ചൈനീസ് ഏജന്റ് മകളുടെ ശരീരത്തിൽ നോട്ടമിട്ടപ്പോൾ, അത് തടയാൻ സ്വന്തം ശരീരം നൽകേണ്ടി വന്ന ഉത്തര കൊറിയയിലെ ഒരമ്മ

By Web TeamFirst Published Apr 25, 2020, 9:46 AM IST
Highlights

കിമ്മിന്റെ ഉത്തര കൊറിയയിൽ തട്ടിൻപുറത്തെ പെരുച്ചാഴികൾക്കും, പറമ്പിലെ കിളികൾക്കും വരെ കാതുണ്ടെന്നും, അവർ സുപ്രീം ലീഡർക്ക് നാട്ടിലെ രഹസ്യങ്ങൾ ചോർത്തിക്കൊടുക്കുമെന്നുമാണ് പറയാറ്...

2014 -ൽ ഡബ്ലിനിൽ നടന്ന വൺ യങ് വേൾഡ് സമ്മിറ്റിൽ സംസാരിക്കാൻ പതിവിനു വിരുദ്ധമായി ഒരു ഉത്തരകൊറിയൻ പ്രതിനിധിയും ഉണ്ടായിരുന്നു. പേര്, ഇയോൻമി പാർക്ക്. "ഉത്തരകൊറിയ നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലുമാകാത്ത ഒരു രാജ്യമാണ്..." എന്നുതുടങ്ങിയ ഇയോൻമിയുടെ പ്രസംഗം കേട്ട് അന്ന് ലോകം സ്തംഭിച്ചിരുന്നുപോയി. പ്രസംഗത്തിനിടെ പലകുറി ഇയോൻമിയുടെ കവിളിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങിയത് ലോകം വേദനയോടെ കണ്ടു. അനുവാദമില്ലാതെ ഒരു ഐ‌എസ്‌ഡി കോൾ വിളിച്ചാൽ പൗരന്മാരെ വധശിക്ഷയ്ക്ക് വിധിക്കുന്ന,  ഒരു ഹോളിവുഡ്‌ സിനിമ കണ്ടതിന്റെ പേരിൽ  ജനങ്ങളെ ഫയറിംഗ് സ്‌ക്വാഡിന് മുന്നിലേക്ക് അയക്കുന്ന തന്റെ നാടിനെപ്പറ്റി അവൾ  അന്ന് ലോകത്തിനു മുന്നിൽ തുറന്നുപറഞ്ഞു. 'ഉച്ചത്തിൽ സംസാരിക്കരുത്, ആരോടും അടുത്തുചെന്ന് കാതിൽ അടക്കം പറയാൻ മാത്രമേ പാടുള്ളൂ' എന്ന് ഇയോൻമിയെ പഠിപ്പിച്ചത് അവളുടെ അമ്മയാണ്. "തട്ടിൻപുറത്തെ പെരുച്ചാഴികൾക്കും, പറമ്പിലെ കിളികൾക്കും വരെ കാതുണ്ടെന്നും, അവർ സുപ്രീം ലീഡർക്ക് നാട്ടിലെ രഹസ്യങ്ങൾ ചോർത്തിക്കൊടുക്കുമെന്നുമാണ് ഞങ്ങളുടെ നാട്ടിൽ എല്ലാവരും വിശ്വസിക്കുന്നത്..." എന്നും അന്ന് ഇയോൻമി തന്റെ പ്രസംഗത്തിൽ ഓർത്തെടുത്തു.

 

 

ഉത്തരകൊറിയയിൽ നിന്ന് രക്ഷപ്പെട്ടോടി വന്ന ആദ്യ ദിവസം മുതൽ അവർ സഹിച്ച പീഡനങ്ങൾക്ക് കണക്കില്ലായിരുന്നു. ഇയോൻമിയെയും അമ്മയെയും അതിർത്തിക്കപ്പുറം കടക്കാൻ സഹായിക്കാം എന്നുപറഞ്ഞു പണം കൈപ്പറ്റി കൂടെക്കൊണ്ടു പോയ ചൈനീസ് ബ്രോക്കർ പാതിവഴി എത്തിയപ്പോൾ പതിമൂന്നു വയസ്സുമാത്രമുണ്ടായിരുന്ന പതിമൂന്നു തികയാത്ത ഇയോൻമിയെ ബലാത്സംഗം ചെയ്യാൻ തുനിഞ്ഞു. അന്ന് അവളെ രക്ഷിക്കാൻവേണ്ടി ആ ബ്രോക്കറുടെ ലൈംഗികപീഡനത്തിന് ഇരയാകാൻ സമ്മതം മൂളേണ്ടി വന്നു അവളുടെ  അമ്മക്ക്. അതിന്റെയൊക്കെ നടുക്കുന്ന ഓർമ്മകൾ ഇയോൻമി പങ്കുവച്ചപ്പോൾ അതു  കേട്ട് ലോകം നടുങ്ങി. ഇങ്ങനെ അനധികൃതമായി കടത്തപ്പെടുന്ന ഉത്തരകൊറിയൻ പെൺകുട്ടികളുടെ നിസ്സഹായത മുതലെടുത്ത് പല ചൈനീസ് മനുഷ്യക്കടത്ത ഏജന്റുമാരും അവരെ സ്ഥിരമായി ലൈംഗിക ചൂഷണം ചെയ്യുന്നുണ്ട്. പലരെയും തുച്ഛമായ തുകയ്ക്ക് വിൽക്കുന്നുണ്ട് ചൈനയിൽ പലർക്കും. ഈ യാഥാർഥ്യങ്ങളുടെ നേർവിവരണമാണ് അന്നാദ്യമായി ലോകം കേട്ടത്.

 

 

സ്വന്തം നാട്ടിൽ നിന്ന് സ്വാതന്ത്ര്യത്തിനുവേണ്ടി എല്ലാം ഇട്ടെറിഞ്ഞ് നാടുവിട്ടോടിയപ്പോൾ തനിക്കും അമ്മയ്ക്കും അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളുടെ സാക്ഷ്യങ്ങൾ പിന്നീട് ഇയോൻമി  'ജീവിക്കാൻ വേണ്ടി' (In Order to Live') എന്ന് പേരിട്ട തന്റെ ഓർമ്മക്കുറിപ്പുകളിൽ ഒന്നും മറച്ചുവെക്കാതെ തന്നെ വിവരിക്കുന്നുണ്ട്.  പെൻഗ്വിൻ ബുക്ക്സ് പ്രസിദ്ധീകരിച്ച ആ പുസ്തകത്തിൽ നിന്നുള്ള ഒരു ഭാഗത്തിന്റെ സ്വതന്ത്ര പരിഭാഷയാണ് ഇത്, വിവർത്തനം : ബാബു രാമചന്ദ്രൻ.

