ഭീമൻ ബലൂണിലേറി ഭൗമാന്തരീക്ഷത്തിലേക്ക് ടൂറുപോകാം, ചെലവ് വെറും ഒരു കോടി രൂപ

By Web TeamFirst Published Jun 20, 2020, 2:54 PM IST
Highlights

ഒരു ട്രിപ്പിൽ പൈലറ്റടക്കം ഒൻപതു പേർക്ക് യാത്ര ചെയ്യാനാകും. ഒരു മിനിബാറും, ഒരു ടോയ്‌ലറ്റും ഈ ബലൂണിലെ പോഡിനുള്ളിലുണ്ട്.

ഒരു ഭീമൻ ബലൂണിന്റെ താഴെ ഘടിപ്പിച്ച ഗ്ലാസ് പേടകത്തിൽ  കയറ്റി ആളുകളെ ഭൂമിയുടെ സ്ട്രാറ്റോസ്ഫിയറിലേക്ക് ടൂറുകൊണ്ടുപോകാൻ തയ്യാറെടുത്തിരിക്കയാണ് സ്‌പേസ് സ്റ്റാർട്ട് അപ്പ് കമ്പനിയായ 'സ്‌പേസ് പെർസ്പെക്റ്റീവ്സ്'. ഭൗമോപരിതലത്തോട് ചേർന്ന് 14.5 കിലോമീറ്റർ വരെ നീണ്ടു കിടക്കുന്ന അന്തരീക്ഷമണ്ഡലമാണ് ട്രോപ്പോസ്ഫിയർ. ട്രോപ്പോസ്ഫിയറിനു തൊട്ടു മുകളിലായി 14.5 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെ കിടക്കുന്ന മണ്ഡലത്തെയാണ് സ്ട്രാറ്റോസ്ഫിയർ എന്ന് വിളിക്കുന്നത്. ആയ ഉയരത്തിൽ നിന്ന് താഴേക്ക് നോക്കിയാൽ ഭൂമിയുടെ ഉരുണ്ട പ്രതലഭംഗി ആസ്വദിക്കാനാകും. അതി മനോഹരമായ ഈ വ്യൂ കാണാൻ വേണ്ടി ആളുകളെ കൊണ്ടുപോകാൻ വേണ്ട സാങ്കേതിക സംവിധാനങ്ങൾ ഒരുക്കുന്ന സ്‌പേസ് പെർസ്പെക്റ്റീവ്സ് എന്ന ഈ സ്റ്റാർട്ടപ് കമ്പനി, ഇതിനായി യാത്രികരിൽ നിന്ന് സ്വീകരിക്കുക വെറും ഒരു കോടി രൂപ മാത്രമാണ്. 

സ്‌പേസ്ഷിപ്പ് നെപ്ട്യൂൺ എന്നാണ് അവരുടെ ഫ്ളയിങ് സ്‌പേസ് ബലൂണിന്റെ പേര്. ബലൂണിന്റെ ചുവട്ടിൽ യാത്രികർക്ക് ഇരിക്കാൻ വേണ്ടി ഒരു ഗ്ലാസ് പേടകം(പോഡ്) കൂടി ഉണ്ടാകും. ഈ പോഡിനുള്ളിൽ ഒരു ട്രിപ്പിൽ പൈലറ്റടക്കം ഒൻപതു പേർക്ക് യാത്ര ചെയ്യാനാകും. ഒരു മിനിബാറും, ഒരു ടോയ്‌ലറ്റും ഈ ബലൂണിലെ പോഡിനുള്ളിലുണ്ട്. താപനിലയും, വായുമർദ്ദവും ഒക്കെ ക്രമീകരിച്ച ഈ പൊടിനുള്ളിലേറ്റി, സ്ട്രാറ്റോസ്ഫിയറിനും പതിനായിരം അടിയെങ്കിലും ഉയരത്തിലേക്ക് യാത്രികരെ കൊണ്ടുപോവുക എന്നതാണ് ഈ സ്‌പേസ് ടൂറിസം മിഷന്റെ പ്ലാൻ. 

 

 

രണ്ടു മണിക്കൂർ നേരമെടുക്കും ഈ സ്‌പേസ് ബലൂണിന് ഭൂമിയിൽ നിന്ന് സ്ട്രാറ്റോസ്ഫിയർ വരെ എത്താൻ. ആളെ കയറ്റാതെയുള്ള ബലൂണിന്റെ പരീക്ഷണപ്പറക്കലുകൾ 2021 -ൽ തുടങ്ങും. എല്ലാം വിചാരിച്ച പോലെ നടന്നാൽ, 2024 മുതൽ ടിക്കറ്റ് വിറ്റുതുടങ്ങാനിടയുണ്ട്. ജെയ്ൻ പോയിന്റർ, ടേബർ മക്കല്ലം എന്നിവരാണ് സ്‌പേസ് പെർസ്പെക്ടീവിന്റെ അമരക്കാർ. 

ഫ്ലോറിഡയിലെ കേപ്പ് കനവെരാലിൽ ഉള്ള കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് വർഷത്തിൽ ചുരുങ്ങിയത് 500 ട്രിപ്പെങ്കിലും വെച്ച് ഈ സ്‌പേസ് ടൂറിസം ബലൂണുകൾവഴി നടത്താനാകും എന്നാണ് സ്റ്റാർട്ടപ്പ് സംരംഭകരുടെ പ്രതീക്ഷ.  

click me!