ഇങ്ങനെയാണ് ശിവ്ദേവി എന്ന സാധാരണ ദളിത് സ്ത്രീ 'അഴിമതിക്കാര്‍ ഭയപ്പെടുന്ന ജേണലിസ്റ്റ്' ആയി മാറിയത്..

By Web TeamFirst Published May 2, 2019, 2:05 PM IST
Highlights

അതിനുശേഷം ചിത്രകൂടിലുള്ള മഹിളാ ശിക്ഷന്‍ കേന്ദ്രയിലും അവള്‍ കോഴ്സ് പൂര്‍ത്തിയാക്കി. ചുറ്റിലും കൊടുങ്കാറ്റും ഭൂമികുലുക്കങ്ങളുമുണ്ടായി.. അതിനോടൊക്കെ 'പോയി പണി നോക്ക്' എന്ന് പറഞ്ഞുകൊണ്ട് അവള്‍ തന്‍റെ പഠനം പൂര്‍ത്തിയാക്കി. 

തന്‍റെ സ്കൂട്ടറില്‍ വാര്‍ത്തകള്‍ക്ക് വേണ്ടി കുതിച്ചു പായുന്ന ശിവ്ദേവി.. ശ്രദ്ധിക്കപ്പെടുന്ന ഈ ദളിത് ജേണലിസ്റ്റ് 30 വര്‍ഷം മുമ്പ് ഇങ്ങനെ ആയിരുന്നില്ല. അവരുടെ മാറ്റത്തിന്‍റെയും ധീരത നിറഞ്ഞ യാത്രയുടേയും കഥ അവരെ, 'യഥാര്‍ത്ഥ പോരാളി' എന്ന് അടയാളപ്പെടുത്തുന്നതാണ്..

ഉത്തര്‍പ്രദേശിലെ ബാന്ദാ നഗരത്തില്‍ നിന്നും മാറിയാണ് ശിവ്ദേവിയുടെ വീട്.. ഇന്നവര്‍ അറിയപ്പെടുന്ന ഒരു പത്രപ്രവര്‍ത്തകയാണ്. അവളുടെ 'ജേണലിസ്റ്റ്' എന്ന പദവിയിലേക്കുള്ള യാത്രയുടെ കാഠിന്യം അറിയണമെങ്കില്‍ കുറച്ചധികം വര്‍ഷങ്ങള്‍ പിറകിലേക്ക് പോകണം.. 

2011 -ലാണ്. ഒരു റീ യൂണിയന്‍ നടക്കുന്നു. അതില്‍ നിര്‍ത്താതെ സംസാരിച്ചു കൊണ്ടിരിക്കുന്ന ഒരു സ്ത്രീ, അതായിരുന്നു ശിവ്ദേവി.. ആ സംഗമം ഏതെങ്കിലും സ്കൂള്‍, കോളേജ് ബാച്ചിന്‍റേതായിരുന്നില്ല.. 20 വര്‍ഷം മുമ്പ് നടന്ന ഒരു കോഴ്സില്‍ പങ്കെടുത്തവരുടെ സംഗമം ആയിരുന്നു അത്. ദളിത്, ആദിവാസി യുവതികള്‍ക്കായി സംഘടിപ്പിച്ച ആറ് മാസം നീണ്ട കോഴ്സില്‍ പങ്കെടുത്തവരായിരുന്നു അത്. അവരുടെ ജീവിതത്തിലെ തന്നെ പ്രധാനപ്പെട്ട വഴിത്തിരിവായിരുന്നു ആ കോഴ്സ്. ശിവ്ദേവിയെ സംബന്ധിച്ചാകട്ടെ അവളുടെ ജീവിതം തന്നെ മാറ്റിമറിച്ച ഒന്നും..

28 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹം കഴിഞ്ഞയുടന്‍ തന്നെ സ്ത്രീധനത്തിന്‍റെ പേരും പറഞ്ഞ് ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ ശിവ്ദേവിയെ ഉപദ്രവിച്ച് തുടങ്ങിയിരുന്നു. ഒരു ദിവസം ശിവ്ദേവി തന്‍റെ ഭര്‍ത്താവിന്‍റെ വീട്ടുകാരോട്, താന്‍ ദളിത്, ആദിവാസി യുവതികള്‍ക്കായി സംഘടിപ്പിക്കുന്ന ആറ് മാസത്തെ ഒരു കോഴ്സിന് ചേരാന്‍ പോവുകയാണ് എന്ന് പറഞ്ഞു. 'അതിനെങ്ങാനും പോയാല്‍ തിരികെ വീട്ടിലേക്ക് വന്നുപോകരുത്' എന്നായിരുന്നു ഭര്‍തൃവീട്ടുകാരുടെ ഭീഷണി. ഏതായാലും ഭീഷണിയിലൊന്നും തളരാതെ തന്നെ അവള്‍ കോഴ്സില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. 'ജില്ലാ മജിസ്ട്രേറ്റ് ആവാന്‍ പോവുകയാണോ നീ?' എന്ന പരിഹാസ ചോദ്യം അവള്‍ കേട്ടതായി പോലും ഭാവിച്ചില്ല. ആറ് മാസം പ്രായമുള്ള മകളെ തന്‍റെ സ്വന്തം വീട്ടില്‍ നോക്കാനേല്‍പ്പിച്ച് അവര്‍ കോഴ്സില്‍ പങ്കെടുക്കാന്‍ പോയി. 