"ണ്ടു കാര്യങ്ങളിൽ ഞാനേറെ കൃതാർത്ഥയാണ്. ഒന്ന്, ഞാൻ ഉത്തര കൊറിയയിൽ ജനിച്ചവളാണ്. രണ്ട്, എനിക്ക് അവിടെ നിന്ന് ഓടി രക്ഷപ്പെടാൻ സാധിച്ചു. രണ്ടും എന്റെ ജീവിതത്തിൽ ചെലുത്തിയിട്ടുള്ള സ്വാധീനങ്ങൾ പറഞ്ഞറിയിക്കാനാവുന്നതല്ല. സാധാരണവും സമാധാനപൂർണവുമായ മറ്റൊരു ജീവിതവുമാണ് അത് രണ്ടിനെയും വെച്ചുമാറാൻ ഞാനൊരുക്കമല്ല. പക്ഷേ, എന്നെ ഞാനാക്കിയ എന്റെ അനുഭവങ്ങളുടെ കഥ അങ്ങനെ രണ്ടു വരികളിൽ ഒതുക്കി നിർത്താൻ കഴിയില്ല. ഞാൻ പറയാം.

ജോൺ ഡിഡിയന്റെ പ്രശസ്തമായ ഒരുദ്ധരണി ഇങ്ങനെയാണ്, " ജീവിച്ചിരിക്കാൻ വേണ്ടി നമ്മൾ അവനവനോടുതന്നെ കഥകൾ പറയുന്നു... " നമ്മൾ കടന്നുപോയ അനുഭവങ്ങളുടെ ആഘാതത്തെ അതിജീവിക്കാനുള്ള ഒരേയൊരു മാർഗമെന്നത് അവയ്ക്ക് ഒരു കഥയുടെ രൂപം നൽകുക എന്നുള്ളതാണ്. തീരുമ്പോൾ അന്നോളം സംഭവിച്ചതെല്ലാം അനിവാര്യമായിരുന്നു എന്നു തോന്നിക്കുന്നൊരു കഥ.  ഒരു മനുഷ്യന് തന്റെ സഹജീവിയോട് എത്രമേൽ ക്രൂരത കാട്ടാനാകും എന്നു ഞാൻ അനുഭവിച്ചറിഞ്ഞതാണ്. അതേ സമയം, ചില പ്രതിസന്ധി ഘട്ടങ്ങളിൽ മനുഷ്യന്റെ ദയാവായ്പ്പിന്റെ, ത്യാഗസന്നദ്ധതയുടെ മാധുര്യവും ഞാനറിഞ്ഞിട്ടുണ്ട്. അതിജീവിക്കാനായി പലപ്പോഴും നമ്മൾ മനുഷ്യത്വം വെടിയേണ്ടതുണ്ട് എന്നു ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. തീർത്തും ഇല്ലാതായി എന്നു കരുതിപ്പോകുന്ന ഘട്ടത്തിൽ, സ്വാതന്ത്ര്യത്തിന്റെ പ്രാണവായു കിട്ടുന്ന നിമിഷം, ഒരു തീപ്പൊരിയിൽ നിന്ന് വീണ്ടും പിടഞ്ഞെണീറ്റു കൊണ്ട് പഴയ തീനാളമാകാൻ, ഒരിറ്റു സ്നേഹത്തിന്റെ ഇന്ധനം പകർന്നു കിട്ടിയാൽ തീപ്പന്തമായി കത്തിജ്വലിക്കാൻ മനുഷ്യന്റെ ആത്മാഭിമാനത്തിനു കഴിയും എന്നും ഞാൻ തിരിച്ചറിഞ്ഞതാണ്.

ചൈനയിൽ നിന്നുത്ഭവിച്ച് ഉത്തരകൊറിയയിലൂടെ ഒഴുകുന്ന യാലു നദിയുടെ തീരത്ത്, രണ്ടുലക്ഷത്തോളം പേർ അധിവസിക്കുന്ന ഹൈസാൻ എന്ന പട്ടണത്തിലായിരുന്നു എന്റെ ജനനം. -40 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴ്ന്ന കൊറിയയുടെ ഏറ്റവും തണുപ്പേറിയ പ്രവിശ്യകളിൽ ഒന്നായിരുന്നു ഹൈസാൻ എന്ന എന്റെ നാട്. ചെറുപ്പം മുതൽക്കു തന്നെ, ഞാനെന്താണോ അതിൽ അഭിമാനിക്കണം എന്നാണ് അച്ഛനുമമ്മയും എന്നെ പറഞ്ഞു പഠിപ്പിച്ചിരുന്നത്.

അച്ഛന്റെ മടിയിലിരുന്നുകൊണ്ട്, സർക്കാർ പുറത്തിറക്കിയിരുന്ന കുട്ടിക്കഥകളുടെ പുസ്തകം വായിച്ചു കേട്ടുവളർന്ന ഒരു കുട്ടിക്കാലമായിരുന്നു എന്റേത്. ആ പുസ്തകങ്ങളിൽ ഗവൺമെന്റ് അവരുടെ രാഷ്ട്രീയം കുത്തി നിറച്ചിരുന്നു. അതിലെ കഥകളിൽ ഉണ്ടായിരുന്നത് യക്ഷികളും, രാജകുമാരന്മാരും ഒന്നുമല്ലായിരുന്നു. മിക്കതിലും ദക്ഷിണ കൊറിയ എന്നൊരു ദരിദ്ര രാജ്യത്തെപ്പറ്റിയുള്ള കഥകളായിരുന്നു. ഞങ്ങളുടെ അയൽരാജ്യം. അവിടത്തെ ദാരിദ്ര്യത്തെപ്പറ്റിയുള്ള വർണ്ണനകൾ നിറഞ്ഞ ചിത്രപുസ്തകങ്ങൾ വായിച്ചാണ് ഞാൻ വളർന്നത്. കിടന്നുറങ്ങാൻ ഒരു വീടില്ലാത്ത, ഇട്ടുനടക്കാൻ ഒരു വള്ളിച്ചെരുപ്പുപോലുമില്ലാത്ത, അച്ഛനമ്മമാർ തിരിഞ്ഞു നോക്കാത്ത, ഒരു നേരത്ത ഭക്ഷണത്തിനായി തെരുവിൽ അലഞ്ഞു തിരിഞ്ഞ് വഴിയേ പോകുന്നവരോട് കൈനീട്ടി ഇരിക്കേണ്ടി വരുന്ന ഹതഭാഗ്യരായ കുഞ്ഞുങ്ങളുടെ നാട്, അതായിരുന്നു ചിത്രപുസ്തകങ്ങളിലൂടെ ഞാനറിഞ്ഞ ദക്ഷിണ കൊറിയ. എന്നാൽ, ഗവൺമെന്റ് ആ കഥാപുസ്തകങ്ങളിലേക്ക് അബോധപൂർവ്വമായെങ്കിലും കൃത്യമായി പകർത്തിവെച്ചിരുന്നത് എന്റെ സ്വന്തം നാടിന്റെ അവസ്ഥയായിരുന്നു എന്ന് അന്നെനിക്ക് ബോധ്യപ്പെട്ടിരുന്നില്ല. രാജ്യത്തിന്റെ ശത്രുക്കളെ ഉള്ളുതുറന്ന് വെറുക്കാൻ കുഞ്ഞുന്നാളിൽ തന്നെ പരിശീലനം സിദ്ധിച്ചിട്ടുള്ളവരാണ് ഞങ്ങൾ ഉത്തരകൊറിയക്കാർ.

