- Home
- News
- International News
- 1.2 ബില്യൺ ഡോളർ അന്താരാഷ്ട്ര സഹായ പാക്കേജ്; 64 മില്യൺ ഡോളര്‍ സമ്മാനിച്ചതിന് അമേരിക്കയ്ക്ക് നന്ദി: താലിബാന്‍
1.2 ബില്യൺ ഡോളർ അന്താരാഷ്ട്ര സഹായ പാക്കേജ്; 64 മില്യൺ ഡോളര്‍ സമ്മാനിച്ചതിന് അമേരിക്കയ്ക്ക് നന്ദി: താലിബാന്‍
ഭക്ഷ്യക്ഷാമത്തിലേക്കും ദാരിദ്രത്തിലേക്കും നീങ്ങുന്ന അഫ്ഗാന് ഒരു ബില്യൺ ഡോളറിലധികം അടിയന്തര സഹായം വാഗ്ദാനം ചെയ്തതിന് താലിബാൻ ലോകത്തിന് നന്ദി രേഖപ്പെടുത്തി. താലിബാന്‍ ഭരണകൂടത്തിന്‍റെ ആക്ടിംഗ് വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി പത്രസമ്മേളനത്തിലാണ് ലോകത്തിന് നന്ദി പറഞ്ഞത്. ലഭിച്ച പണം വിവേകപൂർവ്വം ചെലവഴിക്കുമെന്നും ദാരിദ്ര്യം ലഘൂകരിക്കാൻ ഉപയോഗിക്കുമെന്നും അമീർ ഖാൻ മുത്തഖി പറഞ്ഞു. അഫ്ഗാനിസ്ഥാന് മൊത്തം 1.2 ബില്യൺ ഡോളർ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് മുത്തഖിയുടെ വാര്‍ത്താസമ്മേളനം നടന്നത്. ലഭിച്ച പണത്തില്‍ 64 മില്യൺ ഡോളർ യുഎസിൽ നിന്നാണ്. 'ഈ സഹായം ആവശ്യക്കാർക്ക് തികച്ചും സുതാര്യമായി എത്തിക്കാൻ ഇസ്ലാമിക് എമിറേറ്റ് പരമാവധി ശ്രമിക്കും,' മുത്തഖി പറഞ്ഞു. കഴിഞ്ഞ മാസം 1,20,000 ത്തിലധികം ആളുകളെയും സൈന്യത്തെയും ഒഴിപ്പിക്കാന്‍ അമേരിക്കയെ അനുവദിച്ചതിന് താലിബാനെ അഭിനന്ദിക്കാൻ അമീർ ഖാൻ മുത്തഖി അമേരിക്കയോട് ആവശ്യപ്പെട്ടു. 'അമേരിക്ക ഒരു വലിയ രാജ്യമാണ്, അവർക്ക് വലിയ ഹൃദയമുണ്ടായിരിക്കണം,' അയാള്‍ പറഞ്ഞത്.
- FB
- TW
- Linkdin
Follow Us
)
വരൾച്ച നേരിടുന്ന അഫ്ഗാനിസ്ഥാൻ ഇതിനകം പാകിസ്ഥാൻ, ഖത്തർ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് സഹായം സ്വീകരിച്ചിട്ടുണ്ടെന്നും, എന്നാൽ കൂടുതൽ വിശദാംശങ്ങൾ നൽകില്ലെന്നും മുത്തഖി പറഞ്ഞു. കൊറോണ വൈറസ് വാക്സിൻ, മറ്റ് മാനുഷിക കാരണങ്ങൾ എന്നിവ സംബന്ധിച്ച് ചൈനയുടെ അംബാസഡറുമായി ചർച്ച നടത്തിയതായി മുത്തഖി അവകാശപ്പെട്ടു.\
കഴിഞ്ഞയാഴ്ച ബീജിംഗ് 31 മില്യൺ ഡോളർ ഭക്ഷണവും മരുന്നുകളും വാഗ്ദാനം ചെയ്തു. വെള്ളിയാഴ്ച 3 മില്യൺ കൊറോണ വൈറസ് വാക്സിനുകളുടെ ആദ്യ ബാച്ച് അയക്കുമെന്നും പറഞ്ഞു. ഒരു എയർ കാർഗോ എയ്ഡ് അഫ്ഗാനിലേക്ക് അയച്ചതായി ഇറാനും അവകാശപ്പെട്ടു.
