എന്‍റെ വോട്ട് ഇങ്ങനെയുളള പാര്‍ട്ടിക്ക്; ഹനാന്‍ പറയുന്നു

By Web TeamFirst Published Mar 18, 2019, 3:41 PM IST
Highlights

''ഇന്നത്തെ സാമൂഹ്യാന്തരീക്ഷത്തിലെ പല സംഭവങ്ങളും കാണുമ്പോൾ ഏത് പാർട്ടിയിലാണ് വിശ്വസിക്കേണ്ടതെന്ന് സംശയം തോന്നാറുണ്ട്. ചിലർ ചെയ്യുന്ന ചില കാര്യങ്ങളോട് യോജിപ്പും മറ്റ് ചിലതിനോട് വിയോജിപ്പും തോന്നാറുണ്ട്.'' ഹനാന്‍ പറയുന്നു.

പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് ഇനി ദിവസങ്ങൾ മാത്രം. പാര്‍ട്ടികളും അവരുടെ സ്ഥാനാര്‍ത്ഥികളും ഒപ്പം സമ്മതിദായകരും തെരഞ്ഞെടുപ്പിന്‍റെ ചൂടിലേക്ക് ഇറങ്ങിക്കഴിഞ്ഞു. ഓരോരുത്തർക്കും ആർക്ക് വോട്ട് ചെയ്യണം, എന്തുകൊണ്ട് വോട്ട് ചെയ്യണം, ജനപ്രതിനിധികളില്‍ നിന്നും തങ്ങളെന്തൊക്കെയാണ് പ്രതീക്ഷിക്കുന്നത് തുടങ്ങിയവയെക്കുറിച്ചെല്ലാം വ്യക്തമായ ധാരണകളുണ്ട്. അവരുടെ ഇഷ്ടങ്ങളെക്കുറിച്ചും തെരഞ്ഞെടുപ്പിനെക്കുറിച്ചും അവര്‍ തന്നെ സംസാരിക്കുന്നു...  

കേരളം കണ്ട അതിജീവനത്തിന്‍റെ പുതിയ മുഖമായിരുന്നു ഹനാന്‍ എന്ന പെണ്‍കുട്ടി. തന്‍റെ രാഷ്ട്രീയ നിലപാടിനെക്കുറിച്ച്, തെര‍ഞ്ഞെടുപ്പിനെക്കുറിച്ച് ഹനാന്‍ പറയുന്നു.

''ഞാനിതുവരെ വോട്ട് ചെയ്തിട്ടില്ല. എനിക്ക് ഇലക്ഷൻ ഐഡി പോലുമില്ല. വോട്ട് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിച്ചിട്ടില്ല. അതിനുള്ള പ്രാരംഭ നടപടികളൊന്നും തന്നെ നടത്തിയിട്ടില്ല. ഇരുപത്തിരണ്ട് വയസ്സ് പൂർത്തിയാകാൻ പോകുന്നു. ഇതുവരെ വോട്ട് ചെയ്യുന്ന കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല. വോട്ടിനെക്കുറിച്ചോ രാഷ്ട്രീയത്തെക്കുറിച്ചോ എനിക്ക് കൂടുതലായി ഒന്നുമറിയില്ലഎന്നതാണ് സത്യം. അതുകൊണ്ട് ഞാനിപ്പോൾ അത്തരം കാര്യങ്ങളെക്കുറിച്ച് നിരീക്ഷണം നടത്തിവരികയാണ്. ഏത് രാഷ്ട്രീയത്തോടാണ് യോജിക്കാൻ കഴിയുക എന്നറിയില്ലല്ലോ. കുറച്ചു കൂടി മുതിർന്നതിന് ശേഷം മാത്രമേ വോട്ട് ചെയ്യുന്ന കാര്യത്തിൽ കൃത്യമായ ഒരു തീരുമാനം എടുക്കൂ. 

ഇന്നത്തെ സാമൂഹ്യാന്തരീക്ഷത്തിലെ പല സംഭവങ്ങളും കാണുമ്പോൾ ഏത് പാർട്ടിയിലാണ് വിശ്വസിക്കേണ്ടതെന്ന് സംശയം തോന്നാറുണ്ട്. ചിലർ ചെയ്യുന്ന ചില കാര്യങ്ങളോട് യോജിപ്പും മറ്റ് ചിലതിനോട് വിയോജിപ്പും അനുഭവപ്പെടും. രാഷ്ട്രീയത്തില്‍ വിശ്വാസം ഉണ്ടാകണമെങ്കിൽ എനിക്ക് കുറച്ച് കൂടി പക്വത വേണമെന്ന് ഞാന്‍ വിചാരിക്കുന്നു. കാരണം എനിക്കൊരു പ്രശ്നം വന്നപ്പോൾ കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാവരും എനിക്കൊപ്പം നിന്നു. എന്നെ പിന്തുണയ്ക്കാൻ ഒരുപാട് പേർ മുന്നോട്ട് വന്നിരുന്നു. അതുകൊണ്ട് തന്നെ ഒരു പ്രത്യേക പാർട്ടിയോട‌ോ ആശയങ്ങളോടോ മമതയോ ഇഷ്ടമോ ഇല്ല. എന്നെ അനവധി പേർ അന്ന് സഹായിച്ചിരുന്നു. അതുകൊണ്ട് തന്നെ ഏതെങ്കിലും ഒരു പാർ‌ട്ടി അടിസ്ഥാനപ്പെടുത്തിയല്ല ഞാൻ വ്യക്തികളെ കാണുന്നത്. എല്ലാവരും മനുഷ്യരാണ് എന്നേ കരുതുന്നുള്ളൂ. എന്നാല്‍ ഒരിക്കലും വോട്ട് ചെയ്യില്ല എന്നൊന്നും ഞാൻ പറയുന്നില്ല. രാഷ്ട്രീയവും സാമൂഹ്യപ്രവര്‍ത്തനവുമൊക്കെ ‍ഞാന്‍ വളരെയധികം ഇഷ്ടപ്പെടുന്ന മേഖലകളാണ്.''

 

click me!