'ആസാദി' മുഴക്കി പ്രക്ഷോഭകര്‍; പ്രക്ഷോഭത്തെ ശക്തമായി നേരിടുമെന്ന് ഇറാന്‍
കുര്‍ദിഷ് വംശജയായ ഇരുപത്തി രണ്ടുകാരി മഹ്സി അമിനിയുടെ മരണത്തെ തുടര്‍ന്ന് ഇറാനില്‍ ശക്തമായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെ ശക്തമായി നേരിടുമെന്ന് പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി പറഞ്ഞു. ഒരാഴ്ച മുമ്പ് തലസ്ഥാനമായ ടെഹ്റാനില്‍ സഹോദരനൊപ്പമെത്തിയ മഹ്സി അമിനിയെ ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് മത പോലീസ് ക്രൂരമായ പീഢനങ്ങള്‍ക്ക് വിധേയമാക്കിയിരുന്നു. ഹിജാബ് പോലുള്ള മതപരമായ കാര്യങ്ങളില്‍ ശക്തമായ നടപടിയെക്കുമെന്ന് ഇബ്രാഹിം റെയ്സി പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്ക് ശേഷമായിരുന്നു ഈ സംഭവം. മതപോലീസിന്‍റെ ക്രൂരപീഢനങ്ങള്‍ക്കൊടുവില്‍ ആശുപത്രിയിലായ മഹ്സി അമിനി മരിച്ചു. ഇതോടെ രാജ്യമെമ്പാടും സര്‍ക്കാറിന്‍റെ മതനിമങ്ങള്‍ക്കെതിരെ ജനങ്ങള്‍ രംഗത്ത് വന്നു. സ്ത്രീകള്‍ തെരുവിലിറങ്ങി ഹിജാബ് കത്തിച്ച് കളയുന്നത് മുതല്‍ പൊതു നിരത്തില്‍ വച്ച് മുടി മുറിച്ച് കളയുന്നത് വരെയെത്തി കാര്യങ്ങള്‍. ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ രാജ്യത്തിന്‍റെ പടിഞ്ഞാറന്‍ പ്രവിശ്യയായ അസര്‍ബൈജാന്‍ പ്രവിശ്യയില്‍ നിന്നുള്ള വീഡിയോകള്‍ തരംഗമാവുകയാണ്. ഈ വീഡിയോയിലാണ് ആസാദി മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത്. യുറോപ്പിലെ ഇറാന്‍ എംബസികള്‍ക്ക് മുന്നിലും പ്രതിഷേധങ്ങള്‍ തുടരുകയാണ്.
നേരത്തെ ഇന്ത്യയിലും ആസാദി മുദ്രാവാക്യങ്ങള്‍ മുഴങ്ങിയിരുന്നു. രോഹിത് വെന്മൂലയുടെ മരണത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തില്‍ അംബേദ്ക്കറിസ്റ്റുകളും സിഐഐ, കര്‍ഷക സമരം തുടങ്ങിയ സമരങ്ങളിലും ആസാദി മുദ്രാവാക്യങ്ങള്‍ മുഴങ്ങിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയായിരുന്നു പ്രധാനമായും ഈ മുദ്രാവാക്യം മുഴങ്ങിയത്.
ഇപ്പോള്‍ ഇറാനിലും ആസാദി മുദ്രാവാക്യം മുഴങ്ങുകയാണ്. സര്‍ക്കാറിന്‍റെ ജനവിരുദ്ധമായ നയങ്ങള്‍ക്കെതിരെയാണ് മുദ്രാവാക്യം. സ്വാതന്ത്ര്യം എന്നര്‍ത്ഥം വരുന്ന പേര്‍ഷ്യന്‍ വാക്കാണ് ആസാദി. നൂറ്റാണ്ടുകള്‍ നീണ്ട കൊടുക്കല്‍ വാങ്ങലുകള്‍ക്കിയിടയില്‍ സംസ്കാരങ്ങള്‍ തമ്മില്‍ വാക്കുകളും കൈമാറിയിട്ടുണ്ട്.
ഇങ്ങനെ പേര്‍ഷ്യന്‍ വാക്കായ ആസാദി ബലൂച്, ബംഗാളി, ഹിന്ദകോ, കശ്മീരി, കുര്‍ദിഷ്, ലുരി, പഷ്തോ, ഉര്‍ദു, അസര്‍ബൈജാന്‍, ഹിന്ദി എന്നീ ഭാഷകളിലും ഉപയോഗിച്ച് വരുന്നു. ഇന്ന്, വിവര സാങ്കേതികതയുടെ കുതിച്ച് ചാട്ടത്തിന്‍റെ കാലത്ത് ലോകത്തിലെ പല പ്രക്ഷോഭങ്ങള്‍ക്കിടയിലും 'ആസാദി' എന്ന വാക്ക് ഉയര്‍ന്നു കേട്ടു.
