അവസാനം തായ് ജനത പറഞ്ഞു, 'രാജാവ് നഗ്നനാണ്' - മുടിയനായ രാജപുത്രന്റെ കഥ

By Babu RamachandranFirst Published Sep 25, 2020, 12:18 PM IST
Highlights

നാലാമത്തെ ഭാര്യയുടെ സാന്നിധ്യത്തില്‍, സൈന്യത്തിലെ മേജര്‍ ജനറലിനെ പരസ്യമായി തന്റെ ലൈംഗിക പങ്കാളിയായി അവരോധിച്ച, പ്ലേബോയ് കിങ് രാമ പത്താമന്റെ കഥ, വല്ലാത്തൊരു കഥയാണ്..!

 
തായ്‌ലൻഡ് ഇന്ന് രാജഭരണത്തിനെതിരായ ജനകീയ പ്രക്ഷോഭങ്ങളാൽ കലുഷിതമാണ്. ജൂലൈ മുതൽ നടന്നു കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങൾ, കഴിഞ്ഞ ദിവസം പതിനായിരങ്ങൾ അണിനിരന്ന ഒരു ലോങ്ങ് മാർച്ചായി മാറി. അന്നുവരെ തായ്‌ലൻഡിലെ ഒരു പൗരന് ചിന്തിക്കാൻ പോലുമാകാത്ത ഒരു കാര്യം ആ റാലിയിൽ പങ്കെടുത്തവർ ചെയ്തു. രാജാവിനെ വിമർശിക്കുന്നത് ഒരു കൊടിയ കുറ്റമായ തായ്‌ലണ്ടിന്റെ തലസ്ഥാന നഗരിയിൽ നടന്ന ആ റാലിയിൽ പങ്കെടുത്തവർ ഇപ്പോഴത്തെ രാജാവ്, മഹാവജിറാലോങ്കോണിന്റെ അധികാരങ്ങൾ നിയന്ത്രിക്കണമെന്നും, രാജ്യത്ത് നിലവിലുള്ള  ജനാധിപത്യ വ്യവസ്ഥയിൽ കാര്യമായ പരിഷ്‌കാരങ്ങൾ വരുത്തണമെന്നും, ജനങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു കഴിഞ്ഞു. ഈ പ്രതിഷേധക്കാർ തായ് രാജകൊട്ടാരമായ ഗ്രാൻഡ് പാലസിനടുത്ത് 'തായ്‌ലൻഡ് ജനങ്ങളുടേതാണ്' എന്നെഴുതിയ ഒരു ഫലകം തന്നെ സ്ഥാപിച്ചു‌. 


 


നാട്ടിൽ കൊറോണക്കെടുതി സംഹാരതാണ്ഡവമാടുമ്പോൾ അതിൽ നിന്ന് ഒളിച്ചോടി ജർമനിയിൽ പോയി, അവിടത്തെ ഒരു ആൽപൈൻ റിസോർട്ടിൽ സുഖവാസം നയിക്കുന്ന ഒരു രാജാവിനെ തീറ്റിപ്പോറ്റേണ്ട ഗതികേട് നമുക്കുണ്ടോ എന്നാണ് തായ്‌ലൻഡിലെ യുവത്വം ഇന്ന് ചോദിക്കുന്നത്.
 
 ഭൂമിബോൽ അതുല്യതേജ് എന്ന ഏറെ ബഹുമാനിക്കപ്പെട്ടിരുന്ന മഹാരാജാവ്, എഴുപതിറ്റാണ്ടുകാലം ജനഹൃദയങ്ങളിൽ ഇടംനേടി വിരാജിച്ചിരുന്ന തായ്‌ലൻഡിൽ, അദ്ദേഹത്തിന്റെ മരണശേഷം, മകൻ മഹാവജിറാലോങ്കോൺ സിംഹാസനത്തിൽ അവരോധിക്കപ്പെട്ട് ഒരു വർഷത്തിനുള്ളിൽ തന്നെ,  ജനങ്ങൾക്ക്  ഇത്ര കണ്ണിൽ കണ്ടുകൂടാത്തവനായത് എങ്ങനെയാണ്?

 


 
പട്ടിക്കുട്ടിയെ എയർ മാർഷൽ ആക്കിയ, നാല് തവണ വിവാഹം കഴിച്ച്, അതിൽ മൂന്നു പേരെയും ഡിവോഴ്സ് ചെയ്ത, നാലാമത്തെ ഭാര്യയുടെ സാന്നിധ്യത്തിൽ തന്റെ സൈന്യത്തിലെ ഒരു വനിതാ മേജർ ജനറലിനെ പരസ്യമായി തന്റെ റോയൽ കൺസോർട്ട് അഥവാ ലൈംഗിക പങ്കാളിയായി അവരോധിച്ച, കോവിഡ് കാലത്തും  ജർമനിയിലെ തെരുവുകളിൽ അല്പവസ്തധാരിയായി സൈക്ലിങ് ചെയ്ത് പുലിവാൽ പിടിച്ച, പ്ളേബോയ് കിങ് എന്നറിയപ്പെടുന്ന, രാമ പത്താമൻ, മഹാവജിറാലോങ്കോണിന്റെ കഥ, വല്ലാത്തൊരു കഥയാണ്..!  

രാജ്യത്ത്, പ്രതിഷേധം പുകയുമ്പോഴും രാജകൊട്ടാരത്തിൽ നിന്ന് ഇതേപ്പറ്റി പ്രതികരണമൊന്നും വന്നിട്ടില്ല. അന്തഃപുരത്തിന്റെ അധിപനായ രാജാവ്  അവിടില്ല എന്നുള്ളതുതന്നെയാണ് കാരണം. തായ്‌ലൻഡിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടു എന്നറിഞ്ഞ നിമിഷം നാട്ടിൽ നിന്ന് ഒരു പ്രൈവറ്റ് ജെറ്റിൽ പരിവാര സമേതം ജർമനിയിലേക്ക് മുങ്ങിയതാണ് അദ്ദേഹം. ബവേറിയയിലുള്ള ഗ്രാൻഡ് ഹോട്ടൽ ആൻഡ് റിസോർട്ടിലേക്ക് ഇരുപത് രാജസുന്ദരിമാരോടും പത്തുനൂറ് പരിചാരകരോടും ഒപ്പം സെൽഫ് ക്വാറന്റീൻ അഥവാ സുഖവാസത്തിന് പോയിരിക്കയാണ്  മഹാവജിറാലോങ്കോൺ. നാട്ടിലെ ജനങ്ങൾ മുഴുവൻ കോവിഡ് കെടുതിയിൽ പെട്ടുഴലുമ്പോൾ,  ജർമ്മൻ ആൽപ്സ് മലനിരകളിലുള്ള ആ റിസോർട്ട് മൊത്തമായി വാടകയ്‌ക്കെടുത്ത് അതിനെ ഒരു ബഫർ സോൺ ആക്കി മാറ്റി അവിടെ സുഖവാസത്തിലാണ് രാജാവ്. തായ്‌ലൻഡിലെ ടാക്സ് പെയേഴ്‌സിന്റെ പൈസയിൽ നിന്ന് നിത്യേന പതിനായിരക്കണക്കിന് ഡോളറാണ് രാജാവിന്റെ ഈ കണ്ണില്ലാത്ത ധൂർത്തിനുംവേണ്ടി ചെലവിടുന്നത്.  ഇങ്ങനെയൊക്കെ ചെയ്യുന്ന രാജാവിനെ ഇനിയും ചുമക്കേണ്ടതുണ്ടോ എന്ന് രാജ്യത്തെ പൗരന്മാര് ചോദിച്ചു പോയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

