ഉഡുപ്പി ശിരൂര്‍ മഠാചാര്യന്‍ ലക്ഷ്മീവര തീര്‍ഥയുടെ മരണം; അന്വേഷണം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍

By Web DeskFirst Published Jul 19, 2018, 9:51 PM IST
Highlights

വിഷം അകത്ത് ചെന്നതാണ് മരണത്തിന് കാരണമായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. ഇതോടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അനുയായികള്‍ രംഗത്തെത്തി.

മംഗലൂരു: കര്‍ണ്ണാടക ഉഡുപ്പിയിലെ ശിരൂര്‍ മഠാചാര്യന്‍ ലക്ഷ്മീവര തീര്‍ഥയുടെ മരണത്തില്‍ കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. വയറു വേദനയെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മഠാചാര്യന്‍ ഇന്ന് രാവിലെയാണ് മരിച്ചത്. കടുത്ത വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ലക്ഷ്മിവര തീര്‍ത്ഥയെ ഉഡുപ്പിയിലെ സ്വകാര്യ ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് മണിപ്പാലിലേക്ക് മാറ്റിയെങ്കിലും ഇന്ന് രാവിലെ മരിച്ചു.

വിഷം അകത്ത് ചെന്നതാണ് മരണത്തിന് കാരണമായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. ഇതോടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അനുയായികള്‍ രംഗത്തെത്തി. തന്റെ ജീവന് ഭീഷണിയുള്ളതായി ലക്ഷ്മീവര തീര്‍ഥ പറഞ്ഞിരുന്നതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ ഭക്ഷ്യ വിഷബാധ മൂലമാണ് മരണം സംഭവിച്ചതെന്നാണ് മഠം അധികൃതര്‍ പറയുന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.

മഠത്തില്‍ നിരീക്ഷണം ഏര്‍പ്പെടുത്താനും പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ താന്‍ സൂക്ഷിക്കാനേല്‍പ്പിച്ച വിഗ്രഹങ്ങള്‍ മറ്റൊരു മഠാതിപതി തിരിച്ച് തന്നില്ലെന്ന് ലക്ഷിമിവര തീര്‍ത്ഥ പരാതിപെട്ടിരുന്നു. ക്രിമിനല്‍ കേസ് നടപടികള്‍ക്കായി ഒരുങ്ങുന്നതിനിടെയാണ് മഠാചാര്യന്റെ മരണം. ബന്ധുക്കളും മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിനെ തുടര്‍ന്ന് സ്വതന്ത്രനായി മത്സരിക്കാന്‍ തയ്യാറായ സ്വാമി പിന്നീട് പിന്മാറുകയായിരുന്നു.

click me!