'പരാജയം മറയ്ക്കാൻ ആശങ്ക പടർത്തരുത്'; മഹാരാഷ്ട്രയടക്കമുള്ള സംസ്ഥാനങ്ങൾക്ക് രൂക്ഷ വിമർശനവുമായി ആരോഗ്യമന്ത്രി

By Web TeamFirst Published Apr 7, 2021, 7:18 PM IST
Highlights

കൊവിഡ് പടരുന്ന സാഹചര്യത്തിൽ വാക്സീൻ ദൗര്‍ലഭ്യമുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിച്ച  സംസ്ഥാനങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. 

ദില്ലി: കൊവിഡ് പടരുന്ന സാഹചര്യത്തിൽ വാക്സീൻ ദൗര്‍ലഭ്യമുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിച്ച  സംസ്ഥാനങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. ചില സംസ്ഥാനങ്ങൾ തങ്ങളുടെ പരാജയം മറച്ചുവെക്കാൻ കാരണം കണ്ടെത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വാക്സീൻ ദൗർബല്യം നേരിടുന്നുവെന്ന അടിസ്ഥാന രഹിതമായ ആരോപണം സംസ്ഥാനങ്ങൾ ഉന്നയിക്കുന്നു. വാക്സീൻ വിതരണം സംബന്ധിച്ച മഹാരാഷ്ട്ര സർക്കാർ പ്രതികരണം, കൊവിഡ് വ്യാപനം തടയാൻ കഴിയാത്ത പരാജയം മറച്ചുവെക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യപ്രവർത്തകർ കൊവിഡ് മുന്നണി പോരാളികൾ എന്നിങ്ങനെ കൃത്യമായ മാനദണ്ഡം അനുസരിച്ചാണ് വാക്സിനേഷൻ നടക്കുന്നത്. ഇപ്പോൾ 45 വയസു മുതലുള്ളവർക്കാണ് വാക്സിനേഷൻ നൽകുന്നത്. വാക്സിന് ക്ഷാമമുണ്ടെന്ന വാദം തെറ്റാണ്. ഉൽപാദന വിതരണ പ്രക്രിയക്കനുസരിച്ച് വാക്സീൻ നൽകി വരുന്നുണ്ട്. ഇത്തരത്തിൽ ഘട്ടം ഘട്ടമായി വാക്സിൻ നൽകുന്ന രീതിയാണ് ലോകത്തെവിടെയും ഉള്ളത്. അതനുസരിച്ച് കൃത്യമായ സമയത്ത് സൗജന്യമായി തന്നെ നൽകാൻ വാക്സിൻ കേന്ദ്ര സർക്കാറിന് സാധിക്കുന്നുണ്ട്.

ആദ്യ ഘട്ടമായ ആരോഗ്യ പ്രവർത്തകർക്കുള്ള വാക്സിനേഷൻ പോലും കാര്യക്ഷമമായി ചെയ്യാൻ ഈ സംസ്ഥാനങ്ങൾക്ക് സാധിച്ചിട്ടില്ല. മഹാരാഷ്ട്രയിൽ 86 ശതമാനം ആരോഗ്യ പ്രവർത്തകർ മാത്രമാണ് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്. അതേസമയം ദില്ലിയിൽ 72 ശതമാനവും പഞ്ചാബിൽ 64 ശതമാനവുമാണ്. പത്ത് സംസ്ഥാനങ്ങൾ മാത്രമാണ് 90 ശതമാനത്തിന് മുകളിൽ ഇത് പൂർത്തിയാക്കിയത്.

മഹാരാഷ്ട്രയിൽ തന്നെ വെറും 41 ശതമാനം ആരോഗ്യ പ്രവർത്തകരാണ് രണ്ടാമത്തെ ഡോസ് സ്വീകരിച്ചത്. ദില്ലിയലിത് 41 ശതമാനമാണെങ്കിൽ  പഞ്ചാബിൽ 27 ശതമാനമാണ്. മറ്റ് 12 സംസ്ഥാനങ്ങൾ മാത്രമാണ് ഇത് 60 ശതമാനത്തിന് മുകളിൽ ചെയ്തത്.

ഇത്തരത്തിൽ വാക്സിനേഷനിലടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങളിലെ പരാജയം മറയ്ക്കാൻ കേന്ദ്രസർക്കാരിന് മേൽ പഴി ചാരുന്നത് ശരിയല്ല. പ്രതിരോധ പ്രവർത്തനങ്ങൾക്കായി എന്ത് സഹായം നൽകാനും സർക്കാർ തയ്യാറാണ്. ഇക്കാര്യങ്ങളെ രാഷ്ട്രീയമായി കാണരുതെന്നും മന്ത്രി വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

click me!