Mobile tariffs hiked : കുത്തനെക്കൂട്ടി മൊബൈല്‍ ചാര്‍ജുകള്‍; കൂട്ടിയത് ന്യായമാണോ?

Web Desk   | Asianet News
Published : Nov 24, 2021, 05:17 PM IST
Mobile tariffs hiked : കുത്തനെക്കൂട്ടി മൊബൈല്‍ ചാര്‍ജുകള്‍; കൂട്ടിയത് ന്യായമാണോ?

Synopsis

എയർടെലിന് പിന്നാലെ പ്രീപെയ്ഡ് പ്ലാന്‍ നിരക്കുകളില്‍ വോഡഫോണ്‍ ഐഡിയ (വി)യും വലിയ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. നവംബര്‍ 25 മുതല്‍ വീയുടെ നിരക്കില്‍ മാറ്റം വരും.

യർടെലിന് പിന്നാലെ പ്രീപെയ്ഡ് പ്ലാന്‍ നിരക്കുകളില്‍ വോഡഫോണ്‍ ഐഡിയ (വി)യും വലിയ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. നവംബര്‍ 25 മുതല്‍ വീയുടെ നിരക്കില്‍ മാറ്റം വരും. എയർടെല്ലിന്‍റെ നിരക്ക് വര്‍ദ്ധനയുടെ അത്രയും വര്‍ദ്ധനവ് ചില പ്ലാനുകളില്‍ വി നടത്തിയിട്ടില്ല. എന്നാൽ ചില പ്ലാനുകൾ ഇരുകമ്പനികളുടേതും സമാനവുമാണ്. 

ഏറ്റവും കുറഞ്ഞ നിരക്കായ 79ന്‍റെ പ്ലാനിന്​ ഇനി 99 രൂപ നൽകേണ്ടിവരും. 28 ദിവസത്തെ ലിമിറ്റഡ്​ ലോക്കൽ എസ്​.ടി.ഡി കോളും 200 എം.ബി ഡേറ്റയുമാണ്​ പ്ലാനിന്​ നൽകുക. 2399 രൂപയുടെ ഏറ്റവും ഉയർന്ന പ്ലാനിന്​ ഇനി 2899 രൂപ നൽകേണ്ടിവരും. ഡേറ്റ​​ ടോപ്​ അപ്​ പ്ലാനിന്‍റെയും നിരക്കുകൾ വർധിപ്പിച്ചു. 67 രൂപ വരെയാണ് ഏറ്റവും ഉയർന്ന​ വർധന. 

ഇതോടെ 48 രൂപയുടെ പ്ലാൻ 58 രൂപയാകും. 351 രൂപയുടെ പ്ലാനിന്​ നവംബർ 25 മുതൽ 418 രൂപയും നൽകേണ്ടിവരും. അതേസമയം എയര്‍ടെല്‍ വരിക്കാരുടെ ജനപ്രിയ പ്രതിമാസ പ്ലാനുകള്‍ക്ക് പുതുക്കിയ നിരക്ക് പ്രകാരം കുറഞ്ഞത് 50 രൂപ എങ്കിലും അധികം നല്‍കേണ്ടി വരും. ഏറെ ആളുകള്‍ ഉപയോഗിച്ചിരുന്ന, 56 ദിവസത്തെയും 84 ദിവസത്തെയും വാലിഡിറ്റിയുള്ള പ്ലാനുകള്‍ക്ക് പുതുക്കിയ നിരക്ക് പ്രകാരം യഥാക്രമം 479 രൂപയും 455 രൂപയും നല്‍കേണ്ടി വരും. നേരത്തെ അത് യഥാക്രമം 399 രൂപയും 449 രൂപയുമായിരുന്നു.

