സ്പാനിഷ് ഫ്ലൂ കാലത്ത്, എല്ലാം അടങ്ങിയെന്നു കരുതി ലോക്ക് ഡൗൺ പിൻവലിച്ച സാൻഫ്രാൻസിസ്കോയിൽ സംഭവിച്ചത്

By Web TeamFirst Published Apr 30, 2020, 10:11 AM IST
Highlights

മണി പന്ത്രണ്ടടിച്ചതും, മാസ്കുകൾ പറിച്ചെറിഞ്ഞ് ജനം വീണ്ടും തെരുവുകളിലേക്കിറങ്ങി. ഒരു മാസമായി വീടുകളിൽ അടച്ചിരുന്നു മടുത്തിരുന്ന ആളുകൾ പുറത്തിറങ്ങാൻ കിട്ടിയ അവസരം പരമാവധി പ്രയോജനപ്പെടുത്തി. 

വർഷം: 1918, നവംബർ 21, ഉച്ചക്ക് 12 മണി നേരം.

സാൻഫ്രാൻസിസ്കോ നഗരവാസികളെ സംബന്ധിച്ചിടത്തോളം അത് ഒന്നാം ലോക മഹായുദ്ധത്തിന്റെ അവസാനം കുറിക്കുന്ന ശുഭവേളയോ, സഖ്യകക്ഷികളുടെ വിജയാഘോഷമോ മാത്രമായിരുന്നില്ല. അത് അവർക്ക് ഒട്ടും രസിച്ചിട്ടില്ലാതിരുന്ന ഒരു 'ലോക്ക് ഡൗണി'ന്റെ സമയപരിധി അവസാനിക്കുന്ന സമയം കൂടി ആയിരുന്നു.

മണി പന്ത്രണ്ടടിച്ചതും, മാസ്കുകൾ പറിച്ചെറിഞ്ഞ് ജനം വീണ്ടും തെരുവുകളിലേക്കിറങ്ങി. ഒരു മാസമായി വീടുകളിൽ അടച്ചിരുന്നു മടുത്തിരുന്ന ആളുകൾ പുറത്തിറങ്ങാൻ കിട്ടിയ അവസരം  പരമാവധി പ്രയോജനപ്പെടുത്തി. അന്നോളം കേട്ടുകേൾവി പോലുമില്ലാതിരുന്ന 'സ്പാനിഷ് ഫ്ലൂ' എന്നൊരു മഹാമാരിയുടെ പേരും പറഞ്ഞുകൊണ്ട് സിറ്റി മേയർ പുറപ്പെടുവിച്ച കടുത്ത നിയന്ത്രണങ്ങൾ പലരുടെയും നെറ്റി ചുളിപ്പിച്ചിരുന്നു. 'നഗരത്തിലെ ഒരു വ്യാപാരസ്ഥാപനവും തുറന്നു പ്രവർത്തിക്കരുത്. അനാവശ്യമായി ഒരാളും വീടുവിട്ടിറങ്ങരുത്. പരസ്പര സ്പർശനങ്ങൾ ഒഴിവാക്കണം. അത്യാവശ്യത്തിനു പുറത്തിറങ്ങുന്ന എല്ലാവരും മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം.' ഹോ..! എന്തൊക്കെ നിബന്ധനകളായിരുന്നു. എല്ലാം കഴിഞ്ഞു കിട്ടി, ഇനി സ്വൈര്യമായി അവനവന്റെ പണിയെടുക്കാം എന്ന ആശ്വാസമായിരുന്നു ജനങ്ങൾക്ക്.

