'അബോര്‍ഷന്‍' ആറാം മാസത്തില്‍; പുതിയ തീരുമാനം ഗുണകരമോ?

By Web TeamFirst Published Jan 29, 2020, 6:18 PM IST
Highlights

നിലവില്‍ അഞ്ച് മാസം അഥവാ 24 ആഴ്ചയാണ് ഈ കാലാവധി. അതിന് ശേഷം എന്ത് സംഭവിച്ചാലും നിയമപരമായി ഗര്‍ഭഛിദ്രം നടത്തുക സാധ്യമല്ല. എന്നാല്‍ ഇനിയങ്ങോട്ട് ഒരുപക്ഷേ ഇപ്പറഞ്ഞ കാലയളവ് മാറിയേക്കാം. കാരണം, അഞ്ച് മാസം എന്ന സമയപരിധിയെ ആറ് മാസമാക്കി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു

ആരോഗ്യരംഗത്ത് ഏറ്റവും കര്‍ശനമായി നടക്കുന്ന ഒരു മെഡിക്കല്‍ നടപടിക്രമമാണ് 'അബോര്‍ഷന്‍'. നിയമപരമായി 'അബോര്‍ഷന്‍' നടത്തണമെങ്കില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചേ പറ്റൂ. അതിലൊരു സുപ്രധാന ഘടകമാണ് ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള സമയം. ഏത് മാസം വരെ, അല്ലെങ്കില്‍ എത്ര ആഴ്ച വരെ 'അബോര്‍ഷന്‍' നടത്താം! 

നിലവില്‍ അഞ്ച് മാസം അഥവാ 24 ആഴ്ചയാണ് ഈ കാലാവധി. അതിന് ശേഷം എന്ത് സംഭവിച്ചാലും നിയമപരമായി ഗര്‍ഭഛിദ്രം നടത്തുക സാധ്യമല്ല. എന്നാല്‍ ഇനിയങ്ങോട്ട് ഒരുപക്ഷേ ഇപ്പറഞ്ഞ കാലയളവ് മാറിയേക്കാം. കാരണം, അഞ്ച് മാസം എന്ന സമയപരിധിയെ ആറ് മാസമാക്കി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. 

വൈകാതെ ഇത് പുതിയ നിയമമായി നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ഇങ്ങനെയൊരു നിയമം സമൂഹത്തിന് ഗുണകരമാകില്ലെന്നും ഇത് 'അബോര്‍ഷന്‍' കേസുകള്‍ വര്‍ധിപ്പിക്കാനേ ഉപകരിക്കൂവെന്നും വാദിച്ച് പലരും ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. എന്താണ് ഇതിന്റെ സത്യാവസ്ഥ? 

'അബോര്‍ഷന്‍' കേസുകള്‍...

സാധാരണഗതിയില്‍ ഏറ്റവുമധികം 'അബോര്‍ഷന്‍' കേസുകള്‍ ഉണ്ടാകുന്നത്, കുഞ്ഞിന് എന്തെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ട് എന്ന് കണ്ടെത്തുമ്പോഴാണ്. കുഞ്ഞിന് മാത്രമല്ല- ചില കേസുകളില്‍ അമ്മയുടെ ജീവനും ഭിഷണി ഉയരുന്ന സാഹചര്യമുണ്ടാകാറുണ്ട്. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളേതുമാകട്ടെ, അത് അഞ്ച് മാസത്തിനുള്ളില്‍ തന്നെ നിര്‍ബന്ധമായും കണ്ടെത്തിയിരിക്കണം. ഒരുദിവസം അധികമായാല്‍ പോലും നിയമപരകമായ അബോര്‍ഷന്‍ സാധ്യമല്ല എന്നതാണ് നിലവിലെ അവസ്ഥ. 

അടുത്തിടെ ഇത്തരം ചില കേസുകളില്‍ കോടതിയുടെ അനുമതിക്കായി കാത്തിരിക്കേണ്ടി വന്നവരുണ്ട്. അതായത്, വൈദ്യശാസ്ത്രം 'അബോര്‍ഷന്‍' അനുവദിക്കുമ്പോഴും നിയമം അത് അനുവദിക്കാത്ത സാഹചര്യം. 

