കാണാതായ അഞ്ഞൂറോളം കുട്ടികളെ തിരിച്ചുപിടിച്ച IPS ഓഫീസറുടെ 'സൂപ്പർ പ്രോട്ടോക്കോൾ'

By Web TeamFirst Published Apr 10, 2019, 7:07 PM IST
Highlights

2017 -ൽ രജിസ്റ്റർ ചെയ്യപ്പെട്ട ചൈൽഡ് മിസ്സിങ്ങ് കേസുകളിൽ 89  ശതമാനത്തിനും തുമ്പുണ്ടാക്കി. കാണാതായ 450-ൽ അധികം കുട്ടികളെ തിരിച്ച് അവരുടെ അച്ഛനമ്മമാരുടെ അടുക്കൽ എത്തിച്ചു. 100-ൽ അധികം കേസുകൾ കുട്ടിക്കടത്ത്.  എല്ലാറ്റിനും കാരണം ഈ ഐപിഎസ് ഉദ്യോഗസ്ഥന്റെ സൂപ്പർ പ്രോട്ടോക്കോൾ. 

2017 -ൽ മഹാരാഷ്ട്രയിലെ പാൽഘറിലുള്ള വസായ് വിരാർ പ്രദേശത്തെ ടുലിഞ്ജ് പോലീസ് സ്റ്റേഷനിൽ വെച്ച് രാധിക എന്ന പെൺകുട്ടി വിശദമായ ഒരു മൊഴി നൽകി. തന്നെ ഒരു വേശ്യാലയത്തിൽ നിന്നും രക്ഷപ്പെടുത്തിയ വനിതാ പോലീസുകാരിയോട്, അവിടെ വെച്ച് തനിക്ക് അനുഭവിക്കേണ്ടി വന്ന ക്രൂരപീഡനങ്ങളെപ്പറ്റി വിവരിച്ചു ആ കുഞ്ഞു പെൺകുട്ടി. അങ്ങനെ ഒരു വെളിപ്പെടുത്തൽ നടത്താനുള്ള മാനസികാവസ്ഥ കൈവരാൻ രക്ഷപ്പെടുത്തപ്പെട്ടിട്ടും ഒരാഴ്ചയോളം സമയമെടുത്തു അവൾക്ക്. അവളെ കടത്തിക്കൊണ്ടുപോയി സംഘം അവളെ വിറ്റത് അവിടത്തെ ഒരു വേശ്യാലയത്തിന്റെ നടത്തിപ്പുകാരിക്കാണ്. അവരുടെ ആവശ്യങ്ങളോട് സഹകരിക്കാതിരുന്ന കുട്ടിയെ അവർ പലവിധത്തിലുള്ള ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക് ഇരയാക്കി. അവളെ അവിടെവെച്ച് പലരും ലൈംഗികമായും ഉപദ്രവിച്ചു. അങ്ങനെ ആകെ മനസ്സുതകർന്നിരിക്കുന്ന അവസ്ഥയിലാണ് ആ കുട്ടിയെ പാൽഘർ എഎസ്‌പി രാജ് തിലക് റോഷന്റെ നേതൃത്വത്തിലുള്ള പൊലീസ് ടീം രക്ഷിച്ചെടുക്കുന്നത്. താൻ അനുഭവിച്ച ട്രോമയെപ്പറ്റി തുറന്നുപറഞ്ഞ ആ കുട്ടി അവിടെവെച്ച് അവൾ പരിചയപ്പെട്ട മറ്റൊരു പെൺകുട്ടിയെയും രക്ഷിക്കാൻ പോലീസിനോട്  അപേക്ഷിക്കയുണ്ടായി. 

ആ കുട്ടിയുടെ കേസ് ക്ളോസ് ചെയ്യുന്നതിനുള്ളപരിശ്രമത്തിനിടെ ഓർക്കാപ്പുറത്ത് പോലീസിന്  ഒരു ലീഡ് കൂടി കിട്ടുകയും അതിൽ പിടിച്ചുകേറി പാൽഘർ പ്രദേശത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നതിന് നേതൃത്വം നൽകുന്ന മധ്യവയസ്കരായ രണ്ടു സ്ത്രീകളെ കണ്ടെത്തുകയും ചെയ്തു.  തുടർന്ന്  അവരിലൂടെ, ആ പ്രവർത്തനങ്ങൾക്കൊക്കെ ചുക്കാൻ പിടിച്ചിരുന്ന വലിയൊരു സംഘത്തെത്തന്നെ വലയിലാക്കാൻ പൊലീസിന് കഴിഞ്ഞു. 