 

 

സ്വന്തം നാടിനായി ത്യാഗോജ്ജ്വലമായ ജീവിതങ്ങൾ നയിച്ച പല രാഷ്ട്രനേതാക്കളെയും ആ പുസ്തകങ്ങൾ ഞങ്ങൾക്ക് പരിചയപ്പെടുത്തിയിരുന്നു. കിം ജോങ് ഇൽ എന്ന ഞങ്ങളുടെ പ്രിയ നേതാവിന് അത്ഭുതസിദ്ധികൾ വരെ ഉണ്ടായിരുന്നു. 'ഋതുക്കളെ സ്വന്തം മനോബലം കൊണ്ട് നിലക്ക് നിർത്തിയിരുന്ന' ഒരപൂർവ ജന്മമായിരുന്നു സഖാവെന്ന് അദ്ദേഹത്തിന്റെ ഗവൺമെന്റ് അംഗീകൃത ജീവചരിത്രം ഞങ്ങളെ പഠിപ്പിച്ചു. സ്വന്തം അച്ഛന്റെ പേരിലുള്ള, കിം ഇൽ സങ് യൂണിവേഴ്സിറ്റിയിൽ ബിരുദപഠനം നടത്തിയ മൂന്നു വർഷം കൊണ്ട് സുപ്രീം ലീഡർ എഴുതിത്തീർത്തത് 1500 പുസ്തകങ്ങളാണത്രേ. കിം കുടുംബത്തിലെ അംഗങ്ങളെ ഞങ്ങൾ ദൈവത്തിന്റെ പ്രതിപുരുഷന്മാരായി കണ്ടു. അഥവാ, അങ്ങനെ കാണാൻ ഞങ്ങളെ ഡോക്യൂമെന്ററികളിലൂടെയും, സിനിമകളിലൂടെയും, ടിവി ഷോകളിലൂടെയും അവർ പരിശീലിപ്പിച്ചു. രാജ്യത്ത് പ്രസരണം ചെയ്തിരുന്ന ഒരേയൊരു ചാനലിൽ വരുന്ന ചുരുക്കം പരിപാടികളിൽ എല്ലാറ്റിലും ഒരേകാര്യം തന്നെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ അവിടത്തെ ജനം വേറെ എന്ത് പഠിക്കാനാണ് ?

ടെലിവിഷൻ സ്‌ക്രീനുകളിൽ നേതാക്കളുടെ ചിത്രങ്ങൾ വരുമ്പോഴൊക്കെ പശ്ചാത്തലത്തിൽ രോമാഞ്ചമുണർത്തുന്ന വൈകാരികമായ സംഗീതത്തിന്റെയും അലയടിയുണ്ടാകും. അത് കേൾക്കുമ്പോൾ എന്റെയുള്ളിൽ വല്ലാത്തൊരു തിരയിളക്കമുണ്ടാകുമായിരുന്നു അന്നൊക്കെ. അച്ഛനെയും അപ്പൂപ്പനെയും ഒക്കെ ദൈവത്തെപ്പോലെ കണ്ടു തൊഴണമെന്നാണ് ഞങ്ങൾ ഉത്തരകൊറിയക്കാരെ കാരണവന്മാർ പറഞ്ഞു പഠിപ്പിച്ചിട്ടുള്ളത്. ഞങ്ങളുടെ സമൂഹമനസ്സാക്ഷിക്ക് കിം ഇൽ സങ് ഞങ്ങളുടെ മുത്തച്ഛനായിരുന്നു. കിം ജോങ് ഇൽ പിതൃതുല്യനും.

സ്‌കൂളിലെ പാഠപുസ്തകങ്ങളും ഞങ്ങളെ പഠിപ്പിച്ചത് രാജ്യത്തിന്റെ ശത്രുക്കളെ വെറുക്കണം എന്ന് തന്നെയാണ്. അവയിൽ നിറയെ ഞങ്ങൾ കണ്ടുവളർന്നത് നീലക്കണ്ണുകളും, നീളൻ മൂക്കുകളുമുള്ള, ഒരു ഹരത്തിനുവേണ്ടി നിരപരാധികളെ ചുട്ടുതള്ളുന്ന അമേരിക്കൻ പട്ടാളക്കാരെയാണ്. സ്‌കൂളുകളിൽ അമേരിക്കൻ പട്ടാളയൂണിഫോം ധരിപ്പിച്ച ഡമ്മികൾ ഉണ്ടാകുമായിരുന്നു. പിടി പിരിയഡിൽ ആ ഡമ്മികളെ ഞങ്ങൾ കുട്ടികൾ വരി നിന്ന് തല്ലുകയും കത്തികൊണ്ട് കുത്തുകയും ഒക്കെ ചെയ്യുമായിരുന്നു. അതായിരുന്നു, വിശ്രമവേളകളിലെ  ഞങ്ങളുടെ വിനോദങ്ങളിൽ ഒന്ന്. സ്‌കൂളിലെ പാഠാവലികളില്‍ പോലും നിറഞ്ഞു നിന്നിരുന്നത് അമേരിക്കയോടുള്ള വിദ്വേഷം തന്നെയായിരുന്നു. എന്തിന് ഗണിതശാസ്ത്രത്തിലെ വഴിക്കണക്ക് പോലും തുടങ്ങിയിരുന്നത്, " നിങ്ങൾ ഒരു അമേരിക്കൻ തെമ്മാടിയെ കൊന്നു, നിങ്ങളുടെ കൂട്ടുകാരൻ രണ്ട് അമേരിക്കൻ തെമ്മാടികളെ കൊന്നു എങ്കിൽ നിങ്ങൾ രണ്ടും കൂടി എത്ര അമേരിക്കൻ തെമ്മാടികൾ കൊന്നിട്ടുണ്ട് എന്ന് കണ്ടെത്തുക." എന്ന മട്ടിലായിരുന്നു.

