ഹിറ്റ്‌‌ലര്‍ക്കു നേരെ നടന്ന ആറു കൊലപാതകശ്രമങ്ങൾ

By Web TeamFirst Published Jul 13, 2020, 3:38 PM IST
Highlights

ഹിറ്റ്‌‌ലറുടെ എരികേറ്റുന്ന ഭാഷ താമസിയാതെ അവരിൽ പലരെയും പ്രകോപിതരാക്കി.  പ്രസംഗം പുരോഗമിക്കുന്നതിനിടെ ഹാളിൽ ഒരു അടി പൊട്ടിപ്പുറപ്പെട്ടു.

ജർമനിയുടെ സർവശക്തനായ സ്വേച്ഛാധിപതിയായി വാഴുമ്പോഴും, ഹിറ്റ്‌‌ലറുടെ നയങ്ങളോട് എതിർപ്പുള്ള നിരവധിപേർ ജർമനിയിൽ തന്നെ ഉണ്ടായിരുന്നു. പലരും ഒളിവിൽ കഴിഞ്ഞ്, ലഘുലേഖകളും മറ്റും അച്ചടിച്ച് പ്രചരിപ്പിച്ച് ആ എതിർപ്പു പ്രകടിപ്പിച്ചു. ചുരുക്കം ചില അസാമാന്യ ധൈര്യശാലികൾ, ഹിറ്റ്‌‌ലർ കാരണം ഈ ഭൂമിക്ക് വന്നു ഭവിച്ചിട്ടുള കെടുതികൾ പരിഹരിക്കാൻ വേണ്ടി, അയാളെ ഈ ഭൂമുഖത്തുനിന്ന് ഇല്ലാത്തതാക്കാൻ തന്നെ തുനിഞ്ഞിറങ്ങി. ഏറ്റവും കുറഞ്ഞത് 42 വധശ്രമങ്ങളെങ്കിലും ഫ്യൂറർക്കെതിരെ നടന്നിട്ടുണ്ട് എന്നാണ് ഏകദേശ കണക്ക്. പല ആക്രമണങ്ങളും ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടാതെ പോയിട്ടുള്ളതുകൊണ്ട് ഈ പട്ടിക ഒരിക്കലും പൂർണമാവാൻ തരമില്ല. ഹിറ്റ്‌‌ലര്‍ക്കുനേരെ നടന്ന വധശ്രമങ്ങളുടെ പട്ടികയിൽ നിന്ന് ശ്രദ്ധേയമായ ആറെണ്ണമാണ് ഇവിടെ പരാമർശവിഷയമാകാൻ പോവുന്നത്. 

1921  - മ്യൂണിക്ക് ബിയർ ഹാൾ ആക്രമണം 

ഹിറ്റ്‌‌ലറുടെ ജീവന് നേരെ ആദ്യമായി ഒരു ആക്രമണമുണ്ടാകുന്നത് രണ്ടാം ലോകമഹായുദ്ധത്തിനു രണ്ടു പതിറ്റാണ്ടു കാലം മുമ്പാണ്. 1921 നവംബറിൽ, അത്രയ്ക്കങ്ങു പ്രസിദ്ധിയാർജ്ജിച്ചിട്ടില്ലാത്ത അഡോൾഫ് ഹിറ്റ്‌‌ലർ എന്ന ഒരു തീപ്പൊരി പ്രാസംഗികൻ മ്യൂണിക്കിലെ ഹോഫ്ബ്രൗഹൗസ് ബിയർ ഹാളിൽ വെച്ച് ഒരു പ്രഭാഷണം നടത്തി. സദസ്സിൽ പലരും അക്കാലത്ത് പുതുതായി രൂപം നൽകിയ ജർമൻ നാസി പാർട്ടിയുടെ അനുഭാവികൾ തന്നെ ആയിരുന്നു എങ്കിലും, ആ ടൗൺ ഹാളിൽ അവർക്ക് പുറമെ, പ്രത്യയശാസ്ത്ര പരമായി എതിർപക്ഷത്ത് നിൽക്കുന്ന ഡസൻ കണക്കിന് സോഷ്യൽ ഡെമോക്രാറ്റുകളും, കമ്യൂണിസ്റ്റുകളും, മറ്റു രാഷ്ട്രീയ വിചാരധാരയിൽ ഉള്ളവരുമൊക്കെ ഇരിപ്പുണ്ടായിരുന്നു. 