സ്വന്തം കുഞ്ഞുങ്ങളെ കാണാതായാൽ എങ്ങനെ കൈകാര്യം ചെയ്യുമോ അങ്ങനെ തന്നെ വേണം ചെയ്യാൻ

രാധിക എന്ന കുട്ടിയെ അവർ രക്ഷിച്ചെടുത്തപ്പോൾ മനസ്സാകെ തകർന്ന നിലയിലായിരുന്നു അവൾ. ആരോടും ഒന്നും മിണ്ടാൻ കൂട്ടാക്കാത്ത ഒരു അവസ്ഥയിൽ ആയിരുന്നു. തകർന്നടിഞ്ഞ ആ ഒരു അവസ്ഥയിൽ നിന്നും പൊലീസിനോട് മേല്പറഞ്ഞ രീതിയിൽ വിവരങ്ങൾ പങ്കുവെച്ചുകൊണ്ട് സഹകരിക്കുന്ന നിലയിലേക്ക് ആ കുട്ടി വന്നെങ്കിൽ അതിനു പിന്നിൽ, രാജ് ഐപിഎസ് വിഭവനം ചെയ്ത പോസ്റ്റ് റെസ്ക്യൂ 'സൂപ്പർ പ്രോട്ടോക്കോൾ ' തന്നെയാണ്. ഈ പ്രോട്ടോക്കോൾ അനുസരിച്ച് ഒരു കുഞ്ഞിനെ രക്ഷപ്പെടുത്തിക്കൊണ്ടു വരുന്നതോടെ തീരുന്നില്ല പൊലീസ് ഓഫീസറുടെ രക്ഷാ ദൗത്യം. ആ കുട്ടിയെ സ്ഥലത്തെ വിവിധ NGO സംഘടനകളുടെ സഹായത്തോടെ തിരിച്ച് സ്വാഭാവിക ജീവിതം നയിക്കാൻ പ്രാപ്തരാക്കുന്നതുവരെ അവർ കൂടെയുണ്ടാവണം. 

രാധികയുടെ കേസ് 2017-ൽ പാൽഘർ ജില്ലയിൽ നടത്തപ്പെട്ട നൂറുകണക്കിന്  രക്ഷാ ദൗത്യങ്ങളിൽ ഒന്നുമാത്രമാണ്. അക്കൊല്ലം ജില്ലയിൽ നിന്നും കുട്ടികളെക്കാണാതായതിന്റെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളിൽ 89  ശതമാനത്തിനും തുമ്പുണ്ടായി. അവരെ അവരുടെ വീട്ടുകാർക്ക് തിരികെ നൽകി, അല്ലെങ്കിൽ സർക്കാർ വക ആശ്രയ കേന്ദ്രങ്ങളിലാക്കി. അതിനുപുറമെ നൂറിലധികം സെക്സ് ട്രാഫിക്കിങ്ങ് കേസുകളിലും കുട്ടികളെ വേലയെടുപ്പിക്കുന്ന കേസുകളിലും അവർ വിജയകരമായ രക്ഷാപ്രവർത്തനങ്ങൾ നടത്തി. 

2017 -ൽ രാജ് തിലക് ഐപിഎസ് എന്ന ഉദ്യോഗസ്ഥൻ ജില്ലയിൽ വന്നു ചാർജ്ജെടുക്കും മുമ്പുവരെ അവിടത്തെ ട്രേസിങ്ങ് റേറ്റ് വളരെ ചെറുതായിരുന്നു. കുട്ടികളെ കാണാതായാൽ അവർ ഒരിക്കലും അച്ഛനമ്മമാരുടെ അടുക്കൽ തിരിച്ചെത്തുക പതിവില്ലായിരുന്നു. എന്തായാലും, ഒസ്മാനാബാദിൽ നിന്നും പാൽഘറിലേക്ക് രാജ് തിലക് സ്ഥലംമാറ്റം കിട്ടി വന്നതിൽപിന്നെ കാര്യങ്ങൾ മാറിമറിഞ്ഞു. 

