പൊളിയുമോ സെക്കന്‍ഡ് ഹാന്‍ഡ് വണ്ടിക്കച്ചവടം? ഇല്ലാതാകുമോ യൂസ്‍ഡ് കാര്‍ വിപണി?

By Web TeamFirst Published Aug 16, 2021, 10:11 AM IST
Highlights

ഓട്ടോ ഓടിച്ചു കുടുംബം പുലർത്തുന്ന സാധാരണക്കാർ മുതൽ വിന്‍റേജ്, മോഡിഫൈ വാഹനപ്രേമികള്‍ക്കും തിരിച്ചടിയായേക്കാം പുതിയ പോളിസിയെന്നാണ് ഇവരുടെ വാദം. 

വെഹിക്കിൾ സ്‌ക്രാപ്പേജ് പോളിസിയാണ് ഇപ്പോള്‍ ഇന്ത്യന്‍ വാഹനലോകത്തെ സജീവചര്‍ച്ച. സ്വകാര്യവാഹനങ്ങളുടെ കാലാവധി 20 വർഷത്തേക്കും വാണിജ്യവാഹനങ്ങളുടെത് 15 വർഷത്തേക്കും നിജപ്പെടുത്തുന്നതാണ് ഈ പോളിസി. മലിനീകരണം, ഇന്ധനഇറക്കുമതി, വിലവർദ്ധന എന്നിവ കുറയ‌്ക്കുന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് കഴിഞ്ഞദിവസം പ്രധാനമന്ത്രി പദ്ധതി പ്രഖ്യാപിച്ചത്. 

കാലാവധി പൂർത്തിയായ  വാഹനങ്ങൾ ഓട്ടോമാറ്റിക് ഫിറ്റ്‌നെസ് സെന്ററുകളുടെ സഹായത്തോടെ പരിശോധനയ്ക്ക് വിധേയമാക്കുകയും  ഈ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തില്‍ പൊളിക്കുകയുമായിരിക്കും നടപടി. ഒരുവാഹനം മൂന്നിൽ കൂടുതൽ തവണ ഫിറ്റ്നസ് ടെസ്‌റ്റിൽ പരാജയപ്പെടുകയാണെങ്കിൽ അത് നിർബന്ധമായും സ്ക്രാപ്പിംഗിന് വിധേയമാക്കണം എന്നാണ് പോളിസി വ്യക്തമാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനം മൂലമുള്ള മലിനീകരണം തടയുന്നതിനും ഇന്ത്യയെ വാഹന ഹബ്ബാക്കി മാറ്റുന്നതിന്റെയും ഭാഗമായാണ് വെഹിക്കിള്‍ സ്‌ക്രാപ്പിങ്ങ് പോളിസി നടപ്പാക്കുന്നതെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍ ഇതിന്‍റെ ഗുണവശങ്ങളെ അനുകൂലിക്കുന്നതിനൊപ്പം പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്തെത്തിക്കഴിഞ്ഞു. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സാമൂഹികമായി ഉണ്ടാക്കാൻ സാധ്യതയുള്ള ഒരു തീരുമാണിതെന്ന് വാദം ഉയര്‍ന്നുവരുന്നുണ്ട്. ഓട്ടോ ഓടിച്ചു കുടുംബം പുലർത്തുന്ന സാധാരണക്കാർ മുതൽ വിന്‍റേജ്, മോഡിഫൈ വാഹനപ്രേമികള്‍ക്കും തിരിച്ചടിയായേക്കാം പുതിയ പോളിസിയെന്നാണ് ഇവരുടെ വാദം. സാധാരണക്കാരായ വാഹന ഉടമകൾക്കു വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും സെക്കൻഡ് ഹാൻഡ് വാഹനവിപണി തകരുമെന്നും വിമർശനം ഉയരുന്നുണ്ട്. 