അതുപോലെ, 'റെയ്പ്' കേസുകളില്‍പ്പെടുന്ന സ്ത്രീകള്‍ക്കും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കുമെല്ലാം ഭിന്നശേഷിക്കാര്‍ക്കുമെല്ലാം 'അബോര്‍ഷന്‍' അനുവദിക്കാറുണ്ട്. മിക്കപ്പോഴും ഇത്തരം സംഭവങ്ങളില്‍ താന്‍ ഗര്‍ഭിണിയാണ് എന്ന കാര്യം ഇവര്‍ അറിയാതെ പോകുന്ന അവസ്ഥയുണ്ടാകാറുണ്ട്. ഈ കേസുകളിലും ചിലപ്പോഴെങ്കിലും അഞ്ച് മാസം എന്ന സമയപരിധി വലിയ വിലങ്ങുതടിയാകാറുണ്ട്. 

പുതിയ നിയമം വരുമ്പോള്‍...

'അബോര്‍ഷന്‍' കാലാവധി ഉയര്‍ത്തുന്നത് കൊണ്ടുള്ള ഗുണവും ദോഷവും എന്തെല്ലാമാണ്? പ്രമുഖ ഗൈനക്കോളജിസ്റ്റ് വീണ ചൂഡാമണി പറയുന്നു.

'ഒരു ഡോക്ടര്‍ എന്ന നിലയില്‍ ഇങ്ങനെയൊരു നിയമം വന്നാല്‍ അതിനെ ഞാന്‍ സ്വാഗതം ചെയ്യും. കാരണം പലപ്പോഴും നമുക്ക് വലിയ പ്രതിസന്ധികളുണ്ടാകാറുണ്ട്. മെഡിക്കലി അബോര്‍ഷന്‍ സാധ്യമായ പല കേസുകളിലും നിയമം ഭയങ്കര പ്രശ്‌നമായി മാറാറുണ്ട്. കുഞ്ഞുങ്ങളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തുന്ന സംഭവങ്ങളാണ് ഇതിലധികവും. ജനിതകമായ തകരാറുകള്‍ പലതും അഞ്ച് മാസം കടന്ന ശേഷമാണ് കൃത്യമായി തിരിച്ചറിയാന്‍ സാധിക്കാറ്. പക്ഷേ, അപ്പോഴേക്കും അബോര്‍ഷന്റെ സമയപരിധി തീര്‍ന്നിരിക്കും. തുടര്‍ന്ന് നമ്മള്‍ ഒന്നും ചെയ്യാനാകാത്ത വിധം നിസഹായമായിപ്പോകും. ഇതില്‍ ചിലര്‍ മാത്രം കോടതിയെ സമീപിച്ചേക്കാം. എങ്കിലും അതെല്ലാം എത്രമാത്രം പ്രായോഗികമാണ്. റെയ്പ് കേസുകളില്‍ മൈനറായ പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഒക്കെ ഈ തീരുമാനം ഗുണകരമാകേ ആകൂ, എങ്കിലും ഇവിടെയും ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത കിടപ്പുണ്ട്. അതായത്, ലിംഗനിര്‍ണ്ണയം കുറെക്കൂട് കാര്യക്ഷമമായി നടത്താനാവുന്ന ഘട്ടമാണ് ആറാം മാസം. അങ്ങനെയാകുമ്പോള്‍ ഇത് 'അബോര്‍ഷന്‍' തീരുമാനത്തെ എത്തരത്തിലൊക്കെയാണ് സ്വാധീനിക്കുക എന്നറിയില്ല. അതുപോലെ, അബോര്‍ഷന്‍ കേസുകള്‍ സ്വാഭാവികമായി വര്‍ധിക്കും. പക്ഷേ അതെല്ലാം ആവശ്യമുള്ളവര്‍ തന്നെയായിരിക്കും. അല്ലാതെ കാലാവധി ഉയര്‍ത്തി എന്നോര്‍ത്ത് അനീതിയോടെ, നിയമവിരുദ്ധമായി ഒരു കുഞ്ഞിനേയും ഇല്ലാതാക്കാനാവില്ലല്ലോ...'

click me!