മരണ ലൈറ്റുകളുമായി ഒറ്റരാത്രിയില്‍ കുടുങ്ങിയത് 1162 വാഹനങ്ങള്‍!

By Web TeamFirst Published Jul 8, 2019, 4:31 PM IST
Highlights

കഴിഞ്ഞ ദിവസം രാത്രിയിലെ പരിശോധനയില്‍ മാത്രം അനധികൃതമായി ഇത്തരം ലൈറ്റുകള്‍ ഘടിപ്പിച്ച 1162 വാഹനങ്ങളാണ് കുടുങ്ങിയത്. ഡ്രൈവര്‍മാരുടെ ശ്രദ്ധതെറ്റിക്കുന്ന തരത്തിലുള്ള ലൈറ്റുകള്‍ വാഹനങ്ങളില്‍ ഉപയോഗിക്കരുതെന്ന നിര്‍ദേശം കാറ്റില്‍പ്പറത്തിയായിരുന്നു പലരുടെയും ഡ്രൈവിംഗ്. 

തിരുവനന്തപുരം: അമിത പ്രകാശമുള്ള ഹെഡ് ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനവുമായി നിരത്തിലിറങ്ങരുതെന്ന് പൊലീസും മോട്ടോര്‍ വെഹിക്കിള്‍ അധികൃതരും അടുത്തകാലത്ത് നിരന്തരം നിര്‍ദ്ദേശിച്ചിരുന്നു. ഇത്തരം ലൈറ്റുകള്‍ എതിരെ വരുന്ന ഡ്രൈവര്‍മാര്‍ക്ക് റോഡ് കാണാനാവാതെ വരികയും വന്‍ ദുരന്തങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നതിനാലാണ് ഇത്. പ്രകാശതീവ്രത കൂടിയ ഹെഡ്‍ലൈറ്റ് ഘടിപ്പിച്ച് പിടിക്കപ്പെട്ടാല്‍ വാഹനത്തിന്‍റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദ് ചെയ്യുകയും ഓടിച്ചയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍റ് ചെയ്യുമെന്നുമായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ഇതിനൊന്നും നമ്മുടെ ഡ്രൈവര്‍മാരും വാഹന ഉടമകളുമൊന്നും യാതൊരു വിലയും കല്‍പ്പിച്ചിട്ടില്ലെന്ന് തെളിയിക്കുകയാണ് കഴിഞ്ഞ ദിവസം മോട്ടോര്‍വാഹന വകുപ്പ് നടത്തിയ 24 മണിക്കൂര്‍ വാഹനപരിശോധന.

കഴിഞ്ഞ ദിവസം രാത്രിയിലെ പരിശോധനയില്‍ മാത്രം അനധികൃതമായി ഇത്തരം ലൈറ്റുകള്‍ ഘടിപ്പിച്ച 1162 വാഹനങ്ങളാണ് കുടുങ്ങിയത്. ഡ്രൈവര്‍മാരുടെ ശ്രദ്ധതെറ്റിക്കുന്ന തരത്തിലുള്ള ലൈറ്റുകള്‍ വാഹനങ്ങളില്‍ ഉപയോഗിക്കരുതെന്ന നിര്‍ദേശം കാറ്റില്‍പ്പറത്തിയായിരുന്നു പലരുടെയും ഡ്രൈവിംഗ്. വാഹനത്തില്‍ നിരോധിച്ചിട്ടുള്ളതും അനുമതിയില്‍ കൂടുതല്‍ തീവ്രതയുള്ളതുമായ ലൈറ്റുകള്‍ നല്‍കിയ കുറ്റത്തിന് മാത്രം 11.62 ലക്ഷം രൂപയാണ് പിഴയായി ലഭിച്ചത്. ഇത്തരം ലൈറ്റുകള്‍ ഘടിപ്പിച്ചാല്‍ 1000 രൂപയാണ് മോട്ടോര്‍ വാഹനവകുപ്പ് നിശ്ചയിച്ചിട്ടുള്ള പിഴ. 

