ഗര്‍ഭിണികള്‍ ഗുളികകള്‍ കഴിക്കേണ്ടതുണ്ടോ?

By Web TeamFirst Published Jan 11, 2019, 6:45 PM IST
Highlights

ഗർഭിണിയായ സ്ത്രീകൾ ഗുളികകൾ കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും അപകടമുണ്ടോ? ഇക്കാര്യത്തിൽ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത്? ഡോ.ശബ്ന എസ് പറയുന്നു...

ഗര്‍ഭിണിയാണെന്ന് അറിയുന്നത് മുതല്‍ തന്നെ മിക്കവാറും സ്ത്രീകള്‍ ശാരീരിക കാര്യങ്ങളില്‍ അതീവശ്രദ്ധ പുലര്‍ത്തിത്തുടങ്ങും. കുടുംബത്തിലെ മറ്റ് അംഗങ്ങളും ഇക്കാര്യത്തില്‍ ജാഗരൂകരായിരിക്കും. ഡോക്ടറെ കണ്ട്, ആദ്യഘട്ടത്തില്‍ ആരോഗ്യമെല്ലാം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. എന്നാല്‍ ഡോക്ടര്‍ എഴുതിനല്‍കുന്ന ഗുളികകള്‍ വാങ്ങാനോ കഴിക്കാനോ പലപ്പോഴും തയ്യാറാകില്ല. ഇനിയും ഇങ്ങനെ ഗുളികകള്‍ കഴിക്കുന്നത് കുഞ്ഞിന് നല്ലതായിരിക്കില്ലെന്ന മുതിര്‍ന്നവരുടെ ഭീഷണി കൂടിയാകുമ്പോള്‍ ഡോക്ടറുടെ വാക്കുകള്‍ പാടെ മറക്കും. 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഗര്‍ഭിണികള്‍ ഗുളികകള്‍ കഴിക്കേണ്ടതുണ്ടോ? ഡോ. ശബ്‌ന.എസ് പറയുന്നു... 

'ഡോക്ടര്‍ ഒരു മാസത്തേക്ക് ഗുളിക എഴുതിയിട്ടുണ്ട്. അതൊന്നും കഴിക്കേണ്ടല്ലോ?, ഈ സമയത്ത് ഗുളിക കഴിക്കുന്നത് മോശമല്ലേ... ബന്ധു കൂടിയായ ഒരു പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞ് കഴിഞ്ഞ ദിവസം ഗൈനക്കോളജിസ്റ്റിനെ കാണാന്‍ പോയിവന്ന് ചോദിച്ച ചോദ്യമാണിത്. ഇതേ ചോദ്യം തന്നെ പലരീതിയില്‍ പലരും ചോദിക്കാറുമുണ്ട്.

ഗര്‍ഭം പ്ലാന്‍ ചെയ്യുന്ന സമയം മുതല്‍ തീര്‍ച്ചയായും കഴിച്ചിരിക്കേണ്ട ഒന്നാണ് ഫോളിക് ആസിഡ് ഗുളികള്‍

ഗര്‍ഭത്തിന്റെ ആദ്യമാസങ്ങളില്‍ നല്‍കുന്ന ഈ ഗുളികയെ കുറിച്ച് പല തെറ്റിദ്ധാരണകളുമുണ്ട്. യഥാര്‍ത്ഥത്തില്‍ എന്താണ് ഈ ഗുളിക? മുകളില്‍ പറഞ്ഞ പെണ്‍കുട്ടിയോട് ഗുളിക കാണിച്ചുതരാന്‍ പറഞ്ഞു. നോക്കിയപ്പോ ഫോളിക് ആസിഡ് ഗുളികകള്‍ ആണത്. ഗര്‍ഭാവസ്ഥയില്‍, കൃത്യമായി പറയുകയാണെങ്കില്‍, ഗര്‍ഭം പ്ലാന്‍ ചെയ്യുന്ന സമയം മുതല്‍ തീര്‍ച്ചയായും കഴിച്ചിരിക്കേണ്ട ഒന്നാണ് ഫോളിക് ആസിഡ് ഗുളികള്‍. ഗര്‍ഭസ്ഥ ശിശുവിന് നാഡീവ്യൂഹ സംബന്ധമായ അസുഖങ്ങള്‍ വരാതിരിക്കാനുള്ള പ്രതിരോധമാണ് ഈ ഗുളികകള്‍.

ഇതുകൂടാതെ ഗര്‍ഭിണികളോട് കഴിക്കാന്‍ നിര്‍ദേശിക്കുന്ന മറ്റ് ഗുളികകളാണ് അയേണ്‍ ( iron ), കാല്‍ഷ്യം ഗുളികകള്‍. ഈ രണ്ട് മൂലകങ്ങളുടെയും കുറവുകള്‍ കൊണ്ട് ഉണ്ടാകുന്ന ഗുരുതരപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയുള്ളതാണ് ഈ ഗുളികകള്‍. അതുകൊണ്ട് സൈഡ് എഫക്ടുകള്‍, തകരാറുകള്‍ എന്നൊക്കെയുള്ള തെറ്റിദ്ധാരണകള്‍ മാറ്റിവച്ച് ഡോക്ടറുടെ നിര്‍ദേശപ്രകാരം ഈ ഗുളികകള്‍ കഴിക്കുക.

ഗര്‍ഭകാലത്തെ വാക്സിനേഷനുമായി ബന്ധപ്പെട്ട് പലപ്പോഴും ആശയക്കുഴപ്പം കാണാം. പ്രസവസമയത്തും മറ്റുമുണ്ടാകാന്‍ സാധ്യതയുള്ള അണുബാധയില്‍ നിന്നും സംരക്ഷണം തരുന്നത് ഗര്‍ഭകാലത്ത് സ്വീകരിക്കുന്ന ടെറ്റനസ് ഇൻജക്ഷനുകള്‍ ആണ്. അതുകൊണ്ട് തന്നെ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇത്തരം ഇന്‍ജക്ഷനുകള്‍ സ്വീകരിക്കാവുന്നതാണ്.

click me!