Latest Videos

59 ചൈനീസ് ആപ്പുകളുടെ നിരോധനം: നടപ്പിലാക്കുന്നത് ഇങ്ങനെ

By Web TeamFirst Published Jun 30, 2020, 10:42 AM IST
Highlights

സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ ഈ ആപ്പുകള്‍ സംബന്ധിച്ച് വിവിധ ഭാഗങ്ങളില്‍ നിന്നും പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നാണ് പറയുന്നത്. ഈ ആപ്പുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന പരാതിയാണ് കൂടുതല്‍ എന്നും ഐടി മന്ത്രാലയം പറയുന്നു. 

തിങ്കളാഴ്ചയാണ് രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയായ 59 ചൈനീസ് നിര്‍മ്മിത ആപ്പുകളെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. ഇതില്‍ രാജ്യത്ത് ഏറെ ജനപ്രിയമായ ടിക് ടോക്,യുസി ബ്രൌസര്‍ തുടങ്ങിയ ആപ്പുകളും ഉള്‍പ്പെടുന്നുണ്ട്. 

എത് നിയമപ്രകാരമാണ് നിരോധനം

2000ത്തിലെ ഐടി ആക്ടിന്‍റെ സെക്ഷന്‍ 69 എ പ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ ആപ്പുകളെ നിരോധിച്ചത്. രാജ്യത്തിന്‍റെ അഖണ്ഡത, രാജ്യത്തിന്‍റെ സുരക്ഷ, രാജ്യത്തിന്‍റെ പ്രതിരോധ സംവിധാനം, വിദേശ രാജ്യങ്ങളുടെ സൌഹൃദം എന്നിവയെ ബാധിക്കുന്ന തരത്തിലുള്ള ഏതോരു കമ്പ്യൂട്ടര്‍ ഫോണ്‍ വഴിയുള്ള പൊതുജനത്തിന് ലഭിക്കുന്ന ഇന്‍ഫര്‍മേഷനും ബ്ലോക്ക് ചെയ്യാനോ, നിയന്ത്രിക്കാനോ ഉള്ള അധികാരമാണ് ഈ വകുപ്പ് സര്‍ക്കാറിന് നല്‍കുന്നത്. ഇത് ഉപയോഗിച്ചാണ് 59 സൈറ്റുകളെ സര്‍ക്കാര്‍ നിരോധിച്ചത്.

സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ ഈ ആപ്പുകള്‍ സംബന്ധിച്ച് വിവിധ ഭാഗങ്ങളില്‍ നിന്നും പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നാണ് പറയുന്നത്. ഈ ആപ്പുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന പരാതിയാണ് കൂടുതല്‍ എന്നും ഐടി മന്ത്രാലയം പറയുന്നു. 

ഉപയോക്താക്കളില്‍ നിന്നും നിയമപരമായി അല്ലാതെ ശേഖരിക്കുന്ന ഡാറ്റ ഇത്തരം ആപ്പുകള്‍ വിദേശത്തേക്ക് കടത്തുന്നുവെന്നും ഐടി മന്ത്രാലയം പറയുന്നു. അതിനാല്‍ തന്നെ ഈ വിഷയം രാജ്യത്തിന്‍റെ കെട്ടുറപ്പിനെയും അഖണ്ഡതയെയും ബാധിക്കുന്ന ആഴത്തിലുള്ള വിഷയമാണെന്നും പെട്ടെന്നുള്ള നടപടി ആവശ്യമാണെന്നും ഉത്തരവില്‍ ഐടി മന്ത്രാലയം പറയുന്നു.

എങ്ങനെ ഇത് നടപ്പിലാക്കും?

ഇത് സംബന്ധിച്ച് വിവിധ മൊബൈല്‍ നെറ്റ്വര്‍ക്ക് പ്രോവൈഡര്‍മാര്‍ക്ക് കേന്ദ്രം ഉടന്‍ നിര്‍ദേശം നല്‍കും. ഇതോടെ ഈ ആപ്പുകള്‍ ഉപയോഗിക്കാന്‍ കഴിയാത്തവിധം സര്‍വീസ് പ്രോവൈഡര്‍മാര്‍ ബ്ലോക്ക് ചെയ്യാനാണ് സാധ്യത. ഒപ്പം തന്നെ വിവിധ ആപ്പ് സ്റ്റോറുകളില്‍ നിന്നും ഈ ആപ്പുകള്‍ ബ്ലോക്ക് ചെയ്യും. 