പലതും വാങ്ങാനും, വിൽക്കാനും, പ്രവർത്തിക്കാനുമൊക്കെ ഞങ്ങൾക്ക് നാട്ടിൽ വിലക്കുണ്ടായിരുന്നു. പരസ്യമായ കഴുവേറ്റങ്ങൾ, വെടിവെച്ചു കൊല്ലൽ ഒക്കെ നാട്ടിൽ അച്ചടക്കമുണ്ടാക്കാൻ എന്ന പേരിൽ സ്ഥിരമായി നടന്നു പോന്നിരുന്നു. എന്റെ കുട്ടിക്കാലത്ത് ഒരു പശുവിനെ കൊന്നു കറിവെച്ചു തിന്നതിന്റെ പേരിൽ ഒരാളെ അറസ്റ്റു ചെയ്യുകയുണ്ടായി. അന്ന് പശുക്കൾ 'സർക്കാരിന്റെ മുതലാ'യിരുന്നു. അവ കൃഷിയിടങ്ങളിലും, വണ്ടികൾ വലിക്കാനും ഒക്കെ ഉപയോഗം വന്നിരുന്നതുകൊണ്ട് വളരെ അമൂല്യമായ കണക്കാക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ പശുവിനെ കശാപ്പുചെയ്യുക എന്നത് അക്ഷന്തവ്യമായ അപരാധമായിരുന്നു അന്ന്. അന്ന് ആ കുറ്റം ചാർത്തി അറസ്റ്റു ചെയ്യപ്പെട്ടയാൾ കടുത്ത ക്ഷയരോഗി ആയിരുന്നു. ജോലി ചെയ്തു ജീവിക്കാൻ നിവൃത്തിയില്ലാതായപ്പോൾ, പട്ടിണി കിടന്നു മടുത്തപ്പോഴാണ് അയാൾ പശുവിനെ കശാപ്പുചെയ്തതും തിന്നതുമൊക്കെ. അതൊന്നും പക്ഷേ, ഗവൺമെന്റിന് അറിയേണ്ട കാര്യമില്ലായിരുന്നു. 'പശുവിനെ കശാപ്പു ചെയ്യരുത്' എന്നുപറഞ്ഞാൽ 'ചെയ്യരുത്'. അത്രതന്നെ. അയാൾക്ക് അതിനുള്ള പരമാവധി ശിക്ഷ തന്നെ കിട്ടി അന്ന്. പൊലീസുകാർ അയാളെ പച്ചക്കറിച്ചന്തയ്ക്ക് പിന്നിലെ ഒഴിഞ്ഞുകിടന്നിടത്തേക്ക് കൊണ്ടുപോയി. ഒരു മരക്കുറ്റിയിൽ കെട്ടിയിട്ടു. എന്നിട്ട്, മൂന്നു തോക്കുധാരികൾ യന്ത്രത്തോക്കിൽ നിന്ന് അയാളുടെ പരിക്ഷീണമായ ദേഹത്തേക്ക് വെടിയുണ്ടകൾ വർഷിച്ചു.  നിലത്തേക്ക് അയാൾ കുഴഞ്ഞു വീഴും വരെ അയാളുടെ ദുർബല ദേഹത്തേക്ക് വെടിയുണ്ടകൾ നിർദാക്ഷിണ്യം തുളച്ചു കയറിക്കൊണ്ടിരുന്നു. അന്ന് ആ ഞെട്ടിക്കുന്ന ദൃശ്യം നേരിൽ കാണാനിടയായ എന്റെ അമ്മക്ക് ഒരു കാര്യം മനസ്സിലായി. ഈ നാട്ടിൽ ഒരു പശുവായിരിക്കുന്നതാണ് തമ്മിൽ ഭേദം. അതിനുള്ള വില പോലും ഇവിടെ മനുഷ്യർക്കില്ല.

ഒഴിവുദിവസങ്ങളെ ഞങ്ങൾ വെറുത്തിരുന്നു. ടിവി തുറന്നാൽ കാണാൻ അകെ ഉണ്ടാവുക ഗവൺമെന്റ് നിർമിച്ച കുറെ അറുബോറൻ പ്രൊപ്പഗാണ്ടാ സിനിമകൾ മാത്രമാണ്. ആളുകൾ ഒളിച്ചു കടത്തിക്കൊണ്ടുവന്നിരുന്ന ഹോളിവുഡ് സിനിമകളുടെയും ടിവി ഷോകളുടേയുമൊക്കെ വീഡിയോ കാസറ്റിന്  വലിയ ഡിമാൻഡായിരുന്നു അന്നൊക്കെ. പക്ഷേ, അങ്ങനെ കാസറ്റിട്ടു സിനിമകാണാൻ വലിയ അപകടം പിടിച്ച ഏർപ്പാടായിരുന്നു. ഏതുനിമിഷമാണ് പൊലീസിന്റെ റെയിഡുണ്ടാവുക എന്ന് പറയാൻ പറ്റില്ല. വീട്ടിനുള്ളിലേക്ക് കയറും മുമ്പ് അവർ കരണ്ടു കട്ട് ചെയ്യും. അതോടെ കാസറ്റ് വിസിപിയിലും വിസിആറിലുമൊക്കെ കുടുങ്ങും. അവർ അകത്തേക്ക് കേറുന്ന നേരം കൊണ്ട് കാസറ്റ് പുറത്തെടുത്ത് ഒളിപ്പിക്കാൻ നമുക്ക് ആവില്ല. ജനം അതിനും ഒരു പ്രതിവിധി കണ്ടെത്തിയിരുന്നു. ഒരേപോലുള്ള രണ്ട് കാസറ്റ് പ്ലെയറുകൾ മിക്കവാറും വീടുകളിൽ ഉണ്ടായിരുന്നു. സർക്കാരിന്റെ റെയിഡുണ്ടായാൽ ഉടനടി രണ്ടാമത്തെ കാസറ്റുള്ള പ്ലെയർ മുക്കി, കാസറ്റിടാത്ത പ്ലെയർ കണക്റ്റ് ചെയ്തു വെച്ച് അധികാരികളെ പറ്റിക്കും.