 

 

ഹിറ്റ്‌‌ലറുടെ എരികേറ്റുന്ന ഭാഷ താമസിയാതെ അവരിൽ പലരെയും പ്രകോപിതരാക്കി. സദസ്സിൽ ഇരുന്ന പലരും മദ്യപിച്ചിട്ടുമുണ്ടായിരുന്നു. പ്രസംഗം പുരോഗമിക്കുന്നതിനിടെ എങ്ങനെയോ ആ ഹാളിൽ ഒരു അടി പൊട്ടിപ്പുറപ്പെട്ടു. താമസിയാതെ കസേരകളും, ബിയർ കുപ്പികളും പറന്നുതുടങ്ങി. ഇരുപക്ഷക്കാരും തമ്മിൽ പൊരിഞ്ഞ മുഷ്ടിയുദ്ധം തന്നെ നടന്നു. അതിനിടെ, അവിടെ സന്നിഹിതരായിരുന്ന, ഹിറ്റ്‌‌ലർ പറഞ്ഞത് പലതും ബോധിക്കാതിരുന്ന ചില തോക്കുധാരികൾ അവരുടെ ഹോൾഡറുകളിൽ നിന്ന് തോക്കുകൾ പുറത്തെടുത്ത് പോഡിയത്തിനു നേരെ നാലഞ്ച് റൗണ്ട് വെടിയുണ്ടകൾ പായിച്ചു. ഹിറ്റ്‌‌ലർക്ക് വെടിയുണ്ട ഏറ്റില്ല എന്ന് മാത്രമല്ല, പൊലീസ് എത്തുന്നതുവരെ ഇരുപതു മിനിറ്റോളം നേരം അയാൾ വീണ്ടും തന്റെ പ്രകോപനപരമായ പ്രസംഗം തുടരുകയും ചെയ്തു. മരണത്തെ ആദ്യമായി മുഖാമുഖം കണ്ടത് നാസിസത്തോടുള്ള  ഹിറ്റ്‌‌ലറുടെ കൂറ് ഇരട്ടിപ്പിച്ചതേയുള്ളൂ. 

1938  - മൗറീസ് ബവോഡിന്റെ പരിശ്രമം 

ഹിറ്റ്‌‌ലറെ കൊല്ലാനുള്ള പക ഉള്ളിൽ കൊണ്ടുനടന്നിരുന്നവരിൽ കടുത്ത മതവിശ്വാസികളും ഉണ്ടായിരുന്നു. അത്തരത്തിൽ ഒരാളായിരുന്നു സ്വിസ് തിയോളജി വിദ്യാർത്ഥി ആയ മൗറീസ് ബവോഡ്. ഹിറ്റ്‌‌ലർ സാത്താന്റെ ജന്മമാണ് എന്നും അയാൾ കാത്തലിക് ചർച്ചിന്റെ പൊതുശത്രുവാണ് എന്നും കരുതിയിരുന്ന ഒരാളായിരുന്നു മൗറീസ്. തന്റെ ആത്മീയമായ ഉത്തരവാദിത്തമാണ് ഹിറ്റ്‌‌ലറെ വെടിവെച്ചു കൊള്ളുക,, എന്ന് അയാൾ കരുതിയിരുന്നത്. 

