'ഞാനൊരു ജിഗോളോ അല്ല, സെക്സ് തെറാപ്പിസ്റ്റ്', ആൻസോൾ പറയുന്നു

By Web TeamFirst Published Jul 11, 2020, 4:44 PM IST
Highlights

തെറാപ്പി സെഷനുവേണ്ടി ആൻസോളിനെ കാണാൻ വന്നെത്തുന്ന സ്ത്രീകൾ അദ്ദേഹത്തിന്റെ സേവനം നേടിയ ശേഷം തിരികെ പോകുന്നത് പുതിയ വ്യക്തികളായിട്ടാണ് 

പേര് ആൻസോൾ. സ്വദേശം മോസ്‌കോ. ആൻസോൾ ചെയ്യുന്ന തൊഴിൽ, അതിൽ അദ്ദേഹം കൈവരിച്ചിരിക്കുന്ന വൈദഗ്ധ്യം, അതൊക്കെ അദ്ദേഹത്തിന് ഒരു നിഗൂഢ പരിവേഷം പകരുന്നുണ്ട്. ജീവിതത്തിൽ ആൻസോൾ കണ്ടുമുട്ടുന്ന വ്യക്തികളിൽ ഭൂരിഭാഗവും, പറഞ്ഞുകേട്ടറിഞ്ഞ് റിപ്പോർട്ട് ചെയ്യാനെത്തുന്ന പത്രക്കാരും ഒക്കെ അദ്ദേഹത്തെ ഒരു 'ഫ്രീക്കൻ' എന്ന ലേബലിലേക്ക് ഒതുക്കാൻ ശ്രമിക്കാറുണ്ട്. ആൻസോൾ ചെയ്യുന്നത് എന്തെന്ന് കേട്ടറിയാൻ പലപ്പോഴും ആളുകൾക്ക് സാവകാശമുണ്ടാവാറില്ല. പാതികേൾക്കുന്ന പാടിന് ആളെ ഒരു 'ജിഗോളോ' എന്ന് മുദ്രകുത്താനാണ് ജനത്തിനിഷ്ടം. എന്നാൽ, സ്ത്രീകളുടെ ലൈംഗികമായ പ്രശ്നങ്ങൾക്ക്  ബിഹേവിയറൽ ടെക്നിക്കുകളിലൂടെയും, അവരോടൊപ്പം യഥാവിധി ഇണചേർന്നും പരിഹാരം കണ്ടെത്താൻ സഹായിക്കുന്ന ഒരു 'സെക്ഷ്വൽ സറോഗേറ്റ്' ആണ് താനെന്ന് ആൻസോൾ അവകാശപ്പെടുന്നു. 

എങ്ങനെ ഈ തൊഴിൽ തിരഞ്ഞെടുത്തു?

തന്റെ യൗവ്വനത്തിന്റെ വലിയൊരു ഭാഗം, ഏകദേശം പതിനേഴു വർഷത്തോളം ആൻസോൾ ജീവിച്ചത് മോസ്‌കോ, സെന്റ് പീറ്റേഴ്‌സ്ബർഗ് എന്നീ രണ്ടു നഗരങ്ങളിലായിട്ടാണ്. ആ ജോലി അദ്ദേഹം തെരഞ്ഞെടുത്തത് എന്തിനാണെന്നോ, യൂണിവേഴ്സിറ്റിയിൽ പഠിച്ചത് ഏതൊക്കെയാണെന്നോ അടക്കമുള്ള പല വിവരങ്ങളും പുറത്തുപറയാൻ ആൻസോൾ ആഗ്രഹിക്കുന്നില്ല. ഇന്ന് താനെന്താണ് എന്നതിൽ ശ്രദ്ധിക്കൂ എന്നാണ് അദ്ദേഹം പറയുന്നത്. 'ലൈംഗികപാരസ്പര്യത്തിന്റെ പരിശീലകനാ'ണ് താനെന്ന് ആൻസോൾ അവകാശപ്പെടുന്നു. 'സറോഗേറ്റ് പാർട്ണർ' എന്ന മോടിയുള്ളൊരു ലേബലും തന്റെ തൊഴിലിനായി അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. വാക്കാലും പ്രവൃത്തിയാലുമുള്ള ചില ടെക്നിക്കുകൾ വഴി സ്ത്രീകൾക്കുള്ള അടുപ്പക്കുറവ്, ലൈംഗിക ജഡത്വം, മരവിപ്പ് തുടങ്ങിയ മാനസിക പ്രശ്നങ്ങൾ ഇയാൾ പരിഹരിച്ചു നൽകുന്നു. 