 

 

എന്റെ അമ്മാവന് അന്നൊരു വിസിആർ ഉണ്ടായിരുന്നു. ഞങ്ങൾ ഹോളിവുഡ്‌ ചിത്രങ്ങൾ കാണാൻ വേണ്ടി ഇടയ്ക്കിടെ അവിടേക്ക് പോകുമായിരുന്നു. കർട്ടൻ താഴ്ത്തി, കാണുന്നതിനിടെ ബഹളം വെക്കരുത്, ഒരക്ഷരം മിണ്ടരുത് എന്നൊക്കെ ആദ്യമേ മുന്നറിയിപ്പ് തന്നിട്ടേ അമ്മായി കാസറ്റ് ഇടുകയുള്ളൂ. അങ്ങനെ കണ്ട സിൻഡ്രല്ല, സ്നോവൈറ്റ്, ജെയിംസ് ബോണ്ട് തുടങ്ങിയ പല ചിത്രങ്ങളും എനിക്ക് ഏറെ ഇഷ്ടമായിരുന്നു. പക്ഷേ, ഒരു അവധിക്കാലത്ത് അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നപ്പോൾ കാണാനിടയായ ഒരു ഹോളിവുഡ് ചിത്രം, ടൈറ്റാനിക് , ആണ് എന്നിൽ അടക്കാനാവാത്ത സ്വാതന്ത്ര്യമോഹം ഉണർത്തിയത്. അങ്ങനെയൊരു 'നാണംകെട്ട പ്രേമകഥ' ഞങ്ങളുടെ നാട്ടിൽ എന്തായാലും ആർക്കും സിനിമയാക്കാൻ പറ്റില്ലായിരുന്നു. സിനിമയിൽ കാണിക്കുന്ന  സ്ത്രീപുരുഷന്മാർ എല്ലാവരും തന്നെ ഞങ്ങളുടെ നാട്ടിലെ മാനദണ്ഡങ്ങൾ പ്രകാരം ഒരു അച്ചടക്കവുമില്ലാത്തവർ. പ്രേമത്തിന്റെ പേരിൽ  അവർ കാണിച്ചു കൂട്ടുന്നതാകട്ടെ വെറും അഴിഞ്ഞാട്ടങ്ങൾ മാത്രം. ഞങ്ങളുടെ നാട്ടിലെങ്ങാൻ അങ്ങനെ ഒരു സിനിമ വന്നിരുന്നെങ്കിൽ, ആദ്യം ഫയറിംഗ് സ്‌ക്വാഡിന്റെ മുന്നിലേക്ക് എത്തുക സിനിമയുടെ സംവിധായകനും, നിർമ്മാതാക്കളുമായിരിക്കും. പിന്നാലെ അതിൽ അഭിനയിച്ചവരും.

ആ സിനിമയിൽ കണ്ട മറ്റൊരു കാര്യം എന്നെ വല്ലാതെ സ്വാധീനിച്ചു. അതിലെ നായികാനായകന്മാർ 'പ്രണയത്തിനു വേണ്ടി' മരിക്കാൻ തയ്യാറാണ്. കുഞ്ഞുന്നാളുതൊട്ടേ ഞങ്ങളെ മരിക്കാൻ തയ്യാറാകണം എന്ന് പറഞ്ഞു പഠിപ്പിച്ചിട്ടുള്ളത് ഗവൺമെന്റിനും രാജ്യത്തിനും വേണ്ടി മാത്രമാണ്. അതിനു പകരം, മറ്റൊരാളോടുള്ള പ്രണയത്തിന്റെ പേരിൽ പ്രാണത്യാഗം ചെയ്യാനും മടിക്കാതിരിക്കുക. ഹോ..! അത് എന്നിൽ വല്ലാത്ത സ്വാധീനമാണുണ്ടാക്കിയത്. എന്നിൽ സ്വാതന്ത്ര്യമെന്ന സ്വപ്നത്തിന്റെ വിത്തുപാകിയത് 'ടൈറ്റാനിക്'  ആണെന്ന് പറയാം.

2007 മാർച്ചിൽ, ആ സ്വാതന്ത്ര്യദാഹത്തിന്റെ പരാകാഷ്ടയിലാണ് ഞങ്ങൾ നാടുവിട്ട് ചൈനയിലേക്ക് കുടിയേറാൻ തീരുമാനിച്ചത്. അതിനായി ചില ഏജന്റുമാർക്ക് പണവും നൽകി അമ്മ. യാലു നദി കടത്തി അക്കരെ കൊണ്ടുപോയി, ചൈനയിലേക്ക് കടത്തിത്തരാം എന്നതായിരുന്നു ഏജന്റിന്റെ ഓഫർ. മംഗോളിയയിലേക്ക് ഞങ്ങളെ അവർ നടത്തിക്കൊണ്ടാണ് പോയത്. പുറത്തെ താപനില -27 ഡിഗ്രി സെൽഷ്യസ്. ഉറഞ്ഞു പോകുന്ന കാലാവസ്ഥ. കൊടും തണുപ്പത്ത് തന്നെ ഞങ്ങളെ കടത്താൻ തീരുമാനിച്ചതിനു കാരണമുണ്ട്. ആ സമയത്ത് ചൈനീസ് പട്ടാളത്തിന്റെ ബോർഡർ പൊലീസ് ഒന്ന് അയയും. ചൈനീസ് ബോർഡർ പട്രോൾ സംഘത്താൽ പിടിക്കപ്പെട്ട് തിരികെ നാടുകടത്തപ്പെട്ടാൽ പിന്നെ നേരിടേണ്ടി വരിക ഗവണ്മെന്റിന്റെ ഫയറിംഗ് സ്‌ക്വാഡിനെ ആയിരിക്കും. അതുകൊണ്ട്, ജീവനോടെ പിടിക്കപ്പെടില്ല എന്ന് ഞാനും അമ്മയും ഉറപ്പിച്ചിരുന്നു. അമ്മയുടെ കയ്യിൽ അഞ്ചു സ്ട്രിപ്പ് ഉറക്കഗുളിക ഉണ്ടായിരുന്നു. എന്റെ കയ്യിൽ മൂർച്ചയേറിയ ഒരു റേസർ ബ്ലേഡും. പിടിച്ചാൽ അപ്പോൾ എല്ലാം അവസാനിപ്പിക്കാൻ തന്നെ ഞങ്ങൾ ഉറപ്പിച്ചിരുന്നു.

