ഇനി ഓടിച്ചിട്ടും ഒളിഞ്ഞിരുന്നും പിടിക്കില്ല; പകരം ആപ്പിലാക്കാന്‍ പുതിയ സൂത്രവുമായി പൊലീസ്!

By Web TeamFirst Published Nov 23, 2019, 10:24 AM IST
Highlights

നിരത്തിലെ വളവുകളിൽ മറഞ്ഞുനിന്നും വാഹനത്തിനു മുന്നിലേക്ക് പെട്ടെന്നു ചാടിവീണുമൊക്കെയുള്ള വാഹന പരിശോധനകള്‍ ഇനിയുണ്ടാകില്ല. 

തിരുവനന്തപുരം: നിരത്തിലെ വളവുകളിൽ മറഞ്ഞുനിന്നും വാഹനത്തിനു മുന്നിലേക്ക് പെട്ടെന്നു ചാടിവീണുമൊക്കെയുള്ള വാഹന പരിശോധനകള്‍ ഇനിയുണ്ടാകില്ല. ഇതിനുപകരം ടോട്ടൽ ഡിജിറ്റൽ ട്രാഫിക് എൻഫോഴ്സ്‌മെന്റ് എന്ന അത്യാധുനിക സംവിധാനമാണ് വരുന്നത്. പൊലീസുകാരുടെ മൊബൈലിൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് നിയമലംഘനം കണ്ടെത്തി പിഴയിടുന്ന സംവിധാനമാണിത്. അടുത്തമാസം പകുതിയോടെ സംവിധാനം പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

നാഷണൽ ഇൻഫൊമാറ്റിക്‌സ് (എൻ.ഐ.സി.) തയ്യാറാക്കുന്ന ആപ്പാണ് ഇതിനായി കേരള പോലീസ് ഉപയോഗിക്കുക. ആപ്പിനെ പോലീസിന്റെയും മോട്ടോർവാഹന വകുപ്പിന്റെയും വിവരശേഖരവുമായി ബന്ധപ്പെടുത്തിയാണ് നിയമലംഘകരെ കണ്ടുപിടിക്കുക. എല്ലാ പൊലീസുകാരുടെയും ആൻഡ്രോയ്‌ഡ് മൊബൈൽഫോണിൽ ഈ ആപ്ലിക്കേഷന്‍ ഇൻസ്റ്റാൾചെയ്യും. ഇതിലൂടെ നിയമലംഘനങ്ങളുടെ ചിത്രം തത്സമയം പകർത്തും. എല്ലാവർക്കും ഓരോ ഐ.ഡിയുണ്ടാവും. അതുവഴിയാണ് ആപ്ലിക്കേഷനിലേക്ക് ലോഗിൻ ചെയ്യേണ്ടത്.

പകർത്തുന്ന ചിത്രത്തിൽ നിയമലംഘനം നടന്ന തീയതി, സമയം, സ്ഥലം ഉൾപ്പടെ രേഖപ്പെടുത്തി അത് ഡിജിറ്റൽ ട്രാഫിക് കൺട്രോൾ സംവിധാനത്തിലേക്കയക്കും. ഇവിടെ ചിത്രം വിശകലനംചെയ്ത് പിഴത്തുക നിശ്ചയിച്ച് മോട്ടോർ വാഹനവകുപ്പിൽനിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉടമയ്ക്ക് പിഴയടയ്ക്കാനുള്ള നോട്ടീസ് നൽകും. ആപ്പിലൂടെയല്ലാതെ പകർത്തുന്ന ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാനാകില്ല. ലംഘനം ആവർത്തിക്കുകയാണെങ്കിൽ അക്കാര്യവും കണ്ടെത്താനാകും. 

നിയമഗംഖര്‍ മൊബൈൽ, ബാങ്ക്, ഓൺലൈൻ പേമെന്റ് ഗേറ്റ്‌വേകളിലൂടെയോ അക്ഷയകേന്ദ്രങ്ങളിലൂടെയോ പോസ്റ്റോഫീസ്‌ വഴിയോ 15 ദിവസത്തിനുള്ളിൽ പിഴയടയ്ക്കണം. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുപയോഗിച്ച് പിഴയടയ്ക്കാനുള്ള സ്വൈപ്പിംഗ് യന്ത്രം എച്ച്.ഡി.എഫ്.സി ബാങ്ക് സൗജന്യമായി നൽകും. പണമിടപാടിന് ചാർജ് ഈടാക്കില്ല.

ഓട്ടോമാറ്റിക്കായി നമ്പർപ്ലേറ്റുകൾ തിരിച്ചറിയാനും ഹെൽമറ്റില്ലാത്തവരെയും സിഗ്നൽ അവഗണിക്കുന്നവരെയും തിരിച്ചറിയാനും നിർമ്മിതബുദ്ധിയിൽ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) പ്രവർത്തിക്കുന്ന കാമറകളും സ്ഥാപിക്കും. ഇവ ചിത്രങ്ങളെടുത്ത് സ്‌മാർട്ട് കൺട്രോൾറൂമിലേക്കയയ്ക്കും. ഈ പദ്ധതിക്ക് 180 കോടിയാണ് ചെലവ്. കാമറകൾക്കായി ടെൻഡർ തുടങ്ങി. ലോകബാങ്ക് സഹായത്തോടെയുള്ള പദ്ധതി 2018ൽ തയ്യാറാക്കിയെങ്കിലും ആഭ്യന്തര, ധനവകുപ്പുകൾ അനുമതി നൽകാതിരുന്നതിനാല്‍ ഇഴഞ്ഞുനീങ്ങുകയായിരുന്നു. എന്നാല്‍ ഹൈക്കോടതിയുടെ ഉത്തരവോടെ പദ്ധതിക്ക് വീണ്ടും ജീവന്‍ വയ്‍ക്കുകയായിരുന്നു. 

ഡിജിറ്റൽ ട്രാഫിക് സംവിധാനം നടപ്പിലാവുന്നതോടെ പൊലീസിന്‍റെ ജോലിഭാരവും കുറയും. ഇതോടെ പ്രതിദിനം 4000 പൊലീസുകാരെ വാഹന പരിശോധനയിൽ നിന്ന് പിൻവലിക്കാം. പെറ്റിക്കേസ് തയ്യാറാക്കൽ, നോട്ടീസെഴുതൽ, പിഴയീടാക്കൽ, രജിസ്റ്ററുണ്ടാക്കൽ, സമൻസ് അയയ്ക്കൽ എന്നിവയ്ക്ക് നിയോഗിക്കുന്ന 2000 പൊലീസുകാരെയും കുറയ്ക്കാം. 

എന്നാല്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ ഈ ഡിജിറ്റൽ സംവിധാനത്തിന് കഴിയില്ല. അതുകൊണ്ടുതന്നെ പഴയരീതിയില്‍ ബ്രെത്ത് അനലൈസർ പരിശോധനയ്ക്ക് ഏതാനും സംഘങ്ങളുണ്ടാകും. ഇവരുടെ പ്രവർത്തനം തത്സമയ സംപ്രേഷണമുള്ള ക്യാമറയില്‍ പകര്‍ത്തുകയും ചെയ്യും. 

click me!