തായ്‌ലൻഡ് ഏറെക്കാലമായി രാജഭരണത്തിന്റെ കീഴിൽ കഴിഞ്ഞു പോന്നിട്ടുള്ള ഒരു രാജ്യമാണ്. അവിടത്തെ രാജഭരണത്തിന്റെ തുടക്കം 1238 -ലാണ്. സുഖോതായി സാമ്രാജ്യം സ്ഥാപിക്കപ്പെടുന്നത് ആ വർഷമാണ്. പക്ഷേ, ഇന്ന് കാണുന്ന രാമാ രാജവംശം, പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ സ്ഥാപിക്കപ്പെട്ടിട്ടുള്ള 'ചക്രി' സാമ്രാജ്യത്തിന്റെ ഭാഗമാണ്. 1782 -ലാണ് രാമ ഒന്നാമൻ, ചക്രവർത്തി പദത്തിലേക്കെത്തുന്നത്. ആ രാജവംശത്തിലെ പത്താമത്തെ കണ്ണിയാണ് ഇന്ന് ഭരണത്തിലുള്ള രാമ പത്താമൻ അഥവാ മഹാവാജിറലോങ്കോൺ.

1932 വരെ തായ്‌ലൻഡ് സമ്പൂർണ്ണ രാജാധിപത്യത്തിൽ ആയിരുന്നു. ആ കൊല്ലം, നാട്ടിലൊരു രക്തരഹിത വിപ്ലവം നടന്നു. അതോടെ, സമ്പൂർണ രാജഭരണം എന്നുള്ളത് മാറിയിട്ട്, ഭരണഘടനാധിഷ്ഠിതമായ രാജഭരണത്തിലേക്ക് തായ്‌ലൻഡ് കടന്നു. അതായത് ഭരണനിർവഹണത്തിന് വേണ്ടി പ്രധാനമന്ത്രിയുടെ കീഴിൽ ജനങ്ങൾ തെരഞ്ഞെടുത്ത ഒരു ഗവണ്മെന്റ് ഉണ്ടാകും. രാജാവിനും ഉണ്ടാകും കുറെ അധികാരങ്ങൾ. അങ്ങനെ നിലവിൽ വന്ന ഒരു കോൺസ്റ്റിറ്റുഷണൽ മൊണാർക്കിയുടെ ഭാഗമായിട്ടാണ്, 1946 ജൂൺ ഒമ്പതിന്, ഇപ്പോഴത്തെ രാജാവിന്റെ അച്ഛനായിട്ടുള്ള, ഭൂമിബോൽ അതുല്യതേജ്, തായ് ജനതയുടെ അധിപനായിട്ട്, സ്ഥാനമേറ്റെടുക്കുന്നത്. അന്നുതൊട്ടിങ്ങോട്ട് ഏതാണ്ട് എഴുപതുവർഷത്തോളം തായ്‌ലൻഡിലെ ജനങ്ങളുടെ പ്രിയപ്പെട്ട രാജാവായിരുന്നു ഭൂമിബോൽ.

ഭൂമിബോൽ അതുല്യതേജ് എന്നുവെച്ചാൽ തായ് ജനതയ്ക്ക് ജീവനായിരുന്നു. അദ്ദേഹത്തിന്റെ ചിത്രം ഫ്രെയിം ചെയ്തു സൂക്ഷിച്ചട്ടില്ലാത്ത ഒരു വീടുപോലും കാണില്ല തായ്‌ലൻഡിൽ. അത്രക്ക് സ്നേഹമായിരുന്നു അവർക്ക് അവരുടെ രാജാവിനെ.  എന്തുകൊണ്ടാണ് തായ്‌ലൻഡിലെ ജനങ്ങൾ, രാജാവ് ഭൂമിബോലിനെ ഇങ്ങനെ സ്നേഹിച്ചിരുന്നത്?  തായ്‌ലാന്റുകാരിൽ ആരെയെങ്കിലും, എവിടെയെങ്കിലും വെച്ച് കാണുമ്പോൾ ചോദിച്ചാൽ മതി അവർ നിങ്ങൾക്ക് വിശദമായി പറഞ്ഞു തരും.  തായ്‌ലൻഡിൽ ജനിച്ചു വീണിരുന്ന ഓരോ കുട്ടിക്കും ഒരു റോൾ മോഡൽ ആയിരുന്നു ഭൂമിബോൽ. രാജാവ് എന്തായിരുന്നു എന്നതിനേക്കാൾ, എന്തല്ലായിരുന്നു എന്ന് ചോദിക്കുന്നതാണ് ശരി. ഒരു കലാകാരൻ, സെയ്‌ലർ , എഴുത്തുകാരൻ, സംഗീതജ്ഞൻ, ബഹുഭാഷാ പണ്ഡിതൻ, കായികതാരം, ഫോട്ടോഗ്രാഫർ, ട്രാവലർ, ശാസ്ത്രജ്ഞൻ, വിഷനറിയായ ഒരു വികസനനേതാവ്, എക്കോണമിസ്റ്റ്, ചിന്തകൻ : അങ്ങനെ ഒരു ബഹുമുഖ പ്രതിഭ തന്നെയായിരുന്നു ഭൂമിബോൽ അതില്യതേജ്. തായ്‌ലൻഡ് എന്നുപറയുന്ന രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും താമസിക്കുന്ന ജനങ്ങളെ നേരിൽ ചെന്ന് കണ്ട് അവരുടെ ക്ഷേമം അദ്ദേഹം അന്വേഷിക്കുമായിരുന്നു. അതുകൊണ്ടുതന്നെ,  ലോകത്തിലെ പല രാജ്യങ്ങളിലും ഉള്ള രാജാക്കന്മാരെ അവരുടെ പ്രജകൾ സ്നേഹിക്കുന്നതിന്റെ എത്രയോ ഇരട്ടി, തായ് ജനത അവരുടെ രാജാവിനെ, ഭൂമിബോലിനെ സ്നേഹിച്ചു.

അധികാരത്തിൽ ഉണ്ടായിരുന്ന കാലത്ത്, ഭൂമിബോൽ തായ്‌ലൻഡിൽ കൊണ്ടുവന്ന വികസന പ്രോജക്റ്റുകൾ അനവധിയാണ്.   അവയിൽ പലതും നിത്യം കണ്ടുകൊണ്ടാണ് തായ്‌ലൻഡിലെ യുവാക്കൾ വളർന്നുവന്നത്. നാട്ടിലുള്ള അച്ഛനമ്മമാർ അവരുടെ കുഞ്ഞുങ്ങളോട് പറഞ്ഞിരുന്നത് പോലും, "രാജാവിനെക്കണ്ടു പഠിക്ക്... പറ്റുമെങ്കിൽ അദ്ദേഹത്തെപ്പോലെ ആവാൻ നോക്കൂ." എന്നൊക്കെ ആയിരുന്നു. അവരെ സംബന്ധിച്ചിടത്തോളം ഭൂമിബോൽ എന്നത് ഒരു ആദർശ മാതൃകാപുരുഷനായിരുന്നു. എ പെർഫെക്റ്റ് റോൾ മോഡൽ.  ദൈവത്തിന്റെ പ്രതിനിധിയായിപ്പോലും അവർ ഭൂമിബോലിനെ കണ്ടു എന്നുള്ളതാണ്... പ്രജകൾ തങ്ങളുടെ രാജാവിനെ വിളിച്ചിരുന്നത് പോലും, 'അഭിവന്ദ്യ പിതാവ്' എന്നായിരുന്നു. അത്രക്ക് സ്നേഹമായിരുന്നു, ബഹുമാനമായിരുന്നു അവർക്ക് രാജാവിനെ.