'പുറത്തിറങ്ങിക്കോളൂ, പക്ഷേ മാസ്കുകൾ ധരിച്ചു പുറത്തിറങ്ങുന്നതാവും നല്ലത്...' എന്നൊരു മുന്നറിയിപ്പ് ആരോഗ്യവകുപ്പ് നൽകിയിരുന്നെങ്കിലും അത് ആഘോഷത്തിന്റെ മൂഡിലിരുന്ന ജനം ചെവിക്കൊണ്ടില്ല. അന്ന് തിയേറ്ററുകളിലും, റെസ്റ്റോറന്റുകളിലേക്കും, മറ്റു പൊതു ഇടങ്ങളിലേക്കുമെല്ലാം വന്നെത്തിയത് നാലിരട്ടി ജനങ്ങളായിരുന്നു. അതെ, ഒരു മാസമായി വീട്ടിലിരുന്നതിന്റെ ചൊരുക്ക് മാറ്റാൻ അവർക്ക് എന്തെങ്കിലുമൊക്കെ ചെയ്യണമായിരുന്നു. ബോധം മറയുവോളം കുടിക്കണമായിരുന്നു. രാവെളുക്കുവോളം ആഘോഷിച്ചു തിമിർക്കണമായിരുന്നു. അതിനായി സാൻഫ്രാൻസിസ്കോയിലെ തെരുവുകളിലേക്ക് കൈകോർത്തുപിടിച്ചു കൊണ്ടിറങ്ങിപ്പോയ യുവതീയുവാക്കളും വയോധികരും കുഞ്ഞുങ്ങളും ഒന്നും ഒരു കാര്യം അപ്പോൾ അറിഞ്ഞിരുന്നില്ല - ശരിക്കുള്ള കളി ഇനി തുടങ്ങാൻ ഇരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അവർക്കുള്ള പണി വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു..!
 
ഇപ്പോൾ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് ചെയ്യാൻ ആലോചിക്കുന്നതും ഏകദേശം മേല്പറഞ്ഞതൊക്കെത്തന്നെ. അമേരിക്കയിൽ പതിനായിരങ്ങളുടെ മരണത്തിനു കാരണമായ, ലക്ഷക്കണക്കിനുപേരെ രോഗഗ്രസ്തരാക്കിയ കൊവിഡ് 19 എന്ന മഹാമാരി കളമൊഴിഞ്ഞു എന്നുറപ്പിക്കാൻ വേണ്ടി ഒന്ന് കാത്തിരിക്കാനുള്ള ക്ഷമ ട്രംപടക്കമുള്ള ഭരണാധികാരികൾക്ക് ഉണ്ടെന്ന് തോന്നുന്നില്ല. എങ്ങനെയും 'ഗെറ്റിങ് ബാക്ക് റ്റു ബിസിനസ്' ആണ് അവരുടെ ലക്‌ഷ്യം. എന്നാൽ, വേണ്ടത്ര കാത്തുനിൽക്കാതെ, ഈ മഹാമാരിയുടെ അലയടികൾ ഒടുങ്ങാത്ത വീണ്ടും ജനങ്ങൾ പഴയപോലെ പരസ്പരം സമ്പർക്കം പുലർത്താൻ തുടങ്ങിയാൽ വരാൻ പോകുന്ന ദുരിതങ്ങൾ എന്തൊക്കെ എന്നറിയാൻ 1918 -ൽ സാൻഫ്രാൻസിസ്കോയിൽ എന്തുസംഭവിച്ചു എന്നുമാത്രം പരിശോധിച്ചാൽ മതിയാകും.

ഫ്ലൂവിനെ നേരിടാൻ നഗരത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെടുന്നു 