'കഴിഞ്ഞ തെറ്റുകൾ ആവർത്തിക്കരുത്. അഫ്ഗാൻ ജനത ഉപേക്ഷിക്കപ്പെടരുത്, പാകിസ്താൻ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞത് ഇപ്രകാരമായിരുന്നു. താലിബാന്‍റെ വരവോടെ അഫ്ഗാനിസ്ഥാനില്‍ നിന്ന് രാജ്യമുപേക്ഷിച്ച് പോകുന്നവര്‍ മിക്കവാറും പാകിസ്ഥാനിലേക്കാണ് പോകുന്നത്. താലിബാനെ അഫ്ഗാന്‍റെ അധികാരത്തിലെത്തിക്കാന്‍ ഏറ പണിപ്പെട്ടതും പാകിസ്ഥാനാണെന്ന് തെളിവുകള്‍ പുറത്ത് വന്നിരുന്നു.
ചൈനയും റഷ്യയും അഫ്ഗാനിസ്ഥാനെ സഹായിക്കാനുള്ള ഉത്തരവാദിത്വം പാശ്ചാത്യ രാജ്യങ്ങളുടേതായിരിക്കണമെന്ന് പ്രസ്ഥാവന ഇറക്കി. യുഎസിനും അതിന്‍റെ സഖ്യകക്ഷികൾക്കും അഫ്ഗാനിസ്ഥാനിലെ സാമ്പത്തിക, മാനുഷിക, ഉപജീവന സഹായം വർദ്ധിപ്പിക്കാൻ കൂടുതൽ ബാധ്യതയുണ്ടെന്ന് ജനീവയിലെ ഐക്യരാഷ്ട്രസഭയിലെ ചൈനയുടെ അംബാസഡർ ചെൻ സു പറഞ്ഞു.
ഈ സമ്മേളനത്തിലാണ് അമേരിക്ക 64 മില്യൺ ഡോളർ പുതിയ മാനുഷിക സഹായം വാഗ്ദാനം ചെയ്തത്. നോർവേ 11.5 മില്യൺ ഡോളറും വാഗ്ദാനം ചെയ്തു. താലിബാൻ അഫ്ഗാന്‍റെ അധികാരം ഏറ്റെടുന്നതു മുതൽ, ലോക ബാങ്കും അന്താരാഷ്ട്ര നാണയ നിധിയും അഫ്ഗാനിസ്ഥാന്‍റെ ധനസഹായം നിർത്തലാക്കിയിരുന്നു. അമേരിക്കയും ധനസഹായം നിര്‍ത്തലാക്കിയിരുന്നു.
ഇസ്ലാമിക മതമൌലീക വാദികളുമായി മനുഷ്യാവകാശങ്ങൾ കൃത്യമായി മെച്ചപ്പെടുത്തുന്നതിന് സഹായം പ്രയോജനപ്പെടുത്തുമെന്ന് വിശ്വസിക്കുന്നതായി യു.എൻ മേധാവി അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു.
യഥാർത്ഥ അധികാരികളുമായി ഇടപഴകാതെ അഫ്ഗാനിസ്ഥാനിൽ മാനുഷിക സഹായം നൽകുന്നത് അസാധ്യമാണ്. ഇപ്പോഴത്തെ സമയത്ത് താലിബാനുമായി ഇടപഴകുന്നത് വളരെ പ്രധാനമാണെന്നും ജനീവ നടന്ന ചർച്ചയിൽ പങ്കെടുക്കുന്ന വിദേശരാജ്യങ്ങളുടെ മന്ത്രിമാരോട് യുഎൻ സെക്രട്ടറി ജനറൽ പറഞ്ഞു.
