മാലേഗാവിലെ ദുരൂഹത : കൊവിഡ് മരണങ്ങൾ കുറവ്, പക്ഷേ ഏപ്രിലിലെ മരണനിരക്ക് കഴിഞ്ഞ വർഷത്തേതിന്റെ ഇരട്ടിയിലധികം

By Web TeamFirst Published May 4, 2020, 4:14 PM IST
Highlights

കഴിഞ്ഞ വർഷം ഏപ്രിലിൽ മരിച്ചതിന്റെ രണ്ടിരട്ടിയിലധികം പേർ ഈ വർഷം  ഏപ്രിലിൽ മരിച്ചിട്ടുണ്ട്. അങ്ങനെ അധികമായി മരിച്ചവരെ മരണം തേടിയെത്തിയത് കൊവിഡ് ബാധ കാരണമാണോ എന്നതാണ് സംശയം.

മഹാരാഷ്ട്രയിലെ  മലേഗാവിൽ നിന്ന് പുറത്തുവന്നിട്ടുള്ള ഔദ്യോഗികമായ കണക്കുകൾ പ്രകാരം, ഏപ്രിൽ ആദ്യവാരം ആദ്യത്തെ പോസിറ്റീവ് കേസ് വന്ന അന്നുതൊട്ടിന്നുവരെയുള്ള പ്രദേശത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം 12 മാത്രമാണ്. പ്രദേശത്ത് ഞായറാഴ്ച വരെ കോവിഡ് പോസിറ്റീവ് എന്ന് സ്ഥിരീകരിച്ചത് 229 പേർക്ക് മാത്രമാണ്. എന്നാൽ നഗരത്തിലെ ഔദ്യോഗിക മരണക്കണക്കുകൾ പുറത്തുവന്നത് പരിശോധിക്കുമ്പോൾ, മരണങ്ങൾ കഴിഞ്ഞ വര്ഷം ഏപ്രിലിലേതിന്റെ ഇരട്ടിയായിട്ടുണ്ട് ഈ വർഷത്തേക്ക് എന്നാണ് കാണുന്നത്. 

ഏപ്രിൽ മാസത്തിൽ ഇക്കുറി മലേഗാവ് നഗരസഭാ രേഖപ്പെടുത്തിയ മരണങ്ങൾ, 580 ആണ്.  കഴിഞ്ഞ കൊല്ലം ഇതേ മാസം ഈ നിരക്ക് വെറും 277 ആയിരുന്നു. അതായത് കഴിഞ്ഞ വർഷം ഏപ്രിലിൽ മരിച്ചതിന്റെ രണ്ടിരട്ടിയിലധികം പേർ ഈ വർഷം  ഏപ്രിലിൽ മരിച്ചിട്ടുണ്ട്. മാർച്ചിലെ മരണത്തിലും കഴിഞ്ഞ വർഷത്തേക്കാൾ 48 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ട്. 

ഇതെങ്ങനെ എന്ന ചോദ്യം വരുമ്പോൾ അധികാരികൾ ചൂണ്ടിക്കാട്ടുന്നത് നഗരത്തിലെ അടഞ്ഞു കിടക്കുന്ന സ്വകാര്യാശുപത്രികളെയാണ്. എന്തായാലും ഇത്തവണ ഏപ്രിലിൽ മരിച്ച എല്ലാവരുടെയും ബന്ധുക്കളിൽ നിന്ന് തികച്ചും 'റാൻഡം' ആയി സാമ്പിളുകൾ എടുത്ത് ടെസ്റ്റ് ചെയ്യാനൊരുങ്ങുകയാണ് നഗരസഭ. 

ഇവിടെ ഉയരുന്ന സംശയം ലളിതമാണ്. കഴിഞ്ഞ വർഷം ഇതേകാലത്ത് മരിച്ചതിനും കൂടുതലായി ഇക്കുറി ഏപ്രിലിൽ ആളുകൾ മരിച്ചിട്ടുണ്ടെങ്കിൽ,  അങ്ങനെ അധികമായി മരിച്ചവരെ മരണം തേടിയെത്തിയത് കൊവിഡ് ബാധ കാരണമാണോ എന്നതാണ് സംശയം. മൃതദേഹം വിട്ടുകൊടുക്കും മുമ്പ് കൊവിഡ് ടെസ്റ്റ് നടത്താത്തത് കാരണം, ആ മരണങ്ങളെ കൊവിഡിന്റെ കണക്കിൽ ഈ മരണങ്ങൾ പെടാത്തതാകും എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. 

ആറുലക്ഷം പേർ അധിവസിക്കുന്ന ഒരു നഗരമായ മാലേഗാവ് ഏപ്രിൽ 8 -നാണ് ആദ്യത്തെ കേസ് വരുന്നത്. അതിനു ശേഷം ഇടയ്ക്കിടെ സ്ഥിരീകരണങ്ങൾ ഉണ്ടായിക്കൊണ്ടിരുന്ന ഈ ഹോട്ട് സ്പോട്ടിൽ ഞായറാഴ്ച വരെ 229 കേസാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്, അതിൽ 12 പേർ അസുഖം മൂർച്ഛിച്ച് മരിച്ചുപോയി. ഏപ്രിൽ 27 നുശേഷം ഒരു മരണം പോലും മാലേഗാവിൽ ഔദ്യോഗികമായി രേഖപ്പെടുത്തപ്പെട്ടില്ല.

