Cauvery River : വരണ്ടുണങ്ങിയ ഗ്രാമങ്ങളിലേക്ക് കാവേരി വന്നു, വരവേറ്റ് തമിഴ് ഗ്രാമങ്ങള്‍

By Sujith ChandranFirst Published Jun 2, 2022, 7:37 PM IST
Highlights

കാവേരിയെ തടുത്തുനിര്‍ത്തുന്ന തമിഴ്‌നാട്ടിലെ മേട്ടൂര്‍ അണക്കെട്ട് ഇക്കൊല്ലം തുറന്നത് കഴിഞ്ഞ മാസം 24-നാണ്. വിരുദുനഗറിലെ അണക്കെട്ടില്‍ നിന്ന് മയിലാടുതുറയിലെ പൂമ്പുഹാറിലേക്ക് ഒരാഴ്ച കൊണ്ടാണ് കാവേരി ഒഴുകിയെത്തിയത്. നാല് ലക്ഷം കര്‍ഷകരുടെ കൃഷിഭൂമിയിലേക്ക് വെള്ളം എത്തുകയാണിപ്പോള്‍- സുജിത് ചന്ദ്രന്‍ എഴുതുന്നു

ജലസ്രോതസുകളിലേക്ക് നാഗരികജീവിതം നിക്ഷേപിക്കുന്ന മാലിന്യത്തിന്റെ അളവ് എത്ര ഭീതിതമെന്ന് ഓര്‍മിപ്പിച്ചും അതിനെ സ്വയം വഹിച്ചുമാണ് നദിയുടെ വരവ്. എന്നാലും ജനക്കൂട്ടം വെള്ളമെത്തുമ്പോള്‍ പൂക്കള്‍ സമര്‍പ്പിച്ച ശേഷം പുനഃസമാഗമത്തിന്റെ സ്‌നേഹസ്പര്‍ശമെന്നോണം ഒന്നു കാലുനനയ്ക്കും. ക്രമേണ വെള്ളം തെളിയും, തീരങ്ങളെയും മനസുകളേയും നനച്ച് കാവേരി പതഞ്ഞൊഴുകും-സുജിത് ചന്ദ്രന്‍ എഴുതുന്നു

വരണ്ടുണങ്ങിയ ഗ്രാമത്തിലേക്ക് പെട്ടെന്നൊരു ദിവസം ഒരു നദി ഒഴുകിയെത്തുന്നത് സങ്കല്‍പ്പിക്കാനാകുമോ? വേനലില്‍ വിണ്ടുകീറിയ കരയെ നനച്ച്, ഈറനായ പുതുമണ്ണിന്റെ മണം പൊഴിച്ച്, പാടങ്ങളിലെ ചാലുകളിലേക്ക് നീര്‍നാമ്പുനീട്ടി പൊടുന്നനെ ഒരു പുഴ വരുന്നത്?
 