 

 

ഹിറ്റ്‌‌ലർ ജർമനിയിൽ എവിടെയൊക്കെ പോയോ അവിടെയൊക്കെ കൊല്ലാൻ അവസരം തേടി മൗറീസും പോയി. ഒടുവിൽ 1938 നവംബർ 9 -ന് അയാൾക്ക് ആ സുവർണാവസരം കിട്ടി. ഹിറ്റ്‌‌ലറും മറ്റു നാസി നേതാക്കളും കൂടി 'ബിയർ ഹാൾ പുഷ്' എന്നപേരിൽ അറിയപ്പെട്ടിരുന്ന കുപ്രസിദ്ധമായ രാഷ്ട്രീയ അട്ടിമറി ശ്രമത്തിന്റെ വാർഷികം പ്രമാണിച്ച്, മ്യൂണിക്കിലെ തെരുവുകളിലൂടെ പരേഡ് നടത്തിക്കൊണ്ടിരിക്കുന്ന സമയം. പരേഡ് വരുന്ന വഴിയിൽ അത് കാണാൻ ആഗ്രഹിക്കുന്നവർക്ക് ഇരിക്കാൻവേണ്ടി നിരവധി താത്കാലിക ഗാലറികൾ കെട്ടിപ്പൊക്കിയിട്ടുണ്ടായിരുന്നു നാസികൾ . അവയിൽ ഒരെണ്ണത്തിന്റെ പിൻനിരയിൽ ചെന്ന് സായുധനായി ഇരുന്നു മൗറീസ്. ഹിറ്റ്‌‌ലറുടെ വൃന്ദം അടുത്തെത്തിയതും അയാൾ കൈ തോക്കിന്റെ അടുത്തേക്ക് കൊണ്ടുപോയി. എന്നാൽ, ഹിറ്റ്‌‌ലർ തൊട്ടടുത്ത് എത്തിയപ്പോഴേക്കും മുന്നിൽ ഇരുന്ന സകല ആരാധകരും ഒന്നടന്നങ്കം എഴുന്നേറ്റു നിന്ന് കൈകൾ ആകാശത്തിലേക്ക് നീട്ടിപ്പിടിച്ചുകൊണ്ട് 'ഹെയ്ൽ ഹിറ്റ്‌‌ലർ" എന്ന് ഫ്യൂറർക്ക് നാസി സല്യൂട്ട് അടിച്ചു. അതോടെ പ്ലാൻ ചെയ്ത പോലെ തോക്ക് നീട്ടാനോ ഉന്നം പിടിക്കാനോ ഒന്നും അയാൾക്ക് സാധിച്ചില്ല. അങ്ങനെ ആ വധശ്രമം പാളി. 

അടുത്ത ദിവസം ജർമനിയിൽ നിന്ന് കടക്കാൻ ശ്രമിക്കെ യാത്ര ചെയ്തിരുന്ന ട്രെയിനിൽ വെച്ച് മൗറീസിനെ ഗെസ്റ്റാപോ പിടികൂടുന്നു. അയാളുടെ കയ്യിൽ ഉണ്ടായിരുന്ന ജർമനിയുടെ മാപ്പുകളും ആയുധങ്ങളും അവരിൽ സംശയമുണർത്തി. ചോദ്യം ചെയ്യലിനിടെ മൗറീസ് തന്റെ ആഗമനോദ്ദേശം ഹിറ്റ്‌‌ലറെ വധിക്കുക എന്നതായിരുന്നു എന്ന സത്യം വെളിപ്പെടുത്തി. 1941 മെയിൽ മൗറീസിനെ നാസികൾ ബെർലിനിലെ പ്ലോട്ട്സെൻസി ജയിലിലെ ഗില്ലറ്റിനിലേക്ക് പറഞ്ഞയച്ചു. 