ട്രെയിനിലും, ബസ്സിലും, നടന്നും ഒക്കെയായി നാലുദിവസമെടുത്തു മംഗോളിയയിൽ മരുഭൂമിയിലേക്ക് കടന്നുകേറാൻ. അവസാനഘട്ടത്തിൽ ഒരു ഹാൻ ചൈനീസ് ഏജന്റ് ആയിരുന്നു കടത്തിന് കൂടെ ഉണ്ടായിരുന്നത്. "ആരെങ്കിലും പിടിക്കപ്പെട്ടാൽ, മറ്റുള്ളവരെക്കൂടി കുരുതി കൊടുക്കരുത്. നിങ്ങൾ ഒറ്റയ്ക്കാണെന്നേ പറയാവൂ.." എന്നയാൾ യാത്ര പുറപ്പെടും മുമ്പേ തന്നെ പറഞ്ഞിരുന്നു. രണ്ട് ടോർച്ചും, രണ്ട് വടക്കുനോക്കി യന്ത്രങ്ങളും ഉണ്ടായിരുന്നു ഞങ്ങളുടെ കയ്യിൽ. ഞങ്ങളുടെ സംഘത്തിലുണ്ടായിരുന്ന ഒരേയൊരു പുരുഷനെ അയാൾ അതെങ്ങനെ ഉപയോഗിക്കണം എന്നും പഠിപ്പിച്ചു. ഞങ്ങളെ അവർ ഒരു സ്ഥലത്തു കൊണ്ട് വിടും. അവിടെനിന്ന് വടക്കുകിഴക്ക്‌ ദിക്ക് നോക്കി നടക്കണം. കുറേ നടന്നാൽ ഒരു മുൾവേലി കാണാം. അതും കടന്നു അങ്ങേപ്പുറത്തേക്ക് നടന്നു പോകണം. പിന്നെ ആദ്യം കാണുന്നത് ആരായാലും അവരോട്, 'ഞങ്ങൾ ഉത്തരകൊറിയയിൽ നിന്ന് ഓടിരക്ഷപ്പെട്ടുവന്ന അഭയാർത്ഥികളാണ്' എന്ന് പറഞ്ഞാൽ മതിയാകുമത്രേ, ഞങ്ങൾക്ക് വേണ്ട സഹായങ്ങൾ കിട്ടും എന്നാണു അയാൾ പറഞ്ഞത്.

ഒരു ടാക്സിയിൽ കയറ്റി അയാൾ ഞങ്ങളെ ഡ്രോപ്പ് ലൊക്കേഷനിലേക്ക് കൊണ്ടുപോയി. അവിടെ അവസാനമായി യാത്രപറഞ്ഞു പിരിയും മുമ്പ്, മരുഭൂമിയിൽ ചക്രവാളസീമയിലായി കണ്ട വിളക്കുകളുടെ വെട്ടം ചൂണ്ടിക്കാണിച്ച് അയാൾ പറഞ്ഞു.  " അതാ... ആ കാണുന്നതാണ് നിങ്ങൾക്ക് ചെന്നുകയറേണ്ട മംഗോളിയൻ പട്ടണം. ആ വെളിച്ചം നോക്കി നടന്നോളൂ. ചൈനയുടെ ഭാഗത്തുള്ള വിളക്കുകൾക്ക് വെട്ടം കുറവാണ്. അങ്ങോട്ട് പോവേണ്ട. അത് ശ്രദ്ധിക്കണം. ഇനി അഥവാ കൂട്ടം തെറ്റിപ്പിരിഞ്ഞ എന്ന് വെക്കുക. കയ്യിൽ വടക്കുനോക്കിയന്ത്രവും സഹായത്തിനില്ലെന്നുണ്ടെങ്കിൽ, ദാ... ഇങ്ങനെ മേലേക്ക് നോക്കിയാൽ കാണുന്ന ആ നക്ഷത്രമില്ലേ, അത് വടക്കു ഭാഗത്താണ്, അത് പിടിച്ചു നടന്നാൽ മതിയാകും..."

 

 

അയാളുടെ നിർദേശങ്ങളെ അക്ഷരം പ്രതി അനുസരിച്ച് ഞങ്ങൾ നടന്നുതുടങ്ങി. കുറേ ദൂരം നടന്നു പിന്നിലേക്ക് നോക്കിയപ്പോൾ, തണുത്തുറഞ്ഞ വെറുംനിലത്ത് മുട്ടും കുത്തി നിന്ന് പ്രാർത്ഥിക്കുന്ന അയാളെ കണ്ടു. "എന്തൊരു മനുഷ്യനാണിയാൾ, എന്തൊരു കരുതലാണിയാൾക്ക്..?  ആരാണിയാൾ ? ഞങ്ങളുടെ ഭാഷപോലും സംസാരിക്കാത്ത, ഞങ്ങളിൽ ഒരാളെപ്പോലും നേരിട്ടറിയാത്ത ഇയാൾ, എന്തിനാണ് ഞങ്ങൾക്കുവേണ്ടി ദൈവത്തോടിരക്കുന്നത്? സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ഞങ്ങളെ സഹായിക്കാൻ ശ്രമിക്കുന്നത്?" എന്നു ഞങ്ങൾ  അമ്പരപ്പോടെ അന്നേരമോർത്തു. നിശബ്ദമായ ഒരു പ്രാർത്ഥനയോടെ അയാൾക്ക് മനസാ നന്ദി പ്രകാശിപ്പിച്ചു.

കിലോമീറ്ററുകളോളം ദൂരം ഒരു മരച്ചുവട് പോലുമില്ലായിരുന്നു. കല്ലും മണലും കുറ്റിച്ചെടികളും മാത്രം. തണുപ്പിന് ജീവനുണ്ടെന്നു തോന്നി എനിക്ക്. അത് തണുത്തവിരലുകളാൽ എന്റെ ദേഹത്തെ ഇറുക്കിപ്പിടിച്ചു. എന്റെ പേശികളെ മരവിപ്പിച്ച് എന്റെ നടത്തം പതുക്കെയാക്കി. ഞാൻ എന്റെ അമ്മയുടെ ദേഹത്തേക്ക് അറിയാതെ ചാഞ്ഞു. ഞാൻ വിറക്കുന്നത് കണ്ടപ്പോൾ അമ്മ അവരുടെ കോട്ടഴിച്ച് എന്നെ പുതപ്പിച്ചു. ഞങ്ങളുടെ രക്ഷകൻ അമ്മയ്ക്ക് ഒരു ഷൂസ് കൊടുത്തിരുന്നു. അത് അവരുടെ കാലിന് വലുതായിരുന്നതുകൊണ്ട് ലേസുകൾ ഇറുക്കി കെട്ടിയാണ് അമ്മ അതിനെ കാലിനോട് ചേർത്തുനിർത്തിയത്. അയാളുടെ സഹായമില്ലായിരുന്നെങ്കിൽ തണുപ്പിൽ കാലുകൾ വിറങ്ങലിച്ച് പാതിവഴിയെത്തുമ്പോഴേക്കും വീണുപോയേനെ അവർ.

