
കഴിഞ്ഞ ഒന്‍പത് മാസക്കാലയളവിനുള്ളില്‍ 7,500 കോടിയുടെ നഷ്ടമുണ്ടായെന്നാണ് ഇന്ത്യന്‍ പൗള്‍ട്രി ഇക്വിപ്‌മെന്റ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ പറയുന്നത്. ഉപഭോക്താക്കള്‍ കരുതുന്നത് മുട്ടയുത്പാദനത്തിലൂടെ കോഴിക്കര്‍ഷകര്‍ വന്‍ലാഭമുണ്ടാക്കുന്നുവെന്നാണെങ്കിലും ഒരു മുട്ട ഉത്പാദിപ്പിക്കുമ്പോള്‍ കര്‍ഷകന് ഒരു രൂപയുടെ നഷ്ടമാണ് നേരിടേണ്ടി വരുന്നതെന്ന് അസോസിയേഷന്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ മുട്ടക്കോഴികളെ വളര്‍ത്തുന്ന കര്‍ഷകന്‍ യഥാര്‍ഥത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്?
കോഴിയെ കൂട്ടിലടച്ചോ തുറന്നുവിട്ടോ എങ്ങനെ വളര്‍ത്തിയാലും മുട്ടകള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെങ്കില്‍ കോഴിക്കര്‍ഷകര്‍ രക്ഷപ്പെടുമെന്ന അഭിപ്രായവും ഉയര്‍ന്നുവരുന്നു. ഒരു പഞ്ചായത്തില്‍ ഒരു യൂണിറ്റ് എന്ന രീതിയില്‍ ആയിരം കോഴികളെ വളര്‍ത്തി മുട്ടകള്‍ സര്‍ക്കാര്‍ അധീനതയിലുള്ള സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ ശേഖരിച്ച് മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റി മാര്‍ക്കറ്റില്‍ എത്തിച്ചാല്‍ സ്ത്രീകള്‍ക്കും തൊഴിലവസരം സൃഷ്ടിക്കാമെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു.
കഴിഞ്ഞ വര്‍ഷം ഓരോ കോഴിക്കര്‍ഷകനും ഒരു കോഴിയെ വളര്‍ത്തിയതിന്റെ പേരില്‍ നഷ്ടമായത് 250 രൂപയാണ്. നാഷണല്‍ എഗ്ഗ് കോര്‍ഡിനേഷന്‍ കമ്മിറ്റി കോഴിക്കര്‍ഷകരുടെ അവസ്ഥ മനസിലാക്കുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്.
മുട്ടയ്ക്കായി കോഴിവളര്‍ത്തുമ്പോഴുള്ള പ്രശ്‌നം
'കോഴികളെ കൂട്ടിനുള്ളില്‍ വളര്‍ത്തി പ്രത്യേക തീറ്റ വാങ്ങിക്കൊടുത്ത് മുട്ടക്കോഴികളാക്കുന്നവര്‍ക്ക് വലിയ നഷ്ടമാണ്. നമ്മള്‍ എല്ലാത്തിനും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. അതുകൊണ്ടുതന്നെ തീറ്റ നല്‍കുക എന്നത് വലിയൊരു പ്രശ്‌നമാണ്. ഒരു കോഴിയുടെ ആയുര്‍ദൈര്‍ഘ്യം 72 ആഴ്ചയാണ്. വെളുത്ത നിറത്തിലുള്ള മുട്ട ഉത്പാദിപ്പിക്കുന്ന നാടന്‍ കോഴികള്‍ 250 മുതല്‍ 280 വരെ മുട്ടകളാണ് ആകെ തരുന്നത്. ' തൃശൂരിലെ ട്രൂ ലൈന്‍ ഫാര്‍മേഴ്‌സ് എന്ന എഗ്ഗര്‍ നഴ്‌സറിയുടെ ഉടമയായ തോമസ് കേരളത്തിലെ മുട്ടക്കോഴി വളര്‍ത്തുന്നവരുടെ പ്രശ്‌നമാണ് വിശദമാക്കുന്നത്.
'ബി.വി 380 എന്ന ഇനം ചുവന്ന മുട്ട ഉത്പാദിപ്പിക്കുന്നവയാണ്. ഇവയെ കൂട്ടിലാണ് വളര്‍ത്തുന്നത്. ഇത് കേരളത്തിലെ കാലാവസ്ഥയ്ക്ക് യോജിച്ചതല്ലെന്നാണ് വളര്‍ത്തിയവര്‍ പറയുന്നത്. ഇവയുടെ മുട്ടകള്‍ നാടന്‍ മുട്ട എന്ന പേരില്‍ വില കൂട്ടി മാര്‍ക്കറ്റില്‍ വിറ്റഴിക്കുന്ന സമ്പ്രദായമാണ് കേരളത്തില്‍' തോമസ് പറയുന്നു.