1939 -ൽ ജോർജ് എൽസറുടെ ബിയർ ഹാൾ ബോംബ് 

കഠിനാധ്വാനിയായ ഒരു ആശാരിപ്പണിക്കാരനും, ഒപ്പം കറയറ്റ ഒരു കമ്യൂണിസ്റ്റുമായിരുന്നു ജോർജ് എൽസർ. നാസിസത്തിന്റെ കടുത്ത വിരോധി. ഹിറ്റ്‌‌ലറും സംഘവും ജർമനിയെ നയിക്കുന്നത് ദാരിദ്ര്യത്തിന്റെ പടുപാതാളത്തിലേക്കാണ് എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. അതുകൊണ്ട്, രാജ്യത്തെ ചൂഴ്ന്നു നിന്നിരുന്ന ആ പ്രശ്നം പരിഹരിക്കാൻ തന്നാലാവുന്നത് ചെയ്യാൻ തന്നെ അദ്ദേഹം ഉറച്ചു. അടുത്ത വർഷം ബിയർ ഹാൾ പുഷിന്റെ വാര്ഷികത്തിനായി ഹിറ്റ്‌‌ലർ മ്യൂണിക്കിൽ ബർഗർബ്രൗകെല്ലെറിൽ പ്രസംഗിക്കാൻ എത്തുന്നുണ്ടെന്ന വിവരം എൽസർക്ക് കിട്ടിയപ്പോൾ അദ്ദേഹം അവിടെവെച്ച് അയാളെ ഉന്മൂലനം ചെയ്യാൻ ഉറപ്പിച്ചു. മാസങ്ങൾ ചെലവിട്ട് അയാൾ  ഹിറ്റ്‌‌ലറെ വധിക്കാനുള്ള ബോംബ് നിർമ്മിച്ചെടുത്തു. 

 

 

144 മണിക്കൂർ കഴിഞ്ഞ് പൊട്ടുന്ന രീതിയിലുള്ള ഒരു ടൈമർ ആയിരുന്നു ബോംബിൽ ഉണ്ടായിരുന്നത്. പരിപാടി നടക്കുന്നതിന് ആഴ്ചകൾ മുമ്പുതൊട്ട് തന്നെ അയാൾ ഇടയ്ക്കിടെ രാത്രികളിൽ ബർഗർബ്രൗകെല്ലെറിൽ ആരുമറിയാതെ നുഴഞ്ഞു കയറി പോഡിയത്തിന്റെ തൊട്ടുപിന്നിലായി ചുവര് തുരന്ന് ബോംബിനുള്ള ഇടം ഉണ്ടാക്കുന്ന പണി തുടർന്നു. ആഴ്ചകളോളം നീണ്ടുനിന്ന ക്ലേശകരമായ ആ കഠിനാധ്വാനത്തിനു ശേഷം അയാൾ വളരെ വിജയകരമായി തന്റെ ബോംബ് അവിടെ കൊണ്ടു പ്രതിഷ്ഠിച്ചു. 

1939 നവംബർ 8 -ന് രാത്രി 9.20 -ന് ഹിറ്റ്‌‌ലറുടെ പ്രസംഗം പാതിവഴി എത്തിനിൽക്കേ പൊട്ടാൻ കണക്കാക്കി അയാൾ തന്റെ ബോംബിന്റെ ടൈമർ സെറ്റ് ചെയ്തു. പ്ലാനിങ്ങും ബോംബിന്റെ സ്ഥാപനവും ഒക്കെ പഴുതടച്ചു ചെയ്‌തെങ്കിലും, ഭാഗ്യം എൽസറുടെ കൂടെ നിന്നില്ല. ലോകമഹായുദ്ധം തുടങ്ങിയിരുന്നു അപ്പോഴേക്കും. കുറേക്കൂടി നേരത്തെ ബെർലിനിൽ തിരികെ എത്തണം എന്ന് കണക്കാക്കി, മുൻകൂട്ടി അനൗൺസ് ചെയ്തിരുന്നതിൽ നിന്നും ഒരു മണിക്കൂർ നേരത്ത, അതായത് രാത്രി എട്ടുമണിയോടെ ഹിറ്റ്‌‌ലർ പ്രസംഗിച്ചു തുടങ്ങി. 9.07 pm ആയപ്പോഴേക്കും തന്റെ വാക്കുകൾ ഉപസംഹരിച്ച ഹിറ്റ്‌‌ലർ, 9.12 pm നുള്ളിൽ ആ കെട്ടിടം വിട്ടു പുറത്തിറങ്ങിപ്പോയിരുന്നു. കൃത്യം 9.20 pm -നു തന്നെ ബോംബ് വെടിച്ചു. അതിരുന്ന പില്ലർ തകർന്നടിഞ്ഞു. മേൽക്കൂര നിലംപൊത്തി. ആ സ്‌ഫോടനത്തിൽ എട്ടുപേർ മരിച്ചു. ഡസൻ കണക്കിന് പേർക്ക് ഗുരുതരമായ പരിക്കേറ്റു. ആ ബോംബ് ഏറെ ഉദ്ദേശിച്ചാണോ അയാൾ മാത്രം ആ സ്‌ഫോടനത്തിന് ഇരയായില്ല. 