സറോഗേറ്റ് പാർട്ണർമാർ എന്നത് റഷ്യയിൽ ഇന്നും അംഗീകൃതമായ ഒരു തൊഴിലല്ല. എന്നാൽ, അതിന്റെയർത്ഥം റഷ്യയിൽ എല്ലാവരും സംതൃപ്തമായ ലൈംഗികജീവിതമാണ് നയിക്കുന്നത് എന്നുമല്ല. 2017 -ൽ 15,000 -ൽ പരം പേരെ പങ്കെടുപ്പിച്ചുകൊണ്ട്  റഷ്യയിൽ ഒരു സെക്സ് സർവേ നടന്നു. ഹെൽത്ത് മെയിൽ എന്ന ഒരു വെബ്സൈറ്റ് ആണ് സർവേ സംഘടിപ്പിച്ചത്. ആ സർവേയുടെ ഫലം ഞെട്ടിക്കുന്നതായിരുന്നു. റഷ്യയിൽ 50 ശതമാനം പേർക്കും സെക്സിൽ ഏർപ്പെടാൻ പറ്റുന്നില്ല എന്നായിരുന്നു സർവേ ഫലം. ശേഷിക്കുന്നവരിൽ 13 % കഴിഞ്ഞ ഒരു വർഷത്തിനിടെ സെക്സിൽ ഏർപ്പെടാത്തവരാണ്. പിന്നൊരു 36 ശതമാനം തങ്ങൾക്ക് കിട്ടുന്ന സെക്സിന്റെ നിലവാരക്കുറവിൽ അസംതൃപ്തി ഉള്ളവരാണ്. സെക്സിൽ ഏർപ്പെടുന്നവരിൽ പാതിയും അതിന്റെ നിലവാരത്തെക്കുറിച്ച് തങ്ങളുടെ പങ്കാളികളോട് ചർച്ച ചെയ്യാൻ താത്പര്യപ്പെടാത്തവരും ആണ്. 

പ്രണയബന്ധങ്ങളിൽ നിന്ന് വിരമിച്ചത് 

ഈ തൊഴിലിലേക്ക് വരുന്നതിനു മുമ്പ്, പതിനഞ്ചു വർഷത്തിനിടെ നാല് കാമുകിമാരുണ്ടായിട്ടുണ്ട്  ആൻസോളിന്. ആ ബന്ധങ്ങളിലെ സെക്സ് ലൈഫ് അയാൾക്ക് ഇഷ്ടപ്പെടാഞ്ഞിട്ടല്ല അയാൾ അതൊക്കെ ഇട്ടെറിഞ്ഞ് ഇങ്ങനെയൊരു തൊഴിലിലേക്ക് ഇറങ്ങിയത്. അയാൾക്ക് ദേഷ്യം ആ ബന്ധങ്ങൾ ഒക്കെയും അയാളിൽ അടിച്ചേൽപ്പിച്ചിരുന്ന നിബന്ധനകളോടായിരുന്നു. "ഒരിക്കൽ നിങ്ങൾ നിങ്ങളുടെ കാമുകിയോട് സെക്സിൽ ഏർപ്പെട്ടോ, തീർന്നു... പിന്നെ ആയിരം കണ്ടീഷനുകളാണ്. അത് ചെയ്യണം, ഇത് ചെയ്യരുത്, അങ്ങോട്ട് നോക്കരുത്. ഇങ്ങോട്ടെന്തെ നോക്കാത്തത്. ആളെ ആകെ കെട്ടിയിട്ട പോലെയാകും പിന്നെ. പലതരത്തിലുള്ള നിബന്ധനകളാവും നിങ്ങളുടെ മേൽ. പലരും പലതരത്തിലാണ് ജീവിക്കുന്നത്. ചിലർ വിവാഹിതരാകും. ചിലർ ലിവ് ഇൻ റിലേഷൻഷിപ്പ് ആകും. ബന്ധം ഏതായാലും, മനസ്സിനെ റിലാക്സ് ചെയ്യാൻ നിങ്ങൾക്ക് വേണ്ടത് പങ്കാളിയുമായുള്ള ശാരീരികവും മാനസികവുമായ അടുപ്പവും, അതിൽ നിന്നുണ്ടാകുന്ന സെക്‌സും ആണ്. അതിന്റെ പേരിൽ ഏർപ്പെടുത്തുന്ന നിബന്ധനകൾ പരസ്പരം വേദനിപ്പിക്കാൻ കാരണമാവുന്നു പലപ്പോഴും" ആൻസോൾ പറയുന്നു. 

