KPAC Lalitha: 'കഥ തുടരും'; മറഞ്ഞത് മലയാള നാടകത്തിന്‍റെയും സിനിമയുടെയും ഒരു കാലഘട്ടം
കേരളത്തിന്‍റെ സാമൂഹിക - രാഷ്ട്രീയ ദിശാബോധത്തിന് പുതിയ മാനം നല്‍കിയ ജനകീയ പ്രസ്ഥാനത്തിനൊപ്പെമാണ് ലളിത തന്‍റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് നാടകത്തിന്‍റെ തട്ടില്‍ നിന്നും സിനിമയുടെ അഭ്രപാളിയിലേക്ക് എത്തിയപ്പോഴും 'കെപിഎസി' എന്ന് പേരിനൊപ്പം ചേര്‍ക്കാന്‍ ലളിതയ്ക്ക് (KPAC Lalitha) മടിയൊന്നുമുണ്ടായില്ല. കെ എസ് സേതുമാധവന്‍റെ 'കൂട്ടുകുടുംബം' എന്ന ആദ്യ ചിത്രത്തിന് ശേഷം ഏതാണ്ട് 550 തിലധികം ചിത്രങ്ങളുടെ ഭാഗമായിരുന്നു അവര്‍. മലയാളത്തിന്‍റെ മണ്‍മറഞ്ഞ പ്രിയ സംവിധായകന്‍ ഭരതനായിരുന്നു ഭര്‍ത്താവ്. മകന്‍ സിദ്ധാര്‍ത്ഥും സിനിമാ മേഖലയില്‍ സജീവം.
തികച്ചും യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നും നാടകത്തിന്‍റെ ലോകത്തേക്ക് കടന്നുവന്ന ലളിത, പെട്ടെന്ന് തന്നെ കേരളാ പീപ്പിള്‍സ് ആര്‍ട്സ് ക്ലബ് എന്ന (kerala peoples arts club) സമിതിയുടെ മുഖമായി മാറി. കായംകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നാടക സംഘമായിരുന്നു അന്ന് കെപിഎസി.
1947 ലാണ് കെപിഎസി ലളിത ജനിക്കുന്നത്. കടയ്ക്കത്തറയിൽ വീട്ടിൽ കെ. അനന്തൻ നായരുടെയും ഭാർഗവി അമ്മയുടെയും അഞ്ച് മക്കളിൽ മൂത്തവളായിരുന്നു അവര്‍. കായംകുളത്തെ അക്കാലത്തെ ഫോട്ടോഗ്രാഫറായിരുന്നു അച്ഛന്‍ അനന്തന്‍ നായര്‍.
മൂത്ത മകള്‍ മഹേശ്വരി അമ്മ സ്കൂളിലെ തയ്യല്‍ ടീച്ചറാകണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. എന്നാല്‍, കായംകുളത്ത് അന്ന് നിലനിന്നിരുന്ന രാഷ്ട്രീയ സാഹചര്യങ്ങളുടെ ഭാഗമായിരുന്ന അച്ഛന്‍ മകള്‍ ഒരു കലാകാരിയാകണമെന്ന് ആഗ്രഹിച്ചു.
കായംകുളത്തിനടുത്തുള്ള രാമപുരത്ത് നിന്ന് നൃത്ത ക്ലാസ്സിൽ ചേരുന്നതിനായി മഹേശ്വരിയുടെ കുടുംബം കോട്ടയത്തെ ചങ്ങനാശ്ശേരിയിലേക്ക് താമസം മാറ്റി. കുട്ടിക്കാലത്ത് ചെല്ലപ്പൻ പിള്ളയുടെ നേതൃത്വത്തിലും തുടർന്ന് കലാമണ്ഡലം ഗംഗാധരന്‍റെ കീഴിലും മഹേശ്വരി നൃത്തം പഠിച്ചു.
പത്താം വയസ് മുതല്‍ മഹേശ്വരി നാടക തട്ടില്‍ സജീവമായി. ഗീതയുടെ 'ബാലി' എന്ന നാടകത്തിലൂടെയാണ് ആദ്യമായി വേദിയിലെത്തിയത്. പിന്നീടാണ് കെ.പി.എ.സിയുടെ വേദിയിലെത്തുന്നത്. അക്കാലത്ത് കേരളത്തില്‍ ഇടത് രാഷ്ട്രീയ ബോധത്തില്‍ നാടക പ്രവര്‍ത്തനം ചെയ്തിരുന്ന ഒരു നാടക ഗ്രൂപ്പായിരുന്നു കെപിഎസി.
നാടക തട്ടില്‍ മഹേശ്വരി സജീവമായപ്പോള്‍ പേരിലും മാറ്റമുണ്ടായി. നാടക രംഗത്ത് അവര്‍ ലളിതയെന്ന് അറിയപ്പെട്ടു. മഹേശ്വയമ്മ അങ്ങനെ ജീവിതത്തിലും ലളിതയായി. നാടത്തില്‍ നിന്നും സിനിമയിലേക്ക് ചേക്കേറിയപ്പോള്‍ 'കെപിഎസി' എന്ന തന്‍റെ ആദ്യ തട്ടകത്തെ മറക്കാന്‍ അവര്‍ തയ്യാറായില്ല. പകരം ജീവതകാലം മുഴുവനും ആ പേര് സ്വന്തം പേരിനോടൊപ്പം ചേര്‍ത്തുവച്ചു.
ഒടുവില്‍ അഞ്ച് പതിറ്റാണ്ടിനിപ്പുറത്ത് നില്‍ക്കുമ്പോള്‍ മലയാളിയുടെ മനസില്‍ മകളായി, സഹോദരിയായി, കാമുകിയായി, ഭാര്യയായി, അമ്മയായി. അമ്മൂമ്മയായി, അമ്മായിയമ്മയായി... അങ്ങനെ അങ്ങനെ അനേകം കഥാപാത്രങ്ങളായി അവര്‍ പകര്‍ന്നാടിക്കഴിഞ്ഞു.
ജീവിതത്തില്‍ ഒപ്പം കൂട്ടിയത് മലയാളിത്തിന്‍റെ പ്രീയ സംവിധായകനായ ഭരതനെ. അദ്ദേഹത്തോടൊപ്പമുള്ള 19 വര്‍ഷക്കാലമാണ് തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമുള്ള കാലമെന്ന് പറഞ്ഞ് ലളിത, അക്കാലമായിരുന്നു തന്‍റെ ജീവിതത്തിലെ ശനിയുടെ കാലമെന്നും പറയാന്‍ മടികാണിച്ചില്ല.
ജീവിതത്തിലും അഭിനയത്തിലും തന്‍റെതായ സത്യസന്ധത പുലര്‍ത്തിയ നടിയെന്ന് കെപിഎസി ലളിതയെ കുറിച്ച് പറയാം. ഏതാണ്ട് 550 ഓളം സിനിമകളുടെ ഭാഗമായ കെപിഎസി ലളിതയ്ക്ക് രണ്ട് തവണ ദേശീയ അവാര്‍ഡ് (അമരം (1990), ശാന്തം (2000)) ലഭിച്ചിട്ടുണ്ട്. എന്നാല്‍ അതിലും ഏത്രോ ഇരട്ടിയുള്ള കഥാപാത്രങ്ങളെ തന്‍റെ ആരാധകരുടെ മനസില്‍ അവശേഷിപ്പിച്ചാണ് കെപിഎസി ലളിത വിട വാങ്ങിയത്. കെപിഎസി ലളിതയുടെ ആത്മകഥയുടെ പേര് പോലെ മരിച്ചാലും മായാതെ ആ 'കഥ തുടരും'.