 

 

പക്ഷേ, ഇത്രയും പറഞ്ഞതിന്റെ അർഥം, ഭൂമിബോൽ ഭരിച്ച ഏഴു പതിറ്റാണ്ടു കാലം തായ്‌ലണ്ടിന്റെ രാഷ്ട്രീയകാലാവസ്ഥ ശാന്തസുന്ദരമായിരുന്നു എന്നല്ല. കോൺസ്റ്റിട്യൂഷണൽ മൊണാർക്കിയിലേക്ക്  കടന്ന ശേഷം, അതായത് രാഷ്ട്രീയക്കാരും പ്രധാനമന്ത്രിയും ഒക്കെയായി ഒരു സമാന്തര ഭരണവ്യവസ്ഥ, അത് വേറെയും, രാജാവിന്റെ കൊട്ടാരവും സെറ്റപ്പും വേറെയും ആയി എക്സിസ്റ്റ് ചെയ്ത - അത് രണ്ടും  'ഹാൻഡ് ഇൻ ഹാൻഡ്'ആയി ഭരണം മുന്നോട്ടുകൊണ്ടുപോയ എഴുപതു വർഷത്തിനിടക്ക്; തായ്‌ലൻഡിനെ വിറപ്പിച്ചപന്ത്രണ്ടോളം അട്ടിമറിശ്രമങ്ങൾ നടന്നിട്ടുണ്ട്. അതിന്റെ ഭാഗമായി പല രാഷ്ട്രീയ നേതാക്കളും  മന്ത്രിമന്ദിരങ്ങളിൽ നിന്ന് കുടിയൊഴിക്കപ്പെട്ടിട്ടുമുണ്ട്. വളരെ കലുഷിതമായ രാഷ്ട്രീയ ചരിത്രമാണ് തായ്‌ലണ്ടിലേത്.

തായ് ജനത രാഷ്ട്രീയപരമായിട്ട്, റെഡ് ഷർട്ട്സ്  എന്നും യെല്ലോ ഷർട്ട്സ് എന്നും രണ്ടായി  വിഭജിക്കപ്പെട്ടിരിക്കയാണ്, റെഡ് ഷർട്ട്സ് എന്ന് പറയുന്നത്, 2006 -ലെ സൈനിക അട്ടിമറിയിലൂടെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട, പിന്നീട് നാടുവിട്ടോടേണ്ടി വന്ന പ്രധാനമന്ത്രി, താക്സിൻ ഷിനാവത്രയുടെ അണികളെ വിളിച്ചിരുന്ന പേരാണ്. അദ്ദേഹം തായ്‌ലൻഡിലെ  ഒരു ബിസിനസ് ടൈക്കൂൺ ആയിരുന്നു. കോടിക്കണക്കിനു ബാത്തിന്റെ ആസ്തി ഉണ്ടായിരുന്ന  താക്സിൻ  തായ് രക് തായ് അഥവാ 'തായ്‌സ് ലവ് തായ്‌സ്' എന്നൊരു രാഷ്ട്രീയ പാർട്ടി ഉണ്ടാക്കി
  രാഷ്ട്രീയത്തിൽ ഇറങ്ങി, വിജയിച്ചു, പ്രധാനമന്ത്രിയായി, 2001 മുതൽ 2006 വരെ ഒരു ഊഴം തികച്ചും  ഭരിച്ച ആളാണ്. മയക്കുമരുന്നിനെതിരായി ആദ്ദേഹംപോരാട്ടം നയിച്ചു, ദാരിദ്ര്യനിർമ്മാർജ്ജനത്തിനു  വേണ്ടി പ്രവർത്തിച്ച്‌, നാട്ടിലെ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ് ചെയ്യാൻ ശ്രമിച്ചു,
അങ്ങനെ ആകെ ഒരു ജനപ്രിയനായിട്ടുള്ള ഒരു പ്രധാനമന്ത്രി ആയിരുന്നു താക്സിൻ.

2006 ജനുവരിയിൽ തന്റെ ടെലികോം കോർപ്പറേഷനിലെ ഷെയറുകൾ വൻ ലാഭത്തിന് ഒരു സിംഗപ്പൂർ കമ്പനിക്ക് വിറ്റഴിച്ച നടപടിയാണ് താക്സിനെ തായ്‌ലൻഡിലെ ജനങ്ങൾക്ക് അപ്രിയനാക്കിയത്. ഈ സംഭവത്തിന് ശേഷമാണ്  പീപ്പിൾസ് അലയൻസ് ഫോർ ഡെമോക്രസി എന്ന പേരിൽ യെല്ലോ ഷർട്ട്സ് താക്സിനെതിരെ തെരുവിൽ ഇറങ്ങുന്നത് .  2006 -ലാണ് താക്സിൻ പുറത്തായ സൈനിക  അട്ടിമറി നടക്കുന്നതും അദ്ദേഹം സ്ഥാനഭ്രഷ്ടനാക്കപ്പെടുന്നതും ഒക്കെ. താക്സിൻ ന്യൂയോർക്കിൽ ഒരു യുഎൻ സമ്മിറ്റിനു പോയ സമയത്താണ് ബാങ്കോക്കിൽ സൈന്യം അട്ടിമറി നടത്തുന്നത്.  താക്സിൻ പിന്നീട് കുടുംബത്തോടെ യുകെയിലേക്ക് പോവുകയും അവിടെ അഭയം തേടുകയും ഒക്കെ ഉണ്ടായി. 2014 വരെ തായ്‌ലൻഡ് ഭരിച്ചത് താക്സിന്റെ  സഹോദരി യിങ്ക്ലുക്ക് ഷിനാവത്രയുടെ ഫിയൂ തായ് പാർട്ടിയാണ്. അവർക്ക് 2014 -ൽ നടന്ന സൈനിക അട്ടിമറിയിൽ ഭരണം നഷ്ടമായി. സൈന്യത്തലവനായ പ്രയുത് ചാൻ ഓച്ച അധികാരം പിടിച്ചെടുത്തു ആദ്യം താക്സിനുണ്ടായിരുന്ന പിന്തുണ ഇപ്പോൾ സഹോദരി യിങ്ക്ലുക്കിനും അവരുടെ ഫിയൂ തായി പാർട്ടിക്കും ആണ് കിട്ടുന്നത്. റൂറൽ ബാങ്കോക്കിൽ, അവിടത്തെ ഗ്രാമീണ പ്രദേശങ്ങളിലാണ് റെഡ് ഷർട്ട്സിനു സ്വാധീനം കൂടുതലുള്ളത്. നേതൃസ്ഥാനത്തുള്ളവർ അധികവും  ഇടതുപക്ഷ ചായ്വുള്ള രാജഭരണ വിരുദ്ധർ ആണ്.  