1918 സെപ്റ്റംബറിലാണ് സാൻഫ്രാൻസിസ്കോയിൽ സ്പാനിഷ് ഫ്ലൂ പടർന്നു പിടിക്കുന്നത്. അസുഖം വ്യാപിക്കാൻ തുടങ്ങിയപ്പോൾ തന്നെ നഗരത്തിലെ ആരോഗ്യസംവിധാനം ഉണർന്നു പ്രവർത്തിച്ചു. നഗരത്തിന്റെ ഹെൽത്ത് ഓഫീസർ ആയിരുന്ന ഡോ. വില്യം ഹാസ്ലർ, ചിക്കാഗോയിൽ സന്ദർശനം കഴിഞ്ഞു മടങ്ങിവരും വഴി നഗരത്തിലേക്ക് അസുഖം കൊണ്ടുവന്നവർ എന്ന് കരുതപ്പെട്ടിരുന്ന തദ്ദേശവാസികളായ രോഗികളോട് അദ്ദേഹം ക്വാറന്റൈനിൽ കഴിയാൻ ആവശ്യപ്പെട്ടു. എന്നാൽ അപ്പോഴേക്കും ഏറെ വൈകിയിരുന്നു. അവരിൽ നിന്ന് പലർക്കും അസുഖം പകർന്നിരുന്നു. അവരൊക്കെയും അതിനെ മറ്റുപലരിലേക്കും പടർത്തിക്കൊണ്ടിരുന്നു.

ഒക്ടോബർ പകുതി ആയപ്പോഴേക്കും, ഒരൊറ്റ ആഴ്‌ചയുടെ ഇടവേളയിൽ, കേസുകളുടെ എണ്ണം 169 -ൽ നിന്ന് ഒറ്റയടിക്ക് 2000 കടന്നിരുന്നു. ആ മാസം അവസാനത്തോടെയാണ് സാൻഫ്രാൻസിസ്കോ മേയർ ജെയിംസ് റുഡോൾഫ് നഗരത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതും സാമൂഹിക സമ്പർക്കം വിലക്കിക്കൊണ്ട് ഉത്തരവിറക്കുന്നതും. ഡോ. ഹാസ്ലറുടെ നിർദേശപ്രകാരം നഗരത്തെ പൂർണ്ണമായും അടച്ചിടാൻ തന്നെ മേയർ തുടർന്ന് തീരുമാനമെടുക്കുന്നു.

'നഗരത്തിന്റെ സാമ്പത്തികനിലയുടെ നട്ടെല്ലൊടിക്കുന്ന തീരുമാനം' എന്ന്  അധികാരികളിൽ ചിലർ പോലും ഈ 'അടച്ചിടലി'നെ അന്ന് അതിനിശിതമായി വിമർശിച്ചു. ജനം അകാരണമായി പരിഭ്രാന്തരാകും എന്നായിരുന്നു അവരുടെ വാദം. എതിർപ്പുകളെ വോട്ടുചെയ്തു തോൽപ്പിച്ച് ഒക്ടോബർ 18 മുതൽ നഗരം ടോട്ടൽ ലോക്ക് ഡൗണിലേക്ക് നീങ്ങി. ജനങ്ങളുടെ ആനന്ദത്തിനും ആഘോഷത്തിനും വിനോദത്തിനുമുള്ള സകലമാർഗ്ഗങ്ങളും അടഞ്ഞു. എല്ലാവരും വീട്ടിൽത്തന്നെ ചടഞ്ഞു കൂടേണ്ട അവസ്ഥയുണ്ടായി.

പുറത്തേക്കിറങ്ങുമ്പോൾ മുഖാവരണം അഥവാ മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം എന്ന് ആരോഗ്യവകുപ്പ് അധികാരികൾ നിർബന്ധമായും പറഞ്ഞിട്ടുണ്ടായിരുന്നു. ആദ്യമൊക്കെ അത് ഒരു നിർദേശം മാത്രമായിരുന്നു എങ്കിൽ, അധികം താമസിയാതെ മേയറുടെ ഉത്തരവിന്മേൽ അതൊരു ആജ്ഞയായി മാറി. സാൻഫ്രാൻസിസ്കോയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരുന്നു അങ്ങനെയൊരുത്തരവ് ജനങ്ങൾക്ക് കിട്ടുന്നത്. പക്ഷേ, ഒരു കാര്യത്തിൽ അവർക്കന്ന് ആശ്വസിക്കാമായിരുന്നു. അമേരിക്കയിൽ ഏറ്റവും കൂടുതൽ മാസ്ക് സ്റ്റോക്കുണ്ടായിരുന്ന നഗരമായിരുന്നു സാൻഫ്രാൻസിസ്കോ. ഒന്നാം ലോകമഹായുദ്ധം അവസാനിച്ചിട്ടില്ലായിരുന്നു അപ്പോഴും. മാസ്ക് ധരിക്കുക എന്നത് ആ യുദ്ധകാലത്ത് 'ദേശസ്നേഹ'ത്തിന്റെ  കൂടി സൂചകമായി കണക്കാക്കപ്പെട്ടു.

"മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്ന പുരുഷനോ, സ്ത്രീയോ, കുട്ടിയോ ആരുമാട്ടെ, അവർ ഈ നാട് മുടിക്കാൻ വേണ്ടി തുനിഞ്ഞിറങ്ങിയവരാണ് എന്ന് കണക്കാക്കേണ്ടി വരും" എന്നായിരുന്നു അന്ന് അമേരിക്കൻ റെഡ്ക്രോസ് വാഹനങ്ങളിൽ നിന്ന് അനൗൺസ് ചെയ്യപ്പെട്ടത്.

അതൊന്നും നിയമങ്ങൾ ലംഘിക്കുന്നവർക്ക് വിഷയമല്ലായിരുന്നു. ഒക്ടോബറിൽ ഒരു ദിവസം മാത്രം ഏതാണ്ട് 110 പേരെ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയതിന് അറസ്റ്റു ചെയ്ത് അഞ്ചു ഡോളർ വീതം പിഴയീടാക്കി പൊലീസ്. വല്ലാതെ പ്രശ്നമുണ്ടാക്കിയ ചിലരെ അന്ന് ജയിലിലുമടച്ചു. അങ്ങനെ കൊണ്ടുചെന്നടയ്ക്കുന്നവരെക്കൊണ്ട് ജയിലുകൾ നിറഞ്ഞുകവിഞ്ഞു അന്ന്. അവർക്കെതിരെയുള്ള കേസുകൾ പിന്നീട് പിന്വലിക്കപ്പെട്ടു എങ്കിലും. ഒക്ടോബർ അവസാനമായപ്പോഴേക്കും, കേസുകളുടെ എണ്ണം 20,000 കടന്നു, മരണസംഖ്യ ആയിരവും.

അസുഖം ഒന്നടങ്ങിയപ്പോൾ കൈവന്ന ആത്മവിശ്വാസം വിനയായി 

നവംബർ ആദ്യവാരത്തിൽ കേസുകളുടെ എന്നതിൽ കുറവുകണ്ടുതുടങ്ങി. രണ്ടു മാസത്തോളമായി നഗരത്തെ അക്രമിച്ചുകൊണ്ടിരുന്ന ആ മഹാരോഗം പിന്മടങ്ങുന്നതായി പലർക്കും തോന്നി. അങ്ങനെ ഏകദേശം അസുഖം വിട്ടകന്നു എന്ന് തോന്നിയ ഒരു ദിവസം, നവംബർ 21 -ന് സാൻഫ്രാൻസിസ്‌കോ നഗരം വീണ്ടും ജനങ്ങൾക്കായി തുറന്നു കൊടുക്കാൻ മേയർ തീരുമാനിച്ചു. ആ തീരുമാനം ഒരു വലിയ ദുരന്തമായിരുന്നു. അതിന്റെ പരിണിതഫലങ്ങൾ അവിടത്തെ ജനങ്ങൾക്ക് സങ്കല്പിക്കാനാവുന്നതിലും അപ്പുറമായിരുന്നു.

