വിദ്യാര്‍ത്ഥിനിയോട് സംസാരിച്ചു; പ്ലസ് ടു വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ കുത്തിക്കൊന്നു

First Published Jul 24, 2018, 5:12 PM IST
Highlights
  • ഹരിയാന ധനമന്ത്രി ക്യാപ്റ്റന്‍ അഭിമന്യുവിന്‍റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളിലാണ് കൊലപാതകമുണ്ടായത്
  • ശനിയാഴ്ച പുലര്‍ച്ചെ നാല്മണിയോടെയാണ് സംഭവം

ഹരിയാന: പ്ലസ്ടുവിന് പഠിക്കുന്ന പതിനെട്ടുകാരനെ സഹപാഠികള്‍ കുത്തിക്കൊന്നു. ഹരിയാനയിലെ ജിന്ദിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവമുണ്ടായിരിക്കുന്നത്. അന്‍കൂഷ് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. ഹരിയാന ധനമന്ത്രി ക്യാപ്റ്റന്‍ അഭിമന്യുവിന്‍റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളിലാണ് കൊലപാതകമുണ്ടായത്.

ശനിയാഴ്ച പുലര്‍ച്ചെ നാല്മണിയോടെയാണ് സംഭവം. അങ്കുഷിന്‍റെ നാല് സഹപാഠികള്‍ക്കും കുത്തേറ്റിട്ടുണ്ട്. രണ്ട് ദിവസം മുന്‍പ് ഉണ്ടായ ചെറിയ വഴക്കിന് ശേഷമാണ് ഇത്തരത്തില്‍ ആക്രമണത്തിലേക്ക് കുട്ടികള്‍ കടന്നത്. നാല് പേര്‍ ചേര്‍ന്നാണ് കൊലനനടത്തിയത്. 

ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുമായി അധികമായി സംസാരിക്കുന്നതാണ് നാല്‍വര്‍ സംഘത്തെ ചൊടിപ്പിച്ചത്. ഇതേത്തുടര്‍ന്ന് നേരത്തെയും ഇവര്‍തമ്മില്‍ കലഹിച്ചിരുന്നു. നാലുപേരുടേയും ബാഗില്‍ കത്തിയുണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ക്ലാസ് അവസാനിപ്പിച്ച് അധ്യാപിക പോയ ഉടനെ കത്തിയെടുത്ത് നാല് വിദ്യാര്‍ത്ഥികളും ചേര്‍ന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് അധ്യാപിക എത്തിയ ശേഷമാണ് ഇവരെ പിരിച്ചുവിട്ടത്. 

അങ്കുഷിന്റെ വയറിനും പുറത്തുമാണ് കുത്തേറ്റത്. ഇയാളുടെ ഒരു സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്.  ഞായറാഴ്ച രാവിലെ ഗുരുഗ്രാമിലെ മെഡാന്റാ ആശുപത്രിയിലേക്ക് അങ്കുഷിനെ മാറ്റി. അവിടെ വച്ചായിരുന്നു മരണം. നാല് പേര്‍ക്കുമെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.

click me!