ഖരഗ്‌പൂർ ഐഐടിയിൽ നിന്നും എഞ്ചിനീയറിങ്ങ് ബിരുദം നേടി, ഒരു ബഹുരാഷ്ട്ര കമ്പനിയിൽ ഇന്ത്യയിലും വിദേശത്തുമായി കൊല്ലങ്ങളോളം ജോലിചെയ്ത ശേഷമാണ് രാജിന് ദേശസേവനത്തിനായുള്ള ഉൾവിളിയുണ്ടാവുന്നത്. അങ്ങനെയാണ് സിവിൽ സർവീസ് എഴുതിയെടുക്കുന്നതും, ഐപിഎസ് തെരഞ്ഞെടുത്ത് പരിശീലനം പൂർത്തിയാക്കുന്നതും. 

ആ പാവം പെൺകുട്ടികളിൽ പലരും തട്ടിക്കൊണ്ടുപോയി 48  മണിക്കൂറിനുള്ളിൽ വേശ്യാവൃത്തിക്ക് നിർബന്ധിതരാവുന്നുണ്ട് എന്ന സത്യം അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചു

പാൽഘറിൽ വന്നു ചാർജെടുത്ത പാടെ രാജ് ചെയ്തത് അവിടത്തേഹ് ക്രൈം കേസുകൾ വിശദമായി പഠിക്കുകയാണ്.  കേസുകളുടെ സ്റ്റാറ്റിസ്റ്റിക്സ് പരിശോധിച്ച അദ്ദേഹത്തെ അവിടത്തെ കുട്ടിക്കടത്ത് കേസുകളുടെ എണ്ണം അമ്പരപ്പിച്ചു. മാസത്തിൽ 30 -നും 40 -നും ഇടയ്ക്ക് കുട്ടികളെ കാണാതാവുന്നുണ്ടായിരുന്നു പാൽഘറിൽ. IPC 363  പ്രകാരം നിരന്തരം കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടുകൊണ്ടേയിരുന്നു. തന്റെ അധികാര പരിധിക്കുള്ളിൽ തട്ടിക്കൊണ്ടുപോകപ്പെടുന്ന ആ പാവം പെൺകുട്ടികളിൽ പലരും തട്ടിക്കൊണ്ടുപോയി 48  മണിക്കൂറിനുള്ളിൽ വേശ്യാവൃത്തിക്ക് നിർബന്ധിതരാവുന്നുണ്ട് എന്ന സത്യം അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചു. അതുകൊണ്ടുതന്നെ ആ കേസുകളെയും മറ്റു കേസുകൾ പോലെ തന്നെ ഗൗരവത്തിൽ കാണണമെന്ന് അദ്ദേഹം തന്റെ സഹപ്രവർത്തകരോട് പറഞ്ഞു.  അതിന് നിലവിലുള്ള അന്വേഷണ പ്രോട്ടോക്കോളുകൾ അപര്യാപ്തമാണെന്ന് വളരെ പെട്ടെന്നുതന്നെ അദ്ദേഹം തിരിച്ചറിഞ്ഞു.  

അദ്ദേഹമുണ്ടാക്കിയ 'സൂപ്പർ പ്രോട്ടോക്കോൾ'

രാജ് തിലക് റോഷൻ ഐപിഎസ് എന്ന പൊലീസ് അധികാരിയുടെ ധിഷണയിൽ വിരിഞ്ഞ ആ പ്രവർത്തന ശൈലിക്ക്, ഔദ്യോഗിക ഭാഷയിൽ 'സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ്ങ് പ്രൊസീജ്യർ' എന്ന് പറഞ്ഞിരുന്നു. അതിന്റെ വിശദമായ സാഹിത്യം ഓരോ പോലീസ് സ്റ്റേഷനും അദ്ദേഹം നൽകി. ഓരോ പോലീസ് സ്റ്റേഷനിലും നേരിട്ടുചെന്നുകൊണ്ട് താൻ വിഭാവനം ചെയ്ത അന്വേഷണ പ്രോട്ടോക്കോളിൽ അദ്ദേഹം ഓരോ സ്റ്റേഷനിലെയും പോലീസുകാർക്ക് നേരിട്ട് ട്രെയിനിങ്ങ് നൽകി.