അങ്ങനെ അവരെല്ലാവരും കൂടി മാസ്കുകൾ ഉപേക്ഷിച്ച് തെരുവിലേക്കിറങ്ങി തിമിർത്ത ആ ആഘോഷരാവിന് കൃത്യം മൂന്നാഴ്ചയ്ക്കപ്പുറം സ്പാനിഷ് ഫ്ലൂ അതിന്റെ തിരിച്ചുവരവ് നടത്തുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. 2019 -ലെ പുതുവർഷത്തെ സാൻഫ്രാൻസിസ്‌കോ നഗരം വരവേറ്റത് പുതിയ 600 സ്പാനിഷ് ഫ്ലൂ സ്ഥിരീകരണങ്ങളോടെയായിരുന്നു. അതോടെ നഗരത്തെ വീണ്ടും ലോക്ക് ഡൗണിലാക്കാൻ അധികാരികൾ തീരുമാനിച്ചു. അതിനെതിരെ അവിടത്തെ ജനം വളരെ അക്രമാസക്തമായി പ്രതികരിച്ചു. അങ്ങനെ പ്രതിഷേധിക്കാൻ വേണ്ടി 'ആന്റി മാസ്ക് ലീഗ്' എന്നൊരു സംഘടനപോലും ഉടലെടുത്തു. ഫെബ്രുവരിയിൽ ലോക്ക് ഡൗൺ പിൻവലിക്കും വരെ അവർ പ്രതിഷേധങ്ങൾ തുടർന്നു.

എന്നാൽ, നവാരോയും ലോസ് എയ്ഞ്ചലസും പോലുള്ള സമീപസ്ഥനഗരങ്ങളിൽ സാൻഫ്രാൻസിസ്‌കോയ്ക്കും ഒരാഴ്ച മുന്നേ തന്നെ ലോക്ക് ഡൗൺ നടപ്പിലാക്കപ്പെട്ടു. ആഴ്ചകൾക്ക് ശേഷമാണ് അവരതിനെ പിൻവലിച്ചതും. രോഗം ഒന്നടങ്ങിയപ്പോൾ ജനം ആവശ്യത്തിലധികം ആശ്വസിച്ചു. എന്തിന് അവർ ആരോഗ്യവകുപ്പ് അധികൃതരുടെ 'അമിതശുഷ്കാന്തി'യെ പരിഹസിക്കുക വരെ ചെയ്തു. "അമേരിക്കയിൽ മൊത്തം കർവ് 'ഫ്ലാറ്റെൻ' ആയിട്ടും നമ്മുടെ മേയറും മെഡിക്കൽ ഓഫീസറും മാത്രം അതൊന്നും അറിഞ്ഞ മട്ടില്ല" എന്ന് വ്യാപാരികൾ കുത്തിപ്പറഞ്ഞു. " എന്തൊക്കെയായിരുന്നു. ലോക്ക് ഡൗൺ. മുഖം മറയ്ക്കാതെ പുറത്തിറങ്ങരുത്. ആരെയും തൊടരുത്. പിടിക്കരുത്. എന്നിട്ടിവിടെ ഇപ്പോൾ എന്തുണ്ടായി..? ഇത് വെറും സാധാരണ ഒരു പനി. അതിന്റെ പേരിൽ നാടുമുഴുവൻ അടച്ചിട്ട്, നാട്ടുകാരുടെ അന്നം മുട്ടിച്ചുകൊണ്ട്, ഈ അഭ്യാസം കാണിക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ? " എന്ന് പൊതുജനവും ചോദിച്ചു.

