ഐഡി കാർഡോ ആധാർ കാർഡോ പാസ്പോർട്ടോ അല്ല, വോട്ട് തന്നെയാണ് പ്രധാനം

By Web TeamFirst Published Mar 20, 2019, 2:27 PM IST
Highlights

''വോട്ട് നമ്മൾ നിർബന്ധമായും ചെയ്തിരിക്കേണ്ട ഒന്നാണെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. ഒരു ജനാധിപത്യ ഭരണത്തിൻ കീഴിൽ‌ വോട്ട് തന്നെയാണ് പരമപ്രധാനം.'' നടന്‍ ബിനോയ് നമ്പാല പറയുന്നു

പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് ഇനി ദിവസങ്ങൾ മാത്രം. പാര്‍ട്ടികളും അവരുടെ സ്ഥാനാര്‍ത്ഥികളും ഒപ്പം സമ്മതിദായകരും തെരഞ്ഞെടുപ്പിന്‍റെ ചൂടിലേക്ക് ഇറങ്ങിക്കഴിഞ്ഞു. ഓരോരുത്തർക്കും ആർക്ക് വോട്ട് ചെയ്യണം, എന്തുകൊണ്ട് വോട്ട് ചെയ്യണം, ജനപ്രതിനിധികളില്‍ നിന്നും തങ്ങളെന്തൊക്കെയാണ് പ്രതീക്ഷിക്കുന്നത് തുടങ്ങിയവയെക്കുറിച്ചെല്ലാം വ്യക്തമായ ധാരണകളുണ്ട്. അവരുടെ ഇഷ്ടങ്ങളെക്കുറിച്ചും തെരഞ്ഞെടുപ്പിനെക്കുറിച്ചും അവര്‍ തന്നെ സംസാരിക്കുന്നു...

ഞാനൊരു മലപ്പുറത്തുകാരനാണ്. പരപ്പനങ്ങാടിയാണ് സ്വദേശം. ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടി മാത്രം കാലങ്ങളായി ജയിക്കുന്ന ഇടമാണ് മലപ്പുറം. വലിയ മാറ്റങ്ങളൊന്നും എനിക്കിവിടെ കാണാൻ സാധിച്ചിട്ടില്ല. ഞാൻ പഠിച്ച സ്കൂൾ അതേപടി തന്നെയാണ് ഇപ്പോഴും നിലനിൽക്കുന്നത്. വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഒരു മാറ്റം നമ്മളെല്ലാവരും ആ​ഗ്രഹിക്കുന്നുണ്ടല്ലോ. ​വ്യക്തിപരമായ വികസനം ഉണ്ടെന്നല്ലാതെ മണ്ഡലത്തിന്റെ സമ​ഗ്രമായ വികസനം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഈ തെരഞ്ഞെടുപ്പിലൂടെ പ്രതീക്ഷിക്കുന്നത് മണ്ഡലത്തിന്റെ സമ​ഗ്രമായ വികസനമാണ്. അത്തരം മാറ്റത്തെക്കുറിച്ചാണ് ഞാൻ ചിന്തിക്കുന്നത്.

ഞാൻ പൊന്നാനി ലോക്സഭാ മണ്ഡലത്തിലാണ്. കഴിഞ്ഞ തവണത്തെ സ്ഥാനാർത്ഥി തന്നെയാണ് ഇവിടെ ഇത്തവണയും മത്സരിക്കുന്നത്.  പൊതുപ്രവർത്തകരെ നമ്മൾ ഓർത്തിരിക്കുന്നത് അവർ ചെയ്ത വികസനപ്രവർത്തനത്തിന്റെ പേരിലായിരിക്കും. ഓർത്തെടുക്കാൻ ഒരു വികസനം ഇവിടെ നടന്നതായി എനിക്കോർമ്മയില്ല. തെരഞ്ഞെടുപ്പിന്റെ സമയത്ത് വന്ന് മത്സരിച്ച് ജയിച്ചു പോകുക എന്നതിനപ്പുറം മണ്ഡലത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുക എന്നത് വളരെ പ്രധാനമാണ്. അത്തരമൊരു മാറ്റമാണ് ഈ തെരഞ്ഞെടുപ്പിൽ ഞാൻ പ്രതീക്ഷിക്കുന്നത്. 

വോട്ട് നമ്മൾ നിർബന്ധമായും ചെയ്തിരിക്കേണ്ട ഒന്നാണെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. ഒരു ജനാധിപത്യ ഭരണത്തിൻ കീഴിൽ‌ വോട്ട് തന്നെയാണ് പരമപ്രധാനം. ഐഡി കാർഡോ ആധാർ കാർഡോ പാസ്പോർട്ടോ അല്ല വോട്ട് തന്നെയാണ് ഇന്ത്യയെപ്പോലെ ഒരു ജനാധിപത്യ രാജ്യത്ത് പ്രധാനമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. വോട്ടിന്റെ പ്രാധാന്യം മനസിലാക്കി യുവജനങ്ങളുൾപ്പെടെ എല്ലാവരും മുന്നോട്ട് വരുന്നു എന്നതും പ്രതീക്ഷയുണർത്തുന്നുണ്ട്. അതുപോലെ വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള വ്യക്തിയാണ് ഞാൻ. ഞാനിപ്പോൾ തിരുവനന്തപുരത്താണ്. എന്തായാലും വോട്ട് ചെയ്യാൻ ഞാൻ നാട്ടിൽ‌പോകും. 

click me!