60-ലധികം വരുന്ന ഇസഡ് പ്ലസ് സെക്യൂരിറ്റി കമാൻഡോകളെ നോക്കുകുത്തികളാക്കി പഞ്ചാബ് മുൻ ഡിജിപി മുങ്ങിയതെന്തിന്?

By Web TeamFirst Published Sep 4, 2020, 6:10 PM IST
Highlights

അറസ്റ്റുഭയന്ന് മുൻ ഡിജിപി ഒളിവിൽ ആണെങ്കിലും, അദ്ദേഹത്തിന്റെ വസതിക്കു ചുറ്റും ഇപ്പോഴും നിയുക്തരാണ് സർക്കാർ ശമ്പളം പറ്റുന്ന കുശിനിക്കാരനും തോട്ടക്കാരനും അറുപതിൽ പരം Z+ സെക്യൂരിറ്റി കമാൻഡോകളും എല്ലാം. 

Z+ എന്നത് ഇന്ത്യയിലെ ഏറ്റവും മികച്ച സെക്യൂരിറ്റിയാണ്. പ്രധാനമന്ത്രി അടക്കമുള്ള ഇരുപതിൽ താഴെ പേർക്ക് മാത്രമാണ് ഇന്ത്യയിൽ ഈ സുരക്ഷാ നല്കപ്പെട്ടിട്ടുള്ളത്. എൻഎസ്ജിയുടെ പത്തിലധികം ബ്ലാക്ക് കാറ്റ് കമാൻഡോസ് അടക്കം 60 -ൽ പരം സെക്യൂരിറ്റി സ്റ്റാഫാണ് ഈ സുരക്ഷ നൽകപ്പെടുന്ന വ്യക്തിയെ ചുറ്റിപ്പറ്റി സദാ ജാഗരൂകരായി ഉണ്ടാവുക. പഞ്ചാബിൽ ഈ സെക്യൂരിറ്റി കവർ ഉള്ള ഒരാളാണ് മുൻ ഡിജിപി സുമേധ് സിങ് സെയ്നി ഐപിഎസ്. 1991 -ൽ നടന്ന ബൽവന്ത് മുൽതാനി ലോക്കപ്പ് കൊലപാതകക്കേസിൽ മുൻ‌കൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം നിരസിക്കപ്പെട്ടതിനു പിന്നാലെ സുമേധ് സെയ്നി അറസ്റ്റ് ഭയന്ന് മുങ്ങിയിരുന്നു. ഇപ്പോൾ മുൻ ഡിജിപി ഒളിവിൽ ആണെങ്കിലും, അദ്ദേഹത്തിന്റെ വസതിക്കു ചുറ്റും ഇപ്പോഴും നിയുക്തരാണ് സർക്കാർ ശമ്പളം പറ്റുന്ന കുശിനിക്കാരനും തോട്ടക്കാരനും അറുപതിൽ പരം Z+ സെക്യൂരിറ്റി കമാൻഡോകളും എല്ലാം. 

 

 

1997 -ൽ സെയ്നി നടത്തിയ ലണ്ടൻ യാത്രക്കിടെ ബബ്ബർ ഖൽസ തീവ്രവാദികളിൽ നിന്ന് കൊലപാതക ശ്രമം ഉണ്ടായ ശേഷമാണ് കേന്ദ്രം ഈ 1982 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥന് Z+ സെക്യൂരിറ്റി കവർ അനുവദിക്കുന്നത്. തൊണ്ണൂറുകളിൽ, പഞ്ചാബിൽ തീവ്രവാദം പടർന്നു പിടിച്ച കാലത്ത് അതിനെ അടിച്ചമർത്താൻ വന്ന കെപിഎസ് ഗിൽ എന്ന ഡിജിപിയുടെ വലംകൈ ആയിരുന്നു അന്ന് എസ്എസ്പി ആയിരുന്ന സുമേധ് സിങ് സെയ്നി ഐപിഎസ്. 1991 -ൽ ചണ്ഡീഗഡ് എസ്എസ്പി ആയിരുന്ന സമയത്ത് സെക്ടർ 17 -ലെ അദ്ദേഹത്തിന്റെ വസതിക്കുനേരെ തീവ്രവാദി ആക്രമണം നടക്കുന്നു. എസ്എസ്പി രക്ഷപ്പെട്ടു എങ്കിലും, അവിടെ പോസ്റ്റിങ് ഉണ്ടായിരുന്ന നാലു പൊലീസുകാർ ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെടുന്നു. 

