സമീപത്ത് ഒരു ഡ്രോണ്‍ വട്ടമിട്ടു പറക്കുന്നുണ്ടോ? അറിയാന്‍ ഇതാ ഒരു ആപ്പ്

By Web TeamFirst Published Nov 16, 2019, 10:48 AM IST
Highlights

ആളില്ലാ വിമാനങ്ങള്‍ അടുത്തിടെ പലയിടത്തും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതിനെ തുടര്‍ന്നാണ് ഡിജെഐയുടെ ഈ നീക്കം. ഗാറ്റ്വിക്ക്, ഹീത്രോ വിമാനത്താവളങ്ങളിലും സമാന സംഭവങ്ങളെത്തുടര്‍ന്ന് ഡ്രോണുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു

കൊച്ചി: നിങ്ങളുടെ സമീപത്ത് കൂടി ഒരു ഡ്രോണ്‍ പറക്കുന്നുണ്ടോയെന്നറിയാന്‍ ഇതാ ഒരു ആപ്പ്. ലോകത്തെ പ്രമുഖ ഡ്രോണ്‍ നിര്‍മാതാക്കളും ചൈനീസ് കമ്പനിയുമായ ഡിജെഐയാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്. വൈഫൈ പ്രവര്‍ത്തനക്ഷമമാക്കിയ സ്മാര്‍ട്ട്‌ഫോണ്‍ ഉള്ള ആര്‍ക്കും സമീപത്ത് പറക്കുന്ന ആളില്ലാ ആകാശ വാഹനങ്ങളുടെ വിവരങ്ങള്‍ ആക്‌സസ് ചെയ്യാം.

ഓരോ ഡ്രോണിന്റെയും ഐഡി ലഭ്യമാക്കുന്നതിലൂടെ, ഈ ഡ്രോണ്‍ എന്ത് ആവശ്യത്തിന് ഉപയോഗിക്കുന്നുവെന്നും ആരുടേതാണെന്നും ഇതിന്‍റെ പ്രവര്‍ത്തനക്ഷമതയെന്താണെന്നുമൊക്കെ തിരിച്ചറിയാനാവും. ആളില്ലാ വിമാനങ്ങള്‍ അടുത്തിടെ പലയിടത്തും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതിനെ തുടര്‍ന്നാണ് ഡിജെഐയുടെ ഈ നീക്കം.

ഗാറ്റ്വിക്ക്, ഹീത്രോ വിമാനത്താവളങ്ങളിലും സമാന സംഭവങ്ങളെത്തുടര്‍ന്ന് ഡ്രോണുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഡ്രോണിന്റെ ഉയരം, വേഗത, സ്ഥാനം എന്നിവ ഉള്‍പ്പെടെയുള്ള അടിസ്ഥാന വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ആക്‌സസ് ചെയ്യാവുന്ന വിധത്തിലാണ് ഡിജെഐ ആപ്പ് വികസിപ്പിക്കുന്നത്. കൂടുതല്‍ കാര്യക്ഷമമായ ഡ്രോണ്‍ ഉപയോഗം അനുവദിക്കുന്നതിനും സുരക്ഷയെ കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിനുമാണ് ഇത്തരമൊരു ആപ്പ് എന്ന് അധികൃതര്‍ പറഞ്ഞു. അധിക ഇന്‍ഫ്രാസ്ട്രക്ചര്‍ ഇല്ലാതെ ലോകമെമ്പാടും തല്‍ക്ഷണം ഉപയോഗയോഗ്യമായ രീതിയില്‍ ഒരു പരിഹാരം നല്‍കുകയാണ് ഉദ്ദേശം.