സ്വിറ്റ്‌സർലൻഡിലേക്ക് കടക്കാൻ ശ്രമിക്കവേ അതിർത്തിയിൽ വെച്ച് എൽസർ ഗസ്റ്റപോയുടെ പിടിയിലാകുന്നു. ചോദ്യം ചെയ്യലിനിടെ ബോംബിങ്ങിലെ തന്റെ റോൾ അയാൾ തുറന്ന് സമ്മതിക്കുന്നു. രണ്ടാം ലോകമഹായുദ്ധം തീരും വരെ അയാളെ കോണ്സന്ട്രേഷനിൽ ഇട്ടശേഷം യുദ്ധം അവസാനിക്കാറായ കാലത്ത്, ജർമനിയുടെ പതനത്തിനു ശേഷമുള്ള അവസാന ദിനങ്ങളിൽ ഒന്നിൽ അയാളുടെ സെല്ലിൽ നിന്ന് വിളിച്ചിറക്കി വെടിവെച്ചു കൊല്ലുകയായിരുന്നു എസ്എസ് എന്ന ജർമൻ രഹസ്യപൊലീസ് എൽസറെ. 

1943 - ഹെന്നിങ് വോൺ ട്രെസ്ക്കോവിന്റെ 'ബ്രാണ്ടി ബോംബ്'

ഹിറ്റ്‌‌ലർക്കെതിരെ നടന്ന ഏറ്റവും മാരകമായ വധശ്രമങ്ങളിൽ ഒന്നായിരുന്നു 'ബ്രാണ്ടി ബോംബ് അറ്റംപ്റ്റ്' എന്നപേരിൽ അറിയപ്പെടുന്നത്. ഹിറ്റ്‌‌ലറുടെ തന്നെ സംഘത്തിൽ അയാളോട് എതിർപ്പുള്ള ഒരു മിലിട്ടറി ഓഫീസർ ഉണ്ടായിരുന്നു. അയാളുടെ പേരായിരുന്നു, ഹെന്നിങ് വോൺ  ട്രെസ്‌കോവ്. സ്മോലെൻസ്കിലേക്കുള്ള തന്റെ ഹ്രസ്വസന്ദർശനം പൂർത്തിയാക്കി ഹിറ്റ്‌‌ലർ വിമാനത്തിലേറി തിരികെ പോകാനൊരുങ്ങിയപ്പോൾ ഹെന്നിങ് ഒരു പാർസൽ ബോക്സുമായി ഹിറ്റ്‌‌ലറുടെ സ്റ്റാഫ് അംഗങ്ങളിൽ ഒരാളെ സമീപിച്ചു. രണ്ടു കുപ്പി കോയിൻട്രൂ ബ്രാന്ഡയാണ് ബോക്സിൽ എന്നാണ് അയാൾ ആ സുരക്ഷാ ഉദ്യോഗസ്ഥനോട് പറഞ്ഞത്. ബെർലിനിലെ തന്റെ ഒരു സ്നേഹിതനുള്ള മദ്യമാണ് എന്ന് പറഞ്ഞ് ആ വിമാനത്തിൽ കയറ്റിയ  ആ പാക്കേജിൽ, ടേക്ക് ഓഫ് ചെയ്ത് 30 മിനിറ്റിനുള്ളിൽ പൊട്ടിത്തെറിക്കുന്ന ഒരു പ്ലാസ്റ്റിക് എക്സ്പ്ലോസീവ്സ് ബേസ്ഡ്  ടൈം ബോംബ് ആണുണ്ടായിരുന്നത്.  30  മിനിറ്റ് കഴിഞ്ഞാൽ പൊട്ടിത്തെറിക്കാൻ വേണ്ടി ഒരു ഫ്യൂസ് സെറ്റ് ചെയ്തിട്ടുണ്ടായിരുന്നു അതിൽ. എന്നാൽ ഈ വിമാനം സുരക്ഷിതമായി ബെർലിനിൽ ഇറങ്ങി. 