 

 

തന്റെ അവസാനത്തെ കാമുകിയുമായുള്ള ബന്ധം വേർപിരിഞ്ഞപ്പോൾ ആൻസോൾ വഴുതിവീണത് കടുത്ത ഡിപ്രഷനിലേക്കാണ്. അത് അദ്ദേഹത്തിന് സമ്മാനിച്ചത് തീവ്രവിഷാദത്തിന്റെ മാസങ്ങളോളം നീണ്ടുനിന്ന കാലഘട്ടമാണ്. അതോടെ, ഇനി അങ്ങനെ ഒരു അബദ്ധത്തിനില്ലെന്ന്  ആൻസോൾ തീരുമാനിച്ചു. അത് മോണോഗമിയിൽ നിന്ന് പൊളിഗമിയിലേക്കുള്ള അയാളുടെ ബോധപൂർവമുള്ള മാറ്റമായിരുന്നു. ആ കാലഘട്ടത്തിലാണ് 'സെക്ഷ്വൽ സറോഗസി' എന്ന ഒരു പ്രൊഫഷൻ ഉണ്ട് എന്ന കാര്യം അയാൾ തിരിച്ചറിയുന്നതും അതിലേക്ക് ചുവടുമാറുന്നതും. പൊളിഗമിയിൽ അഭിരമിച്ചിരുന്ന കാലത്ത്, ബന്ധപ്പെടുക എന്ന ഒരുദ്ദേശ്യത്തോടെ മാത്രം കണ്ടുമുട്ടിയിരുന്ന ചില സ്ത്രീകളുമായി നടത്തിയിരുന്ന സംഭാഷണങ്ങളിൽ നിന്നാണ്, സെക്സിൽ ഇങ്ങനെ ഒരു 'തെറാപ്യൂട്ടിക്ക്' തൊഴിൽ സാധ്യത കൂടി ഉണ്ടെന്നും താൻ അതിൽ ജന്മസിദ്ധമായ കഴിവുകൾ ഉള്ള ആളാണെന്നും ആൻസോൾ തിരിച്ചറിയുന്നത്.