ലൈറ്റുകള്‍ ദുരന്തകാരണമാകുന്നത് ഇങ്ങനെ
വാഹനം മോടിപിടിപ്പിക്കുന്നതിനും മറ്റുമായി എല്‍ഇഡി, ഹാലജന്‍ തുടങ്ങിയ ലൈറ്റുകള്‍ ഹെഡ്‌ലൈറ്റിലും മറ്റും നല്‍കുന്നത് എതിരേ വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കും.  രാത്രിയിൽ എതിര്‍ദിശയില്‍ വാഹനം വരുമ്പോൾ ലൈറ്റ് ഡിം ചെയ്യണമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് ചട്ടം. എന്നാല്‍  ഹെവി വാഹനം ഓടിക്കുന്നവര്‍ ചെറു വാഹനങ്ങളെ കണ്ടാൽ ലൈറ്റ് ഡിം ചെയ്യാൻ മടിയാണെന്നാണ് ഭൂരിഭാഗം വാഹന യാത്രക്കാരുടെയും പരാതി. ഇരുചക്ര വാഹനങ്ങളടക്കം ചെറു വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കാണ് ഇതു കൂടുതൽ പ്രശ്‍നങ്ങൾ സൃഷ്ടിക്കുന്നത്. 

എതിര്‍ദിശയില്‍‌ നിന്നും വാഹനത്തിന്‍റെ പ്രകാശം നേരെ കണ്ണിലേക്ക് അടിക്കുമ്പോൾ വാഹനം ഓടിക്കുന്നവർക്ക് റോഡ് കാണാനാവാതെ വരികയും ഇത് അപകടങ്ങള്‍ക്ക് വഴിതെളിക്കുകയും ചെയ്യുന്നു. ഏതു വാഹനമായാലും രാത്രിയിൽ എതിര്‍ ദിശയില്‍ വാഹനം വരുമ്പോൾ ലൈറ്റ് ഡിം ചെയ്യണമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് ചട്ടം. ബ്രൈറ്റ് ലൈറ്റിനാൽ ഉണ്ടാകുന്ന അപകടങ്ങൾ മറ്റേതൊരു വാഹന നിയമലംഘനം ഉണ്ടാക്കുന്നതിനേക്കാള്‍ വളരെ കൂടുതലാണ്. എതിരെ വരുന്ന ഡ്രൈവര്‍മാര്‍ക്ക് നിമിഷനേരത്തേക്ക് കാഴ്ച്ച നഷ്ടപ്പെടുന്നതിനാൽ കാൽ നട യാത്രക്കാരും അപകടത്തിൽപ്പെടുന്നു. 

ഇതാണ് നിയമം 
ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രീ സ്റ്റാൻഡേർഡ് പ്രകാരം ഇരട്ടഫിലമെന്‍റുള്ള ഹാലജൻ ബൾബുകളുടെ ഹൈബീം 60 ഉം ലോബീം 55 വാട്സും അധികരിക്കാന്‍ പാടില്ല. പ്രധാന കാർ നിര്‍മ്മാതാക്കളെല്ലാം 55-60 വാട്സ് ഹാലജന്‍ ബള്‍ബുകളാണ് ഉപയോഗിക്കുന്നത്. എച്ച് ഐ ഡി (ഹൈ ഇന്‍റന്‍സിറ്റി ഡിസ്ചാര്‍ജ് ലാമ്പ്) ലൈറ്റുകളില്‍ 35 വാട്ട്സില് അധികമാകാന്‍ പാടില്ല. എന്നാല്‍ ഇറക്കുമതി ചെയ്യുന്ന, തീവ്രതയുള്ള എച്ച് ഐ ഡി ലൈറ്റുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട്. വാഹന നിര്‍മ്മാതാക്കള്‍ നല്‍കുന്ന ഹെഡ് ലൈറ്റ് ബള്‍ബ് മാറിയ ശേഷം പ്രത്യേക വയറിങ് കിറ്റോടെ കിട്ടുന്ന എച്ച് ഐഡി ലൈറ്റുകളാണ് പലരും ഘടിപ്പിക്കുന്നത്. ഓഫ് റോഡ് മേഖലകളിലും റാലികളിലും ഓടുന്ന വാഹനങ്ങള്‍ക്കായി പ്രത്യേകം തയാറാക്കിയിട്ടുള്ള ഉയര്‍ന്ന പ്രകാശതീവ്രതയുള്ള ലൈറ്റുകളാണ് ഇവ. ഇത്തരം ലൈറ്റുകള്‍ നിരത്തിലേക്ക് എത്തുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുകയാണ്.

 

click me!