കുട്ടികളെ ദത്തെടുത്ത് കൃഷിയും യോഗയും പഠിപ്പിക്കുന്ന ഒരധ്യാപകന്‍; ഈ 68 -കാരന്‍റെ ജീവിതമന്ത്രം തന്നെ ഇതാണ്

By Web TeamFirst Published Jan 27, 2020, 2:31 PM IST
Highlights

കഴിഞ്ഞ 30 വര്‍ഷങ്ങളായി പാട്ടീലിന്റെ ദിനചര്യ ഏതാണ്ട് ഒരുപോലെയാണ്. കൂട്ടത്തില്‍ ഇത്തിരി വ്യത്യസ്തമായ ജൈവകൃഷി എന്ന ചിന്തയും കടന്നുവന്നപ്പോളാണ് ഇദ്ദേഹം അല്‍പം കൂടി വ്യത്യസ്തനായത്.

'എന്‍റെ അറുപത്തിയെട്ടാമത്തെ വയസിലും കൃഷിയും യോഗയും ജീവിതത്തിന്‍റെ ഭാഗമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നതിന് കാരണം കൃത്യമായ വ്യായാമവും ആരോഗ്യകരമായ ഭക്ഷണശൈലിയും മാത്രമാണ്. ഈ രണ്ട് ഘടകങ്ങളുമാണ് എന്റെ ജീവിതത്തില്‍ പുരോഗതിയുണ്ടാക്കിയത്. എന്‍റെ കൃഷിയിലെ അറിവുകള്‍ മറ്റുള്ള കര്‍ഷകര്‍ക്ക് പകര്‍ന്നു നല്‍കാനും രാസകീടനാശിനികളുടെ ദുരുപയോഗം ഇല്ലാതാക്കാനും ഞാന്‍ ആഗ്രഹിക്കുന്നു.' മല്ലികാര്‍ജുന്‍ഗൗഡ് പാട്ടീല്‍ എന്ന യോഗാധ്യാപകന്റെ വാക്കുകളാണിത്. ഈ സാധാരണ മനുഷ്യനെ അസാധാരണ വ്യക്തിത്വമാക്കി മാറ്റുന്നത് ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലിയാണ്.

68 വയസുള്ള ഇദ്ദേഹം ഒരു ജൈവകര്‍ഷകനും കൂടിയാണ്. കര്‍ണാടകയിലെ ധര്‍വാദ് ജില്ലക്കാരനായ പാട്ടീല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് മാനസികമായി ശാക്തീകരണം നല്‍കുന്ന പ്രവര്‍ത്തനമാണ് നടത്തുന്നത്. അത്തരം കുട്ടികളെ ദത്തെടുക്കുക മാത്രമല്ല ഇദ്ദേഹം ചെയ്തത്. അവരെ ആരോഗ്യമുള്ളവരും വിദ്യാസമ്പന്നരും ഉത്തരവാദിത്തമുള്ളവരുമാക്കി മാറ്റുകയാണ് മല്ലികാര്‍ജുന്‍ഗൗഡ് ചെയ്തത്.

ഒരു മണിക്കൂറാണ് യോഗാ ക്ലാസ് നടത്തുന്നത്. അതിനുശേഷം തങ്ങളുടെ ഗുരുവിന്റെ വീട്ടിലേക്ക് പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം കഴിക്കാനാണ് ഈ കുട്ടികള്‍ പോകുന്നത്. ധാന്യങ്ങള്‍ ചേര്‍ത്ത ദോശയോ ഇഡ്ഡലിയോ ആയിരിക്കും പ്രധാന ഭക്ഷണം. അതിനുശേഷം അവര്‍ സ്‌കൂളിലേക്ക് പോകും.