1996 മുതൽ ആദ്യത്തെ താലിബാൻ ഭരണകൂടത്തിന്‍റെ ക്രൂരത നിറഞ്ഞ ഭരണം അവരുടെ രണ്ടാം വരവിലും ആവര്‍ത്തിക്കുമോയെന്ന് ലോകം ഉറ്റുനോക്കുന്നതിനിടെയിലാണ് ലോകരാജ്യങ്ങള്‍ അഫ്ഗാനിസ്ഥാനുള്ള ധനസഹായം പ്രഖ്യാപിച്ചതെന്നതും ശ്രദ്ധേയമാണ്.
നേരത്തെ, താലിബാന്‍ രണ്ടാം വരവിന് തയ്യാറെടുക്കുന്ന സമയത്ത് റഷ്യയിലും ഖത്തറിലും വച്ച് നടത്തിയ വിദേശരാജ്യങ്ങളുമായുള്ള ചര്‍ച്ചകളിലെല്ലാം താലിബാന്‍ നേതാവ് മുല്ല ബരാദര്‍ പഴയ താലിബാനല്ല പുതിയ താലിബാനെന്ന് അവകാശപ്പെട്ടിരുന്നു.
ആദ്യ ഭരണത്തില്‍ സ്ത്രീകള്‍ക്ക് സ്വതന്ത്ര്യം അനുവാദിക്കാതിരുന്നതും ന്യനപക്ഷങ്ങളെ കൊന്നൊടുക്കിയതും അടക്കമുള്ളതൊന്നും പുതിയ താലിബാന്‍ ഭരണകൂടത്തിലുണ്ടായിരിക്കില്ലെന്നും ബരാദര്‍ പറഞ്ഞിരുന്നു.
എന്നാല്‍ താലിബാന്‍ അധികാരമേറ്റെടുത്തതിന് പിന്നാലെ സ്ത്രീകള്‍ പ്രസവിക്കാന്‍ മാത്രമുള്ളതാണെന്നും അവരെ ഭരണത്തിലിരിക്കാന്‍ ഇസ്ലാം അനുവദിക്കുന്നില്ലെന്നുമായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്.
താലിബാന്‍റെ രണ്ടാം ഭരണത്തില്‍ ഉപപ്രധാനമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ട മുല്ലാ ബരാദര്‍ , താലിബാന്‍ നേതാവ് സിറാജുദ്ദീന്‍ ഹഖാനിയുമായി വാക്ക് തര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് ഇരുവരുടെയും അനുയായികള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഈ ഏറ്റുമുട്ടലില്‍ മുല്ല ബരാദറിന് വെടിയേറ്റെന്നും ഇയാള്‍ കൊല്ലപ്പെട്ടെന്നും വാര്‍ത്തകള്‍ വന്നു.
എന്നാല്‍, അങ്ങനെയൊരു ഏറ്റുമുട്ടല്‍ നടന്നില്ലെന്ന് അവകാശപ്പെട്ട താലിബാന്‍, മുല്ല ബരാദര്‍ കാണ്ഡഹാറിലെ മദ്രസകളില്‍ സംസാരിക്കുന്ന വീഡിയോയും പുറത്ത് വിട്ടു. എന്നാല്‍ ഈ വീഡിയോ എപ്പോഴാണ് എടുത്തതെന്ന് വ്യക്തമല്ല. താലിബാന്‍റെ മറ്റ് മന്ത്രിമാര്‍ അധികാരമേറ്റെങ്കിലും ഉപപ്രധാനമന്ത്രി മുല്ല ബരാദര്‍ ഇതുവരെയായും അധികാരമേറ്റിട്ടില്ല.
