ഒറ്റുകാരെയും നാസികളെയും പ്രലോഭിപ്പിച്ച് കാട്ടിലെത്തിച്ചു, ചുംബിക്കാന്‍ തുടങ്ങുമ്പോള്‍ വെടിവെച്ചുകൊന്നു; ആ യുദ്ധകാലത്തെ പെണ്‍പുലികള്‍

By Web TeamFirst Published Jan 15, 2020, 12:27 PM IST
Highlights

വിശ്വാസവഞ്ചകന്മാരുടെ വധശിക്ഷ നടപ്പില്‍വരുത്തുന്ന ആയുധമെടുത്ത പോരാളികളായി അവര്‍ മൂവരും മാറുകയായിരുന്നു. അതായിരുന്നു അവരേറ്റെടുത്ത ദൗത്യം. ശത്രുക്കളെ സഹായിക്കുന്ന രാജ്യദ്രോഹികളായ നാട്ടുകാരെയാണ് അവര്‍ പ്രധാനമായും ലക്ഷ്യമിട്ടതും വകവരുത്തിയതും. 

1940 മെയ് 10... 

ഹാനിക്കന്ന് 19 വയസ്സാണ്, ട്രൂസിന് 16, ഫ്രെഡ്ഡിക്കാകട്ടെ വെറും 14 വയസ്സ്. അതായത് നാസി ജര്‍മ്മനി, നെതര്‍ലാന്‍ഡ്‍സിലേക്ക് അധിനിവേശം നടത്തുമ്പോള്‍ അവര്‍ മൂവരും അത്രയൊന്നും പ്രായമെത്താത്ത സാധാരണക്കാരായ മൂന്ന് പെണ്‍കുട്ടികളായിരുന്നുവെന്നര്‍ത്ഥം... എന്നാല്‍, രണ്ടാം ലോക മഹായുദ്ധകാലത്ത് നെതര്‍ലാന്‍ഡിലേക്ക് നാസിപ്പട നടത്തിയ ആ അധിനിവേശം ഈ മൂന്ന് പെണ്‍കുട്ടികളുടെ ജീവിതഗതി തന്നെ മാറ്റിമറിച്ചു. അതുവരെ ഒരു സാധാരണജീവിതം നയിച്ചിരുന്ന അവര്‍ ചരിത്രത്തിലെ തന്നെ വലിയ പോരാളികളായി മാറി. 

ഹാനി, ട്രൂസ് ഫ്രെഡ്ഡി ഓവര്‍സ്റ്റീഗന്‍

അവര്‍ മൂന്നുപേരും വളരെ നാണക്കാരൊക്കെയായ സാധാരണ പെണ്‍കുട്ടികളായിരുന്നു. പക്ഷേ, യുദ്ധം അവരെ ധൈര്യമുള്ളവരാക്കി മാറ്റി. ഫ്രെഡ്ഡിയും ട്രൂസും സഹോദരിമാരായിരുന്നു. ഫാസിസത്തോട് കടുത്തവിരോധമുള്ള ഒരു അമ്മ തനിച്ചാണ് ആ രണ്ടുപെണ്‍കുട്ടികളെയും വളര്‍ത്തിയത്. ആ പെണ്‍കുട്ടികളുടെ സുഹൃത്തായിരുന്നു ഹാനി ഷാഫ്റ്റ് എന്ന പത്തൊമ്പതുകാരി. ഹാരി ഒരു യൂണിവേഴ്‍സിറ്റി വിദ്യാര്‍ത്ഥിനിയായിരുന്നു അന്ന്. ജര്‍മ്മനിയോട് വിധേയത്വം പുലര്‍ത്തിക്കൊണ്ടുള്ള പ്രതിജ്ഞ ചൊല്ലാന്‍ തയ്യാറാവാതിരുന്നതിന്‍റെ പേരില്‍ പക്ഷേ ഹാനിക്ക് പഠനമുപേക്ഷിക്കേണ്ടിവന്നു. 

ഫ്രെഡ്ഡി ഓവര്‍സ്റ്റീഗന്‍, ട്രൂസ്  ഓവര്‍സ്റ്റീഗന്‍

അധിനിവേശം ആരംഭിച്ചതോടെ നാസിപ്പടകള്‍ക്കെതിരായ ചെറിയ ചെറിയ പണികളെല്ലാം ഏറ്റെടുത്തു തുടങ്ങിയിരുന്നു ഈ മൂവര്‍സംഘം. രഹസ്യമായി പ്രതിരോധപ്രവര്‍ത്തനം നടത്തുന്നവര്‍ക്കൊപ്പമായിരുന്നു അവരുടെ നീക്കം. പക്ഷേ, വളരെ പെട്ടെന്ന് തന്നെ അതില്‍നിന്നും കൂടുതല്‍ ശക്തമായ, പ്രത്യക്ഷമായ പോരാട്ടങ്ങളിലേക്ക് ആ പെണ്‍പുലിക്കൂട്ടം നീങ്ങി. അവരെ മൂവരെയും സംബന്ധിച്ച് ജീവിതത്തില്‍ അന്നേവരെ സംഭവിക്കാത്തവിധം അസാധാരണമായ കാര്യങ്ങളാണ് അവരുടെ ജീവിതത്തില്‍ പിന്നീടങ്ങോട്ട് സംഭവിച്ചത്. 