ദുരിതമനുഭവിക്കുന്ന കര്‍ഷക കുടുംബങ്ങളിലെ ഒരു കുട്ടിയെ ദത്തെടുത്ത് പഠിക്കാനാവശ്യമായ എല്ലാ സഹായങ്ങളും ഇദ്ദേഹം നല്‍കുന്നു. കുട്ടികള്‍ സ്‌കൂളില്‍ നിന്ന് തിരിച്ച് വരുമ്പോള്‍ അവരുടെ ഹോംവര്‍ക്ക് ചെയ്യാനും സഹായിക്കും. അതിനുശേഷം കൃഷിപാഠങ്ങളും പഠിപ്പിക്കും.

കഴിഞ്ഞ 30 വര്‍ഷങ്ങളായി പാട്ടീലിന്റെ ദിനചര്യ ഏതാണ്ട് ഒരുപോലെയാണ്. കൂട്ടത്തില്‍ ഇത്തിരി വ്യത്യസ്തമായ ജൈവകൃഷി എന്ന ചിന്തയും കടന്നുവന്നപ്പോളാണ് ഇദ്ദേഹം അല്‍പം കൂടി വ്യത്യസ്തനായത്.

പാട്ടീലിന്റെ കഥ

1986 -ലാണ് പാട്ടീല്‍ ഗുരുതരമായ നടുവേദന കാരണം യോഗ ചെയ്യാന്‍ ആരംഭിച്ചത്. ഹുബ്‌ളിയിലുള്ള യോഗാക്ലാസില്‍ ചേര്‍ന്ന് പഠനം നടത്തി. അതിന് മുമ്പ് 10 വര്‍ഷത്തോളം അദ്ദേഹം തപാലോഫീസില്‍ ജീവനക്കാരനായിരുന്നു. യോഗ ദിനചര്യയുടെ ഭാഗമാക്കിയപ്പോള്‍ അദ്ദേഹത്തിന്റെ വേദനയ്ക്ക് വളരെയേറെ വ്യത്യാസമുണ്ടായി. അങ്ങനെയാണ് മറ്റുള്ളവരെ യോഗ പഠിപ്പിക്കണമെന്ന ചിന്തകൂടി വന്നത്.

കര്‍ണാടക യൂണിവേഴ്‌സിറ്റിയില്‍ നിന്ന് യോഗയില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയശേഷം 1989 -ല്‍ പാട്ടീല്‍ സ്വയം ക്ലാസുകളെടുക്കാനാരംഭിച്ചു. അപ്പോഴും തന്റെ ജോലി തുടരുന്നുണ്ടായിരുന്നു. 30 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഏകദേശം 20,000 ആളുകളെ യോഗ പരിശീലിപ്പിച്ച ക്രെഡിറ്റും ഇദ്ദേഹത്തിന് സ്വന്തം.

സ്വന്തം മക്കള്‍ സാമ്പത്തികമായി സ്വയം പര്യാപ്തമായപ്പോള്‍ അദ്ദേഹം തന്റെ ജോലിയില്‍ നിന്ന് സ്വയം വിരമിച്ചു. പ്രകൃതിദത്തമായ കൃഷിയിലേക്കിറങ്ങി പോഷകഗുണമുള്ള ഭക്ഷണം ഉത്പാദിപ്പിക്കാനായിരുന്നു അദ്ദേഹം തന്റെ ജോലി വളരെ നേരത്തേ രാജിവെച്ചത്.

2010 -ല്‍ അദ്ദേഹം തന്റെ ഭാര്യയോടൊപ്പം സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചുപോയി. അവിടെ തന്റെ കുടുംബപരമായ നാല് ഏക്കര്‍ ഭൂമി കര്‍ഷകര്‍ക്ക് പാട്ടത്തിന് നല്‍കിയതായിരുന്നു. ആ ഭൂമി അദ്ദേഹം തിരിച്ചെടുത്തു. രാസവളം പ്രയോഗിച്ച് കൃഷി നടത്തിയതുകാരണം മണ്ണ് മുഴുവന്‍ ഉപയോഗശൂന്യമായിരുന്നു. രണ്ടുവര്‍ഷം പ്രയാസപ്പെട്ട് വിഷരഹിതമായ മണ്ണാക്കി മാറ്റി.