 

 

ട്രെസ്‌കോവും സഹഗൂഢാലോചനക്കാരനുമായ ഫാബിയാൻ വോൺ ഷ്ലാബ്രെൻഡോർഫും ചേർന്ന് ഒരുക്കിയതായിരുന്നു ആ  വിമാനത്തിൽബോംബുവെക്കാനുള്ള പ്ലാൻ. എന്നാൽ,   വിമാനം സുരക്ഷിതമായി ബെർലിനിൽ ലാൻഡ് ചെയ്തു എന്നറിഞ്ഞപ്പോൾ മുതൽ അത് എന്തേ പൊട്ടാഞ്ഞു എന്ന സംശയം അവരെ വിട്ടുമാറിയില്ല. അയാൾ ഉടൻ തന്നെ ബെർലിനിലെ അധികാരികളോട് വിളിച്ച്, ബോക്സ് മിക്സപ്പ് ആയിട്ടുണ്ട്. ശരിക്കുള്ള ബോക്സ് പകരം എത്തിക്കാം എന്നും പറഞ്ഞു. അടുത്ത ദിവസം തന്നെ അയാൽ അയാൾ രണ്ടു കുപ്പി ബ്രാണ്ടി കൊണ്ട് ആ പൊതിയിലെ ടൈം ബോംബ് കണ്ടെത്തി. ആ ബോംബ് പൊട്ടാതിരിക്കാൻ കാരണം പരാജയപ്പെട്ട ഒരു ഫ്യൂസ് ലിങ്ക് ആയിരുന്നു എന്ന് പിന്നീടുള്ള പരിശോധനയിൽ ട്രെസ്‌കോവ്  തിരിച്ചറിഞ്ഞു. 

1943 ലെ റുഡോൾഫ് വോൺ ഗെർട്ട്സ്ഡോർഫിന്റെ ചാവേർ ആക്രമണം 

ട്രെസ്‌കോവിന്റെ ബ്രാണ്ടി ബോംബ് പൊട്ടാതെ ഹിറ്റ്‌ലർ രക്ഷപ്പെട്ട സംഭവം നടന്നതിന് ശേഷം, അടുത്ത ഒരാഴ്ചക്കുള്ളിൽ തന്നെ ആയാലും സഹ ഗൂഢാലോചനക്കാരും ചേർന്ന് അടുത്ത ശ്രമവും നടത്തി. സോവിയറ്റ് ആയുധങ്ങളും, പടക്കോപ്പുകളും പ്രദർശിപ്പിച്ചിരിക്കുന്ന ഒരിടത്ത് ഒരു മണിക്കൂർ നേരത്തേക്ക് ഹിറ്റ്‌‌ലർ വരുന്നു എന്ന് കേട്ടാണ് സംഘം അടുത്ത നടപടിക്ക് ഇറങ്ങിയത്. 

 

റുഡോൾഫ് വോൺ ഗെർട്ട്സ്ഡോർഫ് എന്നയാൾ ബോംബ് പൊട്ടിക്കാനുള്ള പണി ഏറ്റെടുത്തു. ഹിറ്റ്‌ലർ അവിടെ വന്ന ശേഷം ഏതാണ്ട് ഒരു മണിക്കൂർ ചെലവിടും എന്ന് കരുതി അരമണിക്കൂറിന് ശേഷം പൊട്ടാൻ കണക്കാക്കിയാണ് അത് സ്ഥലത്ത് സെറ്റാക്കിയത്. എന്നാൽ,  വോൺ ഗെർട്ട്സ്ഡോർഫ് കരുതിയതിലും നേരത്തെ ഹിറ്റ്‌ലർ ഹാൾ വിട്ടിറങ്ങി. അങ്ങനെ ജൂൺ 21 -ന് അതോടെ തന്റെ ദേഹത്ത് സൂയിസൈഡ് ജാക്കറ്റും ധരിച്ചു നിന്നിരുന്ന ഗെർട്ട്സ്ഡോർഫ് അവിടെ വെച്ച് വെറും സെക്കൻഡുകൾ അവസാനിക്കെ ബോംബ് മാനുവലായി ഡിഫ്യൂസ്  ചെയ്തു.