യാദൃച്ഛികമായി തിരിച്ചറിഞ്ഞ സിദ്ധി

"സെക്സിൽ ഏർപ്പെടാൻ വന്ന യുവതികൾക്ക് ഒടുവിൽ ഞാനുമായുള്ള സമ്പർക്കം ചികിത്സയുടെ ഫലം ചെയ്ത നിരവധി അനുഭവങ്ങൾ അക്കാലത്തുണ്ടായി. ഉദാ. തനിക്ക് ഒരു തരത്തിലുള്ള ലൈംഗിക മരവിപ്പും ഇല്ല എന്നും, ശരീരത്തിലെ ലൈംഗിക ഉത്തേജന കേന്ദ്രങ്ങളെല്ലാം തന്നെ വേണ്ടവിധത്തിൽ പ്രവർത്തിക്കുന്നുണ്ട് എന്നുമൊക്കെ പല സ്ത്രീകളും ആദ്യമായി തിരിച്ചറിഞ്ഞത് എന്നോടുള്ള സെക്സ് സെഷൻസിനിടെയാണ്. പലർക്കും ജീവിതത്തിൽ ആദ്യമായി ഓർഗാസം എന്തെന്നറിയാൻ കഴിഞ്ഞതും, ജി സ്പോട്ട് എവിടെന്നു തിരിച്ചറിയാനായതും എന്നോടുള്ള ബന്ധപ്പെടലിനിടെ തന്നെ" ആൻസോൾ പറഞ്ഞു. അദ്ദേഹത്തോട് ബന്ധപ്പെട്ടു തളർന്നു കിടക്കുന്ന അവസ്ഥയിൽ നടത്തിയ സുദീർഘ സംഭാഷണങ്ങൾക്കിടെ അവരിൽ പലരുടെയും സെക്‌സിനോടുള്ള സമീപനത്തിൽ മാറ്റമുണ്ടായി. അവർ സെക്സിനെ വളരെ സ്വാഭാവികമായി സമീപിക്കാൻ പഠിച്ചു. പലരുടെയും പലതരത്തിലുമുള്ള 'സെക്സ് ഭയങ്ങൾ, അറപ്പുകൾ, വെറുപ്പുകൾ' ഒക്കെ മാറ്റിയെടുക്കാൻ ആൻസോളിന്റെ സംഭാഷണങ്ങൾക്കും പ്രവൃത്തികൾക്കും ആയി എന്നയാൾ അവകാശപ്പെടുന്നു. 

 

 

എന്നാൽ, ഈ പരിശ്രമങ്ങൾ തന്നിൽ നിന്ന് ഏറെ മാനസികവും ശാരീരികവുമായ അധ്വാനം ആവശ്യപ്പെടുന്നുണ്ട് എന്നറിഞ്ഞ നിമിഷമാണ് തന്റെ പ്രൊഫഷണൽ തെറാപ്പി സേവനങ്ങൾക്ക് എന്തുകൊണ്ട് ഫീസ് വാങ്ങിക്കൂടാ എന്നൊരു ചിന്ത ആൻസോളിനുണ്ടായത്. ഇന്ന് ആൻസോളിന്റെ സേവനങ്ങൾ ഒരു മണിക്കൂർ നേരത്തേക്ക് ലഭ്യമാകാൻ 30$ ആണ് ചെലവ്. ഏകദേശം 2250 രൂപ. 

