ് റസിലയുടെ ഉറച്ച വിശ്വാസം. ഇന്ന് റസില ഗിര്‍ റെസ്ക്യൂ ഡിപ്പാര്‍ട്മെന്‍റിന്‍റെ മേധാവിയാണ്. 

(കടപ്പാട്: ദ ബെറ്റര്‍ ഇന്ത്യ)

click me!