വേഗത മണിക്കൂറില്‍ 1223 കിമീ, വരുന്നൂ വിമാനത്തെക്കാള്‍ സുരക്ഷിതമായ യാത്രാ മാര്‍ഗ്ഗം

By Web TeamFirst Published Jan 1, 2020, 4:03 PM IST
Highlights

ഹൈപ്പര്‍ ലൂപ്പ് ഈ വര്‍ഷം പ്രവര്‍ത്തന സജ്ജമാകും

അമേരിക്കന്‍ ഇലക്ട്രിക്ക് വാഹന ഭീമന്‍ ടെസ്‍ലയുടെ സ്ഥാപകന്‍ ഇലോണ്‍ മസ്‌കിന്‍റെ അതിവേഗ യാത്രാ പദ്ധതിയായ ഹൈപ്പര്‍ ലൂപ്പ് ഈ വര്‍ഷം പ്രവര്‍ത്തന സജ്ജമാകുമെന്ന് റിപ്പോര്‍ട്ടുകള്‍. കുറഞ്ഞ മര്‍ദമുള്ള ടണലിലൂടെ യാത്രചെയ്യുന്ന പദ്ധതിയാണ് ഹൈപ്പര്‍ലൂപ്പ്.

ഇലോണ്‍ മസ്‌ക് തന്നെയാണ് ട്വിറ്ററിലൂടെ പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.  മണിക്കൂറില്‍ 760 മൈല്‍ (1223.1 കിലോമീറ്റര്‍) വേഗത്തില്‍ സഞ്ചരിക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. നിലവില്‍ പരീക്ഷണത്തില്‍ 288 മൈല്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിച്ചിട്ടുണ്ട്.

വൈദ്യുത വാഹനങ്ങള്‍ക്ക് മാത്രമാണ് ടണലില്‍ പ്രവേശനമെന്നും ഭൂമിക്കടിയിലൂടെയായിരിക്കും ടണലെന്നും അദ്ദേഹം വ്യക്തമാക്കി. മസ്‌കിന്റെ സ്റ്റാര്‍ട്ട് അപ്പായ 'ബോറിങ് കമ്പനി'യാണ് ഗതാഗത ടണല്‍ ലാസ് വേഗാ സില്‍ നിര്‍മിക്കുന്നത്. 4.87 കോടി ഡോളറിന്റെ (ഏകദേശം 350 കോടി രൂപ) പദ്ധതിയാണിത്.

ടണലിന്റെ പ്രാരംഭ നിര്‍മാണ ജോലികള്‍ സെപ്റ്റംബറില്‍ ആരംഭിച്ചിരുന്നു. കാലിഫോണിയയില്‍ പരീക്ഷണത്തിന് വേണ്ടിയുള്ള ഒരു മൈല്‍ നീളമുള്ള ഹൈപ്പര്‍ ലൂപ്പ് ടണല്‍ അദ്ദേഹം നിര്‍മിച്ചിട്ടുണ്ട്. യാത്രാസമയം ഗണ്യമായി കുറയ്ക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതി ഗതാഗതമേഖലയില്‍ വന്‍ മാറ്റങ്ങള്‍ വരുത്തുമെന്നാണ് കരുതുന്നത്.

എന്താണ് ഹൈപ്പര്‍ലൂപ്പ്?
വായുമര്‍ദ്ദം കുറഞ്ഞ ട്യൂബിലൂടെ അതിവേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ക്യാപ്‌സ്യൂള്‍ പോലുള്ള വാഹനം.  ആകാശയാത്രകള്‍ ലക്ഷ്യമിടുന്ന സ്‌പെയ്‌സ് എക്‌സ് എന്ന കമ്പനി സ്ഥാപിച്ച് ശ്രദ്ധ നേടിയ കോടീശ്വരന്‍ ഇലോണ്‍ മസ്‌ക് 2013 ല്‍ ആണ് ഹൈപ്പര്‍ ലൂപ്പ് എന്ന ആശയവുമായി മുന്നോട്ട് വരുന്നത്. പിന്നീട് അദ്ദേഹത്തിന് പിന്തുണയുമായി ലോകമെങ്ങുമുള്ള ഗവേഷകരെത്തി. തുടര്‍ഗവേഷണങ്ങളിലൂടെ ഹൈപ്പര്‍ലൂപ്പ് ഗതാഗത സംവിധാനത്തിന് കൃത്യമായ രൂപമുണ്ടായി.

പതിനൊന്നടിയോളം വ്യാസമുള്ള ട്യൂബിനുള്ളിലെ കുറഞ്ഞ വായുമര്‍ദ്ദം ക്യാപ്‌സ്യൂള്‍ വാഹനത്തെ ഉയര്‍ന്ന വേഗതയില്‍ സഞ്ചരിക്കാന്‍ സഹായിക്കും. മാഗ്നറ്റിക് ലെവിറ്റേഷന്‍ സാങ്കേതിക വിദ്യ വാഹനത്തെ ട്രാക്കില്‍ നിന്ന് ഉയര്‍ത്തി നിര്‍ത്തും. ഈ രണ്ട് സാങ്കേതികവിദ്യകളും കൂടി ചേരുമ്പോള്‍ അതിവേഗത്തില്‍ വാഹനത്തിന് സഞ്ചരിക്കാനാകും. ട്യൂബിനുള്ളില്‍ എവിടേയും തൊടാതെയുള്ള യാത്ര. ഭൂമിക്കടിയിലൂടെയോ മുകളില്‍ തൂണുകളിലോ ആണ് ഈ ട്യൂബ് പാത സ്ഥാപിക്കുക.

വേഗത മണിക്കൂറില്‍ 1223 കിലോമീറ്റര്‍

ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ റെയില്‍ ലൈനിലും മൂന്നിരിട്ടി വേഗതയാണ് ഹൈപ്പര്‍ലൂപ് ട്രെയിനുകള്‍ കൈവരിക്കുക. സാധാരണ യാത്രാവിമാനമായ ബോയിങ് 747 ന്റെ ശരാശരി വേഗത മണിക്കൂറില്‍ 920 കിലോമീറ്ററാണ്. അങ്ങനെവരുമ്പോള്‍ യാത്രാവിമാനത്തേക്കാള്‍ വേഗതയില്‍ കുറച്ചുകൂടി സുരക്ഷിതമായുള്ള യാത്രയാണിത്.
 

click me!