ഉത്തരേന്ത്യയില്‍ എന്‍വയോണ്‍മെന്റല്‍ കണ്‍ട്രോള്‍ ഷെഡാണ് കോഴി വളര്‍ത്താന്‍ ഉപയോഗിക്കുന്നത്. നിയന്ത്രിതമായ ചൂടില്‍ വളര്‍ത്തുന്നതുകൊണ്ട് മറ്റ് സംസ്ഥാനങ്ങളില്‍ കോഴികള്‍ക്ക് പ്രശ്‌നമില്ല. ഏപ്രില്‍-മെയ് മാസങ്ങളിലെ ചൂടുമായി പൊരുത്തപ്പെടാനുള്ള സമ്മര്‍ മാനേജ്‌മെന്റ് ആണ് കേരളത്തിലെ കോഴിവളര്‍ത്തുന്നവര്‍ അറിഞ്ഞിരിക്കേണ്ടത്.
തൊടിയിലും പറമ്പിലും അഴിച്ചുവിട്ട് വളര്‍ത്തുന്ന കോഴികള്‍ക്ക് പ്രത്യേക തീറ്റ വാങ്ങിക്കൊണ്ടുവന്ന് നല്‍കേണ്ടതില്ലെന്നും അതുതന്നെയാണ് ലാഭകരമെന്നും തോമസ് പറയുന്നു.
'ഇന്ന് ബ്രോയിലര്‍ കോഴികള്‍ക്ക് നല്‍കുന്ന സ്റ്റാര്‍ട്ടര്‍ തീറ്റയുടെ വില 50 കി.ഗ്രാം ഉള്ള ഒരു ബാഗിന് 1560 രൂപയോളമാണ്. കോഴി വളര്‍ത്തുന്ന ഒരാള്‍ക്ക് ഒരു കോഴിയെ വളര്‍ത്തിയതിന്റെ പേരില്‍ 365 രൂപ ഇന്ന് നഷ്ടമാകുന്നുണ്ട്. അതായത് ഒരു കോഴിയില്‍ നിന്നുമുള്ള മുട്ടയുത്പാദനക്കാലയളവിനുള്ളില്‍ ഇത്രയും നഷ്ടം കര്‍ഷകന്‍ സഹിക്കണം' തോമസ് ചൂണ്ടിക്കാണിക്കുന്നു.
ഇന്ന് നിയമം നിഷ്‌കര്‍ഷിക്കുന്നതുപോലെ ബയോഗ്യാസ് പ്ലാന്റുകളും മാലിന്യ നിര്‍മാര്‍ജനത്തിനുള്ള പ്രത്യേക സംവിധാനങ്ങളും ഉള്ളവര്‍ക്കു മാത്രമേ കോഴിവളര്‍ത്താന്‍ കഴിയുകയുള്ളൂ. 500 കോഴികളെ വളര്‍ത്താന്‍ ആഗ്രഹിക്കുന്ന ഒരു കര്‍ഷകന് ഒന്നരലക്ഷം മുടക്കുമുതല്‍ ഇതിനായി വിനിയോഗിക്കണമെന്ന സാഹചര്യമുള്ളപ്പോള്‍ കേരളത്തില്‍ കോഴിക്കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് ഇവര്‍ പറയുന്നു.
എന്തിനാണ് കോഴിവളര്‍ത്തുന്ന ഷെഡ്ഡിന് ടാക്‌സ് ഈടാക്കുന്നത്?
'മുമ്പ് കോഴിയ്ക്ക് ചുമത്തിയിരുന്ന 14.5 ശതമാനം ടാക്‌സ് ഇപ്പോള്‍ ഒഴിവാക്കി. എന്നാല്‍ കോഴിവളര്‍ത്തുന്ന ഷെഡ്ഡിന് സാധാരണ കോണ്‍ക്രീറ്റ് സൗധങ്ങള്‍ക്ക് ചുമത്തുന്ന ടാക്‌സ് ആണ്. എന്റെ ഫാമിന് ഞാന്‍ 4000 -ല്‍ക്കൂടുതല്‍ രൂപ ടാക്‌സ് അടയ്ക്കുന്നു.
നിയമം എല്ലാവര്‍ക്കും ബാധകമല്ലേ? ഇവിടെ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഫാമുകള്‍ ആരും ശ്രദ്ധിക്കുന്നില്ല. അവരെ കണ്ടുപിടിച്ച് ലൈസന്‍സ് എടുപ്പിക്കാനുള്ള സംവിധാനം ഉണ്ടാകണം. സത്യസന്ധമായി കോഴിവളര്‍ത്തുന്നവരാണ് നിയമത്തിന്റെ നൂലാമാലകളില്‍പ്പെട്ട് നട്ടംതിരിയുന്നത്' തോമസ് വിശദമാക്കുന്നത് ഒരു സാധാരണ കോഴിക്കര്‍ഷകന് നിലനില്‍ക്കാനുള്ള സാഹചര്യമില്ലെന്നുതന്നെയാണ്.