തെറാപ്പിയുടെ ഫലങ്ങൾ, പാർശ്വഫലങ്ങൾ 

ആൻസോളിന്റെ തെറാപ്പി സങ്കൽപം അതിന്റേതായ നിലയ്ക്ക് സാധുതയുള്ള ഒന്നാണ്. പകൽ മുഴുവൻ ജോലി ചെയ്തു തളർന്ന ശേഷം ഒരു അപരിചിതന്റെ അടുത്തേക്ക് നിങ്ങൾ എത്തുന്നു എന്ന് സങ്കൽപ്പിക്കുക. അയാളുടെ അപ്പാർട്ടുമെന്റിലേക്ക് കടന്ന് സോഫയിൽ ഇരുന്ന് നിങ്ങൾ  മനസ്സിൽ ഒട്ട് ആശങ്കയോടെ തന്നെ മുടിയുടെ കെട്ടുകൾ വേർപെടുത്തുന്നു. അവിടെ നിങ്ങളെക്കാത്ത് തികഞ്ഞ പോസിറ്റീവ് എനർജിയോടുകൂടിയ ഒരു യുവാവ് ഇരിക്കുന്നുണ്ട്. അയാൾ നിർമിച്ചു തന്ന ഒരു ചുടുചായ മൊത്തികുടിച്ചുകൊണ്ട്, അയാളുടെ തീന്മേശക്ക് ഇരുപുറവും ഇരുന്നുകൊണ്ട് അയാളോട് നിങ്ങൾ സ്വകാര്യ ജീവിതത്തിൽ അനുഭവിക്കുന്ന ലൈംഗിക പ്രശ്നങ്ങളെക്കുറിച്ച് തുറന്നു പറയുന്നു. തന്നെ തേടിവരുന്നവർ മദ്യപിക്കാൻ പാടില്ല എന്ന കാര്യത്തിൽ ആൻസോളിന് നിർബന്ധമുണ്ട്.  ഇക്കാര്യങ്ങൾ നിങ്ങളുടെ ഭർത്താവിനോടോ, അമ്മയോടോ, സ്നേഹിതരോടോഒക്കെ തുറന്നു പറയാൻ നിങ്ങൾക്ക് മടിയുണ്ടാകും. എന്നാൽ ഇക്കാര്യങ്ങൾ പറയുന്നത്, ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ചു പരിചയമുള്ള അതിവിദഗ്ധനായ ഒരു സെക്സ് പ്രാക്ടീഷണറോട് ആണെങ്കിലോ? ആൻസോളിനോടൊപ്പമുള്ള സംസാരത്തിനിടെ നാലഞ്ച് മിനിറ്റിനുള്ളിൽ സ്വയം അറിയാതെ തന്നെ നിങ്ങൾ തെറാപ്പിയിലേക്ക് കടന്നുകഴിഞ്ഞിട്ടുണ്ടാകും. 

 

ആൻസോളിന്റെ അടുത്തെത്തുന്നവരിൽ പലരും സൈക്കോളജിസ്റ്റുകളുടെയും സെക്സോളജിസ്റ്റുകളുടെയും ഔപചാരികമായ സമീപനം കൊണ്ട് മനസ്സുമടുത്തിട്ടു വരുന്നവരാണ്. തന്റെ ചികിത്സയ്ക്ക് വ്യക്തമായ മാനദണ്ഡങ്ങൾ ഒന്നുമില്ല ആൻസോളിന്. കൃത്യമായ ഒരു ലിറ്ററേച്ചർ ഇല്ല. ഫലമുണ്ടാകും എന്ന ഉറപ്പും നൽകുന്നില്ല അദ്ദേഹം. ഒരിക്കൽ വന്നവർ വീണ്ടും വരാൻ വേണ്ടി ഒരു വിധത്തിലുള്ള മാർക്കെറ്റിങ്ങും ആൻസോൾ നടത്താറില്ല. വരുന്നവർ എന്നാലും ആദ്യത്തെ ഒന്നരമണിക്കൂറിനുള്ളിൽ തന്നെ അയാളോട് സംസാരിക്കാനുള്ളതൊക്കെ സംസാരിച്ചിട്ടുണ്ടാകും. അപ്പോഴേക്കും തന്റെ ക്ലയന്റിന് ഏതുതരത്തിലുള്ള സഹായമാണ് വേണ്ടത് എന്ന കാര്യത്തിൽ ആൻസോളിന് ഏകദേശ ധാരണ കിട്ടും. അതിനു ശേഷം അവർ അടുത്തടുത്തായി കിടക്കയിൽ കിടക്കും. ക്ലയന്റിന് താത്പര്യമുണ്ടെങ്കിൽ ആൻസോൾ അവരുമായി ബന്ധപ്പെടും. അങ്ങനെ ഒരു താത്പര്യം പ്രകടിപ്പിക്കാത്തവർക്ക് മസാജ് ചെയ്തു നൽകും. അതിലൊന്നും താത്പര്യമില്ലാത്തവരെ സെക്സുമായി ബന്ധപ്പെട്ട അവരുടെ സംശയങ്ങൾ തീർത്തുവിടുകയും ചെയ്യാറുണ്ട്. പലർക്കും അത് തന്നെ ധാരാളമാകാറുണ്ട്.ചില ക്ലയന്റ്സ് ആൻസോളിൽ നിന്ന് പുതിയ ടെക്നിക്കുകൾ പഠിക്കാൻ ആഗ്രഹിച്ച് വരുന്നതാകും. അവരെ അതിനുവേണ്ട പരിശീലനങ്ങൾ നൽകി പറഞ്ഞുവിടും അയാൾ. അത് ചിലപ്പോൾ ബിഹേവിയറൽ ടെക്നിക് ആകാം. ചിലപ്പോൾ പുതിയ ഒരു പൊസിഷൻ ആകാം.  

