ഗര്‍ഭഛിദ്രത്തിനുമുണ്ട് ലക്ഷണങ്ങള്‍; അറിയാം ചിലത്...

By Web TeamFirst Published Nov 16, 2018, 5:50 PM IST
Highlights

ഗര്‍ഭഛിദ്രത്തിന്റെ കാര്യത്തില്‍ പലപ്പോഴും ഇത്തരം മുന്നറിയിപ്പുകള്‍ നമ്മളറിയാറില്ല. അടുത്ത സ്‌കാനിംഗ് തീയ്യതി വരെ ഒരുപക്ഷേ ഇക്കാര്യമറിയാതെ പോകുന്നവര്‍ പോലുമുണ്ട്. ഗര്‍ഭഛിദ്രം നടന്നിട്ടും അതറിയാതെ തുടരുന്നത് ചില സാഹചര്യങ്ങളില്‍ അമ്മയുടെ ആരോഗ്യത്തിനും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട്

ഗര്‍ഭിണിയാണെന്ന് തിരിച്ചറിയാന്‍ പല ലക്ഷണങ്ങളുമുണ്ട്. പ്രധാന ലക്ഷണം ആര്‍ത്തവം നിലയ്ക്കുന്നത് തന്നെയാണ്. ഛര്‍ദി, ക്ഷീണം തുടങ്ങിയവയും ഗര്‍ഭത്തിന്റെ പ്രകടമായ ലക്ഷണങ്ങളാണ്. പലപ്പോഴും ഡോക്ടറെ കണ്ട് ഉറപ്പ് വരുത്തും മുമ്പ് തന്നെ ഗര്‍ഭിണിയാണെന്ന് തിരിച്ചറിയാന്‍ ഈ ലക്ഷണങ്ങള്‍ സഹായിക്കാറുണ്ട്. 

എന്നാല്‍ ഗര്‍ഭഛിദ്രത്തിന്റെ കാര്യത്തില്‍ പലപ്പോഴും ഇത്തരം മുന്നറിയിപ്പുകള്‍ നമ്മളറിയാറില്ല. അടുത്ത സ്‌കാനിംഗ് തീയ്യതി വരെ ഒരുപക്ഷേ ഇക്കാര്യമറിയാതെ പോകുന്നവര്‍ പോലുമുണ്ട്. ഗര്‍ഭഛിദ്രം നടന്നിട്ടും അതറിയാതെ തുടരുന്നത് ചില സാഹചര്യങ്ങളില്‍ അമ്മയുടെ ആരോഗ്യത്തിനും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട്. അതിനാല്‍ തന്നെ ഗര്‍ഭഛിദ്രത്തിന്റെ പ്രധാന ലക്ഷണങ്ങളെ നേരത്തേ മനസ്സിലാക്കിവയ്ക്കുന്നത് എപ്പോഴും സുരക്ഷിത ജീവിതത്തിന് നല്ലതാണ്. 

ഗര്‍ഭഛിദ്രത്തിന്റെ പ്രധാന ലക്ഷണങ്ങള്‍...

രക്തം വരുന്നത് നിലയ്ക്കുന്നു, അഥവാ ആര്‍ത്തവം നിലയ്ക്കുന്നതാണ് ഗര്‍ഭിണിയാണെന്നതിന്റെ പ്രധാന സൂചനയെന്ന് നേരത്തേ പറഞ്ഞുവല്ലോ. ഇതിന്റെ നേര്‍വിപരീതമാണ് ഗര്‍ഭഛിദ്രത്തിന്റെ കാര്യത്തില്‍ സംഭവിക്കുക. അകത്തുനിന്ന് രക്തം വരുന്നതാണ് ഗര്‍ഭഛിദ്രത്തിന്റെ പ്രധാന ലക്ഷണം. മറ്റ് കാരണങ്ങള്‍ കൊണ്ടും രക്തം വരാന്‍ സാധ്യതയുണ്ടെങ്കിലും പ്രധാനമായും ഇത് ഗര്‍ഭഛിദ്രത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്. 

കൊളുത്തിവലിക്കുന്നതിന് സമാനമായ വേദനയാണ് ഗര്‍ഭഛിദ്രത്തിന്റെ മറ്റൊരു ലക്ഷണം. ഗ്യാസ്ട്രബിള്‍ മൂലമുണ്ടാകുന്ന വേദനയും ഈ വേദനയും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ അല്‍പം ബുദ്ധിമുട്ടാണ്, എങ്കിലും അസഹനീയമായ വേദനയുണ്ടെങ്കില്‍ ഉടന്‍ ആശുപത്രിയില്‍ പോവുകയും സ്‌കാനിംഗിന് വിധേയയാവുകയും വേണം. 

ഗര്‍ഭാവസ്ഥയുടെ ആദ്യ മൂന്ന് മാസങ്ങളില്‍ കാണുന്ന ഛര്‍ദി, ക്ഷീണം, മയക്കം- എന്നിങ്ങനെയുള്ള അവസ്ഥകളില്‍ വരുന്ന പെട്ടെന്നുള്ള മാറ്റങ്ങളും ഒന്ന് കരുതണം. ഇതും ഒരുപക്ഷേ ഗര്‍ഭഛിദ്രത്തിന്റെ ലക്ഷണങ്ങളാകാം. ഗര്‍ഭാവസ്ഥയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകളുടെ അളവില്‍ വരുന്ന കുറവാകാം ഇതിന് കാരണം. ഹോര്‍മോണ്‍ കുറയുന്നു, എന്നാല്‍ അത് ഗര്‍ഭത്തിന് പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്നാണ് സൂചിപ്പിക്കുന്നത്. 

ഗര്‍ഭം അലസാനുള്ള കാരണങ്ങള്‍...

പലപ്പോഴും കൃത്യമായ ഒരു കാരണം ഇക്കാര്യത്തില്‍ കണ്ടെത്തുക സാധ്യമല്ല. എങ്കിലും മൂന്ന് കാരണങ്ങളാണ് പ്രധാനമായും ഇതിന് പിന്നിലുള്ളത്. ഒന്ന്, ഏതെങ്കിലും തരത്തിലുള്ള ഗുരുതരമായ അണുബാധയാകാം. രണ്ട്, എന്തെങ്കിലും പരിക്കുകളാകാം. ഉദാഹരണത്തിന് എവിടെയെങ്കിലും ശക്തിയായി ഇടിക്കുക, മറിഞ്ഞുവീഴുക തുടങ്ങിയവ മൂലമുണ്ടാകുന്ന പരിക്കുകള്‍. മൂന്നാമതായി ഗര്‍ഭപാത്രത്തിലെ അസാധാരണമായ ഏതെങ്കിലും അവസ്ഥയുമാകാം.

click me!