തിങ്കളാഴ്ചയാണ് എയര്‍ടെല്‍ നിരക്ക് വര്‍ദ്ധിപ്പിച്ചത്. ഏറ്റവും കുറഞ്ഞ പ്ലാനായ 79 രൂപയുടെ പ്ലാനിന് 99 രൂപയാകും. 298 രൂപയുടെ പ്ലാനിന് 359 രൂപ നല്‍കേണ്ടിവരും എയര്‍ടെല്‍ ഉപയോക്താക്കള്‍. 399 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് 479 രൂപയായി ഉയർത്തി, 2,498 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് ഇനി 2999 രൂപയായി ഉയര്‍ത്തി. ടോപ്പ്-അപ്പ് പ്ലാനുകൾക്കും നിരക്ക് വർദ്ധിപ്പിച്ചു, 48 രൂപ വിലയുള്ള ഡേറ്റ ടോപ്പ്-അപ്പ് പ്ലാൻ 58 രൂപയ്ക്കും 98 രൂപയുടെ പ്ലാൻ 118 രൂപയ്ക്കും 251 രൂപ വിലയുള്ള ഡേറ്റ ടോപ്പ്-അപ്പ് പ്ലാൻ 301 രൂപയ്ക്കുമായിരിക്കും ഇനി ലഭിക്കുക. പ്ലാനുകളിൽ യഥാക്രമം 3 ജിബി ഡേറ്റ, 12 ജിബി ഡേറ്റ, 50 ജിബി ഡേറ്റ എന്നിവ ലഭിക്കും.

എന്തിനാണ് ഈ നിരക്ക് വര്‍ദ്ധനവ്

ഇപ്പോഴത്തെ കണക്ക് പ്രകാരം ടെലികോം കമ്പനികള്‍ ഉദ്ദേശിക്കുന്നത്, വരുമാനത്തിലെ കുതിച്ചുചാട്ടമാണ്. ആളോഹരി വരുമാനത്തില്‍ വര്‍ദ്ധനവ് വേണം എന്നതാണ് ഈ നിരക്ക് വര്‍ദ്ധനവിന്‍റെ അടിസ്ഥാനമായി അവര്‍ പറയുന്നത്. അതായത് 20 മുതല്‍ 25 ശതമാനം താരിഫ് നിരക്ക് വര്‍ദ്ധനവാണ് എയര്‍ടെല്‍, വി എന്നിവ വരുത്തിയിരിക്കുന്നത്. അഞ്ച് വര്‍ഷമായി ടെലികോം മേഖലയില്‍ വലിയ വരുമാന നഷ്ടമാണ് ഉണ്ടാകുന്നത് എന്നാണ് എയര്‍ടെല്‍, വി എന്നിവയുടെ വാദം.

2016 ല്‍ റിലയന്‍സ് ജിയോ കടന്നുവന്നതോടെ കോള്‍ നിരക്കുകളും, ഇന്‍റന്‍നെറ്റ് ഡാറ്റ നിരക്കുകളും കുത്തനെ കുറഞ്ഞതോടെ മത്സരത്തില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ പല ടെലികോം കമ്പനികളും പൂട്ടി. വോഡഫോണും ഐ‍ഡിയയും പിടിച്ചുനില്‍ക്കാന്‍ ഒന്നായി. എന്നാല്‍ പ്രതിസന്ധി അതിന്‍റെ പരകോടിയില്‍ എത്തിയിരുന്നു കഴിഞ്ഞ രണ്ട് വര്‍ഷമായി. എജിആര്‍ കേസിലെ വിധി വന്നതോടെ രാജ്യത്തെ ടെലികോം മേഖല വലിയ പ്രതിസന്ധിയിലായി. ഇത് അടുത്ത ഘട്ടം ടെലികോം വികാസത്തെ ബാധിക്കും എന്ന അവസ്ഥയിലാണ് മാസങ്ങള്‍ക്ക് മുന്‍പ് കേന്ദ്രസര്‍ക്കാര്‍ ടെലികോം മേഖലയ്ക്ക് ചില ആശ്വാസങ്ങള്‍ പ്രഖ്യാപിച്ചത്. ഇതിന്‍റെ ഭാഗമായികുന്നു നിരക്ക് വര്‍ദ്ധനയ്ക്കുള്ള സാഹചര്യം ഒരുക്കല്‍ അതാണ് ഇപ്പോള്‍ പ്രാവര്‍ത്തികമാകുന്നത്. ഡിസംബര്‍ 2019 ല്‍ ഇത്തരത്തില്‍ ഒരു നിരക്ക് വര്‍ദ്ധനവ് ടെലികോം കമ്പനികള്‍ നടത്തിയിരുന്നു. 