പല സ്ത്രീകളും ആൻസോളിനോട് പരാതിപ്പെടുന്നത് അവർക്ക് രതിമൂർച്ഛ നേടാൻ സാധിക്കുന്നില്ല എന്നും, ബന്ധപ്പെടുന്നതിനിടെ കടുത്ത വേദന അനുഭവപ്പെടുന്നു എന്നുമാണ്. ആദ്യമായി ബന്ധപ്പെടണം എന്ന മോഹവുമായി വരുന്നവർ അപൂർവമാണ്. അപൂർവം ചിലർ വരുന്നത് ഉദ്ദീപനം മൂത്ത് സമീപിക്കുന്ന തങ്ങളുടെ പങ്കാളികളോട് തങ്ങൾക്ക് മൂഡ് ഇല്ലാത്ത സമയങ്ങളിൽ എങ്ങനെ നോ പറയണം എന്ന് പഠിക്കാനാണ്. റഷ്യൻ സമൂഹത്തിൽ സെക്സിനോടുളള പ്രതീക്ഷിത പെരുമാറ്റരീതി വിചിത്രമാണ്. ബോയ് ഫ്രണ്ട് ആഗ്രഹിക്കുമ്പോഴൊക്കെ ബന്ധപ്പെടാൻ തയ്യാറാകണം ഗേൾഫ്രണ്ട് എന്നത് അത്തരത്തിൽ ഒരു പൊതുബോധമാണ്. അതിനായി ആണുങ്ങൾ പലപ്പോഴും പെണ്ണുങ്ങളെ നിർബന്ധിച്ചെന്നുമിരിക്കും. താത്പര്യമില്ലാത്ത സമയത്ത് സെക്സ് നടക്കാതിരിക്കാൻ, അതേ സമയം ആ നിരാസത്തിലൂടെ തങ്ങളുടെ കാമുകരെ പിണക്കാതെയും ഇരിക്കാൻ വേണ്ട പരിശീലനവും ആൻസോൾ നൽകാറുണ്ട്. 

തന്നെ കാണാൻ വന്നെത്തുന്ന സ്ത്രീകൾ തന്റെ സേവനം നേടിയ ശേഷം തിരികെ പോകുന്നത് പുതിയ ഒരു വ്യക്തിയായിട്ടാണ്. തെറാപ്പി സെഷനിൽ വരുന്ന ഓരോ സ്ത്രീയുടെയും മനസ്സിനുള്ളിൽ നിന്ന് അവരെ സെക്സിൽ ആനന്ദം കണ്ടെത്തുന്നതിൽ നിന്ന് തടഞ്ഞു നിർത്തുന്ന ആ ഒരു ഘടകം കണ്ടെത്തി അതിനെ നുള്ളിയെടുത്ത് പുറത്ത് കളയാൻ അവരെ ആൻസോൾ സഹായിക്കും. തങ്ങളുടെ പങ്കാളികൾക്കൊപ്പം ബന്ധപ്പെടുമ്പോൾ, രതിമൂർച്ഛയിലേക്കുള്ള വഴി സ്വയം കണ്ടെത്താൻ ആൻസോളിന്റെ ചെറിയ ചെറിയ ടിപ്പുകൾ അവരെ പ്രാപ്തരാക്കും. 