ഇറാനില്‍ ഒരാഴ്ചയിലേറെയായി സ്ത്രീകള്‍ അടക്കമുള്ള പ്രക്ഷോഭകാരികള്‍ തെരുവിലാണ്. ഇറാനിലെ 31 പ്രവിശ്യകളിലും പ്രക്ഷോഭം ശക്തമായി തുടരുന്നു. ഒരാഴ്ചത്തെ പ്രക്ഷോഭത്തിനിടെ 35 പേരോളം കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പ്രക്ഷോഭം കൂടുതല്‍ ശക്തമാകുമ്പോഴാണ് എന്ത് വിധേനയും നേരിടുമെന്ന മുന്നറിയിപ്പുമായി ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി തന്നെ രംഗത്തെത്തിയത്.
ഇറാനിലെ പല നഗരങ്ങളിലും പോലീസും പ്രക്ഷോഭകാരികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. മഹ്സി അമിനി ശിരോവസ്ത്രം ശരിയായി ധരിക്കണമെന്ന മതനിയമങ്ങള്‍ തെറ്റിച്ചെന്നും ഇതിനെ ചോദ്യം ചെയ്യുക മാത്രമാണ് മത പോലീസ് ചെയ്തത്. ഇതിനിടെ ഹൃദയ സ്തംഭനം വന്നാണ് മഹ്സി മരിച്ചതെന്നുമാണ് പോലീസിന്‍റെ വിശദീകരണം.
എന്നാല്‍, മത പോലീസ് ശിരോവസ്ത്രം ശരിയായല്ല ധരിച്ചതെന്നാരോപിച്ച് മഹ്സിയെ മത പോലീസിന്‍റെ വാനിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നെന്നും ഇതിനിടെ അവളുടെ തലയില്‍ മതപോലീസ് വടി കൊണ്ട് അടിച്ചെന്നും തല ചുമരിന് ചേര്‍ത്ത് ഇടിച്ചെന്നും ആരോപിച്ച് സഹോദരന്‍ രംഗത്തെത്തിയിരുന്നു.
മഹ്സി അമിനിയ്ക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇതോടെയാണ് മതപോലീസിനെതിരെ സ്ത്രീകളും യുവാക്കളും പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. എന്നാല്‍, മഹ്സിയയുടെ മരണത്തെ കുറിച്ച് അന്വേഷിക്കുമെന്ന് പ്രസിഡന്‍റ് റൈസി അവകാശപ്പെടുമ്പോള്‍ അദ്ദേഹത്തിന്‍റെ ആഭ്യന്തര മന്ത്രി അഹ്മദ് വാഹിദി, മത പോലീസ് അമിനിയെ മര്‍ദ്ദിച്ചിട്ടില്ലെന്ന് തറപ്പിച്ച് പറയുന്നു.
“മേൽനോട്ട സമിതികളിൽ നിന്നുള്ള റിപ്പോർട്ടുകൾ ലഭിച്ചു, സാക്ഷികളെ അഭിമുഖം നടത്തി, വീഡിയോകൾ അവലോകനം ചെയ്തു, ഫോറൻസിക് അഭിപ്രായങ്ങൾ ലഭിച്ചു, മർദനമൊന്നും ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തി,” എന്നാണ് ആഭ്യന്തര മന്ത്രി അഹ്മദ് വാഹിദി മഹ്സിയുടെ മരണത്തെ കുറിച്ച് പറഞ്ഞത്.
വടക്ക്-പടിഞ്ഞാറൻ നഗരങ്ങളായ പിരൻഷഹർ, മഹബാദ്, ഉർമിയ എന്നിവിടങ്ങളിൽ പ്രതിഷേധക്കാർക്ക് നേരെ സുരക്ഷാ സേന വെടിവച്ചതായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു. സുരക്ഷാ സേന പ്രക്ഷോഭകര്‍ക്ക് നേരെ വെടിയുതിര്‍ക്കുമ്പോള്‍, പ്രക്ഷോഭകര്‍ പെട്രോള്‍ ബോംബുകള്‍ കൊണ്ടാണ് സുരക്ഷാ സേനകളെ പ്രതിരോധിക്കുന്നത്.