 

 

ഈ ആക്രമണത്തിന് ശേഷം പൊലീസ് അതിനു പിന്നിൽ പ്രവർത്തിച്ചവരെ തേടി പരക്കം പാഞ്ഞുകൊണ്ടിരുന്നു. അന്വേഷണത്തിൽ ഈ ആക്രമണത്തിന് ഗൂഢാലോചന നടത്തി എന്ന് പൊലീസിന് തെളിവ് കിട്ടിയവരുടെ കൂട്ടത്തിൽ ഒരു മുൻ ഐഎഎസ് ഉദ്യോഗസ്ഥന്റെ മകനും ഉണ്ടായിരുന്നു.  ചണ്ഡീഗഡ് ഇൻഡസ്ട്രിയൽ ആൻഡ് ടൂറിസം കോർപ്പറേഷനിൽ ജൂനിയർ എഞ്ചിനീയർ ആയിരുന്ന ബൽവന്ത് സിംഗ് മുൽതാനിയും ഉണ്ടായിരുന്നു. പൊലീസ് അറസ്റ്റുചെയ്ത ശേഷം ഇയാൾ വഴിയിൽ വെച്ച് പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടു എന്നായിരുന്നു പൊലീസ് ഭാഷ്യം എങ്കിലും, അത് മുൽതാനിയുടെ ബന്ധുക്കൾ മുഖവിലക്കെടുത്തിരുന്നില്ല. പിന്നീട്, മുൽതാനി പൊലീസ് സ്റ്റേഷനിൽ വെച്ച് നടന്ന ഭേദ്യം ചെയ്യലിൽ കൊല്ലപ്പെടുകയായിരുന്നു എന്ന് അന്ന് പൊലീസ് സ്റ്റേഷനിൽ സന്നിഹിതനായിരുന്ന ഒരു പൊലീസ് ഓഫീസർ മൊഴികൊടുക്കുകയും ഉണ്ടായിരുന്നു. അന്ന് മുൾത്താനിയുടെ മലദ്വാരത്തിലൂടെ ലാത്തി കയറ്റാൻ നിർദ്ദേശിച്ചതും അത് കണ്ടുനിന്നതും സെയ്‌നി ഐപിഎസ് നേരിട്ടുതന്നെ ആയിരുന്നു എന്നായിരുന്നു മൊഴി. 

 

ഈ കേസിന്റെ വിചാരണ പുരോഗമിച്ച സാഹചര്യത്തിലാണ്, സംഭവം നടന്ന 29 വർഷങ്ങൾക്ക് ശേഷം സുമേധ് സിങ് സെയ്നി ഐപിഎസ് അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യത നിലവിൽ വന്നതും, അതിനു പിന്നാലെ മുൻ ഡിജിപി തന്റെ Z+ സെക്യൂരിറ്റിക്കാരുടെ കണ്ണുവെട്ടിച്ച് ഒളിവിൽ പോയതും. എന്നാൽ, സെയ്‌നി ഒളിവിൽ പോയ കാര്യം പോലും പഞ്ചാബ് സർക്കാർ സമ്മതിച്ച മട്ടില്ല. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ സെക്യൂരിറ്റിക്ക് എന്നും പറഞ്ഞ് ദിവസേന ലക്ഷങ്ങൾ ചെലവ് വരുന്ന ഈ Z+ സെക്യൂരിറ്റി വൃന്ദം കാഴ്ചക്കാരായി മുൻ ഡിജിപിയുടെ മാളികക്ക് പുറത്ത് ഇതികർത്തവ്യതാമൂഢരായി നിലകൊള്ളുന്ന സാഹചര്യം ഇപ്പോൾ ഉണ്ടായിട്ടുള്ളത്.

click me!