അത്തരത്തിലൊരു സൂപ്പർ പ്രോട്ടോക്കോൾ ഉണ്ടാക്കിയെടുക്കും മുമ്പ് അദ്ദേഹം കഴിഞ്ഞ പത്തുവർഷത്തോളം പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളുടെ വിവരങ്ങൾ കൂലങ്കഷമായി പഠിച്ചു. 

ഇപ്പോൾ നിലനിൽക്കുന്ന സംവിധാനത്തിലുള്ള പോരായ്മകൾ പരിഹരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ലക്‌ഷ്യം. പ്രശ്നങ്ങൾക്കുള്ള പരിഹാരം അതാത് പോലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്യുന്ന പ്രാഥമിക അന്വേഷണോദ്യോഗസ്ഥരിൽ നിന്നുതന്നെ തുടങ്ങാം എന്ന് അദ്ദേഹം കരുതി. 

ഒരു കുട്ടിയെ കാണാനില്ല എന്നുള്ള പരാതിയുമായി അവരുടെ രക്ഷിതാക്കൾ സ്റ്റേഷനിൽ വരുമ്പോൾ തൊട്ടുള്ള ഓരോ കാര്യങ്ങളും  വളരെ യുക്തിസഹവും, ശാസ്ത്രീയവും, ത്വരിതവുമായ രീതിയിൽ വളരെ പരിഗണനയോടെ, വളരെ ഗൗരവത്തോടെ കൈകാര്യം ചെയ്യപ്പെടുന്ന ഒരു സ്ഥിതിവിശേഷം  അദ്ദേഹം പതിയെ വളർത്തിക്കൊണ്ടുവന്നു. 

72  കോളങ്ങളുള്ള ഒരു പെർഫോർമ ഈ ഒരു ലക്ഷ്യത്തോടെ അദ്ദേഹം വികസിപ്പിച്ചെടുത്തു. അത് സ്റ്റേഷനിൽ വെച്ച് കൃത്യമായി പൂരിപ്പിക്കപ്പെടുന്നതോടെ കാണാതായ കുട്ടിയെപ്പറ്റിയുള്ള 360  ഡിഗ്രി പ്രൊഫൈൽ സൃഷ്ടിക്കപ്പെടുകയായി. 

പുതിയ പ്രൊസീജ്യർ പ്രകാരം എല്ലാ പൊലീസ് സ്റ്റേഷനിലും പിന്തുടരാൻ വേണ്ടി അദ്ദേഹം ചില ചട്ടങ്ങൾ നിർമിച്ചു. 

1. തങ്ങൾക്കു മുന്നിൽ വരുന്ന ഓരോ ചൈൽഡ് മിസ്സിംഗ് കേസുകളും സ്വന്തം കുഞ്ഞുങ്ങളെ കാണാതായാൽ എങ്ങനെ കൈകാര്യം ചെയ്യുമോ അങ്ങനെ തന്നെ വേണം ചെയ്യാൻ എന്നതായിരുന്നു ആദ്യത്തെ നിർദേശം. കുട്ടിയെ കണ്ടെത്താൻ വേണ്ടി ആകാശത്തിനു കീഴെയുള്ള എന്തും ചെയ്യാൻ പോലീസ് സ്റ്റേഷനുകളിലെ ഇൻസ്‌പെക്ടർമാർ അദ്ദേഹം പ്രചോദിപ്പിച്ചു. 

2. തങ്ങളുടെ സ്റ്റേഷനിൽ വരുന്ന ഓരോ കുട്ടിയെ കാണാതാവൽ  കേസുകളും അവ കുട്ടിക്കടത്തു കേസുകൾ തന്നെയാണ് എന്ന് സങ്കൽപ്പിച്ചു കൊണ്ട് അന്വേഷിക്കാൻ അദ്ദേഹം ഉത്തരവിട്ടു. മിക്കവാറും കേസുകളും അങ്ങനെ ആളായിരിക്കും, പക്ഷേ, അപൂർവം വരുന്ന അത്തരത്തിലുള്ള കേസുകളിൽ അതർഹിക്കുന്ന പരിഗണന കിട്ടണമെങ്കിൽ എല്ലാ കേസുകളെയും അത്തരത്തിൽ പരിഗണിച്ചു പരിചാരിച്ചാൽ മാത്രമേ പറ്റൂ.. 

