വാതുവെപ്പ്: അന്വേഷണത്തില്‍ വഴിത്തിരിവ്; മുന്‍ ഇന്ത്യന്‍ പേസറെ ചോദ്യം ചെയ്യും

By Web TeamFirst Published Nov 29, 2019, 10:22 AM IST
Highlights

ചോദ്യം ചെയ്യലിന് ഹാജരാകാൻ മിഥുന് ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചു. കേസില്‍ അന്വേഷണവിധേയനാകുന്ന ആദ്യ അന്താരാഷ്‌ട്ര താരമാണ് അഭിമന്യു മിഥുന്‍.

ബെംഗളൂരു: കർണാടക പ്രീമിയർ ലീഗ് വാതുവെപ്പ് കേസില്‍ മുൻ ഇന്ത്യൻ താരം അഭിമന്യു മിഥുനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ മിഥുന് ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചു. കേസില്‍ അന്വേഷണവിധേയനാകുന്ന ആദ്യ അന്താരാഷ്‌ട്ര താരമാണ് അഭിമന്യു മിഥുന്‍. ടീം ഇന്ത്യക്കായി നാല് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും കളിച്ചിട്ടുണ്ട് പേസറായ താരം.  

ചോദ്യം ചെയ്യലിന് ഹാജരാവാന്‍ താരത്തിന് നോട്ടീസ് അയച്ച വിവരം ജോയിന്‍റ് കമ്മീഷണര്‍ സന്ദീപ് പാട്ടില്‍ സ്ഥിരീകരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടക പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ സീസണില്‍ ഷിമോഗ ലയണ്‍സ് ക്യാപ്റ്റനായിരുന്നു മിഥുന്‍. മല്‍നാട് ഗ്ലാഡിയേറ്റേര്‍സിനായി കെപിഎല്ലില്‍ അരങ്ങേറിയ മിഥുന്‍ പിന്നീട് ബിജാപൂര്‍ ബില്‍സ് ടീമിനായും കളിച്ചു. മുഷ്‌താഖ് അലി ടി20 മത്സരങ്ങള്‍ക്കായി കര്‍ണാടക ടീമിനൊപ്പം സൂറത്തിലാണ് മിഥുന്‍ ഇപ്പോഴുള്ളത്. 

കേസില്‍ പ്രത്യേക അന്വേഷണ സംഘം ജൂലൈക്ക് ശേഷം എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബെലഗാവി പാന്തേര്‍‌സ് ഉടമ അലി അസ്‌ഫാക് താരയാണ് പിടിയിലായവരില്‍ ഒരാള്‍. രണ്ട് കര്‍ണാടക രഞ്ജി താരങ്ങളെയും അറസ്റ്റ് ചെയ്തിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ സി എം ഗൗതം, സി‌പിന്നര്‍ അബ്രാര്‍ കാസി എന്നിവരെയാണ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാ‌ഞ്ച് അറസ്റ്റ് ചെയ്തത്. 
 

click me!