'ബഡാ കബറിസ്ഥാൻ' എന്നത് നഗരത്തിലെ ഏറ്റവും വലിയ ശ്മശാനങ്ങളിൽ ഒന്നാണ്. അവിടെ സാധാരണഗതിക്ക് അഞ്ചോ ആരോ മൃതദേഹങ്ങൾ ഒരു ദിവസം എത്തുമെങ്കിൽ, ഇപ്പോൾ അത് നിത്യം മുപ്പതോളം എന്നായിട്ടുണ്ട്. ഏപ്രിലിൽ ബഡാ കബറിസ്ഥാനിൽ കഴിഞ്ഞ ഏപ്രിലിൽ 140 ജഡങ്ങളാണ് സംസ്കരിക്കാറുള്ളതെങ്കിൽ ഈ മാസം അത് 457 കടന്നു.  പക്ഷേ, ദാഹ സംസ്കാരങ്ങളുടെ എണ്ണത്തിൽ അധികമൊന്നും വർദ്ധനവുണ്ടായിട്ടില്ല. മാലേഗാവിലെ ജനസംഖ്യയുടെ 79 ശതമാനത്തോളം മുസ്ലീങ്ങളാണ് എന്നത് മൃതദേഹം മറവുചെയ്യുന്നതിൽ കുറവുണ്ടാവാൻ സ്വാഭാവികമായും കാരണമായേക്കാം. 

 

 

മാലേഗാവിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന 'എമർജൻസി ഓപ്പറേഷൻ സെല്ലി'ന്റെ ചുമതലയുള്ള പങ്കജ് ആഷിയ ഐഎഎസ് പറയുന്നത്, നഗരത്തിൽ നടന്നിട്ടുള്ള മരണങ്ങളിൽ ഏതെങ്കിലും കൊവിഡ് കാരണം ഉണ്ടായതാണോ എന്ന് ഉറപ്പിച്ചു പറയുക ഇനി ദുഷ്കരമാവും എന്നാണ്. എന്തായാലും മരിച്ചവരുടെ ബന്ധുക്കളെ റാൻഡം ആയി കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കാൻ നഗരസഭ തീരുമാനിച്ചത് ഈ സംശയത്തിന്റെ പുറത്തു തന്നെയാണ്.  കഴിഞ്ഞ മാസം നഗരത്തിൽ അഞ്ചു ഡോക്ടർമാർ മരിച്ചതിൽ മൂന്നുപേരും കൊവിഡ് പോസിറ്റീവ് ആയിരുന്നു എന്നത് ഈ ഭീതിക്ക് ആക്കം പകരുന്നതാണ്. 

മാലേഗാവിൽ ഇപ്പോൾ 20 രോഗികൾ കൊവിഡ് ആശുപത്രികളിലും, 70 രോഗികൾ ഡെഡിക്കേറ്റഡ് കൊവിഡ് ഹെൽത്ത് സെന്ററുകളിലുമാണ് ചികിത്സയിലുള്ളത്. അത്രയ്ക്ക് ഗുരുതരമല്ലാത്ത 232 കേസുകൾ കൊവിഡ് കെയർ സെന്ററുകളിലും പരിചരണത്തിലുണ്ട്. സംശയമുള്ള 245 പേർ വീടുകളിൽ ക്വാറന്റൈനിലുമുണ്ട്. അടച്ചുപൂട്ടിയ സ്വകാര്യ ആശുപത്രികൾ തുറന്നു പ്രവർത്തിപ്പിച്ച് കൊവിഡ് അല്ലാത്ത രോഗങ്ങൾ ബാധിച്ചവരെ അവിടെ മാത്രം ചികിത്സിക്കാൻ, പ്രദേശം സന്ദർശിച്ച സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

മറ്റുള്ള നഗരങ്ങളെക്കാൾ കൂടിയ സാന്ദ്രതയിൽ ജനങ്ങൾ അധിവസിക്കുന്ന ഒരു നഗരമാണ് മാലേഗാവ്. 100-150 സ്‌ക്വയർ ഫീറ്റ് സ്ഥലത്ത് പത്തിലധികം പേരൊക്കെയാണ് ഇവിടത്തെ വീടുകളിൽ കഴിയുന്നത്. പലരും കൂലിവേലക്കാരുമാണ്. മുൻകരുതലുകളെടുക്കാൻ വേണ്ടത്ര പണമില്ലാത്തതും സാമൂഹിക അകലം പാലിക്കാൻ വേണ്ട സൗകര്യം വീടുകളിൽ ഇല്ലാത്തതും ഇവിടെ അസുഖം പകരാൻ സാധ്യത വർധിപ്പിച്ചിരിക്കുകയാണ്. 

കൊവിഡ് ബാധിച്ചു മരിക്കുന്നവരിൽ രോഗം സ്ഥിരീകരിക്കാത്ത അവരുടെ മൃതദേഹങ്ങൾ സാധാരണ അസുഖങ്ങൾ ബാധിച്ചു മരിക്കുന്നവരെപ്പോലെ തന്നെ ബന്ധുക്കൾക്ക് വിട്ടുനൽകുന്നത്, കേസുകളുടെ എണ്ണം വളരെയധികം വർധിപ്പിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. അതുകൊണ്ട് പരിശോധനകൾ ഇനിയെങ്കിലും ശക്തമാക്കാനും കൊവിഡ് ബാധ നിയന്ത്രണാധീനമാക്കാനുമുള്ള ശ്രമത്തിലാണ് നഗരസഭ അധികൃതർ. 
 

click me!