 

 

2006 -ൽ താക്സിനെ പുറത്താക്കിയ അട്ടിമറിക്ക് പുറമെ , വേറെയും നിരവധി സൈനിക അട്ടിമറികൾ തായ്‌ലൻഡിൽ നടന്നിട്ടുണ്ട്. ഈ അട്ടിമറികളിൽ ഒന്നും തന്നെ, വിപ്ലവകാരികളിൽ ഒരിക്കലും  രാജാവിന്റെ സിംഹാസനത്തിനുനേർക്ക് തിരിഞ്ഞിട്ടില്ല. ഭൂമിബോലിന്റെ പരമാധികാരത്തെ അവർ ഒരിക്കലും ചോദ്യം ചെയ്യാൻ ചെന്നിട്ടില്ല. പറഞ്ഞു വന്നത് എന്താന്നുവെച്ചാൽ, എല്ലാക്കാലത്തും,  തായ്‌ലൻഡിലെ ജനങ്ങളെ ഭൂമിബോൽ അതുല്യതേജ് ഉള്ളറിഞ്ഞു സ്നേഹിച്ചു. തായ് ജനത  അദ്ദേഹത്തെ തിരിച്ചും ദൈവത്തിനെപ്പോലെ കണ്ട് സ്നേഹിച്ചു, ആദരിച്ചു.

അങ്ങനെ തായ് ജനതയുടെ കണ്ണിലുണ്ണിയായ രാമ ഒൻപതാമൻ ഭൂമിബോൽ അതുല്യതേജ് എന്ന രാജാവിന്റെ, രണ്ടാമത്തെ സന്താനവും, അദ്ദേഹത്തിന്റെ ഒരേയൊരു മകനും അനന്തരാവകാശിയുമായിരുന്ന യുവരാജാവ് രാമ പത്താമൻ മഹാവജിറാലോങ്കോൺ എങ്ങനെയാണ് തായ്‌ലൻഡിലെ ജനങ്ങൾക്ക് മുന്നിൽ ഒരു വെറുക്കപ്പെട്ടവനായി മാറിയത്? അതൊരു വലിയ കഥയാണ്. പറയാം.
 
1972 -ലാണ് ഭൂമിബോൽ അതുല്യതേജ്, തന്റെ മകനായ മഹാവജിറാലോങ്കോണിനെ, തന്റെ അനന്തരാവകാശിയായി പ്രഖ്യാപിക്കുന്നത്. അന്ന് യുവരാജാവിന് വെറും ഇരുപത് വയസ്സ് മാത്രമാണ് ഉള്ളത്. ആ പ്രഖ്യാപനത്തിനു ശേഷം പക്ഷെ, നീ.....ണ്ടൊരു കാത്തിരിപ്പായിരുന്നു. 44 വർഷം നീണ്ടു പോയി ആ കാത്തിരിപ്പ്. ലോകത്ത് മറ്റൊരു യുവരാജാവിനും, അച്ഛൻ സ്ഥാനമൊഴിഞ്ഞ് അല്ലെങ്കിൽ മരിച്ച്, തന്റെ ഊഴം വരാൻ വേണ്ടി, ഇത്രയും അധികം കാലം കാത്തിരിക്കേണ്ടി വന്നിട്ടുണ്ടാവില്ല. 'ആന കൊടുത്താലും ആശ കൊടുക്കരുത്' എന്നാണല്ലോ.തന്റെ ഇരുപതാമത്തെവയസ്സുമുതൽ, ജീവിതത്തിന്റെ പുഷ്കല കാലമൊക്കെയും അച്ഛൻ സിംഹാസനമൊഴിയാൻ കാത്തിരിക്കേണ്ടി വന്നതിന്റെ ഇച്ഛാഭംഗമായിരിക്കും ചിലപ്പോൾ,  അധികം താമസിയാതെ തന്നെ മഹാവജിറാലോങ്കോന്റെ ജീവിതത്തിലേക്ക് പതുക്കെ അരാജകത്വം കുടിയേറിയതിന് ഒരു കാരണം.

മകനെ രാജാവാക്കാഞ്ഞതിന് അച്ഛൻ ഭൂമിബോലിനെയും കുറ്റം പറയാൻ പറ്റില്ല. കാരണം, അച്ഛന്റെ ഭരണകാലത്ത്, അതായത് യുവരാജാവായി കഴിച്ചു കൂട്ടിയ കാലത്ത് മഹാവജിറാലോങ്കോൺ എന്ന മകൻ, പ്രവർത്തിച്ചത് പലതും, അച്ഛൻ തായ്‌ലൻഡിലെ ജനങ്ങൾക്ക് മുന്നിലേക്ക് വെച്ച മാതൃകാപരമായ ജീവിതത്തോട് യോജിച്ചു പോകുന്നതായിരുന്നില്ല. തന്റെ ജീവിതകാലം മുഴുവൻ സിറികിത് എന്ന രാജപത്നിയോട്, തന്റെ കുഞ്ഞുങ്ങളുടെ അമ്മയോട്, അതീവവിശ്വസ്തനായിരുന്ന ഭൂമിബോൽ അതുല്യതേജ് എന്ന ഏകപത്നീപ്രവതക്കാരന്റെ  മകൻ തികഞ്ഞ ഒരു കാസനോവയായിരുന്നു. 1921 -ൽ,ഏതാണ്ട് നൂറുവർഷം മുമ്പുതന്നെ ബഹുഭാര്യത്വം നിയമം മുഖേന നിരോധിക്കപ്പെട്ട ഒരു നാടാണ് തായ്‌ലൻഡ്. അവിടെ അവരുടെ റോൾ മോഡലാകേണ്ട യുവരാജാവ്, നാലു സ്ത്രീകളെ വിവാഹം കഴിച്ചു. അതിൽ, മൂന്നുതവണ വിവാഹമോചിതനായി. ഒരേസമയം, ഒരുപാട് സ്ത്രീകളോട് ശാരീരികബന്ധങ്ങൾ സ്ഥാപിച്ചു.അച്ഛന്റെ ആസ്തിയിൽ നല്ലൊരുഭാഗം ദീപാളി കളിച്ചു കളഞ്ഞു.  
 
ഇത്രയും പറഞ്ഞതുകൊണ്ട് മഹാവജിറാലോങ്കോൺ ഒന്നിനും കൊള്ളാത്ത ഒരാളാണെന്നൊന്നും കരുതരുത്. ഒരു ട്രെയിൻഡ് മിലിട്ടറി കോംബാറ്റ്‌ പൈലറ്റ് ആണ് രാജാവ്. ഒരു ഫൈറ്റർ പൈലറ്റ്. അന്താരാഷ്ട്ര യാത്രകളിൽ പലതിലും സ്വന്തം ജെറ്റുവിമാനം സ്വയം പറത്തുന്ന ആളാണ്. എഴുപതുകളിൽ വടക്കൻ തായ്‌ലൻഡിൽ നടന്ന കമ്യൂണിസ്റ്റ് ഗറില്ലാ വിപ്ലവങ്ങൾ അടിച്ചമർത്താൻ വേണ്ടി, അസോൾട്ട് ഹെലികോപ്റ്റർ എടുത്ത് നേരിട്ടിറങ്ങിയിട്ടുണ്ട് ഇദ്ദേഹം. തായ്‌ലൻഡിലെ മൂന്ന് സൈനിക വിഭാഗങ്ങളിലും അദ്ദേഹത്തിന് ഉന്നതമായ റാങ്കുണ്ട്. റോയൽ തായ് ആർമിയിൽ ജനറൽ ആയിരുന്നു. അതുപോലെ, റോയൽ തായ് നേവിയിൽ അഡ്മിറലും, റോയൽ തായ് എയർഫോഴ്സിൽ എയർ ചീഫ് മാർഷലും ഒക്കെ ആയിരുന്നു, ഈ മഹാവജിറാലോങ്കോൺ. സൈന്യത്തിലെ സ്തുത്യർഹമായ സേവനത്തിന്റെ പശ്ചാത്തലം ഉണ്ടായിരുന്നിട്ടുപോലും, അച്ഛൻ ഭൂമിബോൽ അതുല്യതേജ് എല്ലാനിലയ്ക്കും ജനങ്ങൾക്ക് മുന്നിലേക്ക് വെച്ച ഒരു ഉത്തമപുരുഷൻ ഇമേജിന് മുന്നില് , വിഷയാസക്തി അടക്കം നിരവധി ദൗർബല്യങ്ങൾ ഉണ്ടായിരുന്ന മഹാവജിറാലോങ്കോൺന്റെ ഇമേജ്, താരതമ്യേന ഇത്തിരി മോശമായി എന്നതാണ് സത്യം. ചെറുപ്പത്തിൽ ഒരിക്കലും അച്ഛനെപ്പോലെ നേതൃഗുണമോ രാഷ്ട്രീയതാത്പര്യങ്ങളോ ലോകവീക്ഷണമോ ഒന്നും തന്നെ പ്രകടിപ്പിച്ചിരുന്നില്ല യുവരാജാവ് എന്നതും അദ്ദേഹത്തിന് ദോഷം ചെയ്തു.