മലിനീകരണം എന്നത് പഴക്കം കാരണം മാത്രം സംഭവിക്കില്ലെന്നാണ് മറ്റു ചിലരുടെ വാദം. ലോകത്ത് എല്ലായിടത്തും ഫിറ്റ്നസ് നോക്കിയാണ് സ്ക്രാപ്പ് ചെയ്യിക്കുന്നത്, അല്ലാതെ പഴക്കം അല്ലെന്നും ഇവര്‍ പറയുന്നു. മാത്രമല്ല പുതിയ വാഹനങ്ങളിൽ പരമാവധി റീസൈക്കിള്‍ പാർട്ട്സ് ഉപയോഗിക്കാറില്ലെന്നും കാരണം റീ സൈക്കിള്‍ ചെയ്യാൻ ഉപയോഗിക്കുന്ന കെമിക്കലുകള്‍ ആരോഗ്യത്തിനു ഹാനികരമാണെന്നും വാദിക്കുന്നവരും ഉണ്ട്.

അതേസമയം ലോകത്താകമാനം പരിശോധിച്ചാൽ നിരവധി ലോക രാജ്യങ്ങൾ ആവിഷ്​കരിച്ച്​ നടപ്പാക്കിയ പദ്ധതിയാണിത്​. മിക്ക യൂറോപ്യൻ രാജ്യങ്ങൾക്കും ഇത്തരമൊരു നയമുണ്ട്​. മലിനീകരണം നിയന്ത്രിക്കുക കൂടാതെ 2008-ല്‍ തുടങ്ങിയ ആഗോള സാമ്പത്തിക മാന്ദ്യകാലത്ത് വ്യാവസായിക മേഖലയിലെ വിപണിയാവശ്യം വര്‍ധിപ്പിക്കുന്നതിനുള്ള സാമ്പത്തിക ഉത്തേജകം കൂടിയായാണ് പല യൂറോപ്യന്‍ രാജ്യങ്ങളും വലിയതോതില്‍ പഴയവാഹനം പൊളിക്കല്‍ പദ്ധതി ആവിഷ്‍കരിച്ചത്.

എന്നാല്‍ ഇക്കൂട്ടത്തില്‍ ചൈന പോലുള്ള ചില രാജ്യങ്ങൾ ഒഴിച്ചാൽ സ്​ക്രാപ്പേജ്​ പോളിസി നടപ്പാക്കിയതിൽ അധികവും വികസിത രാജ്യങ്ങളാണെന്ന് വിദഗ്‍ദര്‍ പറയുന്നു​. ലക്ഷം ഡോളറിനുമുകളിൽ ശരാശരി വാർഷിക വരുമാനമുള്ള രാജ്യങ്ങളാണിത്​. തങ്ങളുടെ ഒരു മാസത്തെ ​ശമ്പളം മതി അവിടുത്തെ ജനങ്ങള്‍ക്ക്​ പുതിയോരു വാഹനം സ്വന്തമാക്കാൻ. പൗരന്മാരിൽ കുന്നുകൂടുന്ന പണം വിപണിയിലേക്ക് എത്തിക്കാനുള്ള തന്ത്രവുംകൂടിയായിരുന്നു വികസിത രാജ്യങ്ങള്‍ക്ക് ഈ പൊളിക്കല്‍ പരിപാടി.

എന്നാല്‍ ഭൂരിഭാഗം ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം​ ഒരു വാഹനം സ്വന്തമാക്കുക എന്നത്​ അവരുടെ ജീവിത സ്വപ്‍നങ്ങളിൽ ഒന്നാണ്​. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും വായ്‍പകള്‍ എടുത്തും സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ വാങ്ങിയുമൊക്കെയാണ് പലരും തങ്ങളുടെ വാഹനമെന്ന സ്വപ്​നം സാക്ഷത്​കരിക്കുന്നത്​.  ഈയൊരു സാഹചര്യത്തിലേക്കാണ് പുതിയ പൊളിക്കല്‍ നയം എത്തുന്നതെന്നതാണ് ശ്രദ്ധേയം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!