സമ്മതമില്ലാതെ സെക്‌സ് വീഡിയോകള്‍ ഉപയോഗിച്ചു; പ്രമുഖ പോണ്‍ സൈറ്റ് കമ്പനിക്കെതിരെ സ്ത്രീകള്‍

By Web TeamFirst Published Jun 26, 2021, 3:43 PM IST
Highlights

ന്യൂയോര്‍ക്കിലാണ് ഇത്തരമൊരു മുന്നേറ്റമുണ്ടായിരിക്കുന്നത്. പ്രമുഖ പോണ്‍ സൈറ്റായ പോണ്‍ഹബിനെതിരെയാണ് പ്രധാനമായും പരാതി വന്നിരിക്കുന്നത്. പോണ്‍ഹബ് അടക്കം നൂറിലധികം സൈറ്റുകളുടെ ഉടമസ്ഥരായ 'MindGeek' എന്ന കമ്പനിക്കെതിരെയാണ് പരാതി പോയിരിക്കുന്നത്

പോണ്‍ സൈറ്റുകള്‍ പലപ്പോഴും നിയമവിരുദ്ധമായ ഉള്ളടക്കത്തിന്റെ പേരില്‍ ചോദ്യം ചെയ്യപ്പെടാറും വിവാദങ്ങളിലാകാറുമുണ്ട്. എന്നാല്‍ ഇത്തരം മനുഷ്യവിരുദ്ധ നയങ്ങള്‍ക്കെതിരെ നിയമപരമായി പരാതി നല്‍കി പോരാടാനും അനുകൂലമായ വിധി നേടിയെടുക്കാനും ശ്രമിക്കുന്നവര്‍ ചുരുക്കമാണ്. അത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ പോണ്‍ സൈറ്റുകള്‍ക്ക് മുകളില്‍ പലപ്പോഴും വരാറില്ലെന്നതും വസ്തുതയാണ്. 

മുമ്പ് പലയിടങ്ങളിലും പോണ്‍ സൈറ്റ് ഉള്ളടക്കവുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ടുകളും രൂക്ഷവിമര്‍ശനങ്ങളും സ്ത്രീപക്ഷവാദികളും, കുട്ടികളുടെ അവകാശസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നവരും, മനുഷ്യാവകാശപ്രവര്‍ത്തകരും ഉയര്‍ത്തിയിട്ടുണ്ട്. ഇതനുസരിച്ചുള്ള ലേഖനങ്ങളും പഠനങ്ങളുമെല്ലാം നേരത്തേ വന്നിട്ടുള്ളതാണ്. 

ഇപ്പോഴിതാ നൂറിലധികം പോണ്‍ സൈറ്റുകളുടെ ഉടമസ്ഥരായ കമ്പനിക്കെതിരെ നിയമപരമായ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇവരുടെ ഉള്ളടക്കത്തിലൂടെ ഇരകളാക്കപ്പെട്ട 34 സ്ത്രീകള്‍. സമ്മതമില്ലാതെ തങ്ങളുടെ സെക്‌സ് വീഡിയോകള്‍ ഉപയോഗിച്ചു എന്നതിനാണ് ഇവരില്‍ മിക്കവരും പരാതി നല്‍കിയിരിക്കുന്നത്. അതുപോലെ കുട്ടികളുടെ സെക്‌സ് വീഡിയോകള്‍, പീഡനമടക്കമുള്ള വീഡിയോകള്‍ എന്നിവയ്‌ക്കെതിരെയും ഇരകള്‍ കൈകോര്‍ത്തിരിക്കുകയാണ്. 

ന്യൂയോര്‍ക്കിലാണ് ഇത്തരമൊരു മുന്നേറ്റമുണ്ടായിരിക്കുന്നത്. പ്രമുഖ പോണ്‍ സൈറ്റായ പോണ്‍ഹബിനെതിരെയാണ് പ്രധാനമായും പരാതി വന്നിരിക്കുന്നത്. പോണ്‍ഹബ് അടക്കം നൂറിലധികം സൈറ്റുകളുടെ ഉടമസ്ഥരായ 'MindGeek' എന്ന കമ്പനിക്കെതിരെയാണ് പരാതി പോയിരിക്കുന്നത്. 'റെഡ് ട്യൂബ്', 'ട്യൂബ് 8', 'യൂ പോണ്‍' എന്നിങ്ങനെ പ്രചാരത്തിലുള്ള പല പോണ്‍ സൈറ്റുകളുടെയും ഉടമസ്ഥരാണ് 'MindGeek'. 

പോണോഗ്രാഫിയുമായി ബന്ധപ്പെട്ടല്ല, മറിച്ച് ബലാത്സംഗം അടക്കമുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെയാണ് തങ്ങള്‍ പരാതി ഉന്നയിക്കുന്നതെന്നാണ് പരാതിക്കാര്‍ അറിയിക്കുന്നത്. മുപ്പത്തിനാല് പരാതിക്കാരില്‍ 33 പേരുടെയും വ്യക്തിവിവരങ്ങള്‍ രസഹ്യമാണ്. 

'സമ്മതമില്ലാതെ മറ്റുള്ളവരുടെ ലൈംഗിക ദൃശ്യങ്ങള്‍ കച്ചവടമാക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ ശക്തമായി പ്രതികരിക്കേണ്ട സമയമെത്തിയിരിക്കുന്നു. ഞാന്‍ ഈ പരാതിക്കൊപ്പം നിന്നിരിക്കുന്നത് എനിക്ക് സ്വയവും, ഒപ്പം എന്നെപ്പോലെ ഇരയാക്കപ്പെട്ടിട്ടും, അതിനോട് പ്രതികരിക്കാനാകാതെ ജീവിക്കുന്നവര്‍ക്കും നീതി തേടുക എന്ന ലക്ഷ്യത്തോടെയാണ്...'- പരാതിക്കാരില്‍ ഒരാളായ സ്ത്രീ പറയുന്നു. 

പലപ്പോഴും ആരും നിയന്ത്രിക്കാനില്ലാതെ സ്വന്തം ഇഷ്ടപ്രകാരം മനുഷ്യവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പോണ്‍ വ്യവസായികള്‍ക്ക് ഇതൊരു ഓര്‍മ്മപ്പെടുത്തലായി മാറണമെന്നാണ് പരാതിക്കാര്‍ക്ക് വേണ്ടി വാദിക്കുന്ന അഭിഭാഷകന്‍ മൈക്കല്‍ ബോവ് പറയുന്നത്. 

അതേസമയം തങ്ങള്‍ക്കെതിരായ പരാതിയില്‍ കഴമ്പില്ലെന്നാണ് പോണ്‍ഹബ് അറിയിക്കുന്നത്. പരാതിക്കാര്‍ ഉന്നയിച്ചിരിക്കുന്ന വിഷയങ്ങള്‍ അടിസ്ഥാനമില്ലാത്തതും വസ്തുതാവിരുദ്ധവും ആണെന്നാണ് പോണ്‍ബഹ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നത്. ഏതായാലും പരാതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് വനിതാസംഘത്തിന്റെ തീരുമാനമെന്ന് മൈക്കല്‍ ബോവ് ഒരിക്കല്‍ കൂടി അടിവരയിട്ട് പറയുകയാണ്.

Also Read:- പ്രൊഫഷണൽ ജിംനാസ്റ്റിൽ നിന്ന് പോൺ താരത്തിലേക്ക്; ജീവിതം വെറോണയെ നടത്തിയ വഴികൾ

click me!