 

 

മഹാവജിറാലോങ്കോന്റെ ജീവിതം രാജകുടുംബത്തിന്റെ  പ്രിവിലേജുകൾ നിറഞ്ഞ ഒന്നായിരുന്നു. അക്ഷരാർത്ഥത്തിൽ, വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചു വീണ ഒരാളായിരുന്നു മഹാവജിറാലോങ്കോൺ. യുവരാജാവിനെ രാജകുടുംബം പുന്നാരിച്ച് വഷളാക്കിയതാണ് എന്നാണ് തായ്‌ലൻഡിലെ പലരും രഹസ്യമായി പറയാറുള്ളത്. പന്ത്രണ്ടുവയസ് പ്രായമായിട്ടു പോലും, ഒന്ന് ഷൂലേസ് കെട്ടാൻ പോലും അറിയില്ലായിരുന്നത്രെ അയാൾക്ക്. അതും ചെയ്തുകൊടുക്കാൻ അവിടെ രാജകൊട്ടാരത്തിലെ റോയൽ അറ്റെൻഡേഴ്‌സ് മത്സരിച്ചിരുന്നത്രെ.

1952 -ൽ ജനനം. യുകെയിൽ കോൺവെന്റ് വിദ്യാഭ്യാസം. സ്‌കൂൾ പഠനത്തിന് ശേഷം ഓസ്‌ട്രേലിയയിലെ ക്രാൻബെറയിൽ ഉള്ള റോയൽ മിലിട്ടറി കോളേജിൽ സൈനിക വിദ്യാഭ്യാസം ഒക്കെ പൂർത്തിയാക്കുന്നു മഹാവജിറാലോങ്കോൺ. 1976 -ൽ ലെഫ്റ്റനന്റ് പദവിയിൽ തായ് ആർമിയിലേക്ക് നേരിട്ട് കമ്മീഷൻ ചെയ്യപ്പെടുന്നു. അടുത്ത വർഷം, 1977 -ൽ, അദ്ദേഹത്തിന്റെ ഇരുപത്തിനാലാം വയസ്സിൽ, ആദ്യത്തെ വിവാഹം നടക്കുന്നു.  അമ്മയുടെ കുടുംബം വഴിക്ക് കസിൻ ആയിരുന്ന, കളിക്കൂട്ടുകാരി ആയിരുന്ന സോംസാവലിയുമായിട്ടായിരുന്നു ആ വിവാഹം. അതിൽ അദ്ദേഹത്തിന് ഒരു കുഞ്ഞുണ്ടാകുന്നു. പക്ഷേ, തായ്‌ലൻഡിലെ മോണോഗാമി സംസ്കാരത്തിൽ ഉറച്ചു നിൽക്കുന്നവനായിരുന്നില്ല മഹാവജിറാലോങ്കോൺ . ഭാര്യയെ അന്തപ്പുരത്തിൽ ഉറക്കിക്കിടത്തി യുവരാജാവ് കാമുകിമാരുടെ വീടുകൾ കയറിയിറങ്ങി നടന്നു. സമൂഹത്തിലെ പല കുലീന ഗൃഹങ്ങളിലെയും യുവതികളുമായി യുവരാജാവ് അന്ന്ശാ രീരിക ബന്ധം പുലർത്തികൊണ്ടിരുന്നു. സ്വന്തം അമ്മയായ മഹാറാണി സിറികിറ്റ് പോലും മകന്റെ ഈ സ്ത്രീഭ്രമത്തെ അന്ന് പരിഹസിച്ചിട്ടുണ്ട്.  " എന്റെ മകൻ മിടുക്കനായ ഒരു വിദ്യാർത്ഥിയാണ്. അവൻ വളരെ നല്ലൊരുത്തനാണ്. പെൺകുട്ടികൾക്ക് അവനെ ഭയങ്കര ഇഷ്ടമാണ്. അവനാണെങ്കിൽ പെൺകുട്ടികളെ അതിലേറെ ഇഷ്ടമാണ്. " എന്നായിരുന്നു അമ്മ മോനെപ്പറ്റി പറഞ്ഞത്.

എൺപതുകളുടെ തുടക്കത്തിൽ, ഭാര്യ സോംസാവലിയുമായുള്ള ബന്ധം നിലനിൽക്കെ തന്നെ, അന്ന് ബാങ്കോക്കിലെ സുപ്രസിദ്ധയായിട്ടുള്ള അഭിനേത്രിയായിരുന്നു, യുവാധിതയുമായി മഹാവജിറാലോങ്കോൺ ഒരു അവിഹിത ബന്ധം സ്ഥാപിച്ചെടുത്തു. രഹസ്യമാക്കി വെക്കാനൊക്കെ ശ്രമിച്ചു അദ്ദേഹം എങ്കിലും, താമസിയാതെ ആ വിവരം അച്ഛന്റെ കാതിലും എത്തി.  ഭൂമിബോലിന് ഒരുപാട് നാണക്കേടുണ്ടാക്കിയ കാര്യമാണ് മകന്റെ ഈ എക്സ്ട്രാ മരിറ്റൽ അഫയർ.  എന്നിട്ടും അദ്ദേഹം മോനെ, പറഞ്ഞു വിലക്കാനൊന്നും പോയില്ല. അങ്ങനൊന്ന്‌ അറിഞ്ഞതായിട്ടുപോലും അദ്ദേഹം ഭാവിച്ചില്ല. ഈ യുവാധിതയിൽ  മഹാവജിറാലോങ്കോൺന് ഒന്നിന് പിറകെ ഒന്നായി അഞ്ചുമക്കളുണ്ടായി. നാലാണും ഒരു പെണ്ണും. 1994 -ൽ ആദ്യ ഭാര്യ സോംസവലിയെ അദ്ദേഹം വിവാഹമോചനം ചെയ്യുന്നു. ആദ്യഭാര്യയായ തന്റെ ബാല്യകാല സഖിയെ ജീവിതത്തിൽ നിന്ന് ഇറക്കിവിട്ടശേഷം,  അഭിനേത്രിയായ തന്റെ അഞ്ചുമക്കളുടെ അമ്മയായ, തന്റെ  കാമുകിയെ അടുത്ത ഭാര്യയായി ഔപചാരിക ചടങ്ങുകളോടെ തന്നെ സ്വീകരിക്കുന്നു.  ആ പുതിയ ദാമ്പത്യത്തിന് പക്ഷേ രണ്ടു വർഷത്തെ ആയുസ്സേ  ഉണ്ടായിരുന്നുള്ളൂ. കല്യാണം കഴിഞ്ഞു വെറും രണ്ട് വർഷം കഴിഞ്ഞപ്പോഴേക്കും, ഭർത്താവിനോട് തെറ്റിയിട്ട്, യുവാധിത തന്റെ മക്കളെയും കൂട്ടി യൂകെക്ക് സ്ഥലം വിട്ടു. അത് മഹാവജിറാലോങ്കോൺനെ വല്ലാതെ പ്രകോപിപ്പിച്ചു. അദ്ദേഹം ഭാര്യയിൽ നിന്നും, മക്കളിൽ നിന്നും  ഡിപ്ലോമാറ്റിക് പാസ്പോർട്ട് അടക്കമുള്ള സകല റോയൽ പ്രിവിലേജസും തിരികെ പിടിച്ചുവാങ്ങി.