കാനഡയിലെ മോണ്‍ട്രിയലില്‍ ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ മൂന്നാമത്തെ വാര്‍ഷിക ഡ്രോണ്‍ ആക്‌സസ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തവര്‍ക്ക് നേരിട്ടുള്ള ഡ്രോണ്‍ടു ഫോണ്‍ സംവിധാനം ഡെമോ ചെയ്തു. സാംസങ്, ഗൂഗിള്‍, ഷവോമി എന്നിവയില്‍ നിന്നുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഡിജെഐ മാവിക് എയര്‍, ഡിജെഐ മാവിക് 2 എന്റര്‍പ്രൈസസ് ഡ്രോണുകള്‍ എന്നിവയില്‍ നിന്ന് വൈഫൈ അവെയര്‍ സിഗ്‌നലുകള്‍ ലഭിച്ചു. 1 കിലോമീറ്റര്‍ (0.62 മൈല്‍) പരിധിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍ തിരിച്ചറിയാന്‍ ആപ്പിന് നിലവിലെ രൂപത്തില്‍ കഴിയും.

ഡ്രോണുകളുടെ ഉപഭോക്തൃ വിഭാഗത്തില്‍ നിലവില്‍ ലോകമെമ്പാടുമുള്ള വിപണി വിഹിതത്തിന്റെ 70 ശതമാനത്തിലധികം ഡിജെഐയുടേതാണ്. ആളില്ലാ ആകാശ വാഹനങ്ങള്‍ക്കായുള്ള ആഗോള ചെലവ് 2019 ല്‍ 12.3 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 9 ബില്യണ്‍ ഡോളറായിരുന്നു. ആവശ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍, ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ), യൂറോപ്യന്‍ യൂണിയന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി (ഈസ) എന്നിവയുള്‍പ്പെടെയുള്ള ഏവിയേഷന്‍ റെഗുലേറ്റര്‍മാര്‍ ഡ്രോണുകള്‍ക്കുള്ള വിദൂര ഐഡി സംവിധാനങ്ങളില്‍ ആവശ്യകത ആവശ്യപ്പെട്ടിരുന്നു. 

ഡ്രോണ്‍ പൈലറ്റുമാര്‍ക്ക് അവരുടെ ഫ്‌ലൈറ്റുകളെക്കുറിച്ചുള്ള ഒരു ലളിതമായ വിവരണം പ്രക്ഷേപണം ചെയ്യാന്‍ ഡിജെഐയുടെ ഡ്രോണ്‍ ടു ഫോണ്‍ സഹായിക്കുന്നു. സ്മാര്‍ട്ട്‌ഫോണ്‍ അപ്ലിക്കേഷനിലൂടെ ആര്‍ക്കും ഡ്രോണുകള്‍ നിറവേറ്റുന്ന ജോലിയെന്താണെന്നു കൃത്യമായി മനസ്സിലാക്കാനാവും. സമാനമായ ആശങ്കകള്‍ പരിഹരിക്കുന്നതിനായി ഡിജെഐ 2017 ല്‍ എയ്‌റോസ്‌കോപ്പ് എന്ന ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരുന്നു.

നിരവധി മൈലുകള്‍ വരെ ദൂരം വാഗ്ദാനം ചെയ്യുന്ന വളരെ ശക്തമായ ഒരു സംവിധാനമായിരുന്നു ഇത്. മറ്റ് ഡ്രോണ്‍ നിര്‍മ്മാതാക്കള്‍ ഈ സംവിധാനം നിരസിച്ചുവെങ്കിലും, ജയിലുകള്‍, സ്‌റ്റേഡിയങ്ങള്‍, വിമാനത്താവളങ്ങള്‍, കാര്‍ ഡീലര്‍ഷിപ്പുകള്‍ എന്നിവപോലും അനധികൃത ഡ്രോണ്‍ ഉപയോഗം കണ്ടെത്തുന്നതിന് ഇപ്പോഴുമിത് ഉപയോഗിക്കുന്നു. എന്നാല്‍ കുറച്ചുകൂടി കാര്യക്ഷമതയുള്ള ഡ്രോണ്‍ ടു ഫോണ്‍ ആപ്പ് കൂടുതല്‍ ജനപ്രദമായിരിക്കുമെന്നാണ് സൂചന.

click me!