പക്ഷേ, "നിങ്ങൾ ഓവർ റിയാക്റ്റ് ചെയ്യുകയാണോ എന്ന് നിങ്ങൾക്ക് തന്നെ സംശയം തോന്നുന്നുണ്ടെങ്കിൽ, ചിലപ്പോൾ നിങ്ങൾ ചെയ്യുന്നത് വളരെ ശരിയായിരിക്കും"എന്ന് വിഖ്യാത അമേരിക്കൻ പകർച്ചവ്യാധി വിദഗ്ദ്ധനായ അന്റോണിയോ ഫോച്ചി കഴിഞ്ഞ മാർച്ചിൽ പറഞ്ഞത് വളരെ കൃത്യമാണ്. സാൻഫ്രാൻസിസ്‌കോ നഗരസഭയുടെയും ആരോഗ്യവകുപ്പിന്റെയും കെടുകാര്യസ്ഥതയ്ക്കും, രോഗം പൂർണമായും പിന്മടങ്ങും മുമ്പ് നിയന്ത്രണങ്ങളിൽ അയവുവരുത്തിയ നടപടിക്കും അവിടത്തെ ജനത കൊടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നു. ആഴ്ചകൾക്കുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 45,000 കേസുകൾ. അസുഖം വന്നു പുതുതായി മരിച്ചത് 3,000 പേർ. അമേരിക്കയിൽ ഏറ്റവും കൂടുതൽ പേരെ അസുഖം ബാധിച്ച നഗരങ്ങളിൽ ഒന്ന് സാൻഫ്രാൻസിസ്‌കോ തന്നെയായിരുന്നു.

 

 

അന്നത്തെ ആ അലംഭാവത്തിനും അതിന്റെ സ്വാഭാവികപരിണതിക്കും ഇന്ന് ഒരു നൂറ്റാണ്ട് പ്രായമുണ്ട്. ഈ കൊറോണക്കാലത്ത്, മുന്നനുഭവങ്ങളുടെ നിലാവെളിച്ചം തലയ്ക്കുള്ളിൽ ഉള്ളതുകൊണ്ടാകും, ഏറ്റവും ആദ്യം 'സ്റ്റേ അറ്റ് ഹോം' ഉത്തരവ് പുറപ്പെടുവിച്ച അമേരിക്കൻ നഗരങ്ങളുടെ കൂട്ടത്തിൽ സാൻഫ്രാൻസിസ്‌കോയും ഉണ്ടായിരുന്നു. കാലേകൂട്ടി ഏർപ്പെടുത്തിയ മുന്കരുതലുകളാണ് ഈ നഗരത്തെ ന്യൂയോർക്കിൽ വഴിയേ സഞ്ചരിക്കുന്നതിൽ നിന്ന് രക്ഷിച്ചെടുത്തത്.

തന്നെ നയിക്കാൻ നഗരം ഒരു നൂറ്റാണ്ടുമുമ്പ്  സ്പാനിഷ് ഫ്ലൂവിനെ നേരിട്ടപ്പോൾ വന്ന പാളിച്ചകളുടെ ചരിത്രപാഠങ്ങൾ ഉണ്ടെന്നും അന്നത്തെ അബദ്ധങ്ങൾ ആവർത്തിക്കാതിരിക്കാനാണ്, കൃത്യമായ സമ്പർക്ക വിലക്കുകളും, മാസ്ക് നിര്ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവും, സ്റ്റേ അറ്റ് ഹോം ഓർഡറും ഒക്കെ നേരത്തെ തന്നെ പുറപ്പെടുവിച്ചത് എന്നും ഇന്നത്തെ സാൻഫ്രാൻസിസ്‌കോ മേയർ ലണ്ടൻ ബ്രീഡ് പറഞ്ഞു.

 

Starting today, people in San Francisco are required to wear face coverings at essential businesses, in public facilities, on transit, and while performing essential work.

This is not a replacement for staying home and physical distancing, but it is an important step for safety.

— London Breed (@LondonBreed)

 

"സാൻഫ്രാസിസ്കോ നഗരം ഒരു പക്ഷേ ഈ വേളയിൽ കർവിനെ 'ഫ്ലാറ്റെൻ' ചെയ്തു എന്നൊക്കെ തോന്നാം. പക്ഷേ, ഇല്ല, നിയന്ത്രണങ്ങൾ നീക്കാൻ ഇനിയും സമയമായിട്ടില്ല . അങ്ങനെ ചെയ്തുകൂടെന്നാണ് ചരിത്രം നമ്മളെ പഠിപ്പിക്കുന്നത്..." അവർ കൂട്ടിച്ചേർത്തു.

 

click me!