ഇവരുടെ തോട്ടത്തില്‍ വളരുന്നത് ചന്ദനവും മഹാഗണിയും; 20 കോടി വിറ്റുവരവുള്ള കമ്പനിയുടെ ഉടമകള്‍

By Web TeamFirst Published May 4, 2020, 4:34 PM IST
Highlights

അഗ്രോ-ഫോറസ്ട്രിയിലായിരുന്നു കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചത്. മറ്റുള്ളവരെക്കൂടി തങ്ങളുടെ പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കാനുള്ള വഴികളും ഇവര്‍ കണ്ടെത്തി. കൃഷിഭൂമി വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് അവരില്‍ നിന്നും വാങ്ങി സ്വന്തമായി കാര്‍ഷിക വികസന പ്രവര്‍ത്തനങ്ങള്‍ നടത്താം. 

അശോകും ശ്രീരാമും ഐ.ടി മേഖലയിലെ ജോലി മടുത്തപ്പോള്‍ ഇറങ്ങിത്തിരിച്ചത് ചന്ദനമരങ്ങളുടെ തോട്ടം നിര്‍മിക്കാനായിരുന്നു. ഭൂമി കണ്ടെത്താനായി ഗ്രാമപ്രദേശങ്ങളില്‍ യാത്ര ചെയ്ത രണ്ടുപേരും രണ്ടു വര്‍ഷത്തെ ശ്രമഫലമായി പറ്റിയ കൃഷിഭൂമിയും കണ്ടെത്തി. ആന്ധ്രപ്രദേശിലെ രായദുര്‍ഗ് എന്ന സ്ഥലത്ത് ചന്ദനമരങ്ങള്‍ കൃഷി ചെയ്ത് വേറിട്ട വഴിയിലൂടെ മുന്നോട്ടു പോയി വിജയിച്ച ഇവരെ പരിചയപ്പെടാം. രണ്ടുപേരും പ്രകൃതി സ്‌നേഹികളായിരുന്നു. ഐ.ടി മേഖലയില്‍ ജോലി ചെയ്യുമ്പോഴും മനസിലുള്ളത് പറ്റിയ ഒരു കൃഷി കണ്ടെത്തണമെന്നതായിരുന്നു.

ഇവരുടെ സമ്പാദ്യത്തിലെ ഒരു കോടി രൂപയാണ് കൃഷിക്കായി നിക്ഷേപിച്ചത്. അശോകിന് കുടുംബപരമായിക്കിട്ടിയ 30 ഏക്കര്‍ ഭൂമിയിലാണ് ചന്ദനമരങ്ങളുടെ കൃഷി ആരംഭിച്ചത്. നിരവധി വെല്ലുവിളികള്‍ ഈ കൃഷിയിലുണ്ട്. മണ്ണ് അനുയോജ്യമാകണം. വളപ്രയോഗം ശ്രദ്ധിക്കണം. ഇവര്‍ക്ക് രണ്ടുപേര്‍ക്കും സുസ്ഥിരമായ ഒരു പദ്ധതി കൃഷിയെക്കുറിച്ചുണ്ടായിരുന്നു.

സര്‍ക്കാരില്‍ നിന്നും 40 ലക്ഷം ധനസഹായം ലഭിക്കുകയും ചന്ദനത്തൈകളുടെ നഴ്‌സറി ആരംഭിക്കുകയും ചെയ്തു. കൃഷിഭൂമിയുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട ഒരു കമ്പനി നിര്‍മിക്കാനാണ് ഇവര്‍ ശ്രമിച്ചത്. മറ്റുള്ള കര്‍ഷകര്‍ക്ക് വരുമാനം ഉണ്ടാക്കാന്‍ പറ്റുന്ന വഴിയായിരുന്നു ഇവര്‍ തേടിനടന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കുന്ന മരങ്ങള്‍ കൃഷി ചെയത് നല്ല ആദായം നേടാനാകുന്ന വഴിയാണ് ഇവര്‍ കണ്ടെത്തിയത്.

2013 -ല്‍ ഹൊസാചിഗുരു എന്ന പേരില്‍ കമ്പനി പ്രവര്‍ത്തനമാരംഭിച്ചു. ശ്രീനാഥ് എന്ന സുഹൃത്തും ഇവര്‍ക്കൊപ്പം കസ്റ്റമര്‍ സപ്പോര്‍ട്ട് ആയി പ്രവര്‍ത്തനമാരംഭിച്ചു.