വിശ്വാസവഞ്ചകന്മാരുടെ വധശിക്ഷ നടപ്പില്‍വരുത്തുന്ന ആയുധമെടുത്ത പോരാളികളായി അവര്‍ മൂവരും മാറുകയായിരുന്നു. അതായിരുന്നു അവരേറ്റെടുത്ത ദൗത്യം. ശത്രുക്കളെ സഹായിക്കുന്ന രാജ്യദ്രോഹികളായ നാട്ടുകാരെയാണ് അവര്‍ പ്രധാനമായും ലക്ഷ്യമിട്ടതും വകവരുത്തിയതും. ജര്‍മ്മന്‍കാരെക്കാളും അവര്‍ കൊലപ്പെടുത്തിയത് കൂട്ടത്തില്‍നിന്നൊറ്റിയ ഡച്ചുകാരായിരുന്നു. അവരില്‍ പലരും അറിയപ്പെട്ടിരുന്ന ഭൂവുടമകളായിരുന്നു. കൊല്ലാനായി അവരെ തെരഞ്ഞെടുക്കാനുള്ള കാരണം മറ്റൊന്നുമായിരുന്നില്ല, നാസികളേക്കാള്‍ വലിയ ഭീഷണിയായിരുന്നു അവര്‍ എന്നതു തന്നെയായിരുന്നു. 1942 -ന്‍റെ തുടക്കത്തിലായിരുന്നു പെണ്‍കൂട്ടത്തിന്‍റെ ഈ പ്രതികാര നടപടി തുടങ്ങിയതെന്നാണ് കരുതുന്നത്. 

ആ സമയത്ത് ഫ്രെഡി ഓവര്‍സ്റ്റീഗന് പതിനഞ്ചോ പതിനാറോ വയസ്സ് മാത്രമായിരുന്നു പ്രായം. ഫ്രെഡ്ഡി ആ സമയത്ത് ഒരു സ്ത്രീയെ വധിക്കുകയുണ്ടായി. ഹാര്‍ലെം നഗരത്തിലുള്ള ജൂതരുടെ പേരുകളും വിവരങ്ങളും നാസി ഇന്‍റലിജന്‍സ് ബ്യൂറോയ്ക്ക് കൈമാറാന്‍ ശ്രമിച്ചിരുന്ന ഒരു സ്ത്രീയായിരുന്നു അവര്‍. ആ സ്ത്രീ ഒരു പാര്‍ക്കിലിരിക്കവേയാണ് ഫ്രെഡ്ഡി അവരെ സമീപിക്കുന്നത്. ആ സ്ത്രീ തന്നെയാണ് അത് എന്നുറപ്പിക്കുന്നതിനായി ഫ്രെഡ്ഡി അവരുടെ പേര് ചോദിച്ചു. ആളത് തന്നെയെന്ന് ഉറപ്പായ ഉടനെ രണ്ടാമതൊന്ന് ചിന്തിക്കാതെ പതിനഞ്ചോ പതിനാറോ വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടി ആ ഒറ്റുകാരിക്ക് നേരെ നിറയൊഴിച്ചു. അവിടെവച്ചുതന്നെ ആ സ്ത്രീ മരിച്ചു. 

കാഴ്‍ചയില്‍ സുന്ദരികളും നിഷ്‍കളങ്കരെന്ന് തോന്നുന്നതുമായിരുന്നു ഈ മൂന്ന് പെണ്‍കുട്ടികളും പോരാത്തതിന് പ്രായവും കുറവ്. അതവരെ ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് സഹായിച്ചു. പല രാജ്യദ്രോഹികളായ ഡച്ചുകാരും ഈ പെണ്‍കുട്ടികളുടെ കൈകൊണ്ട് കൊല്ലപ്പെട്ടു. അതിലേറെ വധശിക്ഷയും നടപ്പിലാക്കപ്പെട്ടത് കാടിനകത്തുവെച്ചായിരുന്നു. നാസികളെയും ഒറ്റുകാരായ ഡച്ചുകാരെയും അവര്‍ തന്ത്രപൂര്‍വം കാട്ടിലെത്തിച്ചു. പ്രേമം കാട്ടിയും മറ്റും മയക്കിയായിരുന്നു ഇവരെ സുന്ദരികളായ ആ പെണ്‍കുട്ടികള്‍ കാട്ടിലെത്തിച്ചിരുന്നത്. ഈ പുരുഷന്മാര്‍ക്കൊന്നും തന്നെ അവരെ യാതൊരു സംശയവും തോന്നിയിരുന്നില്ല. ശരിക്കും അവര്‍ തങ്ങളോട് താല്‍പര്യം പ്രകടിപ്പിക്കുന്നതാണ് എന്ന് വിശ്വസിച്ച ഇവര്‍ അവരോടൊപ്പം കാട്ടിലേക്ക് പോവുകയും ചെയ്‍തു. അവര്‍ ആ പെണ്‍കുട്ടികളെ ചുംബിക്കാന്‍ ശ്രമിക്കുന്നതോടെ അവരുടെ മരണമണി മുഴങ്ങും. അവര്‍ കൊല്ലപ്പെടുകയും ചെയ്യും.