1944  ജൂലൈ പ്ലോട്ട് 

1944 -ലെ ഡി ഡേ ഇൻവേഷൻസ് തുടങ്ങുന്നതിനു മുമ്പ്, അസംതൃപ്തരായ ചില സൈനിക കമ്മാണ്ടർമാർ ചേർന്ന് ഹിറ്റ്‌‌ലറെ വധിക്കാൻ വീണ്ടും പദ്ധതിയിട്ടു. പ്രഷ്യയിലുള്ള 'വുൾഫ്സ് ലെയർ' എന്ന ഹിറ്റ്‌ലറുടെ മടയിൽ തന്നെ ചെന്ന് അയാളെ കൊല്ലാനുള്ള ആ പ്ലാനിനെ അവർ വാൾക്കിരി പ്ലോട്ട് എന്നും വിളിച്ചു. ക്ലോസ്സ് വോൺ സ്റ്റോഫൻബേർഗ്‌ എന്ന  മിലിട്ടറി കേണൽ ആയിരുന്നു വധശ്രമത്തിന് പിന്നിൽ. വടക്കൻ അമേരിക്കയിലെ ഒരു പോരാട്ടത്തിനിടെ അയാളുടെ ഒരു കയ്യും ഒരു കാലും കേണലിനു നഷ്ടമായിരുന്നു. ഒരിക്കൽ ഹിറ്റ്‌‌ലറെ വധിച്ചാൽ പിന്നെ ജർമ്മൻ സെൻട്രൽ റിസർവ് പട്ടാളത്തെ ഉപയോഗിച്ച് ജർമനിയുടെ അധികാരം പിടിച്ചെടുക്കാം എന്നും കേണൽ വിശ്വസിച്ചു. 

 

 

ഹിറ്റ്‌ലർ വിളിച്ചു ചേർത്ത ഒരു പത്ര സമ്മേളനത്തിലേക്ക് 'പ്ലാസ്റ്റിവ് എക്‌സ്‌പോളിസിവ്സ്' അടങ്ങിയ ഒരു ബ്രീഫ് കേസ്, അതിൽ സ്‌ഫോടനത്തെ നിയന്തിക്കാൻ ഒരു ആസിഡ് ഫ്യൂസ് എന്നിവയുമായി സ്റ്റോഫൻബേർ കടന്നുചെന്നു. ഹിറ്റ്‌‌ലർ ഇരിക്കുന്നതിന്റെ പരമാവധി അടുത്തായി ഈ ബ്രീഫ് കേസ് വെച്ച ശേഷം ഒരു കോൾ വരുന്ന പോലെ നടിച്ച് അയാൾ പുറത്തിറങ്ങി. അയാൾ പുറത്തിറങ്ങി മിനിറ്റുകൾക്കുള്ളിൽ ആ മുറിക്കുള്ളിൽ സ്ഫോടനം നടന്നു. നാലുപേർ മരിച്ച ആ സ്‌ഫോടനത്തിൽ ഹിറ്റ്‌ലർക്ക് ഗുരുതരമായ, എന്നാൽ ജീവൻ നഷ്ടപ്പെടാത്ത വിധത്തിലുള്ള പരിക്കുകളേറ്റു. സ്ഫോടനം നടക്കുന്നതിന് മിനിറ്റുകൾ മുമ്പ് ആ മുറിയിലുണ്ടായിരുന്ന ഒരു  ഓഫീസർ ഈ ബ്രീഫ്‌കേസ് എടുത്ത് ഒരു തടിയുടെ മേശക്കലിന്റെ പിന്നിലേക്ക് മാറ്റിയിരുന്നു. അതാണ് ഹിറ്റ്‌ലർ മരിക്കാതിരുന്നത്. 