കേരളത്തില്‍ വ്യാവസായികമായ രീതിയിലുള്ള കോഴിവളര്‍ത്തല്‍ ഇന്നും പ്രായോഗികമല്ലാത്ത അവസ്ഥയാണ്. യഥാര്‍ഥ പ്രശ്‌നം തീറ്റ ഉത്പാദിപ്പിക്കാനുള്ള ഫാക്ടറികള്‍ ഇവിടെ ഇല്ലെന്നതു തന്നെ. കേരളത്തില്‍ വിതരണം ചെയ്യുന്ന സങ്കരയിനം കോഴിക്കുഞ്ഞുങ്ങള്‍ വര്‍ഷത്തില്‍ 180 മുട്ടകള്‍ മാത്രമേ ഇടുന്നുള്ളു. അയല്‍ സംസ്ഥാനങ്ങളില്‍ ലക്ഷക്കണക്കിന് കോഴികളെ വളര്‍ത്തി യന്ത്രവത്കൃത സംവിധാനങ്ങളിലൂടെ മുട്ടകള്‍ ശേഖരിച്ച് പായ്ക്ക് ചെയ്താണ് വിതരണത്തിന് എത്തിക്കുന്നത്. മുട്ട ഉത്പാദനത്തിന്റെ തലസ്ഥാനമായി അറിയപ്പെടുന്നത് തമിഴ്‌നാട്ടിലെ നാമക്കല്‍ ആണ്.
മുട്ടക്കോഴിക്ക് നല്‍കേണ്ട തീറ്റ
110 ഗ്രാം സമീകൃത തീറ്റയാണ് മുട്ടയ്ക്കായി വളര്‍ത്തുന്ന ഒരു കോഴിക്ക് നല്‍കേണ്ടത്. കേരളത്തിലെ കോഴിക്കര്‍ഷകന് 2 രൂപ 80 പൈസയാണ് തീറ്റച്ചെലവ് വരുന്നത്. തമിഴ്‌നാട്ടില്‍ തീറ്റ ഉത്പാദിപ്പിക്കുന്നത് രണ്ട് രൂപയില്‍ താഴെയാണ്. അതുകൊണ്ടു തന്നെ അവര്‍ക്ക് ലാഭകരമായി കോഴിവളര്‍ത്താനും കഴിയുന്നു. നമ്മള്‍ തീറ്റയുണ്ടാക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ക്കും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. അപ്പോള്‍ കേരളത്തില്‍ തീറ്റ ഉത്പാദിപ്പിച്ചാലും ഇന്‍വെസ്റ്റ്‌മെന്റ് കൂടുതലാണ്.
എഗ്ഗര്‍ നഴ്‌സറികളുടെ പ്രശ്‌നം
എഗ്ഗര്‍ നഴ്‌സറികളില്‍ വളര്‍ത്താന്‍ ആവശ്യമായ കോഴിക്കുഞ്ഞുങ്ങളെ നല്‍കാന്‍ ഇന്നും സര്‍ക്കാരിന് കഴിയുന്നില്ല. മുട്ട ഉത്പാദനവും ഇറച്ചി ഉത്പാദനവും വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ എഗ്ഗര്‍ നഴ്‌സറികള്‍ സ്ഥാപിച്ചത്. കേരളത്തില്‍ 328 പേര്‍ക്കാണ് എഗ്ഗര്‍ നഴ്‌സറി ലൈസന്‍സ് ഉള്ളത്.
ആനിമല്‍ ഹസ്ബന്ററി ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മുട്ടക്കോഴി വളര്‍ത്തു കേന്ദ്രമാണ് എഗ്ഗര്‍ നഴ്‌സറി. കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തി സര്‍ക്കാരിലേക്ക് നല്‍കി പഞ്ചായത്തുകളിലൂടെയും മൃഗാസ്പത്രികളിലൂടെയും ജനങ്ങള്‍ക്ക് വിതരണം ചെയ്യുകയാണ് ഇവിടെ. എഗ്ഗര്‍ നഴ്‌സറികളിലേക്ക് ആവശ്യമായ കോഴിക്കുഞ്ഞുങ്ങളെ കിട്ടാതായപ്പോള്‍ കേരളത്തില്‍ ഇത് ബിസിനസായി മാറിയെന്നതാണ് യാഥാര്‍ഥ്യം. തമിഴ്‌നാട്ടില്‍ നിന്ന് കോഴിക്കുഞ്ഞുങ്ങളെ കൊണ്ടുവന്ന് വിതരണം ചെയ്യുന്ന അവസ്ഥ കേരളത്തിലുണ്ടായി.