ഉഡുപ്പി മഠാധിപതിയുടെ ദുരൂഹമരണം; പരിചാരിക പൊലീസ് കസ്റ്റഡിയില്‍

By Web DeskFirst Published Jul 22, 2018, 11:54 PM IST
Highlights
  • മരണത്തിന് പിന്നിൽ റിയൽ എസ്റ്റേറ്റ് മാഫിയാ ബന്ധങ്ങളും പരിശോധിക്കുന്നുണ്ട്

ബംഗലുരു: ഉഡുപ്പി ശിരൂർ മഠാധിപതി ലക്ഷ്മീവര തീർത്ഥ സ്വാമിയുടെ ദുരൂഹമരണത്തിൽ പരിചാരികയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വാമിയുമായി അടുപ്പം ഉണ്ടായിരുന്ന പരിചാരികയെയാണ് ചോദ്യം ചയ്യുന്നത്. മരണത്തിന് പിന്നിൽ റിയൽ എസ്റ്റേറ്റ് മാഫിയാ ബന്ധങ്ങളും പരിശോധിക്കുന്നുണ്ട്.

ലക്ഷ്മീവര തീർത്ഥയുടെ മരണം വിഷം അകത്ത് ചെന്നാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകിയതാവാമെന്നാണ് പ്രഥമിക നിഗമനം.ഇതേതുടർന്നാണ് സ്വാമിയുമായി അടുപ്പമുള്ള പരിചാരികയിലേക്ക് അന്വേഷണം എത്തിയത്. ഇവർക്ക് നേരത്തെ സ്വാമി വീടും കാറും വാങ്ങി നൽകിയിരുന്നു.

വിഷബാധയേറ്റ അന്ന് പാരിചാരികയുടെ കാർ മഠത്തിൽഎത്തിയെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും കണ്ടെത്തിയിരുന്നു. ഇവരെ രഹസ്യകേന്ദ്രത്തിലെത്തിച്ചാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. കനത്ത സുരക്ഷയിലാണ് മഠവും പരിസരവും ഇപ്പോൾ. സ്വാമിയുടെ മുറി പൊലീസ് സീൽ ചെയ്തു. മഠവുമായി ബന്ധമുള്ളവരെല്ലാം നിരീക്ഷണത്തിലുമാണ്.

വിഷം ഉള്ളിൽ ചെന്നതാണ് മരണ കാരണമെന്ന് വ്യക്തമായെങ്കിലും ഫോറൻസിക് പരിശോധനാ ഫലവുംകൂടെ ലഭിച്ചാലെ ഏത് വിഷമെന്നതും മറ്റും അറിയാനാകൂ. അതേസമയം സ്വാമിക്ക് റിയൽ എസ്റ്റേറ്റ് വ്യാപാരികളുമായി ബന്ധമുണ്ടായിരുന്നെന്നും കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നിരുന്നതായും സൂചന ലഭിച്ചിട്ടുണ്ട്.

മുംബൈ ആസ്ഥാനമായ കെട്ടിടനിർമ്മാതാക്കൾ 26 കോടി രൂപ സ്വാമിക്ക് നൽകാനുണ്ട്. ഈ പണം ഉടൻ നൽകണമെന്ന് സ്വാമി ആവശ്യപ്പെ്ടിരുന്നു. ഈ തർക്കം മരണത്തിന് കാരണമായിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഐ.ജി അരുൺ ചക്രവർത്തിയുടെ നേതത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

tags
click me!