44 നദികളില്‍ ഒട്ടുമിക്കതും വര്‍ഷം മുഴുവന്‍ ജലസമൃദ്ധി തരുന്ന നമുക്കങ്ങനെ പെട്ടെന്നൊരു നാള്‍ പുഴ ഒഴുകിവരുന്ന ഒരനുഭവം ഉണ്ടാകില്ല. വേനലില്‍ നീര്‍ഞരമ്പായി മാറുമെങ്കിലും നിളപോലും തീര്‍ത്തും വറ്റി മണല്‍ക്കാടാവാറില്ലല്ലോ. കാല്‍പ്പനികമായി തോന്നാമെങ്കിലും തമിഴ്‌നാടന്‍ കാര്‍ഷിക ഗ്രാമങ്ങള്‍ക്ക് പൊടുന്നനെ ഒരു പുഴ ഒഴുകിയെത്തുന്നത് ജീവിതാനുഭവമാണ്. ഏപ്രില്‍, മെയ് മാസങ്ങളിലെ കത്തിരിവെയിലിന്റെ കാലത്തെ അഗ്‌നിനക്ഷത്ര ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും 'ഇവിടെ ഒരിക്കല്‍ ഒരു നദിയുണ്ടായിരുന്നു' എന്ന് പറയാന്‍ തോന്നുംവിധം കാവേരി വറ്റി വരളും. പൊന്തക്കാടും മണല്‍ക്കാടുമായി നദിയൊഴുകിയ വഴി മാറും. പിന്നെ മേട്ടൂര്‍ അണക്കെട്ട് തുറന്നുവിട്ട് വേണം കാവേരിക്ക് ഇരുകരയിലുമുള്ള ലക്ഷക്കണക്കിന് ഹെക്ടര്‍ കൃഷിഭൂമിയില്‍ വെള്ളമെത്തിക്കാന്‍. വര്‍ഷത്തിലൊരിക്കല്‍ കൊടുംവേനലിന് നടുവില്‍ തമിഴ് ഗ്രാമങ്ങളിലേക്ക് കാവേരി നദി നനവുമായി ഒഴുകിവരും. അങ്ങനെ വരള്‍മണ്ണിലൊഴുകി വരുന്ന അമ്മ കാവേരിയെ വരവേല്‍ക്കുകയാണ് തമിഴ്‌നാടിപ്പോള്‍.
 
കാവേരിയെ തടുത്തുനിര്‍ത്തുന്ന തമിഴ്‌നാട്ടിലെ മേട്ടൂര്‍ അണക്കെട്ട് ഇക്കൊല്ലം തുറന്നത് കഴിഞ്ഞ മാസം 24-നാണ്. വിരുദുനഗറിലെ അണക്കെട്ടില്‍ നിന്ന് മയിലാടുതുറയിലെ പൂമ്പുഹാറിലേക്ക് ഒരാഴ്ച കൊണ്ടാണ് കാവേരി ഒഴുകിയെത്തിയത്. നാല് ലക്ഷം കര്‍ഷകരുടെ കൃഷിഭൂമിയിലേക്ക് വെള്ളം എത്തുകയാണിപ്പോള്‍. ഇക്കൊല്ലം ഒരു പ്രത്യേകതയുണ്ടായിരുന്നു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്നോളം ജൂണ്‍ മാസം 12നാണ് മേട്ടൂര്‍ അണക്കെട്ട് തുറന്നിരുന്നത്. ഇക്കൊലം ചരിത്രത്തില്‍ ഇതാദ്യമായി മൂന്നാഴ്ച മുമ്പ് വെള്ളം തുറന്നുവിട്ടു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ കിട്ടി ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതുകൊണ്ടായിരുന്നു അസാധാരണ നടപടി.  
 
മേട്ടൂര്‍ അണക്കെട്ട് തുറക്കുന്നതും കാവേരീതീരത്തെ ഓരോ ഗ്രാമങ്ങളിലും വെള്ളമെത്തുന്നതും തടയണകള്‍ നിറയുന്നതും നിറയുന്ന ബണ്ടുകള്‍ തുറക്കുന്നതുമെല്ലാം തമിഴ്‌നാട്ടില്‍ സന്തോഷം തുളുമ്പുന്ന ചടങ്ങുകളാണ്. കൈവഴികളിലേക്കും കനാല്‍ച്ചാലുകളിലേക്കും വെള്ളം തിരിച്ചുവിടുന്നത് വരെ ആഘോഷമായാണ്. അണക്കെട്ട് തുറക്കാന്‍ മുഖ്യമന്ത്രി നേരിട്ടെത്തും. ഓരോ പ്രദേശങ്ങളിലും കാവേരിയെ സ്വീകരിക്കാന്‍ മന്ത്രിമാരും ജനപ്രതിനിധികളും പൊതുമരാമത്ത് ഉദ്യോഗസ്ഥരും ഗ്രാമമുഖ്യന്‍മാരും നാട്ടുക്കൂട്ടം നേതാക്കളും വരും. ആരാധനാലയളില്‍ നിന്ന് പുരോഹിതരെത്തും, അര്‍ച്ചനയും ആരതിയും പുഷ്പങ്ങളുമായി ഗ്രാമീണര്‍ വരും. തീരം പെറ്റുവളര്‍ത്തിയ കാര്‍ഷിക സംസ്‌കാരം നദിയുടെ മടങ്ങിവരവിനെ പ്രാര്‍ത്ഥനാപൂര്‍വം എതിരേല്‍ക്കും. മൈലുകള്‍ താണ്ടി ഇന്നലെയാണ് തിരുവാലങ്കാട് ബണ്ടും പിന്നിട്ട് പൂമ്പുഹാറില്‍ നദി ഒഴുകിയെത്തിയത്. പൂമ്പുഹാറില്‍ വച്ച് കാവേരി ബംഗാള്‍ ഉള്‍ക്കടലില്‍ ലയിക്കും.

