അംബാനിയുടെ സുരക്ഷയ്ക്ക് നാല് പുത്തന്‍ വണ്ടികള്‍ കൂടി; വില 10 കോടി!

By Web TeamFirst Published Jan 19, 2021, 5:48 PM IST
Highlights

നേരത്തെ റേഞ്ച് റോവർ വോഗിലായിരുന്നു അംബാനിയുടെ സുരക്ഷാ ഭടന്മാരുടെ അകമ്പടി യാത്ര. ഇവയ്ക്ക് പകരമായാണ് ബെന്‍സ് ജി 63 എ.എം.ജി. എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യത്തെ ശതകോടീശ്വരനാണ് മുകേഷ് അംബാനി. നിരവധി വാഹനങ്ങളുടേയും സുരക്ഷഭടന്മാരുടെയും അകമ്പടിയോടെയാണ് ഇസെഡ് പ്ലസ് സുരക്ഷയുള്ള ഈ കോടീശ്വരന്റെ യാത്രകളെല്ലാം. അംബാനിക്ക് സുരക്ഷയൊരുക്കുന്നതിനായി വാങ്ങിയ ഏറ്റവും പുതിയ വാഹനങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.  

മെഴ്‌സിഡസ് ബെന്‍സിന്റെ കരുത്തന്‍ എസ്‍യുവി ജി 63 എ.എം.ജിയാണ് മുകേഷ് അംബാനിയുടെ അകമ്പടി വാഹനത്തില്‍ പുതുതായി എത്തിയിട്ടുള്ളതെന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒന്നിന് എകദേശം 2.5 കോടി രൂപ വില വരുന്ന പുതിയ നാലു ബെൻസ് ജി 63 എഎംജി എസ്‌യുവികളാണ് സുരക്ഷഭടന്മാർക്കായി വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.  

ബെൻസിന്റെ ഏറ്റവും കരുത്തുള്ള എസ്‍യുവികളിലൊന്നാണ് ജി 63 എഎംജി. 3982 സിസി, വി 8, ബൈടർബോ പെട്രോൾ എൻജിനുള്ള വാഹനത്തിന് 576 ബിഎച്ച്പി കരുത്തും 850 എൻഎം ടോർക്കും സൃഷ്‌ടിക്കാന്‍ സാധിക്കും. കേവലം 5.4 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോ മീറ്റര്‍ വേഗത കൈവരിക്കാനും ഈ വാഹനത്തിനാകും. നേരത്തെ റേഞ്ച് റോവർ വോഗിലായിരുന്നു അംബാനിയുടെ സുരക്ഷാ ഭടന്മാരുടെ അകമ്പടി യാത്ര. ഇവയ്ക്ക് പകരമായാണ് ബെന്‍സ് ജി 63 എ.എം.ജി. എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അംബാനി കുടുംബത്തിന്‍റെ ഗാരേജിൽ വിലകൂടിയ കാറുകളുടെ ഏറ്റവും വലിയ ശേഖരം ഉണ്ട്. കഴിഞ്ഞ വർഷം മുകേഷ് അംബാനി സുരക്ഷയ്ക്കായി പുതിയ മെഴ്‌സിഡസ് ബെൻസ് എസ് 600 ഗാർഡ് വാങ്ങിയിരുന്നു. പഴയ തലമുറ എസ്-ഗാർഡ് ഉപയോഗിച്ച അദ്ദേഹം ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഗ്രേഡുചെയ്യുകയായിരുന്നു. ഇന്ത്യയില്‍ ഏറ്റവും വിലയുള്ള ബുള്ളറ്റ് പ്രൂഫ് വാഹനമായ മെഴ്‌സിഡസ് ബെന്‍സ് എസ് 600 ഗാര്‍ഡിന് പത്ത് കോടി രൂപയോളമായിരുന്നു വില. എസ് 600 ഗാർഡിന് പുറമെ ബി‌എം‌ഡബ്ല്യു 7-സീരീസ് എച്ച് സെക്യൂരിറ്റിയും അദ്ദേഹത്തിനുണ്ട്.

കഴിഞ്ഞ ദിവസം മുകേഷ് അംബാനി അദ്ദേഹത്തിന്‍റെ നാലാമത്തെ റോല്‍സ് റോയിസ് സ്വന്തമാക്കിയതും വാര്‍ത്തയായിരുന്നു. ഏഴുകോടിയോളം രൂപ വിലയുള്ള റോള്‍സ് റോയിസ് കള്ളിനനായിരുന്നു അംബാനിയുടെ ഗാരേജിലെ പുതിയ അതിഥി. അദ്ദേഹത്തിന്‍റെ രണ്ടാമത്തെ കള്ളിനന്‍ കൂടിയായിരുന്നു ഇത്. 

click me!