കൂണ്‍ എളുപ്പത്തില്‍ വളര്‍ത്താന്‍ 'റെഡി ടു ഫ്രൂട്ട് 'ബാഗ്; ഇനി മുതല്‍ ഓരോ വീട്ടിലും കൂണ്‍കൃഷി

By Web TeamFirst Published Jan 6, 2020, 12:07 PM IST
Highlights

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ഭക്ഷണ പദാര്‍ഥമാണ് കൂണുകള്‍. മാംസഭക്ഷണം കഴിക്കുന്നത് കുറയ്ക്കാനും രുചികരമായി പാകം ചെയ്ത കൂണ്‍വിഭവങ്ങള്‍ കൊണ്ട് കഴിയും. ഇറച്ചിക്കറി തയ്യാറാക്കുന്ന അതേ രീതിയില്‍ കൂണ്‍ പാകം ചെയ്യുന്നവരുണ്ട്.
 

കൂണ്‍ വിഭവങ്ങള്‍ കഴിക്കാന്‍ താല്‍പര്യമുണ്ടോ? പക്ഷേ, കൂണ്‍ എങ്ങനെ വളര്‍ത്തുമെന്ന് അറിയില്ലെങ്കില്‍ വിപണിയില്‍ വലിയ വില കൊടുക്കാന്‍ തയ്യാറാകണം. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചറല്‍ റിസര്‍ച്ച്, കൂണുകള്‍ അടങ്ങിയ ബാഗ് തയ്യാറാക്കി ഓരോ വീടുകളിലും എത്തിക്കാനുള്ള പുതിയ വിദ്യയാണ് കണ്ടെത്തിയിരിക്കുന്നത്. ആര്‍ക്കുവേണമെങ്കിലും അടുത്തുള്ള പലചരക്കുകടയില്‍ പോയി കൂണ്‍ ബാഗ് വാങ്ങി അടുക്കളത്തോട്ടത്തില്‍ വളര്‍ത്താം.

പോഷകമൂല്യങ്ങളുടെ കലവറയാണ് കൂണില്‍ ഹരിതകത്തിന്റെ അംശം ഒട്ടുമില്ല. വിറ്റാമിന്‍ ബി, മാംസ്യം, വിറ്റാമിന്‍ ഡി, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയെല്ലാം ആവശ്യത്തിന് അടങ്ങിയിട്ടുമുണ്ട്. ഉയര്‍ന്ന അളവിലുള്ള നാരുകളും വളരെ കുറഞ്ഞ അളവിലുള്ള ഗ്ലൈസെമിക് ഇന്‍ഡക്‌സുമുള്ളതു കാരണം കൂണുകള്‍ പ്രമേഹ രോഗികള്‍ക്കും കഴിക്കാവുന്നതാണ്. 

നാം കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിന്റെ അളവിനെ അടിസ്ഥാനമാക്കി രക്തത്തിലെ ഗ്ലൂക്കോസിനെ ഏതുതരത്തില്‍ ബാധിക്കുന്നുവെന്നതാണ് ഗ്ലൈസെമിക് ഇന്‍ഡക്‌സ് സൂചിപ്പിക്കുന്നത്. ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ ഭക്ഷണ സാധനങ്ങള്‍ സാവധാനത്തില്‍ മാത്രമേ ദഹിക്കുകയുള്ളു. ശരീരഭാരം കുറയ്ക്കാന്‍ ഇത് സഹായിക്കും. ഗ്ലൈസെമിക് ഇന്‍ഡക്‌സ് കൂടിയ ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നതിനാല്‍ പ്രമേഹ രോഗികള്‍ക്ക് കഴിക്കാന്‍ പാടില്ല.

ഹൃദയാരോഗ്യത്തിന് ഉത്തമമായ പോഷകങ്ങള്‍ കൂണില്‍ അടങ്ങിയിട്ടുണ്ട്. വളരെ കുറഞ്ഞ അളവിലുള്ള സോഡിയവും ഉയര്‍ന്ന പൊട്ടാസ്യവും കൊളസ്‌ട്രോളിന്റെ അംശം തീരെ ഇല്ലാത്തതും കാരണം ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കപ്പെടുന്നു.

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ഭക്ഷണ പദാര്‍ഥമാണ് കൂണുകള്‍. മാംസഭക്ഷണം കഴിക്കുന്നത് കുറയ്ക്കാനും രുചികരമായി പാകം ചെയ്ത കൂണ്‍വിഭവങ്ങള്‍ കൊണ്ട് കഴിയും. ഇറച്ചിക്കറി തയ്യാറാക്കുന്ന അതേ രീതിയില്‍ കൂണ്‍ പാകം ചെയ്യുന്നവരുണ്ട്.

ഇത്രയേറെ പോഷകഗുണങ്ങളുള്ള കൂണ്‍ ഇന്നും നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നതാണ് വസ്തുത. കൂണുകള്‍ ഉന്നത സ്ഥാനീയരുടെ ഭക്ഷണത്തില്‍ മാത്രം ഉള്‍പ്പെടുത്തുന്നതായിട്ടാണ് പലരും കണക്കാക്കിയിരിക്കുന്നത്. ശരാശരി ഇന്ത്യന്‍ കുടുംബത്തിന് വാങ്ങാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതലാണ് കൂണിന്റെ വിപണി വില.