ഇതിനിടെ രാജ്യത്തെ പരിഷ്‌കരണവാദ സംഘടനയായ യൂണിയൻ ഓഫ് ഇസ്‌ലാമിക് ഇറാൻ പീപ്പിൾസ് പാർട്ടി സര്‍ക്കാറിന്‍റെ നിർബന്ധിത ഡ്രസ് കോഡ് പിൻവലിക്കണമെന്നും "സമാധാനപരമായ പ്രകടനങ്ങൾ" നടത്താന്‍ ജനങ്ങളെ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തി. ഇറാന്‍ സുരക്ഷാ സേന പ്രതിഷേധക്കാര്‍ക്ക് നേരെ ബോധപൂര്‍വ്വവും നിയമവിരുദ്ധവുമായി വെടിയുതിര്‍ത്തതായി ആംനസ്റ്റി ഇന്‍റര്‍നാഷണലും മുന്നറിയിപ്പ് നല്‍കി.
ബുധനാഴ്ച രാത്രി മാത്രം മൂന്ന് കുട്ടികൾ ഉൾപ്പെടെ 19 പേരെ സർക്കാർ സേന വെടിവച്ചു കൊന്നതായും റിപ്പോർട്ടിൽ പറയുന്നു. എന്നാല്‍ പ്രതിഷേധങ്ങളെ "കലാപം" എന്നായിരുന്നു പ്രസിഡന്‍റ് ഇബ്രാഹിം റൈസി വിശേഷിപ്പിച്ചത്. രാജ്യത്തിന്‍റെ സുരക്ഷയെയും സമാധാനത്തെയും എതിർക്കുന്നവരോട് ഇറാൻ നിർണ്ണായകമായി ഇടപെടണമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
ഇതിനകം നൂറുകണക്കിന് ആളുകളെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച തന്‍റെ മേഖലയിൽ പ്രക്ഷോഭം സംഘടിപ്പിച്ച 60 സ്ത്രീകൾ ഉൾപ്പെടെ 739 പേരെ തടങ്കലിൽ എടുത്തെന്ന് വടക്ക്-പടിഞ്ഞാറൻ പ്രവിശ്യയായ ഗുയിലാനിലെ പോലീസ് മേധാവി പറഞ്ഞു. തടങ്കലില്‍ പാര്‍പ്പിച്ചവര്‍ക്ക് ഭക്ഷണമോ വെള്ളമോ ശുചിമുറികളിലേക്ക് പ്രവേശനം പോലും നല്‍കിയില്ലെന്നും ചെറിയ സെല്ലില്‍ കൂടുതല്‍ ആളുകളെ പാര്‍പ്പിച്ചിരിക്കുകയാണെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
പ്രക്ഷോഭ വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതിന് സ്വതന്ത്ര മാധ്യമങ്ങൾക്കും ആക്ടിവിസ്റ്റുകൾക്കുമെതിരെ സർക്കാർ സേനയും തിരിഞ്ഞു. തിങ്കളാഴ്ച മുതൽ 11 മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്തതായി യുഎസ് ആസ്ഥാനമായുള്ള മാധ്യമ നിരീക്ഷണ സമിതിയായ കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ഇതിനിടെ കുര്‍ദുകള്‍ക്കു ഭൂരിപക്ഷമുള്ള പടിഞ്ഞാറന്‍ അതിര്‍ത്തി പട്ടണമായ ഓഷന്‍വീഹില്‍ പ്രകടനക്കാര്‍ നഗരത്തിന്‍റെ ചില ഭാഗങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു. ഒറ്റ രാത്രി കൊണ്ട് പ്രക്ഷോഭകര്‍ നഗരത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തപ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സുരക്ഷാ സേനയും പലായനം ചെയ്തെന്ന് പ്രദേശവാസികള്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ഓഷന്‍വീഹ് നഗരത്തിന്‍റെ നിയന്ത്രണം പട്ടാളം ഏറ്റെടുത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്. നഗരത്തില്‍ നിന്ന് പോസ്റ്റ് ചെയ്ത വീഡിയോകളില്‍ പോലീസ് സാന്നിധ്യമില്ലാതെ നഗര തെരുവുകളിലൂടെ രാത്രിയിലും വലിയ ജനക്കൂട്ടം മാർച്ച് ചെയ്യുന്നത് കാണാം. പശ്ചാലത്തില്‍ വലിയ സ്ഫോടനങ്ങൾ നടക്കുന്ന ശബ്ദവും കേള്‍ക്കാം.
ഇതിനിടെ പ്രതിഷേധക്കാർ സർക്കാരിന്‍റെ റെവല്യൂഷണറി ഗാർഡുമായി ബന്ധപ്പെട്ട അർദ്ധസൈനിക വിഭാഗമായ ബാസ്ജി ഓർഗനൈസേഷന്‍റെ മൂന്ന് ഔട്ട്‌പോസ്റ്റുകൾ ആക്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ നേരിടാനായി രംഗത്തിറങ്ങിയ സര്‍ക്കാര്‍ അനുകൂലികളുടെ പ്രകടനങ്ങള്‍ക്കും രാജ്യ തലസ്ഥാനമായ ടെഹ്റാന്‍ സാക്ഷിയായി.