2001 -ൽ അടുത്ത വിവാഹം നടക്കുന്നു. ഇത്തവണത്തെ വധുവിന്റെ പേര് ശ്രിരസ്മി എന്നായിരുന്നു. അവരിലും യുവരാജാവിന് ഒരു മകൻ ജനിക്കുന്നുണ്ട്. ഈ വിവാഹത്തിന് ശേഷം, ഫോർ എ ചെയ്ഞ്ച്, കുറച്ചു കാലത്തേക്ക്, മാതൃകാപരമായ ഒരു കുടുംബ ജീവിതത്തിലേക്ക് ഒതുങ്ങിക്കൂടാനുള്ള സന്നദ്ധത മഹാവജിറാലോങ്കോൺന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നുണ്ട്. കുറച്ചുകാലം വളരെ ശാന്തമായ ഒരു കുടുംബാന്തരീക്ഷത്തിലൂടെ തായ് രാജകൊട്ടാരം കടന്നുപോകുന്നു.

ഒടുവിൽ യുവരാജാവ് മഹാവജിറാലോങ്കോൺ നന്നായി എന്നത്, ഒരു തോന്നൽ മാത്രമായിരുന്നു എന്ന് ബോധ്യപ്പെടാൻ വെറും ആറേ ആറു വർഷമേ എടുത്തുള്ളൂ. 2007 -ൽ ഒരു എംഎംഎസിന്റെ രൂപത്തിൽ വീണ്ടും മഹാവജിറാലോങ്കോൺ  ടാബ്ലോയിഡുകളുടെ തലക്കെട്ടുകളിലേക്ക് തിരികെ വരുന്നു. ഏതോ ആഡംബര ബംഗ്ളാവിൽ വച്ചെടുത്ത ഒരു വീഡിയോ ആയിരുന്നു അന്ന് ലീക്കായത്. മഹാവജിറാലോങ്കോൺ തന്റെ പ്രാണനുതുല്യം സ്നേഹിച്ചിരുന്ന ഒരു വളർത്തു പട്ടി ഉണ്ടായിരുന്നു. ഫൂഫു എന്നു പേരുള്ള ഒരു വെള്ള പൂഡിൽ ഡോഗ്. അതിന്റെ ജന്മദിനാഘോഷമായിരുന്നു അത്. ആ വീഡിയോയിലെ ദൃശ്യങ്ങൾ നോക്കിയാൽ, കാമറ ഇങ്ങനെ ഇ പാൻ ചെയ്ത പോവുകയാണ്. ഓറഞ്ച് വെള്ള നിറങ്ങളിലുള്ള കുറെ ബലൂണുകൾ, ഒരു സ്വിമ്മിങ് പൂൾ ഇതിലൂടെയൊക്കെ, ഇങ്ങനെ പാൻ ചെയ്തു വന്ന കാമറ ഒടുവിൽ വിശ്രമിക്കുന്നത്, പൈപ്പിന്റെ പുക ഉള്ളിലേക്കെടുത്തുകൊണ്ട് ഭാര്യ ശ്രീരസ്മിയോട് സംസാരിക്കുന്ന മഹാവജിറാലോങ്കോന്റെ ഒരു ക്ളോസപ്പ് ഷോട്ടിലാണ്. ആ ഷോട്ട് സൂം ഔട്ട് ചെയ്തപ്പോൾ പക്ഷേ കാര്യം ആകെ വശക്കേടായി. യുവരാജാവിന്റെ ഭാര്യയുടെ ദേഹത്ത് തലയിൽ വെച്ച കൗബോയ് ഹാറ്റും, അരയിൽ ഒരു നാരുപോലെ ഉണ്ടായിരുന്ന ബിക്കിനി ബോട്ടവും അല്ലാതെ വേറെ നൂൽബന്ധമൊന്നും ഉണ്ടായിരുന്നില്ല. ലാവിഷായിട്ടുള്ള  ഫ്‌ളവർ ഡെക്കറേഷനും, ഫാൻസി ലൈറ്റിങ്ങും ഒക്കെയായിട്ട് നടന്ന ആ പൂൾ സൈഡ് പാർട്ടിയിൽ വെച്ച്ട്ട്, യുവരാജാവും, ഏതാണ്ട് പരിപൂർണ നഗ്നയായ ഭാര്യയും, പിന്നെ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഫൂഫുവും കൂടി ഒരു വലിയ പിറന്നാൾ കേക്ക് മുറിക്കുന്നതുവരെയുണ്ട് ആ വീഡിയോയിൽ. 
 



എന്തായാലും, തായ്‌ലൻഡിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന 'ലെയ്സ് മജെസ്റ്റേ' നിയമപ്രകാരം, രാജാവിനെയോ കുടുംബത്തെയോ ഒക്കെ അപഹസിക്കുന്നത് ഗുരുതരമായ ക്രിമിനൽ കുറ്റമായിരുന്നതുകൊണ്ട്, രാജ്യത്തിനകത്ത് ആ വീഡിയോക്ക് പരസ്യപ്രചാരം കിട്ടിയില്ല. പക്ഷേ, ആ വീഡിയോയുടെ പേരിൽ തായ്‌ലൻഡ് എന്നുപറയുന്ന പ്രൗഢഗംഭീരമായ ബുദ്ധിസ്റ്റ് രാഷ്ട്രം, ലോകത്തിന്റെ മുന്നിൽ ആകെ നാണം കെട്ടു. ഈ സംഭവത്തിനു പിന്നലെ ഒരു ദിവസം, അന്നത്തെ ബർത്ത്ഡേ പാർട്ടിയിലെ താരമായ 'ഫൂ ഫൂ' എന്ന വളർത്തു പട്ടിയെ,  മഹാവജിറാലോങ്കോൺ തായ്‌ റോയൽ എയർ ഫോഴ്സിലെ 'എയർ മാർഷൽ' റാങ്കിലേക്ക് ഉയർത്തുക കൂടി ചെയ്തതോടെ എല്ലാം തികഞ്ഞു. അതിനായിട്ട് ഒരു ഒഫീഷ്യൽ സ്ഥാനാരോഹണ ചടങ്ങുവരെ യുവരാജാവ് നടത്തി. ആ ചടങ്ങിൽ ഫുൾ എയർ ഫോഴ്‌സ് യൂണിഫോം അണിഞ്ഞുകൊണ്ട്  ഫൂഫൂ പങ്കെടുത്തു. ആ ചടങ്ങിന്റെ ചിത്രങ്ങളും കൂടി സാമൂഹ്യ മാധ്യമങ്ങളിൽകൂടി പ്രചരിച്ചപ്പോൾ ഭൂമിബോലിന് തലയുയർത്തി നടക്കാനാവാത്ത അവസ്ഥയായി. അതിനിടക്ക്, 2014 -ൽ മഹാവജിറാലോങ്കോൺ മൂന്നാമത്തെ ഭാര്യയായ ശ്രീരസ്മിയുമായും തെറ്റുന്നു. പിണങ്ങിയതിനു പിന്നാലെ ഭാര്യയുടെ കുടുംബാംഗങ്ങളിൽ പലരെയും രാജനിന്ദ കുറ്റം ചുമത്തി അദ്ദേഹം തുറുങ്കിലടക്കുകയും ചെയ്യുന്നു. എന്തായാലും, ഇങ്ങനെ യുവരാജാവായി വാഴിച്ച ശേഷം മഹാവജിറാലോങ്കോൺന്റെ ഭാഗത്തുനിന്ന് പലപ്പോഴായിട്ട് ഉണ്ടായിട്ടുള്ള  പല പെരുമാറ്റദൂഷ്യങ്ങളും, അനിഷ്ടസംഭവങ്ങളുമാണ്  മകനെപ്പറ്റി അച്ഛന്റെ മനസ്സിൽ ഒട്ടും മതിപ്പില്ലാത്ത അവസ്ഥ ഉണ്ടാഖ്യാതി. പ്രായാധിക്യത്തിന്റെ അവശതകൾ അലട്ടിയിട്ടും, രാജ്യഭാരം മകനെ ഏൽപ്പിച്ച് അച്ഛൻ സിംഹാസനത്തിൽ നിന്ന് ഇറങ്ങിക്കൊടുക്കാതിരിക്കാൻ  കാരണമായത്.

