ഉഴുന്ന് കൃഷി ചെയ്യാം; പ്രതികൂല കാലാവസ്ഥയിലും അതിജീവിക്കുന്ന പയര്‍വര്‍ഗവിള

By Web TeamFirst Published Jan 6, 2021, 8:43 AM IST
Highlights

വിത്തുകളെ സംരക്ഷിക്കാനായി കുമിള്‍നാശിനി ഉപയോഗിക്കാം. ട്രൈക്കോഡെര്‍മ നല്ല ജൈവകുമിള്‍നാശിനിയായി ഉപയോഗിക്കാവുന്നതാണ്. രണ്ട് സെന്റീ മീറ്റര്‍ ആഴത്തിലായാണ് വിത്തുകള്‍ വിതയ്ക്കുന്നത്. 

ഇന്ത്യയിലുടനീളം ആവശ്യക്കാരുള്ള ഏറ്റവും പ്രധാനപ്പെട്ട പയര്‍വര്‍ഗമായ ഉഴുന്നുപരിപ്പ് പ്രതികൂലമായ കാലാവസ്ഥയെ അതിജീവിച്ച് വളരാനും അന്തരീക്ഷത്തിലെ നൈട്രജനെ സ്ഥിരീകരിച്ച് മണ്ണില്‍ വളക്കൂറുണ്ടാക്കാനും യോജിച്ച വിളയാണ്. നമ്മുടെ പ്രഭാതഭക്ഷണമായ ഇഡ്ഡലിയിലെയും ദോശയിലെയും പ്രധാന ചേരുവയായ ഉഴുന്നുപരിപ്പിന് ഔഷധമൂല്യവുമുണ്ട്. ഉറദ് ദാല്‍, ഉദിന ബേലെ, ബിരി ദാലി, കാലി ദാല്‍ എന്നിങ്ങനെ വ്യത്യസ്ത ഭാഷകളിലറിയപ്പെടുന്ന ഉഴുന്ന് പരിപ്പ് കൃഷി ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം.

വരണ്ട കാലാവസ്ഥയാണ് കൃഷിക്ക് യോജിച്ചതായി പറയുന്നത്. ഏകദേശം 25 ഡിഗ്രി സെല്‍ഷ്യസിനും 35 ഡിഗ്രി സെല്‍ഷ്യസിനുമിടയിലുള്ള താപനിലയുള്ള സ്ഥലത്താണ ഈ വിള നന്നായി വളരുന്നത്. കളിമണ്ണ് കലര്‍ന്ന മണ്ണില്‍ നന്നായി വളരുന്ന വിളയാണ് ഉഴുന്ന്. നല്ല ഉത്പാദനം നടക്കാനായി ഉയര്‍ന്ന അളവില്‍ ജൈവവളം മണ്ണില്‍ ചേര്‍ക്കണം. ഉയര്‍ന്ന ഗുണനിലവാരമുള്ള വിത്തുകള്‍ തെരഞ്ഞെടുത്ത് നടണം. അസുഖം ബാധിച്ചതും മൂപ്പെത്താത്തതും കട്ടിയുള്ളതും ചുരുങ്ങിയതുമായ വിത്തുകള്‍ ഒഴിവാക്കണം. ഒരു ഏക്കറില്‍ കൃഷി ചെയ്യാനാണെങ്കില്‍ ശരാശരി എട്ട് മുതല്‍ 10 കിഗ്രാം വരെ വിത്തുകള്‍ മതിയാകും.

വിത്തുകളെ സംരക്ഷിക്കാനായി കുമിള്‍നാശിനി ഉപയോഗിക്കാം. ട്രൈക്കോഡെര്‍മ നല്ല ജൈവകുമിള്‍നാശിനിയായി ഉപയോഗിക്കാവുന്നതാണ്. രണ്ട് സെന്റീ മീറ്റര്‍ ആഴത്തിലായാണ് വിത്തുകള്‍ വിതയ്ക്കുന്നത്. ഓരോ വരികള്‍ തമ്മിലും 30 സെ.മീ വരെ അകലം നല്‍കുന്നത് ശരിയായ വളര്‍ച്ചയ്ക്ക് നല്ലതാണ്. ആവശ്യത്തിന് വെള്ളം ലഭിച്ചില്ലെങ്കില്‍ ഉത്പാദനശേഷി കുറഞ്ഞതും കട്ടിയുള്ളതും ചെറുതുമായ വിത്തുകളാണുത്പാദിപ്പിക്കപ്പെടുന്നത്. വിത്ത് വിതച്ച ഉടനെ ജലസേചനം നടത്തണം. പിന്നീട് മൂന്നാം ദിവസം മുതല്‍ വെള്ളത്തിന്റെ അളവ് കുറച്ചുകൊണ്ടുവരാവുന്നതാണ്. പൂക്കളുണ്ടാകുമ്പോഴും വിത്ത് രൂപപ്പെടുമ്പോഴും ആവശ്യത്തിന് വെള്ളം നല്‍കിയാല്‍ ഗുണനിലവാരമുള്ള ഉഴുന്ന് വിളവെടുക്കാം.

വിത്ത് വിതച്ച് മൂന്നാം ദിവസം കളനാശിനി സ്‌പ്രേ ചെയ്തില്ലെങ്കില്‍ വിളകള്‍ ശരിയായി വളരാന്‍ അനുവദിക്കാതെ കളകള്‍ പടര്‍ന്ന് പിടിക്കും. വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ സ്റ്റെം ഫ്‌ളൈ (Stem fly) ആക്രമിച്ചാല്‍ ചെടി ഉണങ്ങിപ്പോകാന്‍ സാധ്യതയുണ്ട്. അതുപോലെ പുല്‍ച്ചാടിയും മുഞ്ഞയും വെള്ളീച്ചയും ആക്രമിക്കാതിരിക്കാനും ശ്രദ്ധിക്കണം. മഞ്ഞ മൊസൈക് വൈറസിന്റെ ആക്രമണവും ഉഴുന്നിന്റെ വളര്‍ച്ചാഘട്ടത്തില്‍ കാണാറുണ്ട്. ഇത് പരത്തുന്നതും വെള്ളീച്ച തന്നെയാണ്. അതുപോലെ വേരുചീയല്‍ രോഗവും പൗഡറി മില്‍ഡ്യു എന്ന അസുഖവും ഇലകളെ ബാധിക്കുന്ന ബ്രൗണ്‍ നിറത്തിലുള്ള കുത്തുകളും ശ്രദ്ധിക്കണം.

വിത്തുകളുടെ തോടുകള്‍ ശേഖരിച്ച്  തറയില്‍ വെച്ച് ഉണക്കുകയാണ് ചെയ്യുന്നത്. അല്ലെങ്കില്‍ ചെടികള്‍ മുറിച്ചെടുത്ത് തറയിലിട്ട് ഉണക്കിയെടുക്കും. ഇത് കറുപ്പ് നിറമായി ഉണങ്ങുമ്പോള്‍ വിത്തുകളുടെ പുറന്തോട് പൊട്ടി പരിപ്പ് പുറത്തെടുക്കാന്‍ പാകത്തിലാകും. ഈ ഉണങ്ങിയ പുല്ല് കന്നുകാലികള്‍ക്ക് ഭക്ഷണമായും ഉപയോഗിക്കാം.


 

click me!