ജനീവ സമ്മേളനത്തില്‍ പഷ്ണൂതുകള്‍ക്കും ഹഖാനികള്‍ക്കും മാത്രമായി അധികാരം ചുരുക്കിയതും ന്യൂനപക്ഷ വിഭാഗങ്ങളെയും സ്ത്രീകളെയും അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയതും ഏറെ നിരാശപ്പെടുത്തിയെന്ന് യുഎന്‍ അവകാശ മേധാവി മിഷേൽ ബാച്ചലെ പറഞ്ഞു.
സഖ്യകക്ഷികളുമായുള്ള ചർച്ചയ്ക്ക് ശേഷം താലിബാൻ ലോക രാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ തങ്ങളുടെ നിയമസാധുതയും പിന്തുണയും സമ്പാദിക്കേണ്ടിവരുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. കാവല്‍ മന്ത്രിസഭ അതിന്‍റെ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി വിലയിരുത്തപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ രാജ്യത്തെ സാധാരണക്കാര്‍ തങ്ങളുടെ വസ്തുക്കള്‍ വിറ്റ് അവശ്യവസ്തുക്കള്‍ വാങ്ങാനുള്ള ഓട്ടത്തിലാണെന്ന് അഫ്ഗാൻ സെൻട്രൽ ബാങ്കിന്‍റെ മുൻ ആക്ടിംഗ് ഗവർണർ അജ്മൽ അഹ്മദി പറഞ്ഞു.
സെക്കന്‍റ് ഹാന്‍റ് മാര്‍ക്കറ്റാണ് ഇപ്പോള്‍ അഫ്ഗാനിലെ ഏറ്റവും പുതുതായി തുറന്ന കടകളെന്നും അദ്ദേഹം വ്യക്തമാക്കുന്നു. രാജ്യത്തിന് ഏകദേശം 9 ബില്യൺ ഡോളർ സഹായവും വായ്പകളും ആവശ്യമുള്ള സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. '
ഏതാണ്ട് 18 ദശലക്ഷം ആളുകള്‍ക്കാണ് അഫ്ഗാനില്‍ ഇപ്പോള്‍ സഹായം ആവശ്യമുള്ളതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യം കണ്ടെ ഏറ്റവും വലിയ വരൾച്ചയും ക്ഷാമവുമാണ് മുന്നിലുള്ളതെന്ന് പഠനങ്ങളും പറയുന്നു.
യുഎൻ വേൾഡ് അഫ്ഗാനിലേക്കുള്ള ഭക്ഷണവിതരണത്തിനായി ഏകദേശം 200 മില്യൺ ഡോളർ നീക്കിവച്ചിട്ടുണ്ട്. ആഗസ്റ്റിലും സെപ്റ്റംബറിലും നടത്തിയ സർവേയിൽ പങ്കെടുത്ത 1600 അഫ്ഗാനികളിൽ 93 ശതമാനം പേർക്കും ഭക്ഷണം കഴിക്കാനുള്ള സാഹചര്യങ്ങളിലെന്ന് കണ്ടെത്തിയതായി ഡബ്ല്യുഎഫ്പി എക്സിക്യൂട്ടീവ് ഡയറക്ടർ ഡേവിഡ് ബീസ്ലി പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ ഗോതമ്പ് വിളയുടെ 40 ശതമാനമാണ് താലിബാന്‍റെ രണ്ടാം വരവില്‍ നഷ്ടമായത്. പാചക എണ്ണയുടെ വില ഇരട്ടിയായി, മിക്ക ആളുകൾക്കും പണം ലഭിക്കാൻ ഒരു വഴിയുമില്ലാത്ത അവസ്ഥയിലാണ്. ബാങ്കുകൾ വീണ്ടും തുറന്നപ്പോള്‍ പണം പിൻവലിക്കാനുള്ള നീണ്ട ക്യൂവായിരുന്നു എങ്ങും.