സുപ്രീംകോടതി വിധി പ്രകാരം സര്‍ക്കാറിലേക്ക് വി, എയര്‍ടെല്‍ എന്നിവര്‍ അടക്കേണ്ടിവരുന്ന എജിആര്‍ തുക യഥാക്രമം 58,250 കോടി രൂപയും, 43,890 രൂപയുമാണ്. ഇതിന് നാല് വര്‍ഷത്തേക്ക് കേന്ദ്രം മോറട്ടോറിയം നല്‍കിയിട്ടുണ്ട്. നാല് വര്‍ഷം കഴിഞ്ഞാല്‍ ഇത് അടയ്ക്കണം എന്നതിനാല്‍ ഇപ്പോള്‍ തന്നെ വിഭവ സമാഹരണം നടത്തണം എന്നതാണ് ഈ കമ്പനികള്‍ നിരക്ക് വര്‍ദ്ധനയിലൂടെ ഉദ്ദേശിക്കുന്ന പ്രധാന ലക്ഷ്യം. 

ഒപ്പം തന്നെ ടെലികോം രംഗത്ത് വരാന്‍ പോകുന്ന ഏറ്റവും വലിയ മാറ്റം 5ജിയുടെ കടന്നുവരവ് ആയിരിക്കും. ഇതിനുള്ള ഭാരിച്ച ചിലവ് കണ്ടെത്തുക എന്നതും ഈ നിരക്ക് വര്‍ദ്ധനയ്ക്ക് പിന്നിലുണ്ട്. 

ആരെ ബാധിക്കും

നിരക്ക് വര്‍ദ്ധനവ് അത്യന്തികമായി ഉപയോക്താക്കളുടെ ചുമലില്‍ തന്നെ ആയിരിക്കും എയര്‍ടെല്‍,വി നിരക്ക് വര്‍ദ്ധനവ് അവരുടെ ഉപയോക്താക്കളില്‍ 95 ശതമാനത്തെയും ബാധിക്കും. നേരത്തെ ജൂലൈ മാസത്തില്‍ ടെലികോം കമ്പനികള്‍ എന്‍ട്രി ലെവല്‍, കോര്‍പ്പറേറ്റ് പ്ലാനുകളില്‍ താരീഫ് നിരക്ക് വര്‍ദ്ധനവ് നടത്തിയിരുന്നെങ്കിലും, ഇപ്പോള്‍ നടത്തിയിരിക്കുന്ന വര്‍ദ്ധനവ് ജനപ്രിയ പ്ലാനുകളില്‍ ആണെന്നതിനാല്‍ ഇവ ഗൗരവമായി തന്നെ ഉപയോക്താക്കളെ ബാധിക്കും. 
 

PREV
Read more Articles on
click me!

Recommended Stories

പൊലീസിനൊപ്പം കേസ് അന്വേഷിക്കാൻ എഐയും, മിന്നൽ സ്പീഡിൽ അന്വേഷണം നടക്കാനുള്ള ക്രമീകരണവുമായി മൈക്രോസോഫ്റ്റ്
'സീറോ ഡേ' ആക്രമണം തുടങ്ങി, ഫോൺ അപ്‍ഡേറ്റ് ചെയ്തില്ലെങ്കിൽ കാത്തിരിക്കുന്നത് മുട്ടൻ പണി, മുന്നറിയിപ്പുമായി കമ്പനികൾ