'മാസം രണ്ട് ലക്ഷം തന്നാല്‍ എല്ലാം പരിഹരിക്കാം'; റെയില്‍വേ ഇ- ടിക്കറ്റ് കുംഭകോണത്തിലെ 'ഗുരുജി' പറയുന്നു

By Web TeamFirst Published Jan 25, 2020, 5:58 PM IST
Highlights

ഒരേ സമയം നിരവധി അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് ഇവരുടെ തട്ടിപ്പ്. തട്ടിപ്പിനായി വിവിധ പേരുകളില്‍ എസ്ബിഐയുടെ 2400 അക്കൗണ്ടുകള്‍ ഗുലാം ഉപയോഗിച്ചിട്ടുണ്ട്. 

ദില്ലി: വന്‍ വിവാദം ഉണ്ടാക്കിയ റെയില്‍വേ ഓണ്‍ലൈന്‍ ടിക്കറ്റ് കുംഭകോണത്തില്‍ വന്‍ വഴിത്തിരിവായി കേസിലെ പ്രധാന കണ്ണിയായ ഗുരുജിയെ കണ്ടെത്തി. 2017 ല്‍ ഇയാളെ സിബിഐ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇയാള്‍ ജാമ്യം എടുത്തു മുങ്ങുകയായിരുന്നു എന്നാണ് കേസ് അന്വേഷിക്കുന്ന ആര്‍പിഎഫ് സ്പെഷ്യല്‍ ടീം പറയുന്നത്. റെയില്‍വേയുടെ ടിക്കറ്റ് ബുക്കിംഗ് സൈറ്റായ ഐആര്‍സിടിസി ഹാക്ക് ചെയ്ത് ഒടിപിയോ, ക്യാച്ചയോ ഇല്ലാതെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുകയും പിന്നീട് മറിച്ച് വില്‍ക്കുന്നതുമാണ് ഈ സംഘത്തിന്‍റെ രീതി. ഓണ്‍ലൈന്‍ വഴി രാജ്യ വ്യാപകമായി തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനി ജാര്‍ഖണ്ഡ് സ്വദേശി ഗുലാം മുസ്തഫയെ  അടുത്തിടെ പിടികൂടിയിരുന്നു.

ടിക്കറ്റ് ബുക്കിംഗുമായ തട്ടിപ്പിനായി ഇയാള്‍ പ്രതിമാസം 15 കോടിയോളം രൂപ സ്വന്തം അക്കൗണ്ടില്‍ സമാഹരിച്ചിരുന്നു. രാജ്യത്തെ ഒട്ടുമിക്ക ജില്ലകളിലും ഇവര്‍ക്ക് ശൃംഖലകള്‍ ഉണ്ടായിരുന്നു. ഒരു സ്ത്രീയുടെ ശബ്ദത്തില്‍ ഇയാളെ ബന്ധപ്പെട്ടാണ് റെയില്‍വേ പൊലീസ് ഇയാളെ കുടുക്കിയത്. ഐആര്‍സിടിസിയില്‍ മാത്രം ഇയാള്‍ 536 അക്കൗണ്ടുകള്‍ ഉണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഇയാളില്‍ നിന്നാണ് സംഘത്തിലെ തലയായ ഗുരുജിയുടെ സൂചനകള്‍ ലഭിച്ചത്. ഇയാള്‍ വഴി പണം വിദേശത്തേക്ക് എത്തിക്കാറുണ്ട് എന്നാണ് ലഭിച്ച വിവരം.

ഒരേ സമയം നിരവധി അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് ഇവരുടെ തട്ടിപ്പ്. തട്ടിപ്പിനായി വിവിധ പേരുകളില്‍ എസ്ബിഐയുടെ 2400 അക്കൗണ്ടുകള്‍ ഗുലാം ഉപയോഗിച്ചിട്ടുണ്ട്. മറ്റ് ബാങ്കുകളില്‍ ഇയാള്‍ക്ക് 600 അക്കൗണ്ടുകള്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. ആധാര്‍ കാര്‍ഡ് വ്യാജമായി ഉണ്ടാക്കാനും ഇയാള്‍ക്ക് സാധിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പ്രഥമിക വിദ്യഭ്യാസം മാത്രമുള്ള ഇയാള്‍ക്ക് പിന്നില്‍ മറ്റൊരു വ്യക്തിയുണ്ടോ എന്ന ചോദ്യം ചെയ്യലിലാണ് ഗുരുജി എന്ന പേര് പുറത്ത് വന്നത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ഹാമിദ് അഷ്റഫ് എന്ന ഇപ്പോള്‍ ദുബായില്‍ ഉള്ള ഹാക്കറാണ് എന്ന് കണ്ടെത്തിയത്. എന്നാല്‍ ഇയാളുമായി ഇ-മെയില്‍ വഴി ബന്ധപ്പെട്ട ആര്‍പിഎഫിനോട് തന്‍റെ കുറ്റങ്ങള്‍ സമ്മതിക്കാന്‍ തയ്യാറായില്ല. ഐആര്‍സിടിസി സൈറ്റിനും പ്രോഗ്രാമിനും വലിയ പ്രശ്നമുണ്ടെന്നും ഇത് പരിഹരിച്ച് തരാമെന്നുമാണ് ഇയാള്‍ നല്‍കുന്ന മറുപടി. മാസം രണ്ട് ലക്ഷം ശമ്പളം തന്നാല്‍ ഇത് പരിഹരിക്കാം എന്നും ഇയാള്‍ വാഗ്ദാനം ചെയ്യുന്നു.

ഐആർസിടിസി സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റത്തിന്റെ സഹായത്തോടെ രൂപകൽപന ചെയ്ത ബുക്കിങ് സോഫ്റ്റ്‍വെയർ ഒരുപാടു പാളിച്ചകളുള്ളതാണെന്ന് 500 തവണയെങ്കിലും മെയിൽ മുഖേനയും വാട്സാപ് മുഖേനയും ബന്ധപ്പെട്ടവരെ അറിയിച്ചതായും ഹാമിദ് അഷ്റഫ് ആർപിഎഫിനോടു പറഞ്ഞുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇയാള്‍ ഈ പിഴവുകള്‍ വച്ച് വലിയൊരു തട്ടിപ്പ് നടത്തുതകയായിരുന്നു എന്നാണ് അന്വേഷണ സംഘം വിശ്വസിക്കുന്നത്. അതിനാല്‍ തന്നെ അയാള്‍ക്കെതിരായ നടപടികളുമായി മുന്നോട്ട് പോകുവനാണ് റെയില്‍വേ സേനയുടെ തീരുമാനം.

click me!