മാറേണ്ടത് സെക്‌സിനോടുള്ള സമൂഹത്തിന്റെ സമീപനം

"ഇന്നും സമൂഹം സെക്സിനെ കാണുന്നത് എന്തോ ഒരു വലിയ പാപം എന്ന നിലയ്ക്കാണ്. രതിയെ ചുറ്റിപ്പറ്റിയുള്ള ടാബൂസ് ആദ്യം മാറണം. അതെന്തോ വൃത്തികെട്ട പരിപാടിയാണെന്ന് സമൂഹത്തിന്റെ ധാരണ ആദ്യം മാറേണ്ടതുണ്ട്. സെക്സ് എന്നുവെച്ചാൽ  'പുറത്തു പറയാൻ പറ്റാത്ത എന്തൊക്കെയോ അസുഖങ്ങൾ സമ്മാനിക്കാനിടയുള്ള ഒരു അനാവശ്യം' എന്ന ചിന്ത ആദ്യം മാറ്റിയെടുക്കണം. സമൂഹം ഇങ്ങനൊക്കെ നമ്മളോട് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ നമുക്ക് സെക്സിനെപ്പറ്റി ഉത്കണ്ഠകൾ ഉണ്ടാകുന്നതും, പലപ്പോഴും അതിനെ ആഹ്ലാദകരമായ ഒരു അനുഭവമാക്കി മാറ്റാൻ നമുക്ക് സാധിക്കാതിരിക്കുന്നതും ഒക്കെ സ്വാഭാവികമല്ലേ?" ആൻസോൾ വിശദീകരിക്കുന്നു," സെക്സിനെപ്പറ്റി തുറന്നു സംസാരിക്കേണ്ടത് അത്യാവശ്യമാണ്. അത് ഗർഭനിരോധന സംവിധാനങ്ങളെക്കുറിച്ചും രോഗം വരാതിരിക്കാൻ വേണ്ട മുൻകരുതലുകളെക്കുറിച്ചും മാത്രമായി ചുരുങ്ങിപ്പോവരുത് എന്നുമാത്രം. രതി എന്നത് വേണ്ടുംവണ്ണം ചെയ്‌താൽ ശരീരത്തിനും മനസ്സിനും അങ്ങേയറ്റത്തെ സുഖം പകരം സാധ്യതയുള്ള ഒരു പ്രക്രിയയാണ് എന്നുകൂടി പറഞ്ഞു കൊടുക്കേണ്ടതുണ്ട്. ഒപ്പം സെക്സ് നേരാംവണ്ണം ചെയ്യേണ്ടത് എങ്ങനെയെന്നും." 

 

"വിമാനത്തിലെ സേഫ്റ്റി ബ്രീഫിങ് നിങ്ങൾ കേട്ടിട്ടില്ലേ? 'കുട്ടികളെ മാസ്ക് ഇടിക്കും മുമ്പ്, സ്വന്തം മാസ്ക് ഇടൂ...' എന്ന്. അതുതന്നെയാണ് സെക്‌സിലും ബാധകമായ പ്രഥമതത്വം. ആദ്യം ചിന്തിക്കേണ്ടത് അവനവന് ആനന്ദം കണ്ടെത്താനുള്ള വഴികളെക്കുറിച്ചാണ്. അതിനെപ്പറ്റി ആലോചിക്കേണ്ട ആദ്യത്തെയും അവസാനത്തെയും ആൾ നിങ്ങളാണ്. നിങ്ങൾ അതേപ്പറ്റി ചിന്തിച്ചില്ലെങ്കിൽ  മറ്റാരും നിങ്ങൾക്കുവേണ്ടി അത് ചെയ്യില്ല. അതെങ്ങനെ ചെയ്യണം എന്ന് പഠിക്കണമെങ്കിൽ നിങ്ങൾ സമീപിക്കേണ്ടത് ഈ ആൻസോളിനെയാണ്..." എന്ന് തികഞ്ഞ ആത്മവിശ്വാസത്തോടെ അദ്ദേഹം പറഞ്ഞു നിർത്തുന്നു. 

click me!