അതേസമയം തന്നെ കര്‍ണാടക യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ജൈവകൃഷിയില്‍ നാല് മാസത്തെ പരിശീലനവും നേടി. ധാന്യങ്ങള്‍ കൃഷി ചെയ്യാനായിരുന്നു ശ്രമിച്ചത്. പിന്നീട് ഗോതമ്പ് അരി, നിലക്കടല, വാഴപ്പഴം, മാങ്ങ, മുരിങ്ങ, ചോളം, റാഗി, പപ്പായ എന്നിവയും ആ മണ്ണില്‍ വളര്‍ത്തിയെടുത്തു.
 
ജീവാമൃതമാണ് വളമായി ഉപയോഗിച്ചത്. വളരെ പ്രാചീനമായ ഒരു രീതിയിലാണ് അദ്ദേഹം ജീവാമൃതം നിര്‍മിച്ചത്. ഗോമൂത്രം, ചാണകം, ശര്‍ക്കര, വെള്ളം എന്നിവയുടെ മിശ്രിതമായിരുന്നു ഇത്. ഏഴ് ദിവസത്തിനുള്ളിലാണ് ജീവാമൃതമായി മാറുന്നത്.

'പത്ത് ലിറ്റര്‍ ഗോമൂത്രവും ചാണകവും ഒരു കിലോ ശര്‍ക്കരയും ഒരു കപ്പ് മണ്ണും വെള്ളവും ചേര്‍ത്ത് യോജിപ്പിക്കും. 200 ലിറ്റര്‍ സംഭരണശേഷിയുള്ള കുഴിയില്‍ ഈ മിശ്രിതം ഞാന്‍ സൂക്ഷിച്ചുവെക്കും. നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നീ അവശ്യപോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.' പാട്ടീല്‍ പറയുന്നു.

കമ്പോസ്റ്റിങ്ങ് എന്ന രീതി ആണ് ജൈവവളമുണ്ടാക്കാന്‍ ഉപയോഗിക്കുന്ന മറ്റൊരു വിദ്യ. 3 x 10  അടി ആഴമുള്ള കുഴിയില്‍ ഈര്‍പ്പമുള്ള മാലിന്യങ്ങള്‍ നിറച്ചശേഷം ചാണകവും വെള്ളവും ചേര്‍ക്കും. ഏറ്റവും മുകളിലത്തെ ലെയറില്‍ കൊഴിഞ്ഞ ഇലകളിട്ട് മൂടും. ഈ മിശ്രിതം മൂന്ന് മാസം ഇങ്ങനെ വയ്ക്കും. അതിനുശേഷം മാലിന്യങ്ങള്‍ കമ്പോസ്റ്റായി മാറും. ഓരോ 90 ദിവസം കൂടുമ്പോഴും ഒരു ടണ്‍ കമ്പോസ്റ്റ് ഇപ്രകാരം ഇദ്ദേഹം നിര്‍മിക്കുന്നു.

ആരോഗ്യമുള്ള ഹരിതലോകമായിരുന്നു പാട്ടീലിന്റെ സ്വപ്‌നം. രാസകീടനാശിനികളില്ലാതെ ശുദ്ധമായ വായു ലഭിക്കുന്ന കൃഷിഭൂമി. അദ്ദേഹം യോഗ പഠിക്കാന്‍ വരുന്ന കുട്ടികളിലൂടെ പോഷകഗുണമുള്ള വിഷരഹിത ഭക്ഷണം പ്രചരിപ്പിക്കാനും ശ്രമിക്കുന്നു. അദ്ദേഹം തന്റെ ഗ്രാമത്തില്‍ കര്‍ഷകര്‍ക്കായി ജൈവകൃഷിയെക്കുറിച്ചുള്ള വര്‍ക്ക്‌ഷോപ്പുകള്‍ നടത്തുന്നു.

click me!