ക്രാഷ് ടെസ്റ്റില്‍ മിന്നിച്ചു; സ്വീഡനില്‍ നിന്നെത്തുന്ന വമ്പന്‍ ഇന്ത്യയില്‍

By Web TeamFirst Published Jan 21, 2021, 10:16 PM IST
Highlights

ലോകത്തിലെ ഏറ്റവും സുരക്ഷിതമെന്ന് കരുതപ്പെടുന്ന വോൾവൊ പാസഞ്ചർ വാഹനങ്ങളിലൊന്നായ എസ് 60ന്‍റെ  പുതുതലമുറ വോള്‍വോയുടെ സ്‌കാലബിള്‍ പ്രൊഡക്ട് ആര്‍ക്കിടെക്ചര്‍ പ്ലാറ്റ്‌ഫോമിലാണ് ഒരുങ്ങിയിരിക്കുന്നത്.

ദില്ലി: സ്വീഡിഷ് ആഡംബര വാഹന നിര്‍മ്മാതാക്കളായ വോള്‍വോയുടെ പ്രീമിയം സെഡാന്‍ എസ് 60 ന്‍റെ പുതിയ പതിപ്പിനെ ഇന്ത്യയില്‍ അവതരിപ്പിച്ചു. 45.9 ലക്ഷമാണ് എസ് 60യുടെ വിലയെന്ന് ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.  ലോകത്തിലെ ഏറ്റവും സുരക്ഷിതമെന്ന് കരുതപ്പെടുന്ന വോൾവൊ പാസഞ്ചർ വാഹനങ്ങളിലൊന്നായ എസ് 60ന്‍റെ  പുതുതലമുറ വോള്‍വോയുടെ സ്‌കാലബിള്‍ പ്രൊഡക്ട് ആര്‍ക്കിടെക്ചര്‍ പ്ലാറ്റ്‌ഫോമിലാണ് ഒരുങ്ങിയിരിക്കുന്നത്.

190 എച്ച്പി, 2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് വാഹനത്തിന്‍റെ ഹൃദയം. 300 എൻ‌എം ടോർക്കും എഞ്ചിൻ ഉത്പാദിപ്പിക്കും. കമ്പനിയുടെ സ്‍കേലബിൾ പ്രൊഡക്റ്റ് ആർക്കിടെക്ചറിനെ (എസ്പി‌എ) അടിസ്ഥാനമാക്കിയാണ് എസ് 60 നിർമിച്ചിരിക്കുന്നത്. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർ‌ബോക്സാണ് ട്രാന്‍സ്‍മിഷന്‍.

തോര്‍ ഹാമര്‍ എല്‍.ഇ.ഡി ഡി.ആര്‍.എല്‍ ആയിരിക്കും മുന്‍വശത്തെ പ്രധാന ആകര്‍ഷണം. ഇതിനൊപ്പം വോള്‍വോ സിഗ്‌നേച്ചര്‍ ഗ്രില്ല്, എല്‍.ഇ.ഡി ഹെഡ് ലാമ്പുകള്‍, മസ്‌കുലര്‍ ഭാവമുള്ള ബംമ്പര്‍ എന്നിവ മുഖഭാവത്തെയും, സി ഷേപ്പിലുള്ള ടെയ്ല്‍ലാമ്പ്, സ്പോര്‍ട്ടി ബംമ്പര്‍ തുടങ്ങിയവ പുതുതലമുറ എസ്60-യുടെ പിന്‍ഭാഗത്തെയും വേറിട്ടതാക്കും. രണ്ടാം തലമുറ മോഡലിലേതിന് സമാനമായുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഹെഡ്-യൂണിറ്റ് ഇതിലും നല്‍കും. ഫോര്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജിങ്ങ്, പനോരമിക് സണ്‍റൂഫ്, ഹര്‍മാന്‍ കാര്‍ഡണ്‍ ഓഡിയോ സിസ്റ്റം തുടങ്ങിയ ഫീച്ചറുകള്‍ ഇന്റീരിയറിനെ കൂടുതല്‍ സമ്പന്നമാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്രാഷ് ടെസ്റ്റുകളിൽ മിന്നുന്ന പ്രകടനവുമായാണ് വാഹനം എത്തുന്നത്. കർശന നിയമങ്ങൾ ഉൾക്കൊള്ളുന്ന യൂറോ എൻസിഎപിയിലാണ് എസ് 60 അഞ്ച് സ്റ്റാർ റേറ്റിങ് നേടിയത്. ഔഡി എ4, ബി.എം.ഡബ്ല്യു  ത്രി സീരീസ്, മെഴ്‌സ്ഡസ് ബെന്‍സ് സി-ക്ലാസ് തുടങ്ങിയവരാണ് വാഹനത്തിന്‍‌റെ മുഖ്യ എതിരാളികള്‍. പൂര്‍ണമായും നിർമിച്ച് ഇറക്കുമതി ചെയ്യുന്ന വാഹനമാണ് എസ് 60 സെഡാന്‍റെ ബുക്കിംഗ് കമ്പനി ആരംഭിച്ചിട്ടുണ്ട്. ഡെലിവറികൾ മാർച്ച് പകുതിയോടെ ആരംഭിക്കും.

click me!