എന്നാല്‍, എല്ലാ കൊലപാതകങ്ങളും നടത്തുന്നത് ഇതേ രീതിയില്‍ത്തന്നെയല്ല. പലരേയും ബൈക്കോടിച്ച് പോകവെ വെടിവെച്ച് കൊന്നിരുന്നു മൂവരും. അതാകുമ്പോള്‍ അവരെ അധികനേരം പ്രലോഭിപ്പിച്ചുനിര്‍ത്തേണ്ടതുണ്ടായിരുന്നില്ല. എളുപ്പത്തില്‍ വധം നടക്കും. 'ഹായ്' എന്നോ 'ഹലോ' എന്നോ പറഞ്ഞുതീരുമ്പോഴേക്കും ശത്രുവിന്‍റെ ശരീരം നോക്കി വെടിയുണ്ട പായുകയും നിമിഷങ്ങള്‍ക്കകം അയാളുടെ ശ്വാസം നിലക്കുകയും ചെയ്യും. 

ഹാനി ഷാഫ്റ്റ്

ഈ മൂന്ന് പെണ്‍കുട്ടികളില്‍ ഹാനിയ്ക്ക് ചുവന്ന നിറമുള്ള മുടിയായിരുന്നു. അതുകൊണ്ട് തന്നെ നാസികളവളെ എളുപ്പത്തില്‍ തിരിച്ചറിഞ്ഞു. 1945 ഏപ്രില്‍ പതിനേഴിന് അവള്‍ പിടിക്കപ്പെടുകയും നാസികളാല്‍ വധിക്കപ്പെടുകയും ചെയ്‍തു. കൊല്ലപ്പെടുമ്പോള്‍ 24 വയസ്സായിരുന്നു അവളുടെ പ്രായം. അവിടെനിന്നും കൃത്യം 18 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നെതര്‍ലാന്‍ഡ് മോചിപ്പിക്കപ്പെട്ടു. അതിനിടയില്‍ എത്രയോ ജൂതന്മാര്‍ വധിക്കപ്പെട്ടു. എല്ലാ വര്‍ഷവും ഹാനിയുടെ ധീരതയെ ഓര്‍മ്മിക്കാനായി ഒരു ദിവസം എല്ലാവരും ഒത്തുകൂടാറുണ്ട്. പല പാഠപുസ്‍തകങ്ങളിലും അവളെ കുറിച്ച് പഠിക്കാനുണ്ടായിരുന്നു. 

ഫ്രെഡിയും ട്രൂസും 

ട്രൂസും ഫ്രെഡ്ഡിയും പിന്നെയും ഒരുപാട് കാലം ജീവിച്ചു. വയസ്സായി സാധാരണ എല്ലാവരേയും പോലെയാണ് അവര്‍ മരിച്ചത്. മരണംവരെ അവരുടെ ഒരേയൊരു വേദന തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ഹാനിയെന്ന കൂട്ടുകാരിയുടെ, ധീരയായ പോരാളിയുടെ മരണമായിരുന്നു. യുദ്ധകാലത്തെ ആ ദിനങ്ങളോര്‍ത്ത്, ജര്‍മ്മന്‍കാരാല്‍ വധിക്കപ്പെട്ട തങ്ങളുടെ കൂട്ടുകാരിയെ ഓര്‍ത്ത് അവര്‍ പലപ്പോഴും കരഞ്ഞിരുന്നു. 

ട്രൂസ് ഓവര്‍ സ്റ്റീഗന്‍ മരിക്കുന്നത് 2016 -ലാണ്. രണ്ട് വര്‍ഷത്തിനുശേഷം 2018 -ല്‍ സഹോദരി ഫ്രെഡ്ഡിയും മരിച്ചു. മരണംവരെ സഹോദരിമാരെന്നതിലുമുപരി ഉറ്റ കൂട്ടുകാരികളുമായിരുന്നു അവര്‍. 1945 -ന് ശേഷം മറ്റൊരു യുദ്ധവും അവര്‍ക്കിരുവര്‍ക്കും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. പക്ഷേ, മരണംവരെ യുദ്ധത്തിന്‍റെയും പോരാട്ടത്തിന്‍റെയും ത്യാഗത്തിന്‍റെയും ഓര്‍മ്മകള്‍ അവര്‍ക്കുള്ളിലുണ്ടായിരുന്നു. 

അല്ലെങ്കിലും യുദ്ധം സാധാരണക്കാരായ മനുഷ്യരെപ്പോലും ചിലപ്പോള്‍ പോരാളികളാക്കി മാറ്റിയേക്കും.  

(വിവരങ്ങള്‍ക്ക് കടപ്പാട്: ബിബിസി) 

click me!