അതിനുശേഷം ചിത്രകൂടിലുള്ള മഹിളാ ശിക്ഷന്‍ കേന്ദ്രയിലും അവള്‍ കോഴ്സ് പൂര്‍ത്തിയാക്കി. ചുറ്റിലും കൊടുങ്കാറ്റും ഭൂമികുലുക്കങ്ങളുമുണ്ടായി.. അതിനോടൊക്കെ 'പോയി പണി നോക്ക്' എന്ന് പറഞ്ഞുകൊണ്ട് അവള്‍ തന്‍റെ പഠനം പൂര്‍ത്തിയാക്കി. 

അപ്പോഴും അവളുടെ ജീവിതത്തിലെ വഴിത്തിരിവായി മാറിയത് ഒരു സുഹൃത്തിന്‍റെ വാക്കുകളാണ്. ആ സുഹൃത്താണ് ഒരൂകൂട്ടം ധീരരായ സ്ത്രീകള്‍ ചേര്‍ന്ന് നടത്തുന്ന ഒരു പത്രത്തെ കുറിച്ച് ശിവ്ദേവിയോട് പറയുന്നത്. ആദ്യം പത്രപ്രവര്‍ത്തന ജീവിതം അവരെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുകള്‍ നിറഞ്ഞത് തന്നെയായിരുന്നു. അഭിമുഖങ്ങളും മറ്റും ചെയ്യാനായി പോകുമ്പോള്‍ പലപ്പോഴും അവരുടെ വേഗത്തിനൊത്ത് അവര്‍ക്ക് എഴുതിയെടുക്കാനായില്ല. എഴുതുന്നത് എഡിറ്റര്‍മാരുടെ മുന്നിലെത്തുമ്പോള്‍ വേണ്ടത്ര തൃപ്തമായിരുന്നില്ല. എങ്കിലും അവര്‍ തോറ്റില്ല. 

തളരാതെ, പതറാതെ..
തെരഞ്ഞെടുപ്പ് കാലമായിരുന്നു അവരെ സംബന്ധിച്ച് ഏറ്റവും കഠിനമായ കാലം. 2014 -ലെ ലോകസഭ ഇലക്ഷനായിരുന്നു ഒരു പത്രപ്രവര്‍ത്തകയെന്ന നിലയില്‍ ശിവ്ദേവി നേരിട്ട ആദ്യത്തെ പോരാട്ടം. ഒരു ദളിത് പത്രപ്രവര്‍ത്തക എന്ന നിലയില്‍ ദളിത് വോട്ടര്‍മാരുടെ പ്രതീക്ഷകളെ കുറിച്ചും അവരുടെ പ്രശ്നങ്ങളെ കുറിച്ചും ശിവ്ദേവി എഴുതി. 

ഇതിനെ തുടര്‍ന്ന് താക്കൂര്‍ സമുദായത്തിലുള്ള ഒരുകൂട്ടം അള്‍ക്കാര്‍ ശിവ്ദേവിയെ വളഞ്ഞു. അവളുടെ വാര്‍ത്തകള്‍ വന്ന പത്രങ്ങള്‍ നശിപ്പിച്ചു. ക്യാമറ തകര്‍ത്തു. അവളെ ഉപദ്രവിച്ചു. പൊലീസ് സ്റ്റേഷനില്‍ ചെല്ലേണ്ടി വന്നു ശിവ്ദേവിക്ക്. പക്ഷെ, നിരന്തരമായ ഭീഷണിയും ഉപദ്രവങ്ങളും അവളെ ഭയമില്ലാത്തവളാക്കുകയായിരുന്നു. 

രണ്ട് വര്‍ഷം മുമ്പ് ശിവ്ദേവി ഒരു സ്കൂട്ടി വാങ്ങി. വാര്‍ത്തകള്‍ തേടിയുള്ള അവളുടെ യാത്രകള്‍ക്ക് വേഗമേറ്റാന്‍.. ഇന്ന് ശിവ്ദേവി അഴിമതിക്കാര്‍ക്കും കള്ളരാഷ്ട്രീയക്കാര്‍ക്കും ഭയമുള്ള, എല്ലാവരും ബഹുമാനിക്കുന്ന ഒരു പത്രപ്രവര്‍ത്തകയാണ്. 

ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്ന് കൊല്ലാന്‍ ശ്രമിച്ചിട്ടും അവളുയര്‍ന്നു വന്നു. മൂന്നു മക്കളെയും സ്വന്തമായി നോക്കി. സ്ഥലവും സ്കൂട്ടിയും വാങ്ങി. ഇന്ന് ഭയമില്ലാതെ അവള്‍ സ്മാര്‍ട്ട് ഫോണ്‍ പോലുമുപയോഗപ്പെടുത്തി വാര്‍ത്ത തയ്യാറാക്കുന്നു. 

ഇത് ഒരു ചെറിയ യാത്രയല്ല.. തോല്‍ക്കാന്‍ തയ്യാറല്ലാത്ത ഒരു സ്ത്രീയുടെ അതികഠിനവും പ്രചോദനപരവുമായ നീണ്ട യാത്ര തന്നെയാണ്. ശിവ്ദേവി ധീരതയുടേയും ആത്മവിശ്വാസത്തിന്‍റേയും അടയാളം തന്നെയാണ്.. 
 

click me!