ഇന്ത്യയിലെ കൂണ്‍ ഗവേഷണത്തില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന സ്ഥാപനമാണ് ബംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് മഷ്‌റൂം റിസര്‍ച്ച്. കൂണിനെ ഭക്ഷണത്തിന്റെ ഭാഗമാക്കാനും പോഷകാഹാരക്കുറവ് പരിഹരിക്കാനുമുള്ള ശ്രമമാണ് ഇവര്‍ നടത്തുന്നത്. 

'റെഡി ടു ഫ്രൂട്ട്' ബാഗ് ടെക്‌നോളജി  

'റെഡി ടു ഫ്രൂട്ട്' ബാഗ് ടെക്‌നോളജി എന്ന സാങ്കേതിക വിദ്യയാണ് 2013 -ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഗ്രാമീണ മേഖലയിലെ വീടുകളില്‍ നടപ്പിലാക്കിയത്. കൂണിന്റെ പ്രാധാന്യവും കൂണ്‍ കൊണ്ടുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കാനുള്ള പരിശീലനവും സ്ത്രീകള്‍ക്ക് നല്‍കിയതു വഴി സ്വയം പര്യാപ്തത കൈവരിക്കാനും കഴിഞ്ഞു. അര്‍ക്ക മഷ്‌റൂം രസം പൗഡര്‍, അര്‍ക്ക മഷ്‌റൂം ചട്‌നി പൗഡര്‍, മഷ്‌റൂം പുളിയോഗ്ര പൗഡര്‍ എന്നിവ ഇവര്‍ നിര്‍മിക്കുന്നു.

പൂര്‍ണവളര്‍ച്ചയെത്തിയ കൂണുകള്‍ അടങ്ങിയ 'റെഡി ടു ഫ്രൂട്ട്' ബാഗുകള്‍ വീട്ടില്‍ സൗകര്യപ്രദമായി തൂക്കിയിടാന്‍ പറ്റുന്ന രീതിയില്‍ സ്ത്രീകള്‍ക്ക് നല്‍കുകയായിരുന്നു. അഞ്ചോ ആറോ ദിവസങ്ങള്‍ക്കുള്ളില്‍ കൂണ്‍ വിളവെടുപ്പ് നടത്താം. ഒരു കി.ഗ്രാം ബാഗില്‍ നിന്നും 250 മുതല്‍ 300 വരെ കൂണുകള്‍ വിളവെടുപ്പ് നടത്താവുന്നതാണ്.

ഈ പുതിയ സാങ്കേതിക വിദ്യയിലൂടെ ഓരോ വീട്ടിലും ദിവസേന കൂണുകള്‍ ലഭ്യമാക്കാന്‍ കഴിയും. നഗരപ്രദേശങ്ങളിലും സ്ഥലലഭ്യതയ്ക്കനുസരിച്ച് ഈ സാങ്കേതിക വിദ്യ പ്രാവര്‍ത്തികമാക്കാം. വീടുകളില്‍ കൂണിന്റെ ഉപയോഗം കൂടുന്നതിനനുസരിച്ച് ഇത്തരം ബാഗുകളുടെ ഡിമാന്റും കൂടും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഇപ്പോള്‍ പുതിയ സംരഭകത്വ ആശയമായി ഈ സാങ്കേതിക വിദ്യ പുറത്തെത്തിക്കുകയാണ്. വ്യക്തികള്‍ക്ക് മാത്രമായോ ഗ്രൂപ്പുകളായോ എന്‍.ജി.ഓ കള്‍ വഴിയോ ഈ സംരഭം തുടങ്ങാനുള്ള താല്‍പര്യം പ്രോത്സാഹിപ്പിക്കുകയാണ് ഇവര്‍.

ഓരോ യൂണിറ്റിലും അണുവിമുക്തമാക്കാനും കുത്തിവെപ്പ് നടത്താനും വിരിയിക്കാനുമുള്ള പ്രത്യേകം പ്രത്യേകം അറകള്‍ ഉണ്ടായിരിക്കും. ഗ്രാമീണ മേഖലയിലും നഗര മേഖലയിലുമുള്ള സംരംഭകര്‍ തമ്മിലുള്ള ബന്ധമാണ് കൂണ്‍ കൃഷിയുടെ പ്രചാരത്തിന് സഹായകമാകുന്നത്. ഗ്രാമങ്ങളില്‍ ലഭ്യമാകുന്ന വസ്തുക്കളെയും തൊഴിലാളികളെയും ഉള്‍പ്പെടുത്തി വളര്‍ത്തിയെടുക്കുന്ന കൂണുകള്‍ നഗര മേഖലകളിലേക്ക് വില്‍പ്പന നടത്താനാണ് ഇവര്‍ ശ്രമിക്കുന്നത്.


 

click me!