അതെന്റെ ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രിയായിരുന്നു. ഓരോ തവണ ഒച്ചകേൾക്കുമ്പോഴും ഞങ്ങൾ ഞെട്ടിവിറച്ചു പതുങ്ങിക്കൊണ്ടിരുന്നു. നാലാമത്തെ മുൾവേലിയും കടന്നു ഞങ്ങൾ അപ്പുറത്തെത്തിയപ്പോൾ, ദൂരെയെവിടെനിന്നോ ഒരു വലിയ വാഹനത്തിലെ സെർച്ച് ലൈറ്റുകൾ കണ്ണുതുറന്നു ഞങ്ങളെ നോക്കി. ഞങ്ങൾ എല്ലാവരും ഒറ്റയടിക്ക് നിലംപതുങ്ങി. ആ വാഹനത്തിന്റെ ശബ്ദവും, സെർച്ച് ലൈറ്റിന്റെ പ്രകാശവും അകന്നകന്നു പോകും വരെ മൗനമായി പ്രാർത്ഥിച്ചു. ടോർച്ച് തെളിച്ച് വടക്കുനോക്കിയന്ത്രം പരിശോധിക്കാൻ ഞങ്ങൾക്ക് ഭയമായിരുന്നു. അതുകൊണ്ട് ഞങ്ങൾ ആകാശത്തുകണ്ട നക്ഷത്രത്തെ ആശ്രയിച്ചു. അതിനിടെ ആകാശം മേഘാവൃതമായി, നക്ഷത്രം കാണാതെ ഞങ്ങൾക്ക് വഴിതെറ്റി. കുറേ ദൂരം അങ്ങനെ പോയപ്പോഴാണ് മറ്റൊരു ബുദ്ധി തോന്നിയത്. ഒരാളെ നടുക്ക് നിർത്തി ഞങ്ങൾ ചുറ്റിനും നിന്ന് വെളിച്ചം മറഞ്ഞു. ആ വലയത്തിനുള്ളിലിരുന്നു കൊണ്ട് അയാൾ വടക്കുനോക്കിയന്ത്രം നോക്കി ദിക്കറിഞ്ഞു.

 

 

സമയം കഴിയും തോറും തണുപ്പ് കൂടിക്കൂടി വന്നു. ഞങ്ങളുടെ ധൈര്യവും പതുക്കെ ചോർന്നു പോകാൻ തുടങ്ങി. "എത്തുമോ ജീവനോടെ അവിടെ ?" പിന്നീടുള്ള ചിന്തകൾ മരണത്തെക്കുറിച്ചായി. എന്റെ എല്ലുകൾ ആരെങ്കിലും കണ്ടെത്തുമോ? കുഴിച്ചിട്ടത് എവിടെയെന്ന് ആർക്കെങ്കിലും അറിയാനാകുമോ? ഞാൻ ഈ ഭൂമുഖത്ത് ഉണ്ടായിരുന്നെ ഇല്ലെന്ന പോലെ എന്നെ ആളുകൾ മറന്നുകളയുമോ? അങ്ങനെ പലചിന്തകളും എന്റെ മനസ്സിലേക്ക് ഒന്നൊന്നായി കടന്നുവന്നു. എന്റെ ജീവിതത്തിൽ ഞാനേറ്റവും കൂടുതൽ അരക്ഷിതാവസ്ഥ അറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. ആ നിമിഷം, ഞാൻ കിം ജോങ് ഉന്നിനെ വെറുക്കാൻ തുടങ്ങി.

അത്രയും ആയ സ്ഥിതിക്ക് ഞാൻ മോശം ചിന്തകളെയും മനസ്സിലേക്ക് വരാൻ അനുവദിച്ചു തുടങ്ങി. ഞങ്ങളിൽ ആർക്കും സുപ്രീം ലീഡറെപ്പറ്റി മനസ്സിൽ പോലും മോശമായി ചിന്തിക്കാൻ ധൈര്യമുണ്ടായിരുന്നില്ല. സുപ്രീം ലീഡർക്ക് ജനങ്ങളുടെ മനസ്സ് വായിച്ചെടുക്കാൻ കഴിവുണ്ടെന്നാണ് ഞങ്ങളെ പാഠപുസ്തകങ്ങൾ പഠിപ്പിച്ചിട്ടുള്ളത്. ഇനിയിപ്പോൾ അദ്ദേഹം എന്റെ മനസ്സ് വായിച്ചെടുത്താലെന്ത്, ഇല്ലെങ്കിലെന്ത്? എന്തായാലും ചാവാൻ തന്നെയാണ് പോകുന്നത്, ഇനിയെന്ത്? എന്തൊക്കെപ്പറഞ്ഞാലും സുപ്രീം ലീഡറോട് വഞ്ചന കാണിക്കുക എന്നത് ഒരു ഉത്തര കൊറിയൻ പൗരന് ഏറെ ദുഷ്കരമായ ഒന്നാണ്. അദ്ദേഹത്തിന്റെ നീണ്ടകരങ്ങൾ ഈ മരുഭൂമിയിലും ഞങ്ങളെ പിന്തുടരുന്നുണ്ട്, ഞങ്ങളെ പിന്നോട്ട് വലിക്കുന്നുണ്ട് എന്ന തോന്നൽ എന്റെയുള്ളിൽ ശക്തമായി.  അമ്മയ്ക്കും അന്നേരം അങ്ങനെ തന്നെ തോന്നിയിരുന്നു എന്ന് പിന്നീട്  ഒരിക്കലെന്നോട് അവർ തുറന്നു പറഞ്ഞിട്ടുണ്ട്.

ആ തോന്നൽ ശക്തമായപ്പോൾ സഹികെട്ടു ഞാൻ നിലവിളിച്ചുപോയി,"ആരെങ്കിലുമുണ്ടോ ഇവിടെ..? ഞങ്ങളെ ഒന്ന് രക്ഷിക്കൂ... ഹെൽപ്പ്..! " എന്റെ അലമുറ കേൾക്കാൻ അവിടാരുമില്ലായിരുന്നു. അവിടെ ആ ഇരുളടഞ്ഞ മരുഭൂമിയിലെ തണുപ്പിൽക്കിടന്നു ചത്തുകളയാൻ ഞാൻ ഒരുക്കമായിരുന്നു. അത്രയ്ക്ക് തളർന്നിരുന്നു ഞാൻ. അതിനു തയ്യാറെടുക്കുമ്പോഴാണ് ഇരുളും തുളച്ചുകൊണ്ട് പെട്ടെന്നൊരു തീവണ്ടിയുടെ ശബ്ദം എന്നെത്തേടി വന്നത്. വളരെ അടുത്തുനിന്നാണ് ആ ശബ്ദം കേട്ടതെന്നുറപ്പുണ്ട്. എവിടെ നിന്നാണ് ആ ഒച്ചയെന്നു വ്യക്തമായില്ല. ഞങ്ങളുടെ സംഘത്തിലെ മിക്കവാറും പേർ ഒരു ദിക്കിലേക്ക് പാഞ്ഞുചെന്നപ്പോൾ, എനിക്കും അമ്മയ്ക്കും ആ ഒച്ചവെന്നത് നേരെ എതിർ ദിശയിൽ നിന്നാണ് എന്നുതോന്നി. ഞങ്ങൾ അങ്ങോട്ട് പാഞ്ഞു.