3 . PITA ( പ്രിവൻഷൻ ഓട് ഇമ്മോറൽ ട്രാഫിക്കിങ്ങ് ആക്ട്) കേസുകളിൽ, അതായത് ലൈംഗിക പീഡന നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന കേസുകളിൽ പിന്തുടരാൻ വേണ്ടി  മൂന്ന് അനെക്സ്ച്ചറുകൾ അദ്ദേഹം ഡിസൈൻ ചെയ്തു. കുട്ടിയെ കണ്ടെത്തുക എന്നതിനോടൊപ്പം ആ കുറ്റകൃത്യത്തിൽ പങ്കാളിത്തമുള്ള നെറ്റ് വർക്കിലെ സകലരെയും വലയിലാക്കാനും അദ്ദേഹത്തിന് ഈ മാർഗ്ഗത്തിലൂടെ കഴിഞ്ഞു. ഉദാഹരണത്തിന് ഒരു കുട്ടിയെ നാഗ്പൂരിൽ വെച്ച് രക്ഷിച്ചാൽ, പിന്നെ ആ പ്രദേശം അതിനുശേഷവും സൂക്ഷ്മ നിരീക്ഷണത്തിലായിരിക്കും. 

4. ഇത്തരത്തിലുള്ള സംഭവങ്ങൾ തിരിച്ചറിയപ്പെടണമെങ്കിൽ അത്യാവശ്യം വേണ്ടുന്നത് ബോധവൽക്കരണമാണ്. കോളേജുകൾക്കും സ്‌കൂളുകൾക്കും വേണ്ടുന്ന ബോധവൽക്കരണ കാമ്പയിനുകൾ അദ്ദേഹം നടത്തി. ബംഗ്ളാദേശിൽ നിന്നും കുട്ടികളെ കടത്തിക്കൊണ്ടു വന്ന കേസിൽ പല വിദേശികളും അകത്തായി. അവർക്കെതിരെ MCOCA വകുപ്പ് ചുമത്തി. 

കുട്ടികൾക്ക് ഗുഡ്/ബാഡ് ടച്ചുകളെപ്പറ്റി പഠിപ്പിച്ചു. ജംഗ്‌ഷനുകൾ കേന്ദ്രീകരിച്ചുകൊണ്ട് ഓട്ടോ, ടാക്സി ഡ്രൈവർമാരുടെ സുരക്ഷാ സംഘങ്ങളുണ്ടാക്കി. റെയിൽവേസ്റ്റേഷനുകളുടെയും, ബസ് സ്റ്റാൻഡുകളുടെയും പരിസരങ്ങളിലുള്ള കച്ചവടക്കാരെ നിരീക്ഷിക്കാനും വിവരങ്ങൾ കൈമാറാനും ചുമതലപ്പെടുത്തി. RPF , GPF ഉദ്യോഗസ്ഥർക്ക് പ്രത്യേകം നിരീക്ഷണ ചുമതലകൾ നൽകി. മേല്പറഞ്ഞവരിൽ നിന്നും സ്ഥിരമായി വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരുന്നു. 

5. പാർക്കുകൾ, മാളുകൾ, തിയറ്ററുകൾ, അമ്പലപ്പറമ്പുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചുകൊണ്ട് കുട്ടികളെ പ്രലോഭിപ്പിച്ച് വലയിലാക്കാൻ നിൽക്കുന്ന വേട്ടക്കാരെ കുടിക്കുക എന്ന ഉദ്ദേശത്തോടെ അദ്ദേഹം തന്റെ ലേഡി കോൺസ്റ്റബിൾമാരിൽ താരതമ്യേന പ്രായം കുറവുതോന്നിക്കുന്ന ചിലരെ കുട്ടികളുടെ വേഷത്തിൽ വിട്ട്, പോലീസുകാരുടെ സഹായത്തോടെ അത്തരത്തിലുള്ള വില്ലന്മാരെ വലയിലാക്കി. 