 

 

ഒരു പുരുഷായുസ്സ് മുഴുവൻ താൻ ജീവിച്ചു കാണിച്ചുകൊടുത്ത ആദർശവ്യക്തിത്വത്തിന്റെ ഒരു കണിക പോലും മകനിൽ പ്രതിഫലിച്ചു കാണാഞ്ഞത്കൊണ്ടാണ്, തനിക്ക് വയസ്സേറെ ആയിട്ടും, മകൻ പോലും സ്വന്തം വാർദ്ധക്യത്തിലേക്ക് കാലെടുത്തുവെച്ചിട്ടും, അവനെ രാജ്യത്തിന്റെ ഉത്തരവാദിത്തം ഏല്പിച്ചുകൊടുത്ത്, വാനപ്രസ്ഥത്തിലേക്ക് നീങ്ങാനുള്ള ധൈര്യം ഭൂമിബോലിനുണ്ടാവാതിരുന്നത്. 88 മത്തെ വയസ്സിൽ മരിച്ചു പോകും വരെയും ഭൂമിബോൽ  അതിനു തയ്യാറായില്ല. രാജാവാകാൻ അനുവദിച്ചാൽ, ചക്രി രാജവംശത്തിന്റെ അന്ത്യക്രിസ്‌തുവായേക്കും ചിലപ്പോൾ തന്റെ മകൻ എന്നൊരു ആശങ്ക അദ്ദേഹത്തിനുണ്ടായിരുന്നതിന്റെ പേരിലായിരിക്കും ചിലപ്പോൾ, തന്റെ കൈകൊണ്ട് അങ്ങനെ ഒരു കടുംകൈ ചെയ്യാതിരിക്കാൻ ഭൂമിബോൽ മുതിരാതിരുന്നത്. കഴിയുമെങ്കിൽ മകൻ തായ്‌ലണ്ടിന്റെ രാജാവാകുന്നത് അവന്റെ ആയുഷ്കാലത്തെക്കാൾ അധികം സ്വയം ജീവിച്ചിരുന്ന് ഒഴിവാക്കാനായിരിക്കും ഭൂമിബോൽ ഒരു പക്ഷേ ശ്രമിച്ചിരിക്കുക.  എന്തായാലും, അദ്ദേഹത്തിന് അത് സാധിച്ചില്ല. 2016 ഒക്ടോബർ 13 - ന് ഭൂമിബോൽ അതുല്യതേജ് നാടുനീങ്ങി, മൂന്നുവർഷത്തെ ദുഃഖാചരണത്തിനു ശേഷം 2019 -ൽ മഹാവജിറാലോങ്കോൺ തായ്‌ലണ്ടിന്റെ രാജാവുമായി. ആ സിംഹാസനത്തിലേറുന്നതിനു ദിവസങ്ങൾക്ക് മുമ്പായി, അതായത് 2019 മെയ് ഒന്നാം തീയതി, ദീർഘകാലകാമുകിയും, അന്നത്തെ റോയൽ തായ് സുരക്ഷാ സേനയുടെ കമാണ്ടറും ആയിരുന്ന സുതിദയെ  മഹാവജിറാലോങ്കോൺ  തന്റെ നാലാമത്തെ ഭാര്യയാക്കുന്നു.

 

 

നാലാം ഭാര്യയെ സ്വീകരിച്ച് രണ്ടു മാസത്തിനുള്ളിൽ തന്നെ  മഹാവജിറാലോങ്കോൺ അടുത്ത ഒരു സ്ത്രീയെക്കൂടി തനിക്ക് ലൈംഗികസേവനങ്ങൾ നൽകുന്നതിനായി നിയോഗിക്കുന്നു. അച്ഛൻ ഭൂമിബോൽ ജീവിച്ചു കാണിച്ചതിൽ നിന്ന് വ്യത്യസ്തമായി, തായ്‌ലണ്ടിന്റെ ചരിത്രത്തിൽ ആദ്യമായി, ഔദ്യോഗികമായിത്തന്നെ, ഭാര്യക്ക് പുറമെ ഒഫീഷ്യൽ ഒരു ലൈംഗിക പങ്കാളിയെക്കൂടി നിയമിച്ച് രാജാവ് മഹാവജിറാലോങ്കോൺ  വ്യത്യസ്തനായി. 'റോയൽ നോബിൾ കൺസോർട്ട്' ആയി, മേജർ ജനറൽ സിനീനത്ത് അവരോധിക്കപ്പെടുന്ന ആ സ്ഥാനാരോഹണച്ചടങ്ങ് ലോകമാധ്യമങ്ങൾ സംപ്രേഷണം ചെയുമ്പോൾ രാജാവിന്റെ വാമഭാഗത്ത് ഭാര്യ സുതിദയും കാൽച്ചുവട്ടിലായിട്ട് സിനീനത്തും തലകുനിച്ചുകൊണ്ട് ഇടം പിടിച്ചു.