കുറേ ദൂരം പോയപ്പോൾ അതിർത്തിയിലെ മുൾവേലി പോലൊന്ന് ഇരുട്ടിൽ തെളിഞ്ഞു തെളിഞ്ഞു വരാൻ തുടങ്ങി. അതൊരു മരുപ്പച്ചപോലെ എനിക്ക് അനുഭവപ്പെട്ടു ആദ്യം എങ്കിലും, ആ വേലിയിൽ മുമ്പ് ആളുകൾ കടന്നുപോയതിന്റെ ഒരു പൊത്തും അതിൽ ഉടക്കിക്കീറിയ ഉടുപ്പിൻ കഷ്ണങ്ങളും  ഒക്കെ കണ്ടപ്പോൾ ഞങ്ങൾക്ക് പ്രതീക്ഷയേറി. ആ ദ്വാരത്തിലൂടെ നൂണ്ടുകടന്നപ്പോൾ എന്റെ കോട്ട് മുൾവേലിയിൽ ഉടക്കി. അമ്മയാണ് എന്നെ വേർപെടുത്തി അപ്പുറം കടത്തിയത്. നടന്നുവന്ന വഴിക്ക് പിന്നിലായി ഒരു പുത്തൻ സൂര്യോദയം ഞങ്ങൾ കണ്ടു. മരുഭൂമിയിലെ വെയിലത്ത് നിഴലുകൾക്കൊപ്പം അമ്മയുടെ കരം ഗ്രഹിച്ച്, ഞാൻ മംഗോളിയയുടെ മണ്ണിലൂടെ മുന്നോട്ടു നടന്നു."

 


മംഗോളിയൻ സൈനികർ അമ്മയെയും മകളെയും കണ്ടെത്തി. അവരെ ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റി. അവിടെ വെച്ച് ഏറെ നാൾ ചോദ്യം ചെയ്യപ്പെട്ട ശേഷം അവരെ ഒരു വിമാനത്തിൽ കയറ്റി ദക്ഷിണ കൊറിയയിലെ സിയോളിലേക്ക് മാറ്റി. അവിടെയും ഉത്തരകൊറിയൻ ചാരന്മാർ ആണോ എന്നറിയാൻ വേണ്ടി ആഴ്ചകൾ നീണ്ട ചോദ്യം ചെയ്യലിന് വിധേയരായി എങ്കിലും, അല്ലെന്നു ബോധ്യം വന്നതോടെ ദക്ഷിണ കൊറിയ അവർക്ക് അഭയമേകി. റീസെറ്റിൽമെൻറ് സെന്ററിലെ ഹ്രസ്വകാലത്തെ താമസത്തിനു ശേഷം അവർ ദക്ഷിണകൊറിയയിലെ പ്രാന്തപ്രദേശങ്ങളിൽ ഒന്നിലെ ഒരു ചെറുപട്ടണത്തിലേക്ക് പുനരധിവസിപ്പിക്കപ്പെട്ടു. പഠിത്തത്തിൽ മിടുക്കിയായിരുന്ന ഇയോൻമി കഷ്ടപ്പെട്ടുതന്നെ പഠിച്ചു. കോളേജിൽ പ്രവേശനം നേടി. കോളേജ് വിദ്യാഭ്യാസത്തിനിടെയാണ് ഡബ്ലിനിലെ ഉച്ചകോടിയിൽ പങ്കെടുക്കാൻ അവൾ തിരഞ്ഞെടുക്കപ്പെടുന്നതും, തുടർന്ന് വിശ്വപ്രസിദ്ധമായ ആ പ്രസംഗം ഇയോൻമി പാർക്ക് നടത്തുന്നതും.

ആ ദുരിതയാത്രക്കിടെ തന്നെ ഏറ്റവും കൂടുതലായി അലട്ടിയത് മരണഭയമല്ലായിരുന്നു എന്ന് ഇയോൻമി ഓർക്കുന്നു, അത് 'താൻ ആർക്കും വേണ്ടാത്തവളായി, എല്ലാവരാലും വിസ്മരിക്കപ്പെട്ടവളായിപ്പോവുമോ' എന്ന ഭയമായിരുന്നു, വല്ലാത്തൊരുതരം അരക്ഷിതാവസ്ഥയായിരുന്നു എന്ന് അവർ പറയുന്നു. അതുവരെയുള്ള അനുഭവങ്ങൾ കടലാസിലേക്ക് പകർത്തി, തന്റെ ഓർമ്മക്കുറിപ്പിലെ അവസാന വാചകവും എഴുതി നിർത്തി, പൂർണ്ണവിരാമമിട്ട് അടിവരയിട്ടു പേന താഴെ വെച്ചപ്പോഴാണ്, തന്റെ ജീവിതത്തിൽ ആദ്യമായി സ്വാതന്ത്ര്യം എന്തെന്ന് താനറിഞ്ഞത് എന്ന് ഇയോൻമി നിറകണ്ണുകളോടെ സാക്ഷ്യപ്പെടുത്തുന്നു.  
 

ALSO READ

കിം ജോങ് ഉൻ : തലതെറിച്ച പയ്യനിൽ നിന്ന് ലോകത്തെ വിറപ്പിച്ച സ്വേച്ഛാധിപതിയിലേക്കുള്ള ദൂരം

കിം ജോംഗ്ഉന്നിന്റെ ആരോഗ്യനിലയെപ്പറ്റിയുള്ള അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിൽ ലോകം ഉറ്റുനോക്കുന്നത് കിം യോജോങിലേക്ക്

കിം ജോങ് ഉന്നിന്റെ തിരോധാനം, ഇനിയും ഉത്തരം കിട്ടാത്ത അഞ്ചു ചോദ്യങ്ങൾ

ഉത്തര കൊറിയയിലെ മൂന്നു കിമ്മുകൾ; ഏകാധിപത്യ കമ്യൂണിസ്റ്റ് പാരമ്പര്യവാഴ്ച ഒരു രാജ്യത്തോട് ചെയ്തത്

'ഫ്രീ ജോസിയോൺ', കിമ്മിന്റെ ഏകാധിപത്യത്തെ അട്ടിമറിക്കാൻ തുനിഞ്ഞിറങ്ങിയ ഉത്തരകൊറിയയിലെ വിപ്ലവകാരികളുടെ അധോലോകം

click me!