അഗ്രോ-ഫോറസ്ട്രിയിലായിരുന്നു കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചത്. മറ്റുള്ളവരെക്കൂടി തങ്ങളുടെ പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കാനുള്ള വഴികളും ഇവര്‍ കണ്ടെത്തി. കൃഷിഭൂമി വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് അവരില്‍ നിന്നും വാങ്ങി സ്വന്തമായി കാര്‍ഷിക വികസന പ്രവര്‍ത്തനങ്ങള്‍ നടത്താം. അല്ലെങ്കില്‍ കമ്പനിയോട് സഹകരിച്ച് കൃഷി ചെയ്യാം. അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് ഇവരുടെ ആശയത്തിന് സ്വീകാര്യത വന്നു. 18 പ്രോജക്റ്റുകള്‍ ലഭിച്ചു. 800 ഏക്കര്‍ ഭൂമിയില്‍ ചന്ദനം, മഹാഗണി എന്നിവ വളര്‍ന്നു. വര്‍ഷം തോറും 20 കോടി വിറ്റുവരവ് കമ്പനിക്കുണ്ടായി.

'വളരെ വലിയ നേട്ടമാണിത്. ഒരു കഷണം ഭൂമിയില്‍ കൃഷി ചെയ്താണ് തുടങ്ങിയത്. വളരെക്കുറഞ്ഞ കാലം കൊണ്ട് കൂടുതല്‍ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു' ശ്രീനാഥ് പറയുന്നു.

മൈസൂരിലെ പ്ലൈവുഡ് നിര്‍മാണ കമ്പനിക്കായി മരങ്ങള്‍ നല്‍കുന്നു. കൃഷിഭൂമി ബംഗളുരുവിനടുത്ത് കേന്ദ്രീകരിച്ചാല്‍ തങ്ങളുടെ ആശയം നന്നായി പ്രാവര്‍ത്തികമാക്കാമെന്ന് ഇവര്‍ മനസിലാക്കി. ഹൈദരാബാദിലേക്കും ഹൊസൂരിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള നടപടികളും തുടങ്ങി.

ഇവര്‍ക്ക് മൂന്ന് തരത്തിലുള്ള ബിസിനസ് ആണുള്ളത്. എല്ലാ സൗകര്യങ്ങളുമുള്ള കൃഷിഭൂമി ആവശ്യക്കാര്‍ക്ക് നല്‍കും. രണ്ടാമത്തേത്, വരുമാനമുണ്ടാക്കാന്‍ പറ്റുന്ന മരങ്ങളുടെ തൈകള്‍ ഉത്പാദിപ്പിച്ച് നഴ്‌സറികളില്‍ നിന്നും വിതരണം ചെയ്യും. സ്വന്തം ഭൂമിയുള്ളവരില്‍ നിന്ന് പ്രതിഫലം വാങ്ങി അവര്‍ക്കായി മരങ്ങളുടെ തോട്ടം ഉണ്ടാക്കിക്കൊടുക്കും.

ഡിജിറ്റല്‍ മീഡിയയുടെ പ്രവര്‍ത്തനങ്ങളും ഇവര്‍ പരീക്ഷിക്കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് വിവരങ്ങള്‍ കൈമാറാനും സംരംഭം തുടങ്ങാന്‍ സഹായിക്കാനും വിവര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നു.

തുള്ളി നന സംവിധാനം, കാലാവസ്ഥാ മാറ്റം അറിയാനുള്ള നിലയങ്ങള്‍, ഓട്ടോമേഷന്‍ സംവിധാനങ്ങള്‍ എന്നിവയെല്ലാം ഓരോ ഫാമിലും നിര്‍മിച്ചിട്ടുണ്ട്.

പ്രകൃതിയും സമൂഹവും

അന്തരീക്ഷത്തിലെ കാര്‍ബണിനെ ഇല്ലാതാക്കാനുള്ള സംവിധാനങ്ങളും ഇവര്‍ സ്വീകരിക്കുന്നു. ജൈവ വൈവിധ്യങ്ങള്‍ സംരക്ഷിക്കാനും മണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നു. ഭൂഗര്‍ഭ ജലം റീചാര്‍ജ് ചെയ്യാനുള്ള സംവിധാനങ്ങളും ഉണ്ട്.

100 പ്രാദേശിക കര്‍ഷകര്‍ക്ക് ഇവര്‍ തൊഴില്‍ നല്‍കുന്നു. ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് താമസ സൗകര്യവും നല്‍കുന്നു. ബംഗളുരുവില്‍ നിന്ന് 90 മിനിറ്റ് അകലെയുള്ള ഹിന്ദ്പൂര്‍ എന്ന സ്ഥലത്ത് അഭിവൃദ്ധി എന്ന ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. 108 ഏക്കര്‍ ഭൂമിയിലാണ് ഈ പദ്ധതി. 5000 മാവ് കൃഷിയാണ് ഇവരുടെ പദ്ധതി. 

click me!