6. ഇത്തരത്തിലുള്ള അന്വേഷണങ്ങൾ മാത്രം ശ്രദ്ധിക്കാനായി പ്രത്യേക അന്വേഷണ സംഘങ്ങൾ സ്ഥിരമായി പ്രവർത്തിപ്പിച്ചു അദ്ദേഹം എല്ലാ പ്രദേശങ്ങളിലും. തുമ്പില്ലെന്നുകണ്ട്‌  ക്ളോസ് ചെയ്ത പഴയതിൽ പഴയ കേസുകൾ പോലും പലതും അദ്ദേഹം വീണ്ടും ഓപ്പൺ ചെയ്ത് അന്വേഷണം തുടങ്ങി. 

7. തന്റെ മുന്നിലുള്ള കേസുകളെ   പല കാറ്റഗറികളിളാക്കിത്തിരിച്ച് അദ്ദേഹം അവയെ ചുവപ്പ്, ബ്രൗൺ, പച്ച എന്നിങ്ങനെ കളർകോഡ് ചെയ്തു. 


സൂപ്പർ പ്രോട്ടോക്കോളിന്റെ ഫലപ്രാപ്തി 

പുതിയ പ്രോട്ടോക്കോൾ നടപ്പിൽ വന്നതോടെ പാൽഘർ ജില്ലാ ആകെയൊന്ന് ഇളകിമറിഞ്ഞു. കുറ്റങ്ങൾക്ക് തുമ്പുണ്ടാവാൻ തുടങ്ങി. വർഷാവസാനമായപ്പോഴേക്കും 90  ശതമാനത്തോളം കേസുകളും തെളിഞ്ഞു. കുട്ടികളെ തിരിച്ചുകിട്ടി. 

അദ്ദേഹത്തോടൊപ്പം അക്കാലത്ത് ഈ അന്വേഷണങ്ങളിൽ പങ്കെടുത്ത്  ഇന്ന് മറ്റു പല സ്റ്റേഷനുകളിലും ജോലിചെയ്യുന്ന സഹപ്രവർത്തകരായ പലരും ഇന്ന് അദ്ദേഹത്തിന്റെ ഈ സൂപ്പർ പ്രോട്ടോക്കോൾ തങ്ങളുടെ സ്റേഷനുകളിലേക്കും വ്യാപിപ്പിക്കുന്നു.  അവിടങ്ങളിലെ കണക്കുകളിലും അതിന്റേതായ ഫലങ്ങൾ കണ്ടുവരുന്നുണ്ട്. 

കാണാതായ കുട്ടികളെ അവരുടെ ബന്ധുക്കൾക്കടുത്തേക്ക് തിരിച്ചേൽപ്പിക്കുമ്പോൾ അവർക്കുണ്ടാവുന്ന സന്തോഷം, അത് അവർണ്ണനീയമാണ് എന്ന് അദ്ദേഹം പറയുന്നു. തന്റെ മുന്നിൽ വന്നിട്ടും കണ്ടുപിടിക്കാനാവാതെ പോയ ഓരോ കുഞ്ഞിന്റെയും കേസുകൾ അദ്ദേഹത്തിന്റെ മൊബൈൽ ഫോണിൽ ഇപ്പോഴുമുണ്ട്. ആ കേസുകൾക്ക് തുമ്പുണ്ടാവും വരെ തന്റെ  തലച്ചോറിന് വിശ്രമമില്ല എന്നാണ് അദ്ദേഹം പറയുന്നത്.  ഇതുപോലുള്ള കർമ്മ നിരതരായ ഉദ്യോഗസ്ഥരെ കിട്ടാനുള്ള ഭാഗ്യം രാജ്യത്തെ എല്ലാ പൊലീസ് സ്റേഷനുകൾക്കും ഉണ്ടായാൽ നമ്മുടെ നാട്ടിലെ ക്രമസമാധാന നിലയ്ക്ക് കാര്യമായ പുരോഗതി ഉണ്ടാവുമെന്ന്  നമുക്ക് പ്രത്യാശിക്കാം.

(കടപ്പാട്: ബെറ്റര്‍ ഇന്ത്യ)


 

click me!