സാമാന്യം പരിക്കേറ്റു എങ്കിലും, സ്ഫോടനത്തിൾ ഹിറ്റ്‌ലർ കൊല്ലപ്പെട്ടില്ല എന്ന വിവരം  പൊതുജനം അറിഞ്ഞുതുടങ്ങിയ ഏതാണ്ട് അതേ സമയത്തുതന്നെ ഈ ഗൂഢാലോചനയിൽ പങ്കെടുത്തവരെക്കുറിച്ചുള്ള സകലവിവരവും ജർമൻ രഹസ്യപ്പോലീസിനു ചോർന്നുകിട്ടി. സ്റ്റൗഫെൻബെർഗ് അടക്കമുള്ള ശേഷിക്കുന്ന എല്ലാ ഗൂഢാലോചനക്കാരെയും ബെർലിനിലേക്ക് പിടിച്ചു കൊണ്ടുവന്ന്, നിരത്തി ഫയറിംഗ് സ്‌ക്വാഡിന്റെ മുന്നിൽ നിർത്തി വെടിവെച്ച് കൊന്നുകളഞ്ഞു ഹിറ്റ്‌ലർ. ആ പ്ലോട്ടിന്റെ ഏഴയലത്തുകൂടെ പോയ ഗൂഢാലോചനക്കാരുടെ നിരവധി ബന്ധുക്കളെയും ഹിറ്റ്ലർ നിർദയം ഇല്ലാതാക്കി. ജൂലൈ പ്ലോട്ട് പരാജയപ്പെട്ട ശേഷം ഹിറ്റ്‌ലർ 'താൻ അമരനാണ്' എന്നുവരെ വീമ്പടിച്ചു കളഞ്ഞു. എന്നാൽ അതേ സമയം, ദേഹത്തിന്‌ അസഹ്യമായ വേദന പകർന്ന ഈ സ്ഫോടനമാണ്, ജീവഭയമെന്തെന്നും ഹിറ്റ്‌ലറെ അനുഭവിപ്പിച്ചത് . അതിനു ശേഷം തുടർന്നങ്ങോട്ട് വല്ലാതെ ഉൾവലിഞ്ഞാണ്  ഫ്യൂറർ ജീവിച്ചു പോയത്. പൊതു പരിപാടികളിൽ പോകുന്നതൊക്കെ അയാൾ തീർത്തും ഒഴിവാക്കിയത് ആ ആക്രമണത്തിന് ശേഷമാണ്. 

 

 

ഏറ്റവും അവസാനമായി ഹിറ്റ്‌ലർക്ക് നേരെ ഒരു വധശ്രമം ഉണ്ടായത് സ്വന്തം കൈകൊണ്ടുതന്നെയാണ്. 1945 ഏപ്രിൽ 30 ന്, റഷ്യയുടെ റെഡ് ആർമി ബെർലിൻ ലക്ഷ്യമിട്ട് വരുന്നുണ്ടെന്നു വിവരം കിട്ടിയപ്പോൾ, ഫ്യൂറർസ് ബംഗ്ളാവിന്റെ പൂന്തോട്ടത്തിനടുത്തുള്ള 'ഫ്യൂറർസ്ബങ്കറി'നുള്ളിൽ വെച്ച്, തോക്കുകൊണ്ട് സ്വന്തം തലയ്ക്കു വെടിയുതിർത്തു നടത്തിയ ആ 'വധശ്രമം' തടയാൻ ആരുംതന്നെ ആ മുറിക്കുള്ളിൽ ഉണ്ടായില്ല.  അവിടെ സന്നിഹിതയായിരുന്ന രണ്ടാമത്തെ വ്യക്തി, സയനൈഡ് സേവിച്ച് ആത്മഹത്യ ചെയ്ത അവസ്ഥയിലായിരുന്ന ഭാര്യ ഇവ ബ്രൗണിനെ സാക്ഷിനിർത്തി തന്റെ Walther PPK 7.65." പിസ്റ്റൾ കൊണ്ട് വലത്തേ നെറ്റിയിലേക്ക് വെടിയുതിർത്ത്,  ഹിറ്റ്‌ലർ എന്ന ലോകം കണ്ട ഏറ്റവും ക്രൂരനായ സ്വേച്ഛാധിപതി സ്വന്തം ജീവിതം അവസാനിപ്പിച്ചു. 

click me!