ലൈവ് ഇന്‍റര്‍നെറ്റ് ആവശ്യമില്ലാത്ത ആപ്പുകള്‍ ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് പിൻവലിച്ചാലും ഇൻസ്റ്റാൾ ചെയ്ത ഫോണിലൂടെ ആപ്പ് നിലനില്‍ക്കാനാണ് സാധ്യത, റെക്കോർഡുകൾ നഷ്ടപ്പെടില്ല. പക്ഷെ പുതിയ അപ്ഡേഷന്‍ ഒന്നും നടക്കില്ല. ഈ ആപ്പുകള്‍ക്ക് പുതിയ അപ്‌ഡേറ്റുകൾ ഉണ്ടാകില്ല എന്നതാണ് നിരോധനത്തിലൂടെ നടപ്പിലാകുക.

അതായത് ടിക്ടോക്ക്, യുസി ബ്രൌസര്‍ പോലെ ലൈഫ് ഫീഡ് വേണ്ട ആപ്പുകള്‍ ഫോണില്‍ ഉണ്ടെങ്കിലും ഒരു ഗുണവും ഉണ്ടാകില്ല. അതേ സമയം ആക്ടീവ് നെറ്റ് വേണ്ടത്ത ആപ്പുകള്‍ ഉദാഹരണം ക്യാംസ്കാനര്‍ എന്നിവ ഉപയോഗിക്കാം എങ്കിലും അപ്ഡേറ്റ് വരാതെ അധികം വൈകാതെ പ്രവര്‍ത്തന രഹിതമാകാം. ഇത്തരം ആപ്പുകളില്‍ നിങ്ങളുടെ ഡാറ്റകള്‍ ഉണ്ടെങ്കില്‍ ബാക്ക് അപ്പ് ചെയ്യുന്നത് നല്ലതാണ്.

എന്നാല്‍ ഇന്ത്യയില്‍ ഈ ആപ്പുകള്‍ നിരോധിക്കപ്പെടുമ്പോള്‍ ഈ ആപ്പുകള്‍ പിന്നീടും ഉപയോക്താവിന്‍റെ ഫോണില്‍ വന്നാല്‍ അത് കുറ്റകരമാകുമോ എന്ന സംശയം വ്യാപകമായി ഉണ്ട്.

ഈ നിരോധനത്തിലൂടെ സംഭവിക്കുന്നത്

ടിക്ടോക്ക് അടക്കം പല ആപ്പുകളും ഇന്ത്യയില്‍ വളരെ ജനപ്രിയമാണ്. 100 ദശലക്ഷത്തിലേറെ ആക്ടീവ് ഉപയോക്താക്കള്‍ ഈ ആപ്പുകള്‍ക്ക് രാജ്യത്തില്‍ ഒരു ദിവസം ലഭിക്കുന്നു എന്നാണ് കണക്ക്. ഇംഗ്ലീഷ് അധികം വഴങ്ങാത്തവര്‍ക്കും ഇറങ്ങികളിക്കാവുന്ന രീതിയിലാണ് ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പുകളായ ഹലോ, ലൈക്കി എന്നിവ ശ്രദ്ധേയമായത്. വീഡിയോ ആപ്പുകളായ ബിന്‍ഗോ ലൈവും ഈ പൊയന്‍റിലാണ് പിടിച്ചുകയറിയത്.

എങ്കിലും ഈ പ്ലാറ്റ്ഫോമുകള്‍ ഇല്ലാതാകുന്നതോടെ ഇന്ത്യന്‍ ആപ്പ് ക്രിയേറ്റര്‍മാര്‍ക്ക് കൂടുതല്‍ അവസരങ്ങളും വെല്ലുവിളികളും ഉണ്ടാക്കുന്നു എന്നാണ് ടെക് വൃത്തങ്ങള്‍ പറയുന്നത്. പക്ഷെ ചൈനീസ് ആപ്പുകളുടെ നിരോധനം കുറഞ്ഞത് ഒരു ആയിരം പേര്‍ക്ക് എങ്കിലും ഇന്ത്യയില്‍ ജോലി നഷ്ടം ഉണ്ടാക്കും എന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പക്ഷെ അത് പുതിയ ഇന്ത്യന്‍ ആപ്പുകളുടെ സാധ്യതയും ബിസിനസ് അവസരങ്ങളും വച്ച് നോക്കുമ്പോള്‍ വലിയ കാര്യമല്ലെന്നും റിപ്പോര്‍ട്ടുണ്ട്.

click me!