വെറും മൂന്നേ മൂന്ന് മാസത്തിനുള്ളിൽ, മഹാവജിറാലോങ്കോൺന്റെ അപ്രീതിക്ക് സിനീനത്ത് ഇരയാകുന്നു. രാജ്ഞി സുതിദയെ അവഹേളിക്കാൻ ശ്രമിച്ചു, അവർക്കെതിരെ ഗൂഢാലോചന നടത്തി എന്നൊക്കെയായിരുന്നു റോയൽ കൺസോർട്ടിൽ അന്നാരോപിക്കപ്പെട്ട കുറ്റങ്ങൾ.അതിന്റെ പേരിൽ സിനീനത്തിൽ നിന്ന് രണ്ടു മാസം മുമ്പ്  മാത്രം അവർക്ക് വമ്പിച്ചൊരു ചടങ്ങിൽ വെച്ച് നൽകപ്പെട്ട സകല സ്ഥാനമാനങ്ങളും അവരിൽ നിന്ന് തിരിച്ചു പിടിച്ച് അവരെ തുറുങ്കിൽ അടക്കുന്നു. എന്നാൽ, രണ്ടുമാസത്തിനുള്ളിൽ തന്നെ സിനിനത്തിനോട്ള്ള രാജകോപം അടങ്ങുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബർ രണ്ടാം തീയതി വീണ്ടും മുൻകാല പ്രാബല്യത്തോടെ സിനീനത്ത് രാജാവിന്റെ ഔദ്യോഗിക ലൈംഗിക പങ്കാളി സ്ഥാനത്തേക്ക് വീണ്ടും അവരോധിക്കപ്പെടുന്നു. അതിന്റെ പിന്നാലെ, രാജാവ് കോവിഡ് ക്വാറന്റൈനെൽ സുഖവാസം നയിക്കുന്ന ബവേറിയൻ ആൽപ്സിലെ റിസോർട്ടിലേക്ക്, അവിടെയുള്ള ഇരുപതംഗ രാജസുന്ദരീ സംഘത്തിന്റെ ഭാഗമാകാൻ വേണ്ടി, രാജാവിന് വേണ്ട സാന്ത്വനം പകരാൻ വേണ്ടി സിനീനത്തിനെ അടിയന്തരമായി ഒരു ചാർട്ടേർഡ് ജെറ്റ് വിമാനത്തിൽ കയറ്റി കൊണ്ടുപോവുകയും  ചെയ്തിരിക്കുന്നു മഹാവജിറാലോങ്കോൺ.

ഇങ്ങനെ ആകെ അരാജകത്വത്തിൽ മുങ്ങിയ ഒരു ജീവിതമാണ്  മഹാവജിറാലോങ്കോൺ  എന്ന തായ് രാജാവിനുണ്ടായിട്ടുള്ളത്. താന്തോന്നിവാസത്തിൽ മുഴുകിയ ജീവിതം രാജാവ് ഒരു വശത്തങ്ങനെ നയിക്കുമ്പോൾ, പേരിന് മാത്രം ജനാധിപത്യവും സ്വാതന്ത്ര്യവും ഒക്കെ ഉണ്ടെന്ന് പറയപ്പെടുന്ന രാജ്യത്ത്, ഫേസ്‌ബുക്കിൽ രാജാവിനെ വിമർശിച്ച് പോസ്റ്റിട്ടതിന്റെ പേരിൽ യുവാക്കളെ കോടതി ഇരുപത്തഞ്ചു മുപ്പതുമൊക്കെ കൊല്ലത്തേക്ക് കഠിന തടവിന് ശിക്ഷിക്കുന്ന അവസ്ഥയുണ്ട്. രാജാവിനെതിരെ ശബ്ദിച്ചവരിൽ പലരും പല രാജ്യങ്ങളിലും വെച്ച് ആക്രമിക്കപ്പെടുന്നുണ്ട്. കൊല്ലപ്പെടുന്നുണ്ട്. ഇതൊക്കെയാണ് തായ്‌ലൻഡിൽ ഇപ്പോൾ നടക്കുന്നത്. അതൊക്കെക്കൊണ്ട്, ക്ഷമയുടെ നെല്ലിപ്പലക കണ്ട്ട്ടാണ് തായ്‌ലൻഡിലെ യുവാക്കൾ ഇപ്പോൾ  പ്രതിഷേധങ്ങളുമായി തെരുവിലേക്ക് ഇറങ്ങിയിരിക്കുന്നത്. 'രാജാവിനെ വിമർശിക്കുന്നത് ക്രിമിനൽ കുറ്റമാണ്' എന്ന് രാജ്യത്തിലെ  'ലെയ്സ് മജെസ്റ്റേ'  നിയമം പറയുന്നുണ്ടെങ്കിലും, തങ്ങളുടെ രാജാവ് നഗ്നനാണ് എന്നുറക്കെ വിളിച്ചു പറയാൻ വിദ്യാർത്ഥികളടങ്ങുന്ന തായ്‌ലൻഡിലെ യുവജനങ്ങൾ ഇപ്പോൾ ധൈര്യത്തോടെ മുന്നോട്ടു വന്നുതുടങ്ങിയിട്ടുണ്ട്.

 


 
ഈ കുട്ടികൾക്ക് പോരാടാനുള്ളത് രണ്ടു കൂട്ടരോടാണ്. ഒന്ന്, 2014 -ൽ നടന്ന പട്ടാള അട്ടിമറിയിലൂടെ ഭരണത്തിലേറിയിട്ടുള്ള സൈനികമേധാവി, ഇന്നത്തെ പ്രധാനമന്ത്രി പ്രയുത് ചാൻ ഓച്ചയോട്, അദ്ദേഹത്തിന്റെ കോക്കസിനോട്. രണ്ട്, ഇപ്പോഴത്തെ രാജാവ് മഹാവജിറാലോങ്കോൺനോട്, അദ്ദേഹത്തിന്റെ പരിവാരങ്ങളോട്, ഉപജാപക വൃന്ദങ്ങളോട്. ഈ രണ്ട് കൂട്ടരും ആഗ്രഹിക്കുന്നത്, അധികാരവും രാജ്യത്തിന്റെ സമ്പത്തും എന്നുമെന്നും അവരിലേക്ക് മാത്രം കേന്ദ്രീകരിച്ച്‌ നിർത്താനാണ്. രാജ്യത്തിന്റെ പുരോഗതിയെ, അവിടത്തെ ജനങ്ങളുടെ ക്ഷേമമോ, അടിസ്ഥാന സൗകര്യങ്ങളുടെ വികസനമോ ഒന്നും ഈ അധികാരകേന്ദ്രങ്ങളുടെ പ്രയോരിറ്റിയല്ല. ഇങ്ങനെ, സൈനിക-രാജഭരണങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന തായ്‌ലൻഡിന്റെ ജനാധിപത്യത്തിലെ 'രാഷ്ട്രീയ/വ്യക്തി' സ്വാതന്ത്ര്യങ്ങൾ പുനഃസ്ഥാപിക്കാൻ വേണ്ടിയിട്ടാണ്  ഇപ്പോൾ ഇവിടത്തെ യുവജനങ്ങൾ കിണഞ്ഞു പരിശ്രമിക്കുന്നത്.
 
രാജഭരണത്തിന്റെ അധികാര പരിധിയെക്കുറിച്ചും, രാജകുടുംബത്തിനായി ചെലവിടുന്ന ടാക്സ് മണിയെപ്പറ്റിയും ഒക്കെ തായ്‌ലൻഡ് ഗവണ്മെന്റും ജുഡീഷ്യറിയും ഒക്കെ ഒന്ന് പുനരാലോചിക്കാൻ ഒരു പക്ഷേ ഈ നിരന്തരമുള്ള വിദ്യാർത്ഥി യുവജന പ്രക്ഷോഭങ്ങൾ നാളെ ഒരു നിമിത്തമായേക്കാം. ഇന്ന് ധൂർത്തിൽ മുഴുകി അരാജകമായിട്ടുള്ള സുഭഗ ജീവിതം നയിക്കുന്ന  മഹാവജിറാലോങ്കോൺ, നാളെ ചിലപ്പോൾ, തുച്ഛമായ പ്രിവിപേഴ്‌സും പറ്റിക്കൊണ്ട്, പഴയകാല പ്രതാപങ്ങൾ അയവെട്ടുക മാത്രം ചെയ്തുകൊണ്ട്, ഒരുപക്ഷെ പേരിനു മാത്രമുള്ളൊരു രാജാവായി, കാലം കഴിക്കുന്ന ഒരവസ്ഥയിലേക്ക്, തായ്‌ലൻഡ് എത്തിപ്പെടില്ലെന്ന് എന്താണുറപ്പ് ? 

click me!