 


 

ദൂരെ നിന്ന് നദിയുടെ വരവു കാണാന്‍ ജനക്കൂട്ടം ഇരുതീരത്തും കാത്തുനില്‍ക്കുന്നുണ്ടാകും. ഒഴുക്കില്ലാതെ വറ്റിവരണ്ട നദിത്തട്ടിലടിഞ്ഞ മാലിന്യമാകും ആദ്യം വരുന്ന വെള്ളം നിറയെ. കുപ്പിയും പ്ലാസ്റ്റിക്കും നഗരം പുറന്തള്ളിയതൊക്കെയും നദി തൂത്തുതുടച്ച് കൊണ്ടുവരും. റവന്യൂ അധികൃതരുടെ നേതൃത്വത്തില്‍ തടയണകളും നദിവരും വഴിയും നേരത്തേ കൂട്ടി ശുചിയാക്കാറുണ്ടെങ്കിലും മാറ്റിയതിലുമേറെ മാലിന്യം പിന്നെയും ഒഴുക്കുവെള്ളം കൊണ്ടുവരും. അതിലൊട്ടൊക്കെ തടസങ്ങള്‍ സ്ഥാപിച്ച് വീണ്ടും നീക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ജലസ്രോതസുകളിലേക്ക് നാഗരികജീവിതം നിക്ഷേപിക്കുന്ന മാലിന്യത്തിന്റെ അളവ് എത്ര ഭീതിതമെന്ന് ഓര്‍മിപ്പിച്ചും അതിനെ സ്വയം വഹിച്ചുമാണ് നദിയുടെ വരവ്. എന്നാലും ജനക്കൂട്ടം വെള്ളമെത്തുമ്പോള്‍ പൂക്കള്‍ സമര്‍പ്പിച്ച ശേഷം പുനഃസമാഗമത്തിന്റെ സ്‌നേഹസ്പര്‍ശമെന്നോണം ഒന്നു കാലുനനയ്ക്കും. ക്രമേണ വെള്ളം തെളിയും, തീരങ്ങളെയും മനസുകളേയും നനച്ച് കാവേരി പതഞ്ഞൊഴുകും.
 
സാംസ്‌കാരികവും സാമൂഹികവും സാമ്പത്തികവുമായി ഈ ഭൂപ്രദേശത്തെ നിര്‍ണയിക്കുന്നതില്‍ കാവേരി നദിക്ക് ചരിത്രപരമായ പങ്കുമുണ്ട്. ഈ മേഖലയുടെ കൃഷി പൂര്‍ണമായും കാവേരി നദിയുടെ ജല മാനേജ്‌മെന്റിനെ അടിസ്ഥാനമാക്കിയാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കുടിവെള്ള സ്രോതസ്. ലക്ഷക്കണക്കിന് കൃഷിക്കാരുടെ കാവേരമ്മ. ജലസമൃദ്ധിയുടെ ആദിദേവതയും അമ്മയുമെല്ലാമാണ് കര്‍ണാടകത്തിനും തമിഴകത്തിനും കാവേരി. സംസ്ഥാനാന്തര ജല തര്‍ക്കമായി മാറിയ വിവാദങ്ങളുടേയും വ്യവഹാരങ്ങളുടേയും മറ്റൊരു കൈവഴിയും കാവേരിക്കുണ്ട്. 

ആര്യ സാമ്രാജ്യകാലം മുതല്‍ ഏഴ് പുണ്യനദികളില്‍ ഒന്നായാണ് കാവേരിയെ കണക്കാക്കുന്നത്. ചോള, ചേര, പാണ്ഡ്യ കാലങ്ങളിലെല്ലാം നാടിന്റെ സാമൂഹിക ജീവിതം രൂപപ്പെട്ടത് കാവേരിയെ കേന്ദ്രീകരിച്ചായിരുന്നു. കര്‍ണാടകത്തിലെ തലക്കാവേരിയിലാണ് കാവേരിയുടെ ഉദ്ഭവം.  ബ്രഹ്മഗിരിശിഖരത്തിലെ ഷോലവനങ്ങളില്‍ നിന്ന് പുറപ്പെട്ട് കര്‍ണാടക പീഠഭൂമിയിലൂടെ ഒഴുകി തെക്കന്‍ കര്‍ണാടകമാകെ നനച്ചാണ് തമിഴ്‌നാട്ടില്‍ പ്രവേശിക്കുന്നത്. ലക്ഷ്മണ തീര്‍ത്ഥ, ഹാരംഗി, ഹേമവതി, യാഗാചി, അര്‍ക്കാവതി, സുവര്‍ണവതി, പിന്നെ നമ്മുടെ കബനിയുമടക്കം പത്തോളം കൈവഴികളും 765 കിലോമീറ്റര്‍ നീളുന്ന യാത്രയില്‍ ഒപ്പം ചേരും. ഒഴുകിവരും വഴിയില്‍ കൃഷ്ണരജസാഗര്‍ തടാകം, ഗഗന്‍ ചുക്കി, ബാരാചുകി, അബ്ബി ഉള്‍പ്പെടെ വെള്ളച്ചാട്ടങ്ങള്‍, ശ്രീരംഗപട്ടണവും ശിവസമുദ്രവും നാഗപട്ടിനവും കാരയ്ക്കലുമടക്കം പട്ടണങ്ങളും ജനപഥങ്ങളും.. മനുഷ്യാധ്വാനത്തിന്റെ മഹാഗാഥ പറയുന്ന രണധീവ കണ്ഠീരവന്റെ ജലതുരങ്കം.. അന്നവും വെള്ളവും വിദ്യുച്ഛക്തിയും തരുന്ന കൃഷ്ണരാജസാഗറും മഡാഡ്കട്ടെയും മേട്ടൂരും കല്ലണയും കൊളരം അണക്കെട്ടും ഉള്‍പ്പെടെ പത്തിലേറെ അണക്കെട്ടുകള്‍.. അങ്ങനെയെന്തെല്ലാം പിന്നിട്ടാണ് തമിഴ് കര്‍ഷകന്റെ കൃഷിയിടത്തെ നനയ്ക്കാന്‍ ആ മഹാപ്രഭാവം വരുന്നത്.
 
കൊടുംചൂടത്ത് വരണ്ട മണ്ണ് നനച്ചു വരുന്ന കാവേരമ്മയെ ഒരു കാര്‍ഷികസംസ്‌കാരം ഇങ്ങനെയല്ലാതെ വേറെങ്ങനെ വരവേല്‍ക്കും? അപ്പോഴും ആദ്യവെള്ളത്തില്‍ ഒഴുകിവരുന്ന മലയോളം മാലിന്യക്കൂമ്പാരം ഉയര്‍ത്